ട്രെന്‍ഡിങ്ങ്

തെൽതുംദെ: മോദി വീണ്ടും തങ്ങളെ ലക്ഷ്യം വെക്കുന്നതായി മദ്രാസ് ഐഐടിയിലെ അംബേദ്കർ പെരിയാർ സ്റ്റഡി സർക്കിൾ

2017 ജനുവരിയിൽ ഭീമ കൊറെഗാവിൽ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് സാമൂഹ്യപ്രവർത്തകനും ബുദ്ധിജീവിയുമായ ആനന്ദ് തെൽതുംദെക്കെതിരെ പൂനെ പൊലീസ് ഫയൽ ചെയ്ത കേസിൽ തങ്ങളുടെ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ ഗൂഢാലോചന ചെയ്യുന്നുവെന്നാരോപിച്ച് ‘അംബേദ്കർ പെരിയാർ സ്റ്റഡി സർക്കിൾ’. മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ദളിത് വിദ്യാർത്ഥി സംഘടനയാണ് അംബേദ്കർ പെരിയാർ സ്റ്റഡി സർക്കിൾ. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതിവിവേചനം അടക്കമുള്ള പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന സംഘടനയാണിത്. തങ്ങളുടെ നിരവധി മെമ്പർമാരെ കേന്ദ്ര സർക്കാർ ലക്ഷ്യം വെക്കുന്നതായി സംഘടന പറയുന്നു.

ഈ സംഘടനയുടെ സ്ഥാപക മെമ്പർമാരിലൊരാളായ രമേശ് എന്നയാളെ ലക്ഷ്യം വെച്ച് ഇന്റലിജന്‍സ് ഏജന്‍സികൾ നീക്കം നടത്തുന്നതായി അംബേദ്കർ പെരിയാർ സ്റ്റഡി സർക്കിൾ ആരോപണമുന്നയിച്ചു. അണ്ണാ സർവ്വകലാശാലയിൽ കരാറടിസ്ഥാനത്തിൽ അധ്യാപകനായി ജോലി ചെയ്യുകയാണ് നിലവിൽ രമേശ്.

ഭീമ കൊറെഗാവിൽ ദളിതർ ബ്രിട്ടീഷ് കാലത്ത് തങ്ങളുടെ മുൻഗാമികൾ നേടിയ ഒരു യുദ്ധവിജയം ആഘോഷിക്കാനെത്തിയതും അതിനെതിരെ മറാത്ത വിഭാഗക്കാർ സംഘടിച്ച് ആക്രമണം നടത്തിയതും പിന്നീട് സംസ്ഥാനത്താകമാനമുണ്ടായ അക്രമ സംഭവങ്ങളാണ് ഭീമ കൊറെഗാവ് പ്രശ്നമെന്ന് അറിയപ്പെടുന്നത്. ഭീമ കൊറെഗാവിനെ ദളിതർ കാൽപ്പനികവൽക്കരിക്കുന്നതിനെയും തങ്ങളുടെ യുദ്ധവിജയമായി ബ്രിട്ടീഷ് പട്ടാളത്തിന്റെ വിജയത്തെ കാണുന്നതിനെയും എതിർക്കുന്ന ധൈഷണികനാണ് തെൽതുംദെ. എന്നാൽ, പൂനെ പൊലീസ് ഈ അക്രമ സംഭവങ്ങളുടെ പിന്നിൽ പ്രവർത്തിച്ചവരിലൊരാളായാണ് തെൽതുംദെയെ കാണുന്നത്. മാവോയിസ്റ്റുകളുമായി ഇദ്ദേഹത്തിന് ബന്ധമുണ്ടെന്നും ഇവർ ആരോപിക്കുന്നു. അറസ്റ്റ് ചെയ്യരുതെന്ന സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കെയാണ് തെൽതുംദെയെ വിമാനത്താവളത്തിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിനെതിരെ രാജ്യത്തിനെതിരെ ഭീകരവാദ പ്രവർത്തനം ചെയ്തെന്നതടക്കമുള്ള യുഎപിഎ വകുപ്പുകൾ ചാർത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

നേരത്തെ അംബേദ്കർ പെരിയാർ സ്റ്റഡി സർക്കിളിന്റെ അംഗീകാരം മദ്രാസ് ഐഐടി പിൻവലിച്ചിരുന്നു. എന്നാൽ രാജ്യമൊട്ടുക്കും പ്രതിഷേധം ഉയർന്നതോടെ ഈ നീക്കത്തിൽ നിന്നും ഐഐടി പിന്മാറുകയുണ്ടായി. മോദി സർക്കാർ അധികാരത്തിലെത്തിയ നാൾ മുതൽ തങ്ങൾക്കെതിരായ നീക്കങ്ങൾ നടക്കുന്നതായി വിദ്യാർത്ഥി സംഘടന ആരോപിക്കുന്നു. തെൽതുംദെക്കെതിരെ മഹാരാഷ്ട്ര സർക്കാർ ഫയല്‍ ചെയ്ത കേസിൽ അംബേദ്കർ പെരിയാര്‍ സ്റ്റഡി സർക്കിളിനെതിരെയും ആരോപണമുണ്ട്. തെൽതുംദെ ഈ സംഘടനയ്ക്ക് ഫണ്ട് ചെയ്തെന്നാണ് ആരോപണം.

ഈ ആരോപണം ശുദ്ധ നുണയാണെന്ന് സംഘടന ആരോപിക്കുന്നു. തങ്ങള്‍ക്കെതിരായ ആക്രമണം ഇനിയും തുടരാനുള്ള മോദി സർക്കാരിന്റെ ഗൂഢാലോചനയാണിതെന്നും അവർ ആരോപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍