TopTop
Begin typing your search above and press return to search.

ചത്താല്‍ കുഴിച്ചിടാന്‍ പോലും മണ്ണില്ലാത്തവര്‍ക്ക് എന്ത് സ്വാതന്ത്ര്യം?

ചത്താല്‍ കുഴിച്ചിടാന്‍ പോലും മണ്ണില്ലാത്തവര്‍ക്ക് എന്ത് സ്വാതന്ത്ര്യം?

രാകേഷ് നായര്‍

നായമ്മാര്‌ടെ വീട്ടിലെ പണീം കഴിഞ്ഞു വന്ന അമ്മയാണ് പറഞ്ഞത് നമ്മക്ക് സോയന്ത്രം കിട്ടീന്ന്...ഞാന്‍ അമ്മയുടെ മടിക്കുത്തിലേക്കാണ് നോക്കീത്. പതിവുപോലെ അതിത്തിരി വീര്‍ത്തിരിപ്പുണ്ട്. മുന്നാഴി നെല്ലിന്റെ കനം. അത് പതിവാണല്ലോ? പിന്നെ അമ്മേടെ മോത്ത് എന്തിനാണ് ഇത്ര ചിരി? കൊച്ച് പെണ്ണ് ഓര്‍ത്തൂ. എന്താണീ സോയന്ത്രം??? ഏഴോ എട്ടോ വയസ്സിന്റെ ബുദ്ധിയില്‍ അങ്ങനൊരു സാധനമെന്താണെന്നു മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. പക്ഷെ വീട്ടിലെ മുതിര്‍ന്നോര്‍ക്കെല്ലാം വലിയ സന്തോഷമുണ്ട്. അതു കണ്ടപ്പോള്‍ ഞാനും ചിരിച്ചു. അന്നു രാത്രി മൂത്താങ്ങള പറഞ്ഞു, നമുക്കിന്ന് ഉത്സവത്തിന് പോകാന്ന്. അതുകേട്ടപ്പോളാണ് എനിക്ക് കൂടുതല്‍ സന്തോഷായത്. ആങ്ങളേടെ തോളത്തിരുന്ന് കാടിറങ്ങുമ്പോഴും എന്റെ മനസ്സില്‍ ഒരു ചോദ്യമുണ്ടായിരുന്നു, എന്താണീ സോയന്ത്രം? പക്ഷെ ചോദിക്കാന്‍ പേടി. ആങ്ങളയ്ക്ക് ഇഷ്ടായില്ലെങ്കില്‍ നെലത്തിറങ്ങി നടക്കാന്‍ പറയും. അമ്പലത്തിലേക്ക് കൊറേ പോണം. അത്രദൂരം നടക്കണമെന്നത് കഷ്ടാണ്. അതുകൊണ്ട് ഒന്നും മിണ്ടീല... കൊറെ ദൂരെമാറി നിന്നുവേണം ഉത്സവം കാണാന്‍. അമ്പലത്തില്‍ ആളുകളുണ്ട്. എല്ലാരും വലിയ ജാതിക്കാരാണ്. അവരുടെതാണ് അമ്പലോം ഉത്സവേം. അവിടെ ചെല്ലുമ്പോഴാണ് മൂന്നു നിറത്തിലുള്ള കൊടികള്‍ പലയിടത്തും കണ്ടത്.

എന്താണ് സോയന്ത്രം?

അത്രയും നേരം പിടിച്ചുവച്ചോണ്ടിരുന്നത് അറിയാതെ എന്റെ വായിലൂടെ പുറത്തുവന്നൂ...

ആങ്ങള ദേഷ്യപ്പെട്ടില്ല. ചിരിച്ചോണ്ടു പറഞ്ഞൂ, വെള്ളക്കാരെല്ലാരും പോയെടീ...ഇനി നാട് നമ്മടേതാണ്...

പറഞ്ഞതില്‍ പകുതിയേ മനസ്സിലായുള്ളുവെങ്കിലും വെള്ളക്കാര് ദുഷ്ടന്മാരായിരുന്നെന്നു പറഞ്ഞുകേട്ടിട്ടുണ്ട്. പക്ഷേ നാട് നമ്മടേതാണെന്നു പറഞ്ഞാല്‍...?

സോയന്ത്രം കിട്ടിയാ നമുക്കെന്നാ കിട്ടൂം? ദ്രവ്യങ്ങള് കിട്ടുമോ? ഞാന്‍ ചോദിച്ചു. കിട്ടും, നമക്ക് എല്ലാം കിട്ടും....എന്റെ ആങ്ങള പറഞ്ഞു...

പക്ഷേ...ഇതുവരെ ഞങ്ങക്ക് മാത്രം ഒന്നും കിട്ടീട്ടീല്ല....എ്ണ്‍പത്തിയഞ്ചു വയസ്സിനടത്ത് പ്രായമെത്തിക്കഴിഞ്ഞ കൊച്ചുപെണ്ണ് അങ്ങനെ പറഞ്ഞത് ഇന്നലെയാണ്...ഇന്ത്യ മാഹാരാജ്യം അതിന്റെ അറുപത്തിയൊമ്പതാമത് സ്വതന്ത്ര്യദിനം ആഘോഷിക്കുന്നതിന്റെ തലേന്ന്. കേരളസംസ്ഥാനത്തിന്റ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിന്റെ മുന്നിലെ നടപ്പാതയിലിരുന്നുകൊണ്ട്. കൊച്ചുപെണ്ണിനെപോലെ, ഓമനെയെപ്പോലെ, രാധയെപ്പോലെ കുറെ മനുഷ്യര്‍ അവിടെ ഇരിക്കാന്‍ തുടങ്ങിയിട്ട് ഇന്നത്തേക്ക് 714 ദിവസങ്ങളാകും... ഒരു പിടി മണ്ണിനുവേണ്ടിയുള്ള സമരം...ഇവരെ ഒറ്റവാക്കില്‍ പരിചയപ്പെടുത്തുകായാണെങ്കില്‍ ചെങ്ങറ ഭൂസമരത്തിലെ ബാക്കിപത്രങ്ങളെന്നു വിളിക്കാം. വാസയോഗ്യമായ ഭൂമി ഇതുവരെ കിട്ടാത്തതിനാല്‍ സ്വന്തമായ കിടപ്പാടം എന്ന സൗഭാഗ്യത്തിന് അവകാശികളല്ലാത്ത അമ്പത്തിയൊന്നു കുടുംബങ്ങളുടെ പ്രതിനിധികള്‍. കൊച്ചുപെണ്ണിന്റെ വാക്കുകളില്‍ പറഞ്ഞാല്‍, ചത്താല്‍ ശവം കുഴിച്ചിടാന്‍പോലും ഗതിയില്ലാത്തവര്‍..

ഇന്നത്തെ ദിവസം ഉയര്‍ന്നുപൊങ്ങി പാറുന്ന ത്രിവര്‍ണ്ണ പതാകയുടെ കീഴില്‍ ഇങ്ങനെ കുറച്ചുപേര്‍ വഴിയരികില്‍ കിടന്ന് കണ്ണീര്‍ വാര്‍ക്കുന്നുണ്ടെന്നത് കൂടി നമ്മള്‍ മനസ്സിലാക്കണം...ഈ നാട് ഇനിമുതല്‍ നമ്മുടെതാകുമെന്ന് ആറുപത്തിയൊമ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് അവരും കൂടി സ്വപ്‌നം കണ്ടതാരുന്നു.. പക്ഷെ ആ സ്വപ്‌നവും സാതന്ത്ര്യവും എല്ലാം ആരൊക്കെയോ ചേര്‍ന്ന് നിഷേധിച്ചിരിക്കുന്നു ഈ പാവങ്ങള്‍ക്ക്....അന്നും മണ്ണില്ലാത്തവര്‍ ഇന്നും....
കൊച്ചുപെണ്ണിന്റെ കഥയിലേക്ക് തിരിച്ചുപോകാം...

പത്തനംതിട്ടയിലെ വനപ്രദേശത്താണ് സ്വാതന്ത്ര്യം കിട്ടണസമയത്തൊക്കെ ഞങ്ങടെ കുടുംബങ്ങള്‍. അതിനു മുമ്പൊക്കെ ഏതെങ്കിലും ജന്മീടെ പറമ്പലില്‍ കൂരകെട്ടി കഴിയും. അതൊരു ഔദാര്യമാണ്. അവരുടെ മണ്ണില്‍ പണിയെടുക്കുന്നതിന്റെ. പക്ഷേ എറങ്ങിക്കോ എന്നു പറഞ്ഞാല്‍ പോയ്‌ക്കോളണം. എങ്ങോട്ട് എന്നറിയില്ല. പട്ടീം പൂച്ചോക്കെ നടക്കണപോലെ. പിന്നെയാണ് ഞങ്ങളോട് കാട്ടിപ്പോയ്‌ക്കോളാന്‍ പറയണത്. അന്നും ഞങ്ങക്ക് സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ല ഇന്നും ഇല്ല. വെള്ളക്കാരടെം ജന്മീടെം കാലം കഴിയുമ്പോള്‍ എല്ലാര്‍ക്കും സ്‌ന്തോഷത്തോടെ കഴിയാന്നൂ ഞങ്ങളും വിശ്വസിച്ചതാ...ഇപ്പം തോന്നണത് അവരാരുന്നു നല്ലത്. എന്താണ് സ്വാതന്ത്ര്യമെന്ന് എനിക്കിപ്പോഴും മനസ്സിലാകണില്ലാ...?

കണ്ടത്തില് പണിക്കുപോണതിന്റെ കൂലിയായി അമ്മയ്ക്ക് കിട്ടണത് മുന്നാഴി നെല്ലാണ്. അതുകൊണ്ടുവന്ന് കൊറച്ചെടുത്ത് ഒരലിലിട്ട് പച്ചയ്ക്കിടിച്ചെടുത്ത് കഞ്ഞിവയ്ക്കും. ഇന്നത്തെപ്പോലെ കലോന്നുമില്ല. വക്കു പൊടിഞ്ഞൊരു ചട്ടിയുണ്ട്. അതിലിട്ട് വയ്ക്കും. അത്തരമൊരു ചട്ടിയാണ് ഞങ്ങക്കൊക്കെ ആകെയുള്ള പാത്രം. ചിലര്‍ക്ക് ചട്ടിയെന്നു പറയാനെ കാണില്ല, താഴെ വീണോ മറ്റോ പൊട്ടിയതിന്റെ കഷ്ണത്തിലായിരിക്കും വയ്പ്പ്. പുതിയതെവിടുന്നു വാങ്ങാന്‍? ചന്തേ കേറ്റില്ല. ഞങ്ങള് തൊട്ടുകൂടാത്തോരാണല്ലോ. എന്തേലുമൊക്കെ വാങ്ങണേല്‍ കൊട്ടക്കച്ചവടക്കാര് കൊണ്ടുവരുമ്പോളാണ്. ഇല്ലേ ചെല നല്ല നായമ്മാര് ഉണ്ട്. അവര് ചന്തേപ്പോയി വരുമ്പോള്‍ എന്തേലും തരും. കൈയീ കാശില്ലാത്തവര്‍ക്ക് എന്ത് വാങ്ങാന്‍. ഉടുക്കാന്‍ തുണിപോലും നേരാവണ്ണം ഇല്ല. കുറെനാള് കഴിഞ്ഞ് പാലേലുള്ള വടക്കര് വന്ന് നാട്ടില് ഒരു നെയ്ത്ത്ശാലയിട്ട്. അവിട്ന്ന് തോര്‍ത്ത് മുണ്ട് കിട്ടും. ആണുങ്ങള് അത് പുതയ്ക്കും. ഞങ്ങള് പെണ്ണുങ്ങക്ക് ആ തോര്‍ത്ത് ബനിയന്‍പോലെ ആക്കി തന്നൂ. മേല് മറഞ്ഞു കിടന്നോളും. എണ്ണ കിട്ടത്തില്ല. ഞനൊക്കെ എണ്ണ തേച്ച് കുളിക്കണത് മുതിര്‍ന്നിട്ടാണ്. വിട്ടില് കൊറച്ച് ചട്ടീം കലോക്കെ വാങ്ങി കണ്ടതും ഏതാണ്ട് ആ പ്രായത്തിലാണ്. അങ്ങനെയെല്ലാം കഷ്ടപ്പെട്ട് ജീവിച്ചവരാണ് ഞങ്ങള്. ആ കഷ്ടപ്പാട് ഇപ്പോഴും. ഈ സെക്രട്ടറിയേറ്റിന്റെ മുന്നില് സമരത്തിന് വരണ നേതാക്കന്മാരൊക്കെ ജനാധിപത്യം ജനാധിപത്യോന്ന് വിളിച്ചു പറയണത് കേക്കാം. എന്താണ് ജനാധിപത്യം. ജനങ്ങളാണ് ജനങ്ങളെ ഭരിക്കണതെങ്കീ ഞങ്ങളിങ്ങനെ കിടക്കാരുന്നോ? അതോ ഞങ്ങളെ ജനങ്ങളായി കൂട്ടീട്ടില്ലേ...

ഞങ്ങടെ നാട്ടില് ആദ്യായി കപ്പ( മരച്ചീനി) കൊണ്ടുവരണത് തിരുവല്ലേന്ന് ക്രിസ്ത്യാനികളാണ്. ചാക്കിനകത്താക്കി കപ്പ കമ്പുകളുകൊണ്ടുവന്ന് ഒരു കണ്ടം മുഴുവന്‍ നട്ടു. എന്താണ് ഈ സാധനോന്ന് ഞങ്ങക്കൊന്നും മനസ്സിലായില്ല. കാലിന്റെ തൊടേട വലിപ്പത്തില്‍ കപ്പ ഉണ്ടായി വന്നപ്പള് ഞങ്ങള് അന്തിച്ചുപോയി. എല്ലാര്‍ക്കും അവര് തന്നൂ. വെട്ടിക്കണ്ടിച്ച് പുഴുങ്ങിയെടുത്ത് തേക്കിലേ വച്ചാണ് തിന്നണത്. അന്നൊക്കെ വിശപ്പ് മാറാന്‍ കപ്പേങ്കിലും ഉണ്ടാരുന്നു. ഇന്ന് ഈ വഴീല് വന്ന് കിടക്കുമ്പം ഞങ്ങള് പട്ടിണിയാണ്.... ദയതോന്നി എതെങ്കിലും കടക്കാര്, അല്ലേ വഴീപ്പോണവര്, പൊലീസുകാരൊക്കെ വല്ലതും തരും. മഴേം വെയിലും കൊണ്ട്, വിശപ്പും മാറാതെ ഞങ്ങളിങ്ങനെ കിടക്കുമ്പം ഓരോരുത്തരും വന്ന് ജനാധിപത്യോന്ന് വിളിച്ചു പറയുമ്പം ദേഷ്യാ വരുന്നേ....

ഞാന്‍ പള്ളിക്കുടത്തി പോയിട്ടില്ല. വായിക്കാനും എഴുതാനൊന്നും അറിയത്തില്ല. പണ്ട് ആങ്ങള ഞങ്ങളെ കുടിപ്പള്ളിക്കൂടത്തി ചേര്‍ത്തിട്ടുണ്ട്. അവിടെങ്ങനാന്നു വച്ചാല്‍, ഒരു നായരാണ് പഠിപ്പക്കണത്. അയാള്‌ടെ അടുത്ത് നായമ്മാര് പിള്ളേരിരിക്കും. ഞങ്ങള് ആദിവാസികളും പറയരും കൊറവരുമൊക്കെ ദൂരെ മാറി. പഠിപ്പിക്കാണള്‌ടെ കൈയില് ഒരു വടിയൊണ്ട്. അതിങ്ങനെ കറക്കി കാണിച്ചാണ് ഞങ്ങളെ അക്ഷരം പഠിപ്പിക്കണത്. നിലത്തെഴുന്നത് നായമ്മാര് പിള്ളേര് മാത്രം കാണും. വടികൊണ്ട് കാണിച്ചാല്‍ എങ്ങനാണ് അക്ഷരം മനസ്സിലാക്കണത്. ഞാനൊരു വിധം ഹരിശ്രീ എഴുതാന്‍ പഠിച്ചു. ഞങ്ങളെയൊന്നും ആ പഠിപ്പിക്കണാള് ശ്രദ്ധിക്കാറേയില്ല. ക എഴുതാന്‍ നോക്കി തോറ്റപ്പോ ഞാന് കുടിപ്പള്ളിക്കൂടത്തീ പോണത് നിര്‍ത്തി. ആങ്ങളെ ഇക്കാര്യം അറിയണത് കുറെകഴിഞ്ഞാണ്. കൈയേത്തൂക്കിയെടുത്ത് കൊറെ തല്ലി. ഞാനന്ന് വെള്ളത്തിച്ചാടിയാണ് രക്ഷപ്പെട്ടത്. അടികൊണ്ട് നീരുവച്ചാരുന്നു. പക്ഷേ പഠിത്തോക്കെ അതോടെ തന്നെ തീര്‍ന്നാരുന്നു. എന്നാലും സോഷ്യലിസോ ജനാധിപത്യോക്കെ എന്താണെന്ന് എനിക്കറിയാം. ഒരു പള്ളിക്കൂടത്തിലും പോയാലും അതൊന്നും പഠിക്കാന്‍ പറ്റൂല്ല. ഈ നാട്ടീന്ന് തന്നെയാ ഞാനതൊക്കെ പഠിച്ചത്. ഒന്നെനിക്ക് പറയാം; സോഷ്യലിസോം ജനാധിപത്യോക്കെ വെറും കള്ളത്തരാണ്. ഞങ്ങടെ ദേശക്കാരനായിട്ടും ഞങ്ങടെ കണ്ണീര് കാണാന്‍ കഴിയാത്ത അടൂര്‍ പ്രാകശിനെപ്പോലുള്ള മന്ത്രിമാര് ഭരിക്കണ നാട്ടില് എന്ത് സോഷ്യലിസം? എന്ത് ജനാധിപത്യം? എന്ത് സ്വാതന്ത്ര്യം?ഞങ്ങളോട് ഇവിടെ നിന്ന് മാറണോന്ന് പൊലീസുകാര് വന്ന് പറഞ്ഞിട്ടുപോയി. സ്വാതന്ത്ര്യദിനതതിന്റെ ആഘോഷമുണ്ടെന്ന്. പണ്ട് ഞങ്ങളും കൂടീട്ടുണ്ട്. പത്തനംതിട്ടേലെ സ്‌കൂളിലൊക്കെ ആഘോഷുണ്ട്. കൊടിയൊക്കെ ഉയര്‍ത്തി കഴിഞ്ഞ് എന്തേലും പലഹാരോം തരും. അതു തിന്നാനായിട്ട് പോകും. അങ്ങെയൊരിക്കല്‍ പോയപ്പോഴാണ് നെഹ്‌റൂനെ കണ്ടത്. മകളും കൂടെയുണ്ടായിരുന്നു. നെഹ്‌റൂനെ ഞങ്ങക്കും അറിയാം. നെഹ്‌റുവാണ് നമ്മളെ ഭരിക്കാന്‍പോണതെന്നു പറഞ്ഞ് അമ്മേം ആങ്ങളോക്കെ സന്തോഷിക്കണത് കണ്ടിട്ടുണ്ട്. പിന്നെ ഒരിക്കല്‍ നെഹ്‌റു ഞങ്ങടെ നാട്ടിലും വന്നൂ. ഹോട്ടല് കോശീന്ന് പേരുള്ളൊരു വലിയ മൊതലാളിയുണ്ടായിരുന്നു. അങ്ങേര് കൊണ്ടുവന്നതാണ്. അന്നും മകള് കൂടെയുണ്ടായിരുന്നു. ഒരു ജീപ്പിനകത്ത് നെഹ്‌റൂം മോളും. ഞങ്ങളൊക്കെ കൈവീശി...നെഹ്‌റു ഓര്‍ത്തുകാണും ഞങ്ങക്കൊക്കെ എല്ലാം കിട്ടീട്ടുണ്ടവൂന്ന്...അങ്ങരേ നല്ലൊരാളാരുന്ന്...

ഇപ്പം സ്വാതന്ത്ര്യദിനത്തിന്റെ ആഘോഷോന്ന് കേട്ടാല്‍ ദേഷ്യം വരും. ഞങ്ങളെന്തിനാണ് ആഘോഷിക്കുന്നത്. ഞങ്ങള് ഇന്ത്യക്കാരാണോ? ഞങ്ങളെ പൗരന്മാരായിട്ട് പോലും കൂട്ടിട്ടില്ലാ. 57 മൊതല് വോട്ട് ചെയ്യണതാണ്. കമ്യൂണിസ്റ്റ്കാര് വന്നാ എല്ലാം കിട്ടൂന്നു പറഞ്ഞൂ. കുറെനാള് അവര്‍ക്ക് ഓട്ട് ചെയതൂ..പിന്നെ കോങ്‌ഗ്രേസിന് ഓട്ടുചെയ്തു. ആരും ഞങ്ങക്ക് ഒന്നും തന്നില്ല. ഒടുവില്‍ ശവം അടുക്കളവെട്ടിപ്പൊളിച്ച് കുഴിച്ചിട്ടേട്ട് സമരത്തിന് ഇറങ്ങീതാ ഞങ്ങള്. കുറേപ്പേര്‍ക്ക് ഭൂമി കിട്ടി. ഞങ്ങക്ക് എന്നിട്ടും കിട്ടീല്ല. തരാം താരന്ന് പറഞ്ഞിട്ട്. കുറേ നാളായി... ഇപ്പം പറയാ ഭൂമിയില്ലാന്ന്...എല്ലാം ഓരോരുത്തരുടെ കൈയിലാണെന്ന്...മന്ത്രി പറയാ..ഫഌറ്റില് താമസിപ്പാക്കാന്ന്. ഞങ്ങളെ എല്ലാരും കൂടി കളിയാക്കാണ്....ഇപ്പളും കുറെ നേതാക്കന്മാര് വരും. മന്ത്രിയെ കാണ്ന്‍ പോണേല് അയ്യായിരം വേണം, കളക്ടറെ കാണണേല്‍ രണ്ടായിര വേണം, സെക്രട്ടേറിയേറ്റിനകത്ത് പോണേല്‍ ആയിരം കൊടുക്കണോന്നു പറയും. ഞങ്ങക്ക് കിട്ടണ പിച്ചക്കാശീന്ന് അവര് പിടിച്ചോണ്ട് പോകും. അങ്ങനെയുള്ളോരെ ഞങ്ങള് ഇപ്പം അടുപ്പിക്കേലാ...ഞങ്ങളെ ആര്‍ക്കും വേണ്ടാ....

പൂച്ചയോ പട്ടിയോ ചത്താല്‍ ആരെങ്കിലുമെടുത്ത് എവിടെയെങ്കിലും കുഴിച്ചിടും..ഞങ്ങള് ചത്താലോ...?

അങ്ങനെയുള്ള ഞങ്ങക്ക് എന്ത് സ്വാതന്ത്ര്യദിനം....

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Next Story

Related Stories