TopTop

അലോക് വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്തു നിന്നും നീക്കി; തീരുമാനം പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയുടേത്; ചീഫ് ജസ്റ്റിസ്സിന്റെ പ്രതിനിധി മോദിയെ അനുകൂലിച്ചു

അലോക് വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്തു നിന്നും നീക്കി; തീരുമാനം പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയുടേത്; ചീഫ് ജസ്റ്റിസ്സിന്റെ പ്രതിനിധി മോദിയെ അനുകൂലിച്ചു
സുപ്രീംകോടതി ഉത്തരവിലൂടെ സിബിഐ ഡയറക്ടർ സ്ഥാനത്തേക്ക് തിരിച്ചെത്തിയ അലോക് വർമയെ നീക്കാനുള്ള തീരുമാനം പ്രധാനമന്ത്രി അധ്യക്ഷനായ സെലക്ഷൻ കമ്മറ്റി കൈക്കൊണ്ടതായി റിപ്പോർട്ട്. റാഫേൽ കരാറിൽ എഫ്ഐആർ സമർപ്പിക്കാൻ വരെ അലോക് വർമ തയ്യാറായേക്കുമെന്ന തരത്തിൽ ചര്‍ച്ചകൾ നടന്നു വരുന്ന ഘട്ടത്തിലാണ് വർമയെ നീക്കം ചെയ്യുന്നത്.

അലോക് വർമയെ പൂർണ അധികാരങ്ങളോടെ തൽസ്ഥാനത്ത് തുടരാൻ അനുവദിക്കണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിലുള്ള ഉന്നതാധികാര സമിതി യോഗം ചേർന്നിരുന്നു. രണ്ടുതവണയാണ് യോഗം ചേർന്നത്. മല്ലികാർജുൻ ഖാർഗെ, ചീഫ് ജസ്റ്റിസിനെ പ്രതിനിധീകരിച്ച് ജസ്റ്റിസ് എകെ സിക്രി എന്നിവരാണ് യോഗത്തിൽ പങ്കെടുത്തിരുന്നത്. ഇതിൽ എകെ സിക്രി പ്രധാനമന്ത്രിയുടെ നിലപാടിനോട് യോജിച്ച് അലോക് വർമയെ നീക്കണമെന്ന് അഭിപ്രായപ്പെട്ടു. കോൺഗ്രസ്സ് നേതാവ് മല്ലികാർജുൻ ഖാർഗെ മാത്രമാണ് വിയോജിച്ചത്.

ബുധനാഴ്ച ആദ്യയോഗം ചേർന്നതിനു ശേഷം ഇന്നും സമിതി പ്രധാനമന്ത്രിയുടെ വസതിയിൽ കൂടിയിരുന്നു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള സമിതിയാണ് അലോക് വർമയ്ക്ക് അധികാരങ്ങൾ നൽകേണ്ടതെന്ന് സുപ്രീംകോടതി വിധിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു സമിതിയുടെ കൂടിക്കാഴ്ചകൾ. ധൃതി പിടിച്ചുള്ള ഈ നീക്കങ്ങൾക്കെതിരെ കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തു വന്നിരുന്നു. റാഫേൽ കേസിൽ സിബിഐ ഉറച്ച നിലപാടെടുക്കുമെന്ന ഭീതിയാണ് മോദിക്കെന്ന് അദ്ദേഹം ആരോപിക്കുകയുണ്ടായി. സമിതിക്ക് മുമ്പാകെ ഹാജരാകാൻ അലോക് വർമയ്ക്ക് അനുമതി നൽകണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യം പരിഗണിക്കപ്പെട്ടില്ല.

താൽക്കാലിക ഡയറക്ടറുടെ സ്ഥലം മാറ്റ ഉത്തരവുകൾ സിബിഐ ഡയറക്ടർ സ്ഥാനത്ത് തിരിച്ചെത്തിയ അലോക് വര്‍മ്മ റദ്ദാക്കിയിരുന്നു. അലോക് വർമ്മയുടെ ടീം എന്ന് വിശേഷിപ്പിക്കാവുന്ന 10 ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരെയാണ് താൽക്കാലിക ഡയറക്ടര്‍ സ്ഥലം മാറ്റിയിരുന്നത്. സിബിഐ ഉപമേധാവിയായിരുന്ന രാകേഷ് അസ്താനക്കെതിരായ ആരോപണങ്ങൾ അന്വേഷിച്ചിരുന്നവരും സ്ഥലം മാറ്റിയ പട്ടികയിൽ ഉൾപ്പെട്ടിരുന്നു. സുപ്രീംകോടതി വിധിക്ക് പിന്നാലെ സിബിഐ ഡയറക്ടറായി അലോക് വർമ്മ ബുധനാഴ്ച രാവിലെയാണ് ചുമതലയേറ്റത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്ത ബന്ധം പുലർത്തുന്ന രാകേഷ് അസ്താന സിബിഐയിലേക്ക് എത്തിയതിനു ശേഷം നടത്തിയ അധികാരമേറ്റെടുക്കൽ ശ്രമങ്ങളാണ് അലോക് വർമയുമായുള്ള പ്രശ്നങ്ങളിലേക്ക് നയിച്ചത്. സിബിഐയുടെ തന്നെ കേസ് നേരിടുന്ന അസ്താനയെ സിബിഐയിലെടുക്കരുതെന്ന് അലോക് ആവശ്യപ്പെട്ടെങ്കിലും മോദിയുടെ ഇടപെടലിലൂടെ അദ്ദേഹം അകത്തെത്തി. സിബിഐ സ്പെഷ്യൽ ഡയറക്ടറായാണ് രാകേഷ് അസ്താന എത്തിയത്. ഇദ്ദേഹത്തിനെതിരെ ഉയർന്നിരുന്ന അഴിമതിയാരോപണത്തിൽ നടപടിയെടുക്കുകയുണ്ടായി അലോക് വർമ. കേസിൽ പെട്ട അസ്താനയെ എല്ലാ ചുമതലകളിൽ നിന്നും നീക്കം ചെയ്തിരുന്നു. ഹൈദരാബാദ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു ബിസിനസ്സുകാരനിൽ നിന്ന് ദുബൈയിലുള്ള ഇടനിലക്കാരൻ വഴി 5 കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തിന്മേലാണ് സ്വന്തം സ്പെഷ്യൽ ഡയറക്ടർക്കെതിരെ സിബിഐ നടപടി തുടങ്ങിയത്. ഇതിന്റെ ഭാഗമായി സ്വന്തം ഓഫീസും മറ്റൊരു ഉദ്യോഗസ്ഥന്റെ വീടും സിബിഐ റെയ്ഡ് ചെയ്യുകയുണ്ടായി.

അസ്താനയുടെ അഴിമതികൾ ചൂണ്ടിക്കാണിച്ചും അതിനെതിരെ നീക്കങ്ങൾ നടത്തിയും ആലോക് വർമ കേന്ദ്ര സർക്കാരിന്റെ അപ്രീതി നേരത്തെ തന്നെ സമ്പാദിച്ചിരുന്നു. മോയിൻ ഖുറേഷിയെന്ന വ്യവസായിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് 5 കോടി രൂപ അസ്താന കൈക്കൂലി വാങ്ങിയെന്നതിനു പുറമെ സ്റ്റെർലിങ് ബയോടെക്ക് കേസുമായി ബന്ധപ്പെട്ടും കൈക്കൂലി വാങ്ങിയിട്ടുണ്ടെന്ന് അലോക് വർമ ആരോപിച്ചിരുന്നു. എന്നാൽ, സിബിഐ ഡയറക്ടർക്കെതിരെ കാബിനറ്റ് സെക്രട്ടറിക്ക് നേരിട്ട് കത്തെഴുതിയാണ് അസ്താന ഇതിനോട് പ്രതികരിച്ചത്. ഐആർസിടിസി കേസിൽ ലാലു പ്രസാദ് യാദവിനെതിരായ റെയ്ഡ് ആലോക് വർമ ഇടപെട്ട് തടഞ്ഞുവെന്നായിരുന്നു ഈ കത്തിലെ ആരോപണം.

അസ്താന നിരവധി കേസുകളിൽ സിബിഐ നിരീക്ഷണത്തിലുള്ളയാളാണെന്നും ഡയറക്ടറുടെ അസാന്നിധ്യത്തിൽ അദ്ദേഹത്തെ വിശ്വാസത്തിലെടുത്ത് സിബിഐയിലേക്ക് പുതിയ ആളുകളെ എടുക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടി വിജിലൻസ് കമ്മീഷന് സിബിഐ നേരത്തെ കത്തു നൽകിയത് വിവാദമായിരുന്നു. സിബിഐയുടെ പോളിസി വിഭാഗമാണ് ആലോക് വർമയുടെ (സിബിഐ ഡയറക്ടറുടെ) അസാന്നിധ്യത്തിൽ അസ്താനയെ ചുമതലയേൽപ്പിക്കാൻ കഴിയില്ലെന്ന കത്ത് കേന്ദ്ര വിജിലൻസ് കമ്മീഷന് നൽകിയത്.

തന്റെ ഇരുപത്തിരണ്ടാം വയസ്സിൽ ഐപിഎസ്സുകാരനായി മാറിയ ആലോക് വർമ സത്യസന്ധനായ ഉദ്യോഗസ്ഥനായാണ് അറിയപ്പെടുന്നത്. എന്നാൽ അസ്താനയ്ക്ക് ഇത്തരമൊരു പ്രതിച്ഛായയല്ല ഉള്ളത്. ഗുജറാത്തിലെ ഒരു ഹവാല ഇടപാടുകാരനില്‍ നിന്നു പിടിച്ചെടുത്ത ഡയറിയില്‍ പേരുണ്ടായിരുന്നു എന്ന ആരോപണം പേറുന്നയാളാണ് അസ്താന. നരേന്ദ്രമോദി അസ്താനയെ സിബിഐ സ്പെഷ്യൽ ഡയറക്ടറായി നിയമിക്കുമ്പോൾ അദ്ദേഹത്തിനെതിരെ സിബിഐ അന്വേഷണം നടക്കുന്നുണ്ടായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയുള്ള ആലോക് വർമയുടെ വിയോജനക്കുറിപ്പ് പരിഗണിക്കപ്പെട്ടിരുന്നില്ല.

https://www.azhimukham.com/opinion-crisis-in-cbi-with-alok-verma-rakesh-asthana-fight-writes-harish-khare/

Next Story

Related Stories