TopTop
Begin typing your search above and press return to search.

കാശ്മീരില്‍ കുത്തി ചോര വീഴ്ത്തുന്ന മോദി സര്‍ക്കാര്‍

കാശ്മീരില്‍ കുത്തി ചോര വീഴ്ത്തുന്ന മോദി സര്‍ക്കാര്‍
അനന്ത്‌നാഗില്‍ സുരക്ഷാസേന വധിച്ച നാല് പേര്‍ കാശ്മീരിലെ തീവ്രവാദി, വിഘടനവാദി ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടവരല്ലെന്നും അവര്‍ ഐഎസുമായി ബന്ധപപ്പെട്ടവരാണെന്നുമാണ് ജമ്മുകാശ്മീര്‍ പൊലീസ് ദ ഹിന്ദുവിനോട് പറഞ്ഞിരിക്കുന്നത്. കേരളത്തിലും തെലങ്കാനയിലും ഉത്തര്‍പ്രദേശിലും സമീപകാലത്തുണ്ടായ അറസ്റ്റുകള്‍ക്ക് സമാനമായി ഐഎസുമായി ബന്ധപ്പട്ടവരാണ് ഇവരെന്നുമാണ് ജമ്മു കാശ്മീര്‍ പൊലീസിന്റെ വാദം. കൊല്ലപ്പെട്ടവര്‍ നാല് പേരും തെഹ്രീക് ഉള്‍ മുജാഹിദീന്‍ പ്രവര്‍ത്തകരായിരുന്നു ആദ്യം. ഇവര്‍ ഐഎസ്ജെകെ (ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ജമ്മു കാശ്മീര്‍) പ്രവര്‍ത്തകരാണ് എന്നാണ് റൈസിംഗ് കാശ്മീര്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പുല്‍വാമയിലെ ലജോറ സ്വദേശിയായ ജാമിയുള്‍ റഹ്മാന്റെ നേൃത്വത്തിലുള്ള സംഘടനയ്ക്ക് പാകിസ്ഥാനില്‍ നിന്ന് പിന്തുണയുണ്ട്. ഈ ഭീകരഗ്രൂപ്പ് ഹൈദരാബാദിലേയും കേരളത്തിലേയും പോലെ ശക്തമാണ് എന്നാണ് ഐജി എസ് പി പാണി പറയുന്നത്. ഐഎസ് ബന്ധം പറയുമ്പോള്‍ കാശ്മീര്‍ പൊലീസ് കേരളത്തെ എടുത്തുപറയുന്നു എന്നത് ശ്രദ്ധേയമാണ്. ഏതായാലും റംസാന്‍ മാസത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പിന്തുടര്‍ന്ന വെടിനിര്‍ത്തല്‍ പിന്‍വലിച്ചതോടെ കാശ്മീര്‍ വീണ്ടും ചോരപ്പുഴയൊഴുക്കുകയാണ്. രാഷ്ട്രീയമായ പരിഹാരം എന്ന ഏറ്റവും ഉചിതമായ ശ്രമം നടത്താന്‍ കേന്ദ്രം ശ്രമിക്കുന്നില്ല. സൈനികനടപടി കൂടുതല്‍ ശക്തമാക്കും എന്ന് തന്നെയാണ്.

കാശ്മീര്‍ വിഷയത്തിന് രാഷ്ട്രീയ പരിഹാരം കാണാന്‍ ശ്രമിക്കുന്നതിന് പകരം വിവാദങ്ങളുണ്ടാക്കാന് ബിജെപിക്ക് താല്പര്യം. തിരഞ്ഞെടുപ്പ് ലക്‌ഷ്യം വച്ചുള്ള വര്‍ഗീയ ധ്രുവീകരണത്തില്‍, പിഡിപിയുമായുള്ള കൂട്ടുകെട്ട് വെള്ളം ചേര്‍ക്കും എന്ന് അറിയാവുന്നതുകൊണ്ടാണ് വെടിനിര്‍ത്തലുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ ഭിന്നത ചൂണ്ടിക്കാട്ടി അവര്‍ മെഹബൂബ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്. കാശ്മീരില്‍ നിന്നുള്ള രണ്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനകളും എരിതീയില്‍ എണ്ണയൊഴിക്കാന്‍ വേണ്ടി അവര്‍ ഉപയോഗിച്ചു.ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കാശ്മീരില്‍ ഭീകരരേക്കാള്‍ കൂടുതലായി ഇന്ത്യന്‍ സൈന്യം വധിക്കുന്നത് നാട്ടുകാരായ സാധാരണക്കാരെയാണ് എന്ന് ഗുലാം നബി ആസാദ് പറഞ്ഞു എന്ന് കാണിച്ചാണ് ബിജെപി വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി കൂടിയായ ആസാദിന്റെ ഈ പ്രസ്താവനയില്‍ കോണ്‍ഗ്രസിന് എന്താണ് പറയാനുള്ളത്, എന്ത് നടപടിയാണ് സ്വീകരിക്കാന്‍ പോകുന്നത് എന്നാണ് കേന്ദ്ര നിയമ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ രവി ശങ്കര്‍ പ്രസാദിന്റെ ചോദ്യം. എന്നത്തേയും പോലെ ബിജെപിയുടെ വര്‍ഗീയ ധ്രുവീകരണ അജണ്ടയെ പേടിച്ച് കോണ്‍ഗ്രസ് ആസാദിന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് പറഞ്ഞ് ഇതിനെ തള്ളിക്കളയുകയോ അദ്ദേഹത്തെ താക്കീത് ചെയ്യുകയോ ചെയ്യും.

മോദി സര്‍ക്കാരിന്റെ അക്രമാസക്തമായ കാശ്മീര്‍ നയത്തെ ന്യായീകരിച്ചുകൊണ്ട് രവിശങ്കര്‍ പ്രസാദ് നിരത്തിയത് തങ്ങളുടെ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കൂടുതല്‍ ഭീകരപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്ന കണക്ക് നിരത്തിയാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് 67 പേരെ സൈന്യം വധിച്ചപ്പോള്‍ തങ്ങള്‍ ആദ്യ വര്‍ഷം തന്നെ ഇത് 110ലേയ്ക്കുയര്‍ത്തിയെന്നും 2017ല്‍ ഇത് 217 ആക്കിയെന്നും ഈ വര്‍ഷം മേയ് വരെ 75 പേരെ കൊന്നതായും രവിശങ്കര്‍ പ്രസാദ് അഭിമാനപൂര്‍വം പറയുന്നു. ഇതില്‍ എല്ലാവരും ഭീകരപ്രവര്‍ത്തകരായിരുന്നോ അതോ സിവിലയന്മാരുണ്ടായിരുന്നോ, ഉണ്ടെങ്കില്‍ എത്ര പേര്‍ എന്നതൊന്നും രവിശങ്കര്‍ പ്രസാദിനേയും ബിജെപിയും സംബന്ധിച്ച് ഒരു പ്രശ്‌നമല്ല. ക്രിമിനല്‍ പ്രവൃത്തികള്‍ക്ക് രാഷ്ട്രീയമായ പരിഹാരം സാധ്യമല്ലെന്ന് പറഞ്ഞാണ് പ്രതിഷേധക്കാരെ അടിച്ചമര്‍ത്തുന്ന ആക്രമണോത്സുക നയത്തെ ന്യായീകരിച്ച് അരുണ്‍ ജയ്റ്റ്ലി പറഞ്ഞത്. നിങ്ങള്‍ക്കും ഷുജാത് ബുഖാരിയുടെ ഗതി വരും എന്നാണ്,  രാജി വച്ച മുന്‍ മന്ത്രിയും ബിജെപി നേതാവുമായ ചൗധരി ലാല്‍ സിംഗിന്‍റെ ഭീഷണി. കത്വയില്‍ എട്ടു വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ പിന്തുണച്ച് വിവാദത്തിലായതിനെ തുടര്‍ന്ന് രാജി വയ്ക്കാന്‍ നിര്‍ബന്ധിതരായ രണ്ട് മുന്‍ ബിജെപി മന്ത്രിമാരില്‍ ഒരാളാണ് ചൗധരി ലാല്‍ സിംഗ്. "കാശ്മീരി മാധ്യമപ്രവര്‍ത്തകരോട് എനിക്ക് പറയാനുള്ളത്, നിങ്ങള്‍ ചെയ്യുന്ന പണികള്‍ക്ക് അതിര് വേണമെന്നാണ്. ബാഷറത്തിന് സംഭവിച്ചത് പോലെ സംഭവിക്കണോ? അത്തരത്തില്‍ ജീവിക്കാന്‍ താല്‍പര്യമുണ്ടോ?" - ചാധരി ലാല്‍ സിംഗ് ചോദിച്ചു.

മറ്റൊരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ സെയ്ഫുദ്ദീന്‍ സോസ് തന്റെ പുതിയ പുസ്തകമായ കാശ്മീര്‍ - ഗ്ലിംപ്‌സസ് ഓഫ് ഹിസ്റ്ററി ആന്‍ഡ് ദ സ്റ്റോറി ഓഫ് സ്ട്രഗിള്‍ എന്ന പുസ്തകത്തിലെ പരാമര്‍ശങ്ങളാണ് ബിജെപി വിവാദമാക്കാന്‍ ശ്രമിക്കുന്നത്. കാശ്മീരിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി സോസ് വാദിക്കുന്നു എന്നാണ് ബിജെപിയുടെ പരാതി. ഹിതപരിശോധനയ്ക്ക് അവസരം നല്‍കിയാല്‍ ഇന്ത്യക്കോ പാകിസ്ഥാനോ ഒപ്പം നില്‍ക്കാതെ സ്വതന്ത്രരായി നില്‍ക്കാനാണ് ഭൂരിപക്ഷം കാശ്മിരീകളും താല്‍പര്യപ്പെടുക എന്ന് പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് പറഞ്ഞതായി ചൂണ്ടിക്കാട്ടുന്ന സോസ് ഈ അഭിപ്രായത്തെ പുസ്തകത്തിന്റെ അവസാന അധ്യാത്തില്‍ ശരി വയ്ക്കുന്നു. അതേസമയം കോണ്‍ഗ്രസ് വക്താവ്, പതിവ് പോലെ കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും സെയ്ഫുദ്ദീന്‍ സോസിന്റെ അഭിപ്രായത്തോട് പാര്‍ട്ടിക്ക് യോജിപ്പില്ലെന്നും പറഞ്ഞ ശേഷം അല്‍പ്പം കൂടി കടന്ന് പുസ്തം വിറ്റഴിക്കാനുള്ള സോസിന്റെ തന്ത്രമാണെന്ന് പറഞ്ഞ് അദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. കാശ്മീരിലെ വിവിധ ഗ്രൂപ്പുകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്നാണ് സോസ് ആവശ്യപ്പെട്ടത്. കാശ്മീരിലെ സൈനിക സാന്നിദ്ധ്യം കുറയ്ക്കണമെന്നും മറ്റ് സംസ്ഥാനങ്ങളിലെ സാധാരണ നിലയിലേയ്ക്ക് ഒതുക്കണമെന്നും സെയ്ഫുദ്ദീന്‍ സോസ് ആവശ്യപ്പെട്ടിരുന്നു.

ബിജെപി പിന്തുണ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിന് പിന്നാലെ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും മന്ത്രിമാരും രാജി വച്ചിരുന്നു. രാഷ്ട്രപതി ഭരണത്തിലേയ്ക്ക് നീങ്ങിയിരിക്കുന്ന കാശ്മീരില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകാനാണിട. നേരത്തെയും സൈന്യത്തെ ഉപയോഗിച്ച് കേന്ദ്രത്തിന്റെ ഇടപെടല്‍ ശക്തമാണെങ്കിലും ഇനി അത് സൈന്യത്തിന്റേയും കേന്ദ്രത്തിന്റെ നേരിട്ടുള്ള അധികാര നിയന്ത്രണത്തിലേയ്ക്കാണ് പോകുന്നത്. പ്രക്ഷോഭകാരികളെ അടിച്ചമര്‍ത്തുന്ന നയമുള്ള കേന്ദ്രസര്‍ക്കാര്‍ കാശ്മീരിലെ അവസ്ഥ കൂടുതല്‍ മോശമാക്കുമെന്ന് ഹുറിയത് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ മിര്‍വായിസ് ഉമര്‍ ഫാറൂഖ് മുന്നറിയിപ്പ് നല്‍കുന്നു. റംസാന്‍ വെടിനിര്‍ത്തല്‍ നീട്ടാതെ കൃത്യം ഒരു മാസം പിന്നിടുമ്പോള്‍ പിന്‍വലിച്ചിരുന്നു. വെടിനിര്‍ത്തല്‍ അവസാനിപ്പിച്ച് സൈനിക ഓപ്പറേഷനുകള്‍ പുനരാരംഭിക്കുന്നതിന് മുമ്പായാണ് സമാധാന ശ്രമങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്ന റൈസിംഗ് കാശ്മീര്‍ എഡിറ്റര്‍ ഷുജാത് ബുഖാരി കൊല്ലപ്പെട്ടതെന്നത് ശ്രദ്ധേയമാണ്. ഏറെ ദുരൂഹവും. സൈന്യത്തിനും പൊലീസിനും തീവ്രവാദികള്‍ക്കുമെല്ലാം അപ്രിയനായിരുന്നു ഷുജാത് ബുഖാരി.

ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിന് സമാനമായ സാഹചര്യം കാശ്മീരില്‍ ഉരുത്തിരിയുന്നുണ്ട്. വിവാദമായ പെല്ലറ്റ് പ്രയോഗത്തിലേയ്ക്ക് വരെ നീണ്ട് രക്തരൂഷിതമായ സംഘര്‍ഷങ്ങളാണ് 2016 ജൂലൈ എട്ടിന് ബുര്‍ഹാന്‍ വാനിയെ സുരക്ഷാസേന വധിച്ചതിനെ തുടര്‍ന്ന് കാശ്മീര്‍ താഴ്വരയിലുണ്ടായത്. ശ്രീനഗറിലെ എച്ച്എംടി മേഖലയിലാണ് ദാവൂദ് അഹമ്മദ് സോഫിയുടെ വീട്. എച്ച്എംടി, മുസ്തഫ അബാദ്, ഉമര്‍ അബാദ് മേഖലകളില്‍ നിന്ന് ആയിരക്കണക്കിന് പേരാണ് ദാവൂദിന്റെ സംസ്‌കാരത്തോടനുബന്ധിച്ചുള്ള പ്രാര്‍ത്ഥനയില്‍ പങ്കെടുത്തത്. സ്വാതന്ത്ര്യ മുദ്രാവാക്യങ്ങളും ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളും ഇവര്‍ വിളിച്ചതായി റൈസിംഗ് കാശ്മീര്‍ പറയുന്നു. തലംഗാം പുല്‍വാമയില്‍ മജീദിന്റെ സംസ്‌കാര ചടങ്ങിലും ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. ഇവര്‍ വധിക്കപ്പെട്ടതായ വിവരം പുറത്തുവന്നതിന് പിന്നാലെ വിവിധ പ്രദേശങ്ങളില്‍ യുവാക്കള്‍ പൊലീസുമായി ഏറ്റുമുട്ടി. വ്യാപക കല്ലേറുണ്ടായി.യാതൊരു ദാക്ഷിണ്യവും കല്ലേറുകാര്‍ പ്രതീക്ഷിക്കണ്ട എന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ആദ്യ തവണ കല്ലേറ് നടത്തുന്നവരെ വിട്ടയയ്ക്കാന്‍ 2016 സംഘര്‍ഷ സമയത്ത് തീരുമാനമുണ്ടായിരുന്നു. ഇത് പ്രകാരം വിദ്യാര്‍ത്ഥികളും യുവാക്കളുമായ 3685 പേരെ വെറുതെ വിട്ടിരുന്നു. എന്നാല്‍ ഇത് ഇനി വേണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം. സംസ്ഥാന സര്‍ക്കാരിന്റെ ഈ ആംനസ്റ്റി പദ്ധതി ബിജെപിക്കുള്ളില്‍ വലിയ പ്രശ്‌നമായിരുന്നു. പിഡിപിയുമായുള്ള സഖ്യം പിരിയുന്ന തരത്തിലേയ്ക്ക് ബന്ധം ഉലയാന്‍ ഇതും കാരണമായിട്ടുണ്ട്. 2016ലെ സംഘര്‍ഷ സമയത്ത്, കല്ലേറിന്റെ പേരില്‍ 700 യുവാക്കള്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി കേസെടുത്തിരുന്നു. ഇതില്‍ 40 പേര്‍ ജയിലില്‍ തുടരുകയാണ്. ഇതില്‍ 20 പേര്‍ 19-21 വയസ് പ്രായമുള്ളവരാണ്.

Next Story

Related Stories