UPDATES

ട്രെന്‍ഡിങ്ങ്

ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ: മുഴങ്ങുന്നത് ബിജെപിയുടെ മരണമണി

ഉപതെരഞ്ഞെടുപ്പ് നടന്ന ബഹുഭൂരിപക്ഷം സീറ്റുകളിലും ബിജെപിയിതര കക്ഷികൾ.

രാജ്യമൊട്ടുക്ക് ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത് ഉത്തർപ്രദേശിലെ കൈരാന ലോകസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലമാണ്. ഈ മണ്ഡലത്തിൽ ബിജെപിക്കെതിരെ എല്ലാ പ്രതിപക്ഷ കക്ഷികളും ഒരുമിച്ചിരുന്നു. രാഷ്ട്രീയ ലോക് ദൾ സ്ഥാനാർത്ഥി ജയന്ത് ചൗധരിക്ക് കോൺഗ്രസ്സ് അടക്കമുള്ളവർ പിന്തുണ നൽകി. ഇവയിൽ ഏറ്റവും പ്രധാനമായത് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷിൽ നിന്ന് കിട്ടിയ കലവറയില്ലാത്ത പിന്തുണയാണ്. അഖിലേഷ് യാദവിന് ജയന്ത് നേരിട്ട് ഒരു ടെക്സ്റ്റ് മെസ്സേജ് അയച്ചാണ് പിന്തുണ തേടിയത്. അര മണിക്കൂറിനുള്ളിൽ അഖിലേഷിന്റെ പിന്തുണയറിയിച്ചുള്ള മറുപടി വന്നു. പ്രതിപക്ഷ ഐക്യം ഒരു മഹാമുന്നേറ്റമായി മാറുമെന്ന സൂചനയാണ് തെരഞ്ഞെടുപ്പ് ഫലസം നൽകുന്നത്. ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം 32,600 വോട്ടിന്റെ ലീഡാണ് ജയന്ത് ബിജെപിയുടെ മ‍ൃഗാംഗ സിങ്ങിനെതിരെ നേടിയിരിക്കുന്നത്.

അസംബ്ലി മണ്ഡലങ്ങൾ

കർണാടകത്തിലെ രാജരാജേശ്വരി നഗർ (ആർആർ നഗർ), പഞ്ചാബിലെ ഷാകോട്ട്, ഉത്തർപ്രദേശിലെ നൂർപുർ, ബിഹാറിലെ ജോകിഹട്ട്, മേഘാലയയിലെ അംപാട്ടി, പശ്ചിമ ബംഗാളിലെ മഹേശ്തല, ജാർഖണ്ഡിലെ സില്ലി, കേരളത്തിലെ ചെങ്ങന്നൂർ എന്നിവിടങ്ങളിലെല്ലാം ബിജെപിയിതര കക്ഷികൾക്കാണ് മുന്നേറ്റം. ലോസഭാ സീറ്റുകളിൽ കൈരാനയിലും മഹാരാഷ്ട്രയിലെ ഭണ്ഡാര ഗോണ്ഡിയയിലും പ്രതിപക്ഷ കക്ഷികൾ മുന്നേറ്റം നടത്തുന്നു.

ഈ തെരഞ്ഞെടുപ്പ് വിജയം 2019ലേക്കുള്ള മഹാസഖ്യം എന്ന ആശയത്തിന് ആത്മവിശ്വാസം പകരുമെന്നത് ഉറപ്പായിരിക്കുകയാണ്. 2014നു ശേഷം നടന്ന വിവിധ ഉപതെരഞ്ഞെടുപ്പുകളിൽ എൻഡിഎക്ക് പൊതുവിലുണ്ടായിരിക്കുന്നത് സാരമായ നഷ്ടങ്ങളാണെന്നതു കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ആറ് സീറ്റുകൾ എൻഡിഎക്ക് നഷ്ടമായി. ക്രമേണയുള്ള ഈ ഇടിച്ചിലിന്റെ കലാശക്കൊട്ട് തുടങ്ങിയതായി പുതിയ ഫലങ്ങൾ സൂചിപ്പിക്കുന്നുവെന്ന് പറയാം.

ഉത്തർപ്രദേശിലെ നൂർപുർ അസംബ്ലി മണ്ഡലത്തിൽ സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി ബിജെപിയുമായി നേരിട്ടുള്ള ഏറ്റുമുട്ടലിലാണ്. ഇവിടെ എസ്‍‌പി സ്ഥാനാർത്ഥി നൈയിമുൾ ഹസൻ വിജയത്തിലേക്ക് അടുക്കുകയാണ്. രാഷ്ട്രീയ ലോക്ദളിന്റെ പിന്തുണ ഇവിടെ എസ്‍‌പിക്കുണ്ട്.യ പകരമായി കൈരാന മണ്ഡലത്തിൽ ആർഎൽഡി സ്ഥാനാർത്ഥിയെ എസ്‌പി പിന്തുണയ്ക്കുന്നു.

മോദിയുടെ മണല്‍ക്കോട്ടകള്‍ പൊളിയുകയാണ്-ഹരീഷ് ഖരെ എഴുതുന്നു

ബിജെപി എംപി രാജിവെച്ച് കോൺഗ്രസ്സിലേക്കു പോയതിനെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടി വന്ന മഹാരാഷ്ട്രയിലെ ഭണ്ഡാര ഗോണ്ടിയ മണ്ഡലത്തിൽ എൻസിപി-കോൺഗ്രസ്സ് സ്ഥാനാർത്ഥിയാണ് മുന്നേറുന്നത്. അതെസമയം കോൺഗ്രസ്സും ബിജെപിയും തമ്മിൽ ഏറ്റുമുട്ടൽ നടന്ന മഹാരാഷ്ട്രയിലെ പാൽഘാർ ലോകസഭാ സീറ്റിൽ ബിജെപി മുന്നേറുന്നുണ്ട്. കോൺഗ്രസ്സ് നേതാവായിരുന്ന രാജേന്ദ്ര ഗാവിത് മറുകണ്ടം ചാടുകയും ബിജെപി സ്ഥാനാർത്ഥിയായി വരികയുമായിരുന്നു. ഈ ഘടകം ഇവിടെ പ്രവർത്തിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്. മുൻമന്ത്രി കൂടിയായ അദ്ദേഹത്തിന് മണ്ഡലത്തിൽ ഗോത്രവിഭാഗങ്ങള്‍ക്കിടയിൽ വലിയ സ്വാധീനമുണ്ട്. ശിവസേന ഈ മണ്ഡലത്തിൽ ബിജെപിക്ക് എതിരായ നിലപാടാണ് സ്വീകരിച്ചതെങ്കിലും കാര്യമായ ഫലം കാണാനായില്ലെന്ന് പുറത്തുവരുന്ന ഫലം സൂചിപ്പിക്കുന്നു.

ബിഹാറിലെ ജോകിഹട്ട് അസംബ്ലി മണ്ഡലത്തിലും ബിജെപി താഴോട്ടാണ്. എൻഡിഎ സഖ്യകക്ഷിയായ ജനതാദൾ യുനൈറ്റഡ് ആണ് ഇവിടെ ഒരു സ്ഥാനാർത്ഥി. എതിർ സ്ഥാനാർത്ഥി രാഷ്ട്രീയ ജവനതാദളിൽ നിന്നും. ആർഎൽഡി വിജയിക്കുകയാണെങ്കിൽ അത് സംസ്ഥാനത്ത് മഹാസഖ്യത്തിനുള്ള വലിയൊരു പ്രേരകശക്തിയായി മാറും. കർണാടകയിലെ ആർആർ നഗർ അസംബ്ലി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാണ് മുന്നേറുന്നത്. വന്‍തോതിൽ വ്യാജ വോട്ടർ ഐഡികൾ പിടിക്കപ്പെട്ടതിനെ തുടർന്ന് തെരഞ്ഞെടുപ്പ് നീട്ടി വെച്ചതിനെ തുടർന്നാണ് ഇവിടെ വോട്ടെണ്ണൽ വൈകിയത്. ജെഡിഎസ്സും കോൺഗ്രസ്സും വെവ്വേറെ മത്സരിച്ച തെരഞ്ഞെടുപ്പായിരുന്നു കർണാടകയിലേതെങ്കിലും ഇന്ന് സ്ഥിതിയിൽ മാറ്റം വന്നുകഴിഞ്ഞു. ഇരുവരും ചേർന്നുള്ള സഖ്യം അധികാരത്തിലെത്തി. മഹാസഖ്യത്തിലേക്ക് ഇവർ നേരത്തെ തന്നെ എത്തിക്കഴിഞ്ഞു.

2019 തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിധി എന്തായിരിക്കുമെന്നതിന്റെ ശക്തമായ സൂചന തന്നെയാണ് ഈ ഉപതെരഞ്ഞെടുപ്പുകൾ നൽകുന്നത്. മഹാസഖ്യത്തിൽ വിള്ളൽ വീഴ്ത്താനുള്ള ബിജെപിയുടെ നീക്കങ്ങൾക്ക് ബലം കുറയുമെന്നും ഉറപ്പായിക്കഴിഞ്ഞു.

കര്‍ണാടകം: ജനവിധികളുടെ മോഷണകല-ഹരീഷ് ഖരെ എഴുതുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍