TopTop
Begin typing your search above and press return to search.

ചിദംബരത്തെ സിബിഐ (മോദി) എന്തു ചെയ്യും?

ചിദംബരത്തെ സിബിഐ (മോദി) എന്തു ചെയ്യും?

മുന്‍ ധനമന്ത്രി പി. ചിദംബരത്തിനെതിരെ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ ഒട്ടും അത്ഭുതപ്പെടുത്തുന്നവയല്ല. ഇന്ത്യന്‍ രാഷ്ട്രീയക്കാരെ ശ്രദ്ധിച്ചിട്ടുള്ളവര്‍ക്ക് ഇക്കാര്യം പെട്ടെന്ന് മനസിലാകും. അവര്‍ പണമുണ്ടാക്കും. ബിസിനസ് താത്പര്യങ്ങള്‍ക്കായി തങ്ങള്‍ക്കുള്ള സ്വാധീനം ഉപയോഗിക്കും തുടങ്ങി അധികാരത്തിന്റെ ശീതളച്ഛായ എന്നത് തനിക്കും തനിക്കു വേണ്ടപ്പെട്ടവര്‍ക്കും നേട്ടമുണ്ടാക്കുക എന്നതിലാണ് പ്രധാനമായും ഊന്നി നില്‍ക്കുന്നത്.

ഇപ്പോള്‍ ഉണ്ടായിരിക്കുന്ന കേസ് വളരെ ലളിതമാണ്. സി.ബി.ഐ പറയുന്നതനുസരിച്ച് INX Media എന്ന സ്ഥാപനം ചട്ടവിരുദ്ധമായി വിദേശ നിക്ഷേപം സ്വീകരിച്ചു എന്നാണ്. സ്വന്തം മകളെ കൊന്നു എന്ന കേസില്‍ അറസ്റ്റിലായ ഇന്ദ്രാണി മുഖര്‍ജിയെ ഓര്‍മയുണ്ടാകുമല്ലോ. അവരുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം. അനധികൃതമായി കൊണ്ടുവന്ന നിക്ഷേപത്തോട് ധനകാര്യ മന്ത്രാലയം കണ്ണടയ്ക്കുക മാത്രമല്ല, ഇത്തരമൊരു നടപടിക്ക് ആവശ്യമായ അനുമതികള്‍ ക്രമവിരുദ്ധമായി ചെയ്തു കൊടുക്കുകയും ചെയ്തു എന്നാണ് കേസ്.

കാര്‍ത്തിയിലേക്ക് വരാം. INX-നു വേണ്ട അനുമതികള്‍ ധനകാര്യ മന്ത്രാലയത്തില്‍ നിന്ന് ശരിയാക്കി കൊടുത്തത് കാര്‍ത്തിയാണ്. അതിനുള്ള വഴി- പിതാവ് പി. ചിദംബരം കേന്ദ്ര ധനകാര്യ മന്ത്രിയായിരുന്നു എന്നത് തന്നെ. ഇതിനു പ്രത്യുപകാരമായി കാര്‍ത്തിയുടെ നിയന്ത്രണത്തിലുള്ള കമ്പനികള്‍ക്ക് INX പ്രതിഫലവും നല്‍കി.

ഇപ്പോഴുണ്ടായിട്ടുള്ള കേസിനോട് ചിദംബരവും മകന്‍ കാര്‍ത്തിയും കോണ്‍ഗ്രസ് പാര്‍ട്ടിയുമെല്ലാം പ്രതികരിച്ചിരിക്കുന്നത് പ്രതീക്ഷിത രീതിയില്‍ തന്നെയാണ്. ഇത് രാഷ്ട്രീയമായ പകപോക്കലാണെന്നും തങ്ങള്‍ ഇതിനെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നുമാണ് അവരുടെ പ്രതികരണം.

നിയമത്തെ അനുസരിക്കുന്ന സാധാരണ പൗരന്മാരെ സംബന്ധിച്ചിടത്തോളം ഇനി അറിയേണ്ടത് സി.ബി.ഐ ഈ കേസ് എവിടെ എത്തിക്കും എന്നതാണ്. ഈ കേസ് പഴുതുകളടച്ച് അന്വേഷിക്കുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്യുമോ? അതോ ഭരിക്കുന്ന പാര്‍ട്ടിക്കും സര്‍ക്കാരിനും വിധേയരായി നില്‍ക്കുക എന്ന പതിവ് പാരമ്പര്യം പിന്തുടര്‍ന്നു കൊണ്ട് ഇതൊരു രാഷ്ട്രീയ നാടകമാക്കി അവസാനിപ്പിക്കുമോ? അങ്ങനെ കുറ്റപത്രം പോലും സമര്‍പ്പിക്കാതെ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ തീരുമാനമാകാതെ പോകുന്ന എണ്ണമറ്റ അഴിമതി കേസുകളിലൊന്നായി ഇതും മാറുമോ?

അഴിമതി വിരുദ്ധ പോരാട്ടം എന്ന പുകമറയ്ക്കുള്ളില്‍ നിന്നുകൊണ്ട് രാഷ്ട്രീയ എതിരാളികളെ തെരഞ്ഞു പിടിച്ച്, അവര്‍ക്കെതിരെ അന്വേഷണ ഏജന്‍സികളെ തുറന്നുവിടുന്നതില്‍ മോദി സര്‍ക്കാര്‍ ഇതുവരെ വിജയം കണ്ടിട്ടുണ്ട്. എതിരാളികളെ തെരഞ്ഞുപിടിച്ച് അവര്‍ക്കെതിരെ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നത് കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരുകള്‍ ചെയ്യുന്ന നിരവധി ഉദാഹരണങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ അറിയേണ്ടത് ഈ കേസ് എങ്ങനെ പരിഹരിക്കപ്പെടും എന്നതാണ്. ഇത് എതിരാളികളെ വേട്ടയാടുന്നു എന്ന മോദിയുടെ പ്രതിച്ഛായ വീണ്ടും ഉറപ്പിക്കപ്പെടുമോ? അതോ, വളരെ ശ്രദ്ധാപൂര്‍വം ഉണ്ടാക്കിയെടുക്കപ്പെട്ട അഴിമതി വിരുദ്ധ പോരാളി എന്ന അദ്ദേഹത്തിന്റെ പ്രതിച്ഛായ ഊട്ടിയുറപ്പിക്കപ്പെടുമോ?

ചിദംബരം കേസ്

പീറ്റര്‍ മുഖര്‍ജി, ഇന്ദ്രാണി മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതയിലുള്ള INX Media Pvt Ltd എന്ന സ്ഥാപനത്തിന് വിദേശ നിക്ഷേപം സ്വീകരിക്കാന്‍ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡി (FIPB)ന്റെ അനുമതി ലഭിക്കുന്നതില്‍ കുറ്റകരമായ രീതിയില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ട് എന്നതുമായി ബന്ധപ്പെട്ടാണ് കാര്‍ത്തി ചിദംബരത്തിന്റെ വീട്ടിലടക്കം 14 ഇടങ്ങളില്‍ സി.ബി.ഐ ഇന്നലെ റെയ്ഡ് നടത്തിയത്.

ഈ കേസില്‍ സി.ബി.ഐ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എഫ്.ഐ.ആര്‍ അനുസരിച്ച് കാര്‍ത്തി ചിദംബരത്തിനും അദ്ദേഹത്തിന്റെ Chess Management Services (P) Ltd എന്ന കമ്പനിക്കും എതിരെയുള്ള കുറ്റങ്ങള്‍ ഇവയാണ്.

1. വിദേശ നിക്ഷേപ ചട്ടങ്ങള്‍ ലംഘിച്ചതുമായി ബന്ധപ്പെട്ട് കമ്പനിക്കെതിരെയുള്ള കേസ് ഒത്തുതീര്‍പ്പാക്കാന്‍ INX Media, കാര്‍ത്തി ചിദംബരവുമായി 2007-ല്‍ ക്രിമിനല്‍ ഗൂഡാലോചന നടത്തി. FIPB-യ്ക്ക് 4.62 കോടി രൂപയുടെ വിദേശ നിക്ഷേപത്തിന് മാത്രമേ അനുമതി നല്‍കാന്‍ കഴിയുമായിരുന്നുള്ളൂ എങ്കിലും INX 305 കോടി രൂപ വിദേശ നിക്ഷേപത്തിലൂടെ സ്വീകരിക്കുകയായിരുന്നു. കേന്ദ്ര ധനകാര്യ മന്ത്രിയായിരുന്ന പി. ചിദംബരം തന്റെ പിതാവാണ് എന്ന പിന്‍ബലത്തിലാണ് കാര്‍ത്തി ഇതില്‍ ഇടപെട്ടതെന്ന് സി.ബി.ഐ ആരോപിക്കുന്നു.

2. INX എന്ന കമ്പനിയോട് FIPB-യുടെ അനുമതി ലഭിക്കുന്നതിനായി പുതിയ അപേക്ഷ സമര്‍പ്പിക്കാന്‍ കാര്‍ത്തി നിര്‍ദേശിച്ചു എന്ന് സി.ബി.ഐ ആരോപിക്കുന്നു. ഇതിനായി FIPB-യിലെ ചില ഉദ്യോഗസ്ഥരേയും ധനകാര്യ വകുപ്പിനേയും കാര്‍ത്തി സ്വാധീനിക്കുകയും തുടര്‍ന്ന് കമ്പനി പുതിയ അപേക്ഷ നല്‍കി അതിനകം തന്നെ കമ്പനിയില്‍ എത്തിക്കഴിഞ്ഞിരുന്ന 305 കോടി രൂപയുടെ നിക്ഷേപത്തിന് FIPB പുതിയ അനുമതി വാങ്ങിയെടുക്കുകയും ചെയ്തു.

3. കാര്‍ത്തി ചിദംബരം മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി എന്ന നിലയില്‍ 10 ലക്ഷം രൂപ INX-ല്‍ നിന്ന് കൈപ്പറ്റിയെന്ന് സി.ബി.ഐ ആരോപിക്കുന്നു. ചിദംബരത്തിന്റെ പരോക്ഷ നിയന്ത്രണത്തിലുള്ള Advantage Strategic Consulting എന്ന കമ്പനി വഴിയാണ് ഇതെന്നാണ് സി.ബി.ഐ പറയുന്നത്. ചിദംബരത്തിന് ഇക്കാര്യത്തിലുള്ള പങ്ക് മറച്ചു വയ്ക്കുന്നതിനാണ് ഈ നടപടിയെന്നും സി.ബി.ഐ പറയുന്നു.

4. ചിദംബരത്തിന് നേരിട്ടോ അല്ലാതെയോ ബിസിനസ് താത്പര്യങ്ങളുള്ള കമ്പനികളുടെ പേരില്‍ മൂന്നര കോടി രൂപ INX Media നല്‍കിയിട്ടുണ്ടെന്നും സി.ബി.ഐ ആരോപിക്കുന്നു.


Next Story

Related Stories