TopTop
Begin typing your search above and press return to search.

ഉപതെരഞ്ഞെടുപ്പു ഫലങ്ങൾ: ഇന്ത്യൻ മനസ്സ് ചായുന്നത് എങ്ങോട്ട്?

ഉപതെരഞ്ഞെടുപ്പു ഫലങ്ങൾ: ഇന്ത്യൻ മനസ്സ് ചായുന്നത് എങ്ങോട്ട്?

2019 തെരഞ്ഞെടുപ്പിനു വേണ്ടി കക്ഷികൾ എങ്ങനെയെല്ലാം തന്ത്രങ്ങൾ മെനയേണ്ടി വരും എന്നതിന്റെ വ്യക്തമായ സന്ദേശം ഇവയിലുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ഭരണങ്ങളുടെ വിലയിരുത്തലാകും എന്ന രാജ്യമൊട്ടുക്കുമുള്ള രാഷ്ട്രീയ നിരീക്ഷകർ‌ വിലയിരുത്തിയ കൈരാന ഉപതെരഞ്ഞെടുപ്പിലേക്കായിരുന്നു എല്ലാവരുടെയും ശ്രദ്ധ. ഈയടുത്ത് നടന്ന ഫൂൽപുർ, ഗോരഖ്പുർ ലോകസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്കേറ്റ തിരിച്ചടിയുടെ പശ്ചാത്തവും ഇപ്പോഴത്തെ ഉപതെരഞ്ഞെടുപ്പുകൾക്കുണ്ട്.

1. കൈരാനയിൽ അന്തരിച്ച ഗുജ്ജാർ നേതാവ് ഹുക്കും സിങ്ങിന്റെ മകൾ മൃഗങ്കയായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി. രാഷ്ട്രീയ ലോക് ദൾ സ്ഥാനാർത്ഥിയോട് ഇവർ തോൽക്കുകയും ചെയ്തു. എസ്‌പി, ബിഎസ്‌പി, കോൺ‌ഗ്രസ്സ് എന്നീ കക്ഷികളുടെ പിന്തുണ രാഷ്ട്രീയ ലോക് ദൾ സ്ഥാനാർത്ഥിക്ക് കിട്ടുകയും ചെയ്തു. ഒമ്പത് റൗണ്ട് കൗണ്ടിങ്ങിനു ശേഷം നാൽപ്പതിനായിരത്തിലധികം വോട്ടുകൾക്ക് ഇദ്ദേഹം ജയിച്ചു. ജാട്ട്-മുസ്ലിം, ജാട്ട് ഗുജ്ജാർ വിദ്വേഷ രാഷ്ട്രീയമാണ് ഇവിടെ പ്രവര്‍ത്തിച്ചത്.

2. 2019ലെ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ മഹാസഖ്യം സംഭവിച്ചാലുമില്ലെങ്കിലും ഈ തെരഞ്ഞെടുപ്പു ഫലം രാജ്യത്തിന് ഒരു സന്ദേശം നൽകുന്നുണ്ട്. ഏറ്റവും കൂടുതൽ പാർലമെന്റ് മെമ്പർമാരെ അയയ്ക്കുന്ന സംസ്ഥാനമാണിത് എന്നുകൂടി ഓർക്കുക. ഇലക്ട്രോണിക് വോട്ടിങ് മെഷീൻ അട്ടിമറി ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് 73 ബൂത്തുകളിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടതായി വന്നിരുന്നു ഇവിടെ.

3. പൽഘാർ മണ്ഡലത്തിൽ, കോൺഗ്രസ്സിൽ നിന്നും തെറ്റിപ്പിരിഞ്ഞു വന്ന രാജേന്ദ്ര ഗാവിത് ആണ് വിജയിച്ചിരിക്കുന്നത്. ബിജെപിക്കെതിരെ ശിവസേന തങ്ങളുടെ സ്ഥാനാർത്ഥിയെ നിറുത്തി എന്ന പ്രത്യേകതയും ഈ മണ്ഡലത്തിലുണ്ട്. ബിജെപി എംപി ചിന്താമൺ വാംഗയുടെ മകൻ ശ്രീനിവാസ് വാംഗയാണ് ശിവസേന സ്ഥാനാർത്ഥിയായത്.

4. ഭണ്ഡാര-ഗോണ്ടിയ മണ്ഡലത്തിൽ എൻസിപിയുടെ മധുകർ കുക്കഡെയും ബിജെപിയുടെ ഹേമന്ത് പാട്‌ലെയും തമ്മിലായിരുന്നു മത്സരം. എൻസിപിക്ക് കോൺഗ്രസ്സ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. സിറ്റിങ് ബിജെപി എംപിയായ നാന പടോലെ രാജി വെച്ചതിനെ തുടർന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് വന്നത്. പ്രധാനമന്ത്രിയെ വിമർശിച്ചതോടെ പാർട്ടിയിൽ നിൽക്കക്കള്ളിയില്ലാതായ പടോലെ കോൺഗ്രസ്സിൽ ചേർന്നിരുന്നു.

5. നാഗാ പീപ്പിൾ ഫ്രണ്ടിന്റെ മുന്നേറ്റമാണ് ശ്രദ്ധേയമായ മറ്റൊന്ന്. നെയ്ഫിയു റിയോ മുഖ്യമന്ത്രിയായി ചുമതലയേറ്റതോടെയാണ് ഈ മണ്ഡലത്തിൽ ഒഴിവ് വന്നത്. റിയോയുടെ ബിജെപി കൂടി ഉൾപ്പെടുന്ന പീപ്പിൾസ് ഡെമോക്രാറ്റിക് അലയൻസ് നിറുത്തിയത് ടോഖെഹോ യെപ്തോമിയെ ആയിരുന്നു. നാഗാ പീപ്പിൾസ് ഫ്രണ്ടിന് കോൺഗ്രസ്സ് പിന്തുണ ഉണ്ടായിരുന്നു.

6. പത്ത് അസംബ്ലി സീറ്റുകളിൽ ബിഹാറിലെ ജോകിഹാട്ട് മണ്ഡലത്തിലെ ഫലം ഏറെ നിർണായകമായിരുന്നു. ബിജെപിക്കൊപ്പം സംസ്ഥാനം ഭരിക്കുന്ന ജെഡിയുവിന്റെ സ്ഥാനാർത്ഥിയെ ആർജെഡി നാൽപതിനായിരത്തിലധികം വോട്ടുകൾക്ക് മറിച്ചിട്ടു. ജെഡിയു എംഎൽ‌എ ആയിരുന്ന സർഫാറസ് ആലമിന്റെ രാജിയെത്തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പുണ്ടായത്. താൻ നടപ്പിലാക്കുന്ന ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ മുസ്ലിം വോട്ടുകൾ തനിക്ക് അനുകൂലമാക്കുമെന്ന പ്രതീക്ഷ മുഖ്യമന്ത്രി നിതീഷ് കുമാറിനുണ്ടായിരുന്നു.

7. പഞ്ചാബിലെ ഷാകോട്ട് അസംബ്ലി സീറ്റിൽ ശിരോമണി അകാലിദളും കോൺഗ്രസ്സും തമ്മിലായിരുന്നു മത്സരം. കോൺഗ്രസ്സിന്റെ ഹർദേവ് സിങ് ലദ്ദി ഷെരോവാലിയയാണ് ഈ മണ്ഡലത്തിൽ വിജയിച്ചത്.

8. പശ്ചിമബംഗാളിലെ മഹേശ്തലയിൽ തൃണമൂൽ കോൺഗ്രസ്സ് വൻ മുന്നേറ്റം നടത്തി. ഇവിടെ ബിജെപിയാണ് രണ്ടാം സ്ഥാനത്ത് വന്നത്. മൂന്നാംസ്ഥാനത്ത് കോൺഗ്രസ്സ്-ഇടത് സഖ്യം. ജാര്‍ഖണ്ഡിലെ ഗോമിയയില്‍ ബിജെപിയാണ് വിജയിച്ചത്.

9. കർണാടകയിലെ രാജരാജേശ്വരി നഗർ മണ്ഡലത്തിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥി മുനിരത്നയാണ് വിജയിച്ചത്.

10. കേരളത്തിലെ ചെങ്ങന്നൂരിൽ സിപിഎം സ്ഥാനാർത്ഥി സജി ചെറിയാൻ വിജയിച്ചു. 1980 മുതൽ പൊതുവിൽ കോൺഗ്രസ്സിനോട് അടുപ്പം കാണിച്ചു വന്ന മണ്ഡലത്തിലാണ് ഈ വിജയം. ത്രിപുരയിൽ തിരിച്ചടി നേരിട്ടതിനു ശേഷം സിപിഎം നടത്തിയ മുന്നേറ്റമെന്ന നിലയിൽ ഈ വിജയം ദേശീയതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു. ബിജെപി മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു. വോട്ട് വിഹിതം ഗണ്യമായി കുറയുകയും ചെയ്തു.


Next Story

Related Stories