UPDATES

സിബിഐ, അയോധ്യ, റാഫേല്‍: മോദി സർക്കാരിന് മുന്നിലെ സുപ്രീം കോടതി കടമ്പകൾ

അഭിഭാഷകനോട്‌ ചീഫ് ജസ്റ്റിസ് ചോദിച്ചത് ഈ യുദ്ധ വിമാനങ്ങളുടെ വില നിങ്ങള്‍ക്ക് അറിയാമോ എന്നാണ്. അറിയാം എന്ന് പറഞ്ഞപ്പോള്‍ എങ്കില്‍ അതറിയാവുന്ന അപൂര്‍വം ഭാഗ്യവാന്മാരില്‍ ഒരാളാണ് നിങ്ങള്‍ എന്നായിരുന്നു മറുപടി.

സിബിഐ, അയോധ്യ, റാഫേല്‍ – മൂന്ന് സുപ്രധാന കേസുകള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. മൂന്ന് കേസിലും കേന്ദ്ര സര്‍ക്കാരിന് പ്രതീക്ഷ നല്‍കുന്ന കാര്യങ്ങളല്ല സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. ഇതില്‍ രണ്ട് കേസുകള്‍ തമ്മില്‍ ബന്ധമുണ്ട്. റാഫേല്‍ കരാറിലെ സിബിഐ അന്വേഷണം അട്ടിമറിക്കുന്നതിനായാണ് സിബിഐ ഡയറക്ടടറെ മാറ്റിയത് എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഈ ആരോപണത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാരിനെ സംശയകരമായ അവസ്ഥയില്‍ നിര്‍ത്തുന്ന കാര്യങ്ങളാണ്, തന്നെ ഡയറക്ടര്‍ സ്ഥാനത്ത് നീക്കിയിതിനെതിനെതിരെ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ അലോക് വര്‍മ പറയുന്നത്. സര്‍ക്കാരിന് അതൃപ്തിയുണ്ടാക്കുന്ന ചില ‘സുപ്രധാന കേസുകള്‍’ പരിഗണിക്കുന്നതിനാല്‍ തന്നെ ഒഴിവാക്കി എന്നാണ് അലോക് വര്‍മ പറയുന്നത്. റാഫേല്‍ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മുന്‍ ബിജെപി നേതാക്കളും മുന്‍ കേന്ദ്ര മന്ത്രിമാരുമായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ സിബിഐ ഡയറക്ടറെ കണ്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനെന്ന് അറിയപ്പെടുന്ന ഗുജറാത്ത് കേഡര്‍ ഉദ്യോഗസ്ഥന്‍ രാകേഷ് അസ്താനയെ സംരക്ഷിക്കാനുള്ള ശ്രമം എന്നത് മാത്രമല്ല, ഇങ്ങനെയൊരു വശം കൂടി സിബിഐ പ്രതിസന്ധിയിലും കേന്ദ്ര സര്‍ക്കാര്‍ ഇടപെടലിലുമുണ്ട് എന്ന ആരോപണമാണ് ഉയരുന്നത്. റാഫേലില്‍ കേന്ദ്ര സര്‍ക്കാരിന് പൊള്ളുന്ന സൂചനകളാണ് കാണുന്നത്.

റാഫേല്‍ യുദ്ധവിമാനങ്ങളുടെ സാങ്കേതിക വിവരങ്ങളോ വിലയോ സംബന്ധിച്ച് വെളിപ്പെടുത്തേണ്ടതില്ല എന്നും കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ മാത്രം മുദ്ര വച്ച കവറില്‍ നല്‍കിയാല്‍ മതി എന്നുമാണ് ആദ്യം സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് പറഞ്ഞത്. ഇത് പ്രകാരം കേന്ദ്ര സര്‍ക്കാര്‍ വിവരങ്ങള്‍ മുദ്ര വച്ച കവറില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഏറ്റവുമൊടുവില്‍ ഇന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. വിമാനങ്ങളുടെ വിലയടക്കം എല്ലാ വിവരങ്ങളും അറിയിക്കണമെന്നാണ്. ഈ വിവരങ്ങള്‍ നല്‍കാന്‍ എന്താണ് തടസം എന്ന് കോടതി ചോദിക്കുന്നു. റാഫേൽ വിമാന ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്രം നൽകിയ റിപ്പോർട്ട് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബെഞ്ച് ആണ് ഇന്ന് പരിശോധിച്ചത്. പ്രതിരോധ മന്ത്രാലയ രേഖകൾ ഉൾപ്പെടുത്തിയാണ് സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നത്. വിമാനത്തിന്റെ വില, സാങ്കേതിക വിവരങ്ങൾ, കരാറിലെ നടപടിക്രമങ്ങൾ തുടങ്ങിയവ കോടതിയെ അറിയിക്കണം. ഓഫ്സെറ്റ് പങ്കാളിയെ തിരഞ്ഞെടുത്തതിന്റെ വിവരങ്ങളും സമർപ്പിക്കണം. നവംബർ 14 ന് കേസ് പരിഗണിക്കും. തുക സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗിക രഹസ്യമാണെന്ന അറ്റോർണി ജനറലിന്റെ എതിർപ്പ് കോടതി തള്ളി. സാധ്യമായ എല്ലാ വിവരങ്ങളും ഹര്ജിക്കാർക്ക് കൈമാറാനും നിർദ്ദേശം എന്നാൽ വിഷയത്തിൽ സി.ബി.ഐ അന്വേഷണം നടത്തുന്നത് സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കുമെന്നും കോടതി വ്യക്തമാക്കി. കരാറിലെ വിവരങ്ങൾ ഹർജിക്കാർക്ക് നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.

കരാറിൽ സുതാര്യതയില്ലെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണത്തിന് ഇന്നത്തെ കോടതി വിധിയോടെ കൂടുതൽ പിൻബലം ലഭിക്കും. ഓഫ്‌സെറ്റ് പങ്കാളിയായി പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയര്‍നോട്ടിക്‌സ് ലിമിറ്റഡിന് (എച്ച്എഎല്‍) പകരം പ്രതിരോധ രംഗത്ത് യാതൊരു പരിചയവുമില്ലാത്ത അനില്‍ അംബാനിയുടെ റിലൈന്‍സ് ഡിഫന്‍സിനെ കൊണ്ടുവന്നതില്‍ അഴിമതിയുണ്ടെന്ന ആരോപണം ശക്തമാണ്. റിലൈന്‍സിനെ കരാര്‍ പങ്കാളിയാക്കിയത് മോദി സര്‍ക്കാരിന്റെ നിര്‍ബന്ധപ്രകാരമാണെന്ന മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദിന്റേതടക്കമുള്ള വെളിപ്പെടുത്തലുകള്‍ വിവാദമായി തുടരുകയാണ്. തങ്ങള്‍ തന്നെയാണ് റിലൈന്‍സിനെ പങ്കാളിയാക്കിയതെന്ന് ഫ്രഞ്ച് വിമാന നിര്‍മ്മാതാക്കള്‍ ദാസോയുടെ വിശദീകരണം കൊണ്ട് കേന്ദ്ര സര്‍ക്കാരിന് നേരെ ഉയരുന്ന ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല.

അസ്താനയുമായി നിരന്തര സംഘര്‍ഷത്തിലേര്‍പ്പെടുകയും കൈക്കൂലി കേസില്‍ സിബിഐ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കുകയും നടത്തുകയും ചെയ്ത അലോക് വര്‍മയെ (അസ്താനയുടെ പരാതിയില്‍ അലോക് വര്‍മക്കെതിരെയും അന്വേഷണം നടക്കുന്നു) സ്ഥാനത്ത് നിന്ന് മാറ്റിയതിന്റെ നിയമപ്രശ്‌നങ്ങള്‍ ഒരു ഭാഗത്ത് നില്‍ക്കുന്നു. പ്രധാനമന്ത്രിയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും സുപ്രീം കോടതി ചീഫ് ജസ്റ്റിസോ അല്ലെങ്കില്‍ അദ്ദേഹം നോമിനേറ്റ് ചെയ്യുന്ന മറ്റൊരു ജഡ്ജിയോ ഉള്‍പ്പെട്ട കമ്മിറ്റിക്ക് മാത്രമാണ് സിബിഐ ഡയറക്ടറെ നീക്കാനുള്ള അധികാരമുള്ളത്. എന്നാല്‍ സുപ്രീം കോടതി പത്ത് ദിവസത്തിനകം സിബിഐ ഡയറക്ടര്‍ക്കെതിരെ സിവിസി (സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍) നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഹാജരാക്കാനാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അലോക് വര്‍മയ്ക്ക് പകരം കേന്ദ്ര സര്‍ക്കാര്‍ ഇടക്കാല ഡയറക്ടറായി നിയമിച്ച എം നാഗേശ്വര റാവു നയപരമായ തീരുമാനങ്ങളൊന്നും എടുക്കരുത് എന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. റിട്ടയേഡ് ജഡ്ജായ എകെ പട്നായിക്കിന്റെ നിരീക്ഷണത്തിലായിരിക്കും ചീഫ് വിജിലൻസ് കമ്മീഷന്റെ അന്വേഷണം നടക്കുക. സിവിസി അന്വേഷണത്തിന് ഇത്തരത്തില്‍ കോടതി മേല്‍നോട്ടം ഏര്‍പ്പെടുത്തുന്നത് സാധാരണമല്ല. വായ്പാ തട്ടിപ്പ് കേസില്‍ വിദേശത്തേക്ക് മുങ്ങിയ ഗുജറാത്തിലെ സന്ദേശര കുടുംബത്തെ (ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സ്റ്റെര്‍ലിംഗ് ബയോടെക് അടക്കമുള്ളവയുടെ ഉടമകള്‍) സംരക്ഷിക്കാന്‍ അടക്കം അസ്താന കോഴ വാങ്ങിയതായി ആരോപണമുണ്ട്. നികുതിവെട്ടിപ്പിനെ തുടര്‍ന്നുള്ള നടപടികളില്‍ നിന്ന് ഒഴിവാകാന്‍ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിനെ സ്വാധീനിക്കാന്‍ അസ്താന ശ്രമിച്ചതായാണ് ആരോപണം.

ഒക്ടോബര്‍ രണ്ടിന് വിരമിച്ച ദീപക് മിശ്രയുടെ സുപ്രീം കോടതിയിലെ അവസാന ആഴ്ചകള്‍ ശ്രദ്ധേയമായ വിധികള്‍ കൊണ്ട് നിറഞ്ഞിരുന്നു. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കിയത്, വിവാഹേതര ലൈംഗികബന്ധങ്ങള്‍ കുറ്റകരമല്ലാതാക്കിയത്, ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുഭവിച്ചത് തുടങ്ങി നിരവധി പുരോഗമന സ്വഭാവമുള്ള വിധികള്‍ ചീഫ് ജസ്റ്റിസിന്റെ ഭരണഘടന ബഞ്ച് പുറപ്പെടുവിച്ചപ്പോളും മുതിര്‍ന്ന അഭിഭാഷകയായ ഇന്ദിര ജയ് സിംഗ് ശ്രദ്ധേയമായൊരു ട്വീറ്റ് പോസ്റ്റ് ചെയ്തിരുന്നു. സാമൂഹ്യമായി പുരോഗമനപരമായ വിധികള്‍ പുറപ്പെടുവിക്കുന്നുണ്ടെങ്കിലും ചീഫ് ജസ്റ്റിസ് മിശ്ര വിലയിരുത്തപ്പെടാന്‍ പോകുന്നത് ജസ്റ്റിസ് ലോയ, ഭീമ കോറിഗാവ്, ആധാര്‍ കേസുകളിലെ വിധികളിലൂടെയായിരിക്കുമെന്നാണ് അവര്‍ അഭിപ്രായപ്പെട്ടത്. ആധാര്‍ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല. സ്വകാര്യത മൗലികാവകാശമാണെന്ന് വിധിച്ച സുപ്രീം കോടതി സ്വകാര്യത ലംഘനത്തിന്റെ പരിധിയില്‍ ആധാറും പരിശോധനാവിധേയമാകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആധാര്‍ നിലനിര്‍ത്താമെന്ന് കോടതി വിധിച്ചു. അതേസമയം യുഐഡിഎഐയ്ക്കെതിരെ പരാതി നല്‍കാന്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കി. ജസ്റ്റിസ് ലോയയുടെ മരണത്തില്‍ ദുരൂഹതയില്ലെന്നും അന്വേഷണം ആവശ്യമില്ലെന്നും സുപ്രീം കോടതി വിധിച്ചു. മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ വാദങ്ങളേയും ലോയുടെ സഹ ജഡ്ജിമാരുടെ മൊഴികളെയും അവിശ്വസിക്കേണ്ട കാര്യമില്ലെന്നും നിരവധി വൈരുധ്യങ്ങള്‍ കേസില്‍ ഉണ്ടായിട്ടുപോലും സുപ്രീം കോടതി വിധിച്ചു. അയോധ്യ കേസ് വലിയ ഭരണഘടന ബഞ്ചിന് വിടാന്‍ വിസമ്മതിച്ച സുപ്രീം കോടതി, കേസില്‍ തങ്ങള്‍ക്ക് പ്രതികൂലമായെക്കും എന്ന് മുസ്ലീം സംഘടനകള്‍ കരുതുന്ന 1994ലെ ഇസ്മായില്‍ ഫാറൂഖി കേസിലെ നിരീക്ഷണങ്ങള്‍ (മുസ്ലീങ്ങള്‍ക്ക് പ്രാര്‍ഥിക്കാന്‍ പള്ളി അനിവാര്യമല്ലെന്ന നിരീക്ഷണം) റദ്ദാക്കാന്‍ വിസമ്മതിച്ചു. അയോധ്യ കേസില്‍ ഉടന്‍ വിധിയുണ്ടാകും എന്ന പ്രതീക്ഷയാണ് കേന്ദ്ര സര്‍ക്കാരിനെ നയിക്കുന്ന ബിജെപിക്ക് ഈ കോടതി നടപടി ഇടയാക്കിയത്.

എന്നാല്‍ അടിയന്തരമായി അയോധ്യ കേസ് പരിഗണിക്കണം എന്ന് ആവശ്യപ്പെട്ട സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം പറഞ്ഞത് ഞങ്ങള്‍ക്ക് ഇതിനേക്കാള്‍ പ്രധാനപ്പെട്ട ഒരുപാട് കാര്യങ്ങള്‍ പരിഗണിക്കാനുണ്ടെന്നാണ്. എപ്പോള്‍ കേസില്‍ വാദം തുടങ്ങുമെന്ന് ജനുവരിയില്‍ അറിയിക്കാം എന്ന സുപ്രീം കോടതിയുടെ അറിയിപ്പിന് വലിയ രാഷ്ട്രീയമാനങ്ങളുണ്ട്. ജനുവരിയില്‍ എപ്പോള്‍ എന്ന് തുഷാര്‍ മേത്ത ചോദിച്ചപ്പോള്‍ ജനുവരിയില്‍ തന്നെ ഉണ്ടാകമെന്നില്ല. ചിലപ്പോള്‍ ഫെബ്രുവരിയിലോ മാര്‍ച്ചിലോ ആകാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. നേരത്തെ ഉണ്ടായില്ലെങ്കില്‍ 2019 ഏപ്രില്‍ മേയിലാണ് ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. രാമക്ഷേത്ര നിര്‍മ്മാണം 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ ബിജെപിക്ക് കഴിഞ്ഞേക്കില്ല എന്നാണ് ഇത് നല്‍കുന്ന സൂചന. ലോക്‌സഭ തിരഞ്ഞടെുപ്പിന് മുമ്പ് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മാണം തുടങ്ങുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാമക്ഷേത്ര നിര്‍മ്മാണത്തിന് അനുകൂല വിധിയുണ്ടായില്ലെങ്കില്‍ മഹാഭാരത യുദ്ധം തുടങ്ങുമെന്നാണ് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് പറഞ്ഞത്. സുപ്രീം കോടതി വളരെ ശാന്തമായി പറയുന്നത് തിരക്കില്ല, കാത്തിരിക്കൂ ഇതിലും പ്രധാനപ്പെട്ട വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നോക്കാനുണ്ട് എന്നാണ്. അയോധ്യയിലെ തര്‍ക്കഭൂമി നിര്‍മോഹി അഖാരയ്ക്കും രാം ലല്ലയ്ക്കും സുന്നി വഖഫ് ബോര്‍ഡിനും മൂന്നായി വിഭജിച്ച് നല്‍കിയ 2010ലെ അലഹബാദ് ഹൈക്കോടതി വിധി ശരിയോ തെറ്റോ എന്നാണ് സുപ്രീം കോടതി വിധി പറയാനിരിക്കുന്ന കാര്യം. വിധി ശരിവച്ചാല്‍ അത് ബിജെപിക്ക് രാഷ്ട്രീയമായ ഉത്തേജനം നല്‍കിയേക്കാം. എന്നാല്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ബിജെപിയുടെ ആ പ്രതീക്ഷയ്ക്ക് തല്‍ക്കാലം മങ്ങലേറ്റിരിക്കുകയാണ്.

ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതിയുടെ കീഴ് വഴക്കങ്ങള്‍ ലംഘിച്ച് മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കിക്കൊണ്ടും ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രയ്ക്ക് താല്‍പര്യമുള്ള ജഡ്ജിമാരുടെ ബഞ്ചിനെ ഏല്‍പ്പിച്ചുമുള്ള മാസ്റ്റര്‍ ഓഫ് റോസ്റ്റര്‍ അധികാരത്തിന്റെ ദുര്‍വിനിയോഗമാണ് സുപ്രീം കോടതിയിലെ പൊട്ടിത്തെറിയിലേയ്ക്ക് നയയിച്ചത്. ഇന്ത്യന്‍ സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ആദ്യമായി നാല് ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെ വിമര്‍ശിച്ചുകൊണ്ടും സുപ്രീം കോടതിയുടെ പ്രവര്‍ത്തനം ശരിയായ നിലയിലല്ല എന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടും ജനുവരി 12ന് വാര്‍ത്താസമ്മേളനം നടത്തി. ചീഫ് ജസ്റ്റിസ് കഴിഞ്ഞാല്‍ അന്നത്തെ മൂന്നാമത്തെ സീനിയര്‍ ജഡ്ജിയായിരുന്ന ജസ്റ്റിസ് ഗൊഗോയിയോട് ലോയ കേസ് ആണ് ഇതില്‍ പ്രധാനമായും അഭിപ്രായ ഭിന്നതയ്ക്ക് കാരണം എന്ന് ചോദിച്ചപ്പോള്‍ അതെ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ജസ്റ്റിസ് ലോയ കേസില്‍ ഹര്‍ജിക്കാരാനായ തെഹ്‌സീന്‍ പൂനവാലയുടെ ഉദ്ദേശശുദ്ധി കേസ് അട്ടിമറിക്കുകയാണ് എന്നും അദ്ദേഹത്തിന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ബന്ധമുണ്ട് എന്നും മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ ആരോപിച്ചിരുന്നു. റാഫേല്‍ കരാറുമായി ബന്ധപ്പെട്ടും സമാനമെന്ന് തോന്നിക്കുന്ന ഒരു ഹര്‍ജി സുപ്രീം കോടതിക്ക് മുന്നിലെത്തി.

ജസ്റ്റിസ് ദീപക് മിശ്ര സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോളാണ് റാഫേൽ ഇടപാടിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ആദ്യം ഹർജി എത്തുന്നത്. മനോഹർ ലാൽ ശർമ്മ എന്നയാളാണ് ഈ ഹര്‍ജി നല്‍കിയത്. ഒന്നാം എതിർ കക്ഷി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇപ്പോള്‍ ഹര്‍ജിയില്‍ മനോഹര്‍ലാല്‍ ശര്‍മയുടെ വാദങ്ങള്‍ ശ്രദ്ധേയമാണ് എന്ന് ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് മോദിക്കെതിരായ ഹര്‍ജി പരിഗണിച്ചാല്‍ മതി എന്നാണ് ഇപ്പോള്‍ ശര്‍മ ആവശ്യപ്പെട്ടുന്നത്. തിരഞ്ഞെടുപ്പുകള്‍ തങ്ങളെ ബാധിക്കുന്നില്ല എന്നും തിരെഞ്ഞെടുപ്പ് മൂലം കോടതി നടപടികള്‍ നിര്‍ത്തിവക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. റാഫേൽ യുദ്ധ വിമാനങ്ങളുടെ വില പരസ്യപെടുത്താൻ സർക്കാരിനോട് നിര്ദേശിക്കണമെന്ന് ആവശ്യപ്പെട്ട അഭിഭാഷകനോട്‌ ചീഫ് ജസ്റ്റിസ് ചോദിച്ചത് ഈ യുദ്ധ വിമാനങ്ങളുടെ വില നിങ്ങള്‍ക്ക് അറിയാമോ എന്നാണ്. അറിയാം എന്ന് പറഞ്ഞപ്പോള്‍ എങ്കില്‍ അപൂര്‍വം ഭാഗ്യവാന്മാരില്‍ ഒരാളാണ് നിങ്ങള്‍ എന്നായിരുന്നു മറുപടി. ഏതായാലും ഈ മൂന്ന് കേസുകളിലും നിലവില്‍ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ ചുവപ്പ് കൊടിയാണ് നിലവില്‍ സുപ്രീം കോടതി ഉയര്‍ത്തിയിരിക്കുന്നത്.

റാഫേൽ: വിമാനത്തിന്റെ വില, ചെലവ് അടക്കമുള്ള വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി; കേന്ദ്ര സർക്കാരിന് തിരിച്ചടി

അയോധ്യ – ബാബറി ഭൂമി തര്‍ക്ക കേസ്: ഇനി എന്ന് വാദം കേള്‍ക്കുമെന്ന് ജനുവരിയില്‍ പറയാമെന്ന് സുപ്രീം കോടതി

പ്രതിസന്ധി സിബിഐയുടേതല്ല, അട്ടിമറിക്കപ്പെടുന്ന നിയമവാഴ്ചയുടേതാണ്; ഹരീഷ് ഖരെ എഴുതുന്നു

അസ്താന എന്ന കണ്ണിലുണ്ണി അഥവാ സിബിഐയെ അവസാനിപ്പിക്കുമ്പോള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍