Top

ഭൂട്ടാനില്‍ ചൈന നടത്തിയതാണ് കടന്നുകയറ്റം, റോഡ്‌ നിര്‍മ്മാണം കരാര്‍ ലംഘനം: ഇന്ത്യയുടെ മറുപടി

ഭൂട്ടാനില്‍ ചൈന നടത്തിയതാണ് കടന്നുകയറ്റം, റോഡ്‌ നിര്‍മ്മാണം കരാര്‍ ലംഘനം: ഇന്ത്യയുടെ മറുപടി
ഇന്ത്യ-ചൈന-ഭൂട്ടാന്‍ അതിര്‍ത്തിയില്‍ വികസിക്കുന്ന സംഭവപരമ്പരകളെ സംബന്ധിച്ച് ഇന്ത്യാ ഗവണ്‍മെന്റ് ആദ്യമായി ഔദ്യോഗികമായി പ്രതികരിച്ചിരിക്കുന്നു. ഈ അതിര്‍ത്തി മേഖലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയെ തുടര്‍ന്നാണ് കൈലാസ്-മാനസസരോവര്‍ തീര്‍ത്ഥാടകരുടെ നാഥുല ചുരത്തിലൂടെയുള്ള യാത്ര ചൈന നിരോധിച്ചത്. ഇന്ത്യന്‍ സൈന്യം സിക്കിം മേഖലയില്‍ അതിര്‍ത്തി ലംഘിക്കുകയും ചൈനീസ് പ്രദേശത്തേക്ക് പ്രവേശിക്കുകയും ചെയ്തു എന്ന് ആരോപിച്ചുകൊണ്ട് 2017 ജൂണ്‍ 26ന് ചൈനീസ് വിദേശകാര്യമന്ത്രാലയം ഒരു പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. അതിന് ശേഷം ചൈനയുടെ ഔദ്യോഗിക മാധ്യമ അറിയിപ്പുകളിലൊക്കെ ഇത് ആവര്‍ത്തിക്കപ്പെടുന്നു. എന്നാല്‍ ചൈനീസ്‌ വാദങ്ങളെ ഇന്ത്യ ഇന്നലെ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പൂര്‍ണമായി തള്ളിക്കളഞ്ഞു.

പ്രസ്താവനയുടെ പൂര്‍ണരൂപം:

1. പ്രശ്‌നത്തിലെ വസ്തുതകള്‍ താഴെ പറയുന്ന വിധമാണ്:

a) ജൂണ്‍ 16ന് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ നിര്‍മ്മാണ സംഘം ഒരു റോഡ് നിര്‍മ്മിക്കുന്നതിനായി ഡോക്ലാം പ്രദേശത്തേക്ക് പ്രവേശിച്ചു. ഏകപക്ഷീയമായ പ്രവര്‍ത്തനത്തില്‍ നിന്നും അവരെ പിന്തിരിപ്പിക്കുന്നതിനായി റോയല്‍ ഭൂട്ടാന്‍ സേനയുടെ പെട്രോള്‍ സംഘം ശ്രമിച്ചുവെന്നാണ് ഞങ്ങള്‍ മനസിലാക്കുന്നത്. ഇക്കാര്യത്തിലുള്ള പ്രതിഷേധം ന്യൂഡല്‍ഹിയിലെ തങ്ങളുടെ എംബസിയിലൂടെ ചൈനീസ് സര്‍ക്കാരിനെ അറിയിച്ചതായി ഭൂട്ടാന്‍ അംബാസഡര്‍ ജൂണ്‍ 20ന് പരസ്യമായി പ്രഖ്യാപിച്ചു.

b) ഭൂട്ടാന്റെ പ്രദേശത്ത് റോഡ് നിര്‍മ്മിക്കുന്നത് 1988ലെയും 98ലെയും ചൈന-ഭൂട്ടാന്‍ കരാറുകളുടെ ലംഘനമാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി രേഖപ്പെടുത്തുന്ന പ്രക്രിയയെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും അടിവരയിട്ടുകൊണ്ട് ഭൂട്ടാന്‍ വിദേശകാര്യമന്ത്രാലയം കഴിഞ്ഞ ദിവസം ഒരു പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. 2017 ജൂണ്‍ 16ന് ഉണ്ടായിരുന്ന നിലയിലേക്ക് മടങ്ങി പോകണമെന്നും അവര്‍ ആവശ്യപ്പെട്ടു.

c) ഉഭയകക്ഷി താല്‍പര്യമുള്ള വിഷയങ്ങളില്‍ ആഴത്തില്‍ ആശയവിനിമയം നടത്തുക എന്ന പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ട്, ഈ സംഭവപരമ്പര നടക്കുമ്പോള്‍ തന്നെ കേന്ദ്രസര്‍ക്കാരും ഭൂട്ടാന്‍ ഗവണ്‍മെന്റും തമ്മില്‍ നിരന്തരം ബന്ധപ്പെട്ടു വരുന്നുണ്ട്.

d) റോയല്‍ ഭൂട്ടാന്‍ ഗവണ്‍മെന്റിന്റെ സഹകരണത്തോടെ ഡോക്ലായിലുള്ള ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ചൈനീസ് നിര്‍മ്മാണ സംഘത്തെ സമീപിക്കുകയും തത്സ്ഥിതി മാറ്റുന്നതില്‍ നിന്നും പിന്മാറണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഇത്തരം പരിശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

e) സംഭവപരമ്പര ആരംഭിച്ചതിന് ശേഷം, പ്രശ്‌നത്തെ സംബന്ധിച്ച് നയതന്ത്രതലത്തില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള ചര്‍ച്ചകള്‍ ന്യൂഡല്‍ഹിയിലും ബീജിംഗിലുമായി നടന്നുകൊണ്ടിരിക്കുകയാണ്. ജൂണ്‍ 20ന് നാഥുലായില്‍ നടന്ന അതിര്‍ത്തി സേന അംഗങ്ങളുടെ യോഗത്തിലും ഇതൊരു വിഷയമായിരുന്നു.

2. സമീപകാലത്തെ ചൈനീസ് നടപടികളില്‍ ഇന്ത്യയ്ക്ക് അതിയായ ആശങ്കയുണ്ട്. ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തത്സ്ഥിതിയെ നിര്‍ണായകമായ രീതിയില്‍ മാറ്റിമറിക്കുമെന്നും അത് ഇന്ത്യയുടെ സുരക്ഷയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ചൈനീസ് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

3. ഈ സാഹചര്യത്തില്‍, ഇന്ത്യയും ചൈനയും മൂന്നാമത്തെ രാജ്യങ്ങളും തമ്മിലുള്ള മുക്കവല അതിര്‍ത്തി പ്രശ്നങ്ങള്‍, ബന്ധപ്പെട്ട രാജ്യങ്ങളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കാമെന്ന് 2012ല്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒരു ധാരണയില്‍ എത്തിയിരുന്ന കാര്യം ഇന്ത്യ അടിവരയിടുന്നു. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ മേഖലയില്‍ അതിര്‍ത്തി നിര്‍ണയിക്കാനുള്ള ഏകപക്ഷീയമായ തീരുമാനം ഈ ധാരണയുടെ ലംഘനമാണ്.

4. സിക്കിം മേഖലയിലെ അതിര്‍ത്തിയെ സംബന്ധിച്ചിടത്തോളം, 'അലൈന്‍മെന്റിന്റെ അടിസ്ഥാനത്തിലുള്ള' പരസ്പരധാരണ ആവര്‍ത്തിച്ച് ഉറപ്പിച്ചുകൊണ്ട് 2012ല്‍ ഇന്ത്യയും ചൈനയും തമ്മില്‍ ഒരു ധാരണയിലെത്തിയിരുന്നു. അതിര്‍ത്തി അന്തിമമായി തീര്‍പ്പാക്കുന്നതിനുള്ള കൂടുതല്‍ ചര്‍ച്ചകള്‍ 'സ്‌പെഷ്യല്‍ റെപ്രസന്റേറ്റീവ്‌സ് ഫ്രെയിംവര്‍ക്കിന്' കീഴില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

5. ഈ സാഹചര്യത്തില്‍ ബന്ധപ്പെട്ട കക്ഷികളെല്ലാം അങ്ങേയറ്റത്തെ സംയമനം പാലിക്കുകയും ഏകപക്ഷീയമായി തത്സ്ഥിതി മാറ്റുന്നത് ഒഴിവാക്കിക്കൊണ്ടുള്ള തങ്ങളുടെ ഉഭയകക്ഷി ധാരണകള്‍ പാലിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. പ്രത്യേക പ്രതിനിധി പ്രക്രിയയിലൂടെ ഇന്ത്യയും ചൈനയും ഉണ്ടാക്കിയിട്ടുള്ള അഭിപ്രായ സമന്വയം ഇരുഭാഗങ്ങളും സൂക്ഷ്മമായി ബഹുമാനിക്കേണ്ടതും വളരെ പ്രാധാന്യം അര്‍ഹിക്കുന്നു.

6. ചൈനയുമായുള്ള അതിന്റെ സ്വന്തം അതിര്‍ത്തികളും മുക്കവലകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് ഇന്ത്യ എപ്പോഴും മാതൃകാപരമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.

7. ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശങ്ങളില്‍ ശാന്തിയും സമാധാനവും പരിപോഷിപ്പിക്കാനാണ് ഇന്ത്യ ശ്രമിച്ചിട്ടുള്ളത്. അത് വളരെ എളുപ്പത്തില്‍ വരുന്ന ഒന്നല്ല. ശാന്തിയും സമാധാനവും ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുന്നതിനുള്ള സ്ഥാപന ചട്ടക്കൂട് രൂപീകരിക്കുന്നതിനായി ഇരു രാജ്യങ്ങളും കഠിനമായി പരിശ്രമിച്ചിട്ടുണ്ട്. അതിര്‍ത്തി മേഖലകളിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും ചര്‍ച്ചകളിലൂടെ സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിനായി ചൈനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.

ന്യൂഡല്‍ഹി
30 ജൂണ്‍ 2017

Next Story

Related Stories