TopTop
Begin typing your search above and press return to search.

അടിക്ക് തിരിച്ചടി: യുപിയില്‍ ചന്ദ്രശേഖറിന്റെ പുതിയ ദളിത്‌ - അംബേദ്‌കറൈറ്റ് രാഷ്ട്രീയം

അടിക്ക് തിരിച്ചടി: യുപിയില്‍ ചന്ദ്രശേഖറിന്റെ പുതിയ ദളിത്‌ - അംബേദ്‌കറൈറ്റ് രാഷ്ട്രീയം
ഉത്തര്‍ പ്രദേശിലെ ദളിത്‌ രാഷ്ട്രീയം ഇപ്പോള്‍ മറ്റൊരു വഴിത്തിരിവിലെത്തി നില്‍ക്കുകയാണ്. പുതിയൊരു ദളിത്‌ നേതാവിന്റെയും ശക്തമായ ഒരു ദളിത്‌ സ്വാഭിമാന സംഘടനയുടെയും ഉദയമാണിതിനു പിന്നില്‍. എന്നാല്‍ ബിഎസ്പിയെ സഹായിക്കുന്നതിനുള്ള കുറുക്കുവഴിയാണ് ഇതെന്ന ആരോപണവും ഉയരുന്നുണ്ട്. ചന്ദ്രശേഖര്‍ എന്ന ചെറുപ്പക്കാരനാണ് ഇപ്പോള്‍ യുപി ദളിത്‌ രാഷ്ട്രീയത്തിലെ പുത്തന്‍ ഉദയം.

ചില ദേശീയ മാധ്യമങ്ങള്‍ ചന്ദ്രശേഖറിന്റെ വീട്, ഇപ്പോഴത്തെ സാഹചര്യങ്ങള്‍ തുടങ്ങിയവ വിവരിക്കുന്നത് ഇങ്ങനെയാണ്: അദ്ദേഹത്തിന്റെ വീട്ടിലെ കുടുസ്സുമുറിയുടെ ചുമരില്‍ നാല് ചിത്രങ്ങളാണ് ഉള്ളത്. ഒന്ന് ഭീംറാവു അംബേദ്ക്കറിന്റെ. പിന്നെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടി സ്ഥാപകന്‍ കാന്‍ഷി റാമിന്റെയും സാമൂഹ്യ പരിഷ്‌കര്‍ത്താവ് ജ്യോതിറാവു ഫൂലെയുടെയും ബുദ്ധന്റെയും. അംബേദ്കറിന്റെ പ്രസിദ്ധമായ ഒരു ഉദ്ധരണിയും ചുമരില്‍ എഴുതി വെച്ചിട്ടുണ്ട്: 'പോകൂ! നിങ്ങളുടെ വീടിന്റെ ചുമരില്‍ ഇങ്ങനെ എഴുതി വെക്കൂ; നമ്മളാണ് ഈ രാജ്യം ഭരിക്കുന്നത്.'

ചിത്രങ്ങളുടെ താഴെ ആശങ്കാകുലരായ ചന്ദ്രശേഖറിന്റെ കുടുംബം ഇരിക്കുന്നു. അദ്ദേഹത്തിന്റെ അമ്മ ഇടയ്ക്കിടയ്ക്ക് തേങ്ങി കരയുന്നുണ്ട്. ചന്ദ്രശേഖറിന്റെ കുപിതരായ രണ്ട് സഹോദരന്മാര്‍ (അതില്‍ ഒരാളുടെ പേര് ഭഗത് സിംഗ് എന്നാണ്) സമീപത്ത് നില്‍ക്കുന്നു. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ സഹാരന്‍പൂര്‍ ജില്ലയിലെ ചുട്ട്മാല്‍പൂര്‍ എന്ന സ്വന്തം ഗ്രാമത്തില്‍ നിന്നും ചന്ദ്രശേഖറിനെ കാണാതായിരിക്കുന്നു. പ്രക്ഷോഭം നടത്തുന്ന ദളിതരും പോലീസും തമ്മില്‍ മേയ് ഒമ്പതിന് നടന്ന സംഘര്‍ഷത്തിന്റെ ഉത്തരവാദിത്വം അദ്ദേഹം സ്ഥാപിച്ച ഭീം സേന എന്ന സംഘടനയിലാണ് ആരോപിക്കപ്പെട്ടത്. അന്ന് മുതല്‍ ചന്ദ്രശേഖര്‍ ഒളിവിലാണ്. നാല് ദിവസം മുമ്പ് മേല്‍ജാതിക്കാര്‍ ദളിതരുടെ വീടുകള്‍ ആക്രമിച്ചതില്‍ പ്രതിഷേധിക്കുകയായിരുന്നു ദളിത് സംഘടനകള്‍.

മേയ് ഒമ്പതിന് നടന്ന അനിഷ്ടസംഭവങ്ങളെ തുടര്‍ന്ന് ഭീംസേന പ്രവര്‍ത്തകരെ പോലീസ് വേട്ടയാടാന്‍ തുടങ്ങി. അതിന്റെ മിക്ക നേതാക്കളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. അല്ലാത്തവര്‍ ചന്ദ്രശേഖറിനെ പോലെ ഒളിവിലാണ്. ഭീംസേനയ്ക്ക് നക്‌സലൈറ്റ് ബന്ധമുണ്ടോ എന്ന് അന്വേഷിക്കുമെന്ന് വെള്ളിയാഴ്ച പ്രഖ്യാപിച്ച ഉത്തര്‍പ്രദേശ് പൊലീസ്, ദളിത് സംഘടന നേതാക്കള്‍ക്കെതിരെ കിരാതമായ ദേശീയ സുരക്ഷ ചട്ടം പ്രയോഗിക്കാന്‍ മടിക്കില്ലെന്ന് അവകാശപ്പെടുകയും ചെയ്തു. ജാതി വിവേചനത്തിനെതിരെ പോരാടുന്നതിന് വേണ്ടി രണ്ട് വര്‍ഷം മുന്‍പ് രൂപീകരിച്ച ഭീം സേനയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയും പ്രദേശത്തെ ദളിതര്‍ക്കിടയില്‍ അതിന്റെ ആക്രമണോത്സുകമായ നിലപാടുകള്‍ക്ക് ലഭിക്കുന്ന പിന്തുണയുമാണ് കഴിഞ്ഞ ദിവസങ്ങളിലെ സംഭവവികാസങ്ങള്‍ വരച്ചുകാണിക്കുന്നത്. ഒപ്പം അംബേദ്കര്‍ രാഷ്ട്രീയത്തിന്റെ പുതിയ ശൈലിയുടെ ആവിര്‍ഭാവത്തിന്റെയും.

മഹാറാണ പ്രതാപും അംബേദ്ക്കറും
അംബേദ്ക്കറുടെ 126-ാം ജന്മവാര്‍ഷികമായ ഏപ്രില്‍ 14നാണ് ഇപ്പോഴത്തെ കലാപങ്ങള്‍ തുടങ്ങിയത്. ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് സഹാറന്‍പൂര്‍ ജില്ലയിലെ ഷാബിര്‍പൂര്‍ ഗ്രാമത്തില്‍ അംബേദ്‌കര്‍ പ്രതിമ സ്ഥാപിക്കാന്‍ ജാദവ് ജാതിയില്‍ പെട്ട ദളിതര്‍ തീരുമാനിച്ചു. എന്നാല്‍ ആദ്യം അധികൃതരില്‍ നിന്ന്‍ അനുവാദം വാങ്ങണം എന്ന് പറഞ്ഞ് മേല്‍ജാതിക്കാരായ ഠാക്കൂര്‍മാര്‍ ദളിതരുടെ നീക്കം തടഞ്ഞു. രജപുത്ര രാജാവായിരുന്ന മഹാറാണ പ്രതാപിന്റെ ജന്മവാര്‍ഷിക ദിനമായ മേയ് അഞ്ച് വരെ വിഷയം നീറി നിന്നു. ഷാബിര്‍പൂര്‍ ഗ്രാമത്തിലെ ഠാക്കൂര്‍മാര്‍ മേയ് അഞ്ചിന് ഘോഷയാത്ര നടത്തി. എന്നാല്‍ ഇത് ഗ്രാമത്തിലെ ദളിതര്‍ തടഞ്ഞു. പ്രതാപിന്റെ ജന്മവാര്‍ഷികം ആഘോഷിക്കാന്‍ ഠാക്കൂര്‍മാര്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ടോ? അംബേദ്കറുടെ പ്രതിമ സ്ഥാപിക്കുന്നതിന് ദളിതര്‍ക്ക് അനുമതി വേണമെങ്കില്‍ ഇതിനും അനുമതി ആവശ്യമാണ്.

ദളിതരുടെ ധിക്കാരമായി ഇതിനെ കണ്ട ഠാക്കൂര്‍മാര്‍ ഷാബിര്‍പൂരിലെ ദളിത് ചേരി ആക്രമിച്ചു. ഠാക്കൂര്‍മാര്‍ തങ്ങളെ മര്‍ദ്ദിക്കുകയും വീടുകള്‍ക്ക് തീവെക്കുകയും സന്ത് രവിദാസിന്റെ ക്ഷേത്രം മലിനപ്പെടുത്തുകയും ചെയ്തതായി ദളിതര്‍ ആരോപിക്കുന്നു. എന്നാല്‍ ദളിതര്‍ ഒരാളെ കൊന്നു എന്നാണ് ഠാക്കൂര്‍ പക്ഷം ആരോപിക്കുന്നത്. എന്നാല്‍ ദളിതരുടെ വീടുകള്‍ തീവെക്കുന്നതിനിടയില്‍ ഇയാള്‍ അബദ്ധത്തില്‍ ശ്വാസം മുട്ടിമരിച്ചതാണെന്നാണ് ദളിതര്‍ വിശദീകരിക്കുന്നത്. സംഭവങ്ങളില്‍ പ്രതിഷേധിച്ച് ദളിതര്‍ മേയ് ഒമ്പതിന് സഹാറന്‍പൂര്‍ നഗരത്തില്‍ ഒരു പ്രതിഷേധ യോഗം സംഘടിപ്പിച്ചു. ഭീംസേനയുടെ പേരിലല്ലായിരുന്നു യോഗം സംഘടിപ്പിച്ചതെങ്കിലും തങ്ങളുടെ സംഘടന സംവിധാനം ഉപയോഗിച്ച് ദളിത് യുവജനങ്ങളെ സംഘടിപ്പിക്കുന്നതില്‍ അവര്‍ക്ക് സുപ്രധാന പങ്കുണ്ടായിരുന്നു.

മേയ് ഒമ്പതിന് നടന്ന പ്രതിഷേധങ്ങള്‍ ദളിതരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ക്ക് കാരണമായി. ആദ്യം അക്രമണം നടത്തിയതിനെ സംബന്ധിച്ച് ഇരുപക്ഷവും പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. നഗരത്തിലുള്ള ഒരു മഹാറാണ പ്രതാപ് സ്മാരകം പ്രതിഷേധക്കാര്‍ ആക്രമിച്ചു. സംഭവത്തിന് ശേഷം പോലീസുകാരെ മര്‍ദ്ദിക്കുന്ന വീഡിയോകള്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങി. ജാതീയമായ അടിച്ചമര്‍ത്തല്‍ ഈ പ്രദേശത്ത് പുതുമയല്ലെങ്കിലും ഷാബിര്‍പൂര്‍ ആക്രമണങ്ങളില്‍ നീതി ആവശ്യപ്പെട്ട് മേയ് ഒമ്പതിന് ദളിതര്‍ നടത്തിയ ആക്രമണോത്സുകമായ പ്രതിഷേധം അധികാരികളെ ഞെട്ടിച്ചിരിക്കുകയാണ്. ഇപ്പോള്‍ കലാപത്തിന്റെ പേരില്‍ പോലീസ് കുറ്റംചാര്‍ത്തുന്ന ഭീംസേനയാണ് ഇത്തരത്തിലുള്ള ആവേശോജ്ജ്വലമായ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.

ഒരു അംബേദ്കര്‍ സേന
ജാതീയമായ അടിച്ചമര്‍ത്തലിനെതിരെ പോരാടാനുള്ള ഒരു ഉപകരണം എന്ന നിലയിലാണ് 2016ല്‍ ചന്ദ്രശേഖര്‍ ഭീംസേനയ്ക്ക് രൂപം നല്‍കിയത്. 'അവരെക്കാള്‍ മുമ്പേ വെള്ളം കുടിച്ചുവെന്ന് ആരോപിച്ച് ഒരു ദളിത് വിദ്യാര്‍ത്ഥിയുടെ കൈ എഎച്ച്പി കോളേജിലെ ഠാക്കൂര്‍ വിദ്യാര്‍ത്ഥികള്‍ അടിച്ചൊടിച്ചു,' എന്ന് ഭീംസേനയുടെ ദേശീയ അദ്ധ്യക്ഷന്‍ വിനയ് രത്തന്‍ സിംഗ് പറയുന്നു. 'ഠാക്കൂര്‍മാര്‍ ദളിതരെ അപമാനിക്കുകയും ക്ലാസ് മുറികളിലെ ബഞ്ചുകള്‍ വൃത്തിയാക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു.' ഈ പ്രശ്‌നത്തില്‍ ഭീംസേന ഇടപെടുകയും ഇരയാക്കപ്പെട്ട ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് പേശീബലം നല്‍കുകയും ചെയ്തു. 'അതിനുശേഷം അവര്‍ ഞങ്ങളുടെ കുട്ടികളെ തല്ലുന്നത് നിറുത്തി,' എന്ന് വിനയ് രത്തന്‍ ചുരുക്കിപ്പറയുന്നു.

ഏതാനും മാസങ്ങള്‍ക്ക് ശേഷം 'മഹത്തായ ചമാര്‍' എന്ന ഒരു തെരുവ് ബോര്‍ഡിനെതിരെ ഠാക്കൂര്‍മാര്‍ രംഗത്തിറങ്ങിയതിനെ തുടര്‍ന്ന് ഭീംസേന വീണ്ടും ഇടപെട്ടു. ബോര്‍ഡ് ഒരു സ്വകാര്യഭൂമിയില്‍ സ്ഥാപിച്ചതായിട്ട് പോലും അതിലുള്ള വിജയത്തിന്റെ ഭാഷയിലുള്ള സന്ദേശം മേല്‍ജാതിക്കാര്‍ക്ക് ഇഷ്ടപ്പെടാത്ത വിധത്തില്‍ ആഴത്തിലുള്ളതാണ് ഇവിടുത്തെ ജാതി വികാരം. ഭീംസേന ഇടപെട്ടതോടെ ഠാക്കൂര്‍മാര്‍ക്ക് തങ്ങളുടെ വഴിക്ക് നീങ്ങാന്‍ സാധിക്കാതെ വന്നു. മറ്റൊരു സംഭവത്തില്‍, ഒരു ദളിത് വരനെ ഠാക്കൂര്‍മാര്‍ ബലംപ്രയോഗിച്ച് കുതിരപ്പുറത്തുനിന്നും ഇറക്കി. ഗ്രാമത്തിലെ ദളിതര്‍ ഭീംസേനയ്ക്ക് ഫോണ്‍ ചെയ്യുകയും അവര്‍ വരന്‍ കുതിരപ്പുറത്തു തന്നെ സഞ്ചരിക്കുന്നു എന്ന് ഉറപ്പാക്കുകയും ചെയ്തു. ഒപ്പം അഭിമാനം വീണ്ടെടുക്കുകയും. 'ബാബസാഹിബിന്റെ (അംബേദ്ക്കറുടെ) വിശ്വാസപ്രമാണങ്ങള്‍ക്ക് അനുസരിച്ചാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്,' എന്ന് വിനയ് രത്തന്‍ സിംഗ് വിശദീകരിക്കുന്നു. 'ജാതീയ അതിക്രമങ്ങള്‍ തടയുന്നതിന് പുറമെ, ഭീംസേന പാഠശാലകളും സ്‌കൂളുകളും ആരംഭിച്ചു. അവിടെ സര്‍ക്കാര്‍ സ്‌കൂളുകളിലെ മോശം വിദ്യാഭ്യാസ നിലവാരത്തില്‍ നിന്നും പുറത്തുവരാന്‍ മുതിര്‍ന്ന ദളിത് കുട്ടികള്‍ ചെറിയ കുട്ടികളെ സഹായിക്കുന്നു എന്ന് അദ്ദേഹം സ്ക്രോളിനോട്‌ പറഞ്ഞു.

'ചന്ദ്രശേഖറിന് ആരെയും ഭയമുണ്ടായിരുന്നില്ല,' എന്ന് വിനയ് രത്തന്‍ പറയുന്നു. 'സഹാറന്‍പൂരില്‍ നിലനില്‍ക്കുന്ന ജാതീയ വിവേചനത്തിനെതിരെ പോരാടിയതിന്റെ പേരിലാണ് ഞങ്ങള്‍ അറിയപ്പെടുന്നത്.' നീലക്കുപ്പായവും കട്ടിമീശയും വച്ചാണ് ഭീംസേനയുടെ പോസ്റ്ററുകളില്‍ ചന്ദ്രശേഖര്‍ പ്രത്യക്ഷപ്പെടുന്നത്. ഒപ്പം 'രാവണന്‍' എന്ന വിളിപ്പേര് സ്വീകരിക്കുകയും ചെയ്യുന്നു. ഇതിഹാസ കാവ്യത്തിലെ നായകനായ രാമന്‍ സുപ്രധാന മത-രാഷ്ട്രീയ ബിംബമായി നില്‍ക്കുന്ന സംസ്ഥാനത്തിലാണ് പ്രതിപുരുഷനായ രാവണന്റെ പേര് ചന്ദ്രശേഖര്‍ സ്വീകരിച്ചത് എന്നത് തന്നെ വലിയ പ്രതീകാത്മകത നല്‍കുന്നു. 'രാവണന്‍ സ്ത്രീകളെ ബഹുമാനിച്ചിരുന്നു. സീതയെ ഒന്ന് തൊടുകപോലും ചെയ്യാതിരുന്ന അദ്ദേഹം സ്വന്തം സഹോദരി ശൂര്‍പ്പണക അപമാനിക്കപ്പെട്ടതിനെതിരെ യുദ്ധം ചെയ്യുകയും ചെയ്തു,' എന്ന് വിനയ് രത്തന്‍ വിശദീകരിക്കുന്നു. 'അതുകൊണ്ടാണ് ചന്ദ്രശേഖര്‍ ആ പേര് ഉപയോഗിച്ചത്. രാവണനെ പോലെയാകാനും സ്ത്രീകളെ ബഹുമാനിക്കാനും അദ്ദേഹം ആഗ്രഹിച്ചിരുന്നു.'

ദളിത്-മുസ്ലീം ഐക്യത്തിന് വേണ്ടിയുള്ള പോരാട്ടം
ഇതുവരെയുണ്ടായ കഥയ്ക്ക് ഒരു സാമുദായിക കാഴ്ചപ്പാട് വിനയ് രത്തന്‍ നല്‍കുന്നു. ഏപ്രില്‍ 14ന് കഴിഞ്ഞ അംബേദ്ക്കര്‍ ജയന്തി ആഘോഷിക്കുന്നതിനായി ഏപ്രില്‍ 20ന് ഒരു ഘോഷയാത്ര സഹാറന്‍പൂര്‍ ജില്ലയിലെ ദുദാലി ഗ്രാമത്തില്‍ ബിജെപി സംഘടിപ്പിക്കുന്നു. പോലീസില്‍ നിന്നും മുന്‍കൂട്ടി അനുമതി ലഭിക്കാതിരുന്ന ഈ ഘോഷയാത്ര, ഒരു മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് വച്ച് സംഘര്‍ഷത്തില്‍ കലാശിക്കുന്നു. പ്രകടനം നയിച്ച ബിജെപി എംപി ലഘന്‍പാല്‍ ശര്‍മ്മ ഇതില്‍ രോഷാകുലനാവുകയും പോലീസ് സീനിയര്‍ സൂപ്രണ്ടിന്റെ വീട് ആക്രമിക്കുകയും ചെയ്യുന്നു. ബാബ സാഹിബിന്റെ ജന്മദിനം കഴിഞ്ഞ ആറ് ദിവസത്തിന് ശേഷം എന്തിനാണ് അവര്‍ അംബേദ്ക്കര്‍ ജയന്തി ആഘോഷിക്കുന്നതെന്ന് വിനയ് റാം ചോദിക്കുന്നു. 'എന്നിട്ട് ഒരു മുസ്ലീം ഭൂരിപക്ഷ പ്രദേശത്തുകൂടി, 'ഈ രാജ്യത്ത് ജീവിച്ചിരിക്കണമെങ്കില്‍ യോഗി ആദിത്യനാഥിന്റെ പേര് നിങ്ങള്‍ ഉച്ചരിക്കണം' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എന്തിനാണ് മുഴക്കുന്നത്?'

ഏപ്രില്‍ 20ന് നടന്ന ചടങ്ങിലേക്ക് ബിജെപി തങ്ങളെ ക്ഷണിച്ചിരുന്നതായും എന്നാല്‍ തങ്ങള്‍ പങ്കെടുത്തില്ലെന്നും ഭീംസേന പറയുന്നു. 'ഇത് ജനങ്ങളെ വിഭജിക്കാനാണെന്നും വരാനിരിക്കുന്ന സഹറാന്‍പൂര്‍ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പുകളില്‍ മുസ്ലീങ്ങളെയും ദളിതരെയും തമ്മില്‍ തെറ്റിക്കാനുമാണെന്ന് ഞങ്ങള്‍ക്ക് അറിയാം,' എന്ന് ഭീംസേനയുടെ സഹറാന്‍പൂര്‍ പട്ടണത്തിന്റെ തലവന്‍ പ്രവീണ്‍ ഗൗതം പറയുന്നു. 'ഇത് ബിജെപിയെ ചൊടിപ്പിക്കുകയും അതിനാല്‍ തന്നെ അവര്‍ ഞങ്ങളെ അറസ്റ്റ് ചെയ്തും ഭീകരര്‍ എന്ന് വിശേഷിപ്പിച്ചും പ്രതികാരം ചെയ്യുകയാണ്.'

ഭീംസേനയ്ക്ക് നക്‌സല്‍ ഗ്രൂപ്പുകളുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കുമെന്ന് സഹറാന്‍പൂര്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് സുഭാഷ് ദുബെ പറയുന്നു. ഭീംസേനയ്‌ക്കെതിരെ കിരാതമായ ദേശീയ സുരക്ഷ നിയമം പ്രയോഗിക്കുമെന്ന് ഉത്തര്‍പ്രദേശ് പോലീസും ഭീഷണിപ്പെടുത്തുന്നു. 'ജാതി വിവേചനത്തിനെതിരെ അംബേദ്ക്കര്‍ നയിച്ച പാതയിലൂടെ ഞങ്ങളുടെ ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ ഞങ്ങളെ ഭീകരവാദികളായി മുദ്രകുത്തുകയാണോ?' എന്ന് കമാല്‍ സിംഗ് വാലിയ സ്‌ക്രോളിനോട് ഫോണില്‍ ചോദിച്ചു. ഭീംസേനയുടെ സഹറാന്‍പൂര്‍ ജില്ല തലവനായ വാലിയ ഇപ്പോള്‍ ഒളിവിലാണ്.പുതിയ മുന്നേറ്റം
നക്‌സലൈറ്റ് ബന്ധങ്ങള്‍ പോലെയുള്ള ഗൗരവതരമായ ആരോപണങ്ങളില്‍ പോലീസിന് പ്രത്യേകിച്ച് തെളിവുകളൊന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. എന്നാല്‍ നിര്‍ണായകവും ആക്രമണോത്സുകവുമായ ഒരു പുതിയ ദളിത് രാഷ്ട്രീയമാണ് ഭീംസേന മുന്നോട്ട് വെക്കുന്നത്. പടിഞ്ഞാറാന്‍ ഉത്തര്‍പ്രദേശില്‍ ദളിത് മുന്നേറ്റങ്ങളുടെ നീണ്ട ചരിത്രമാണുള്ളത്. 1980കളില്‍ ഉത്തരേന്ത്യ മണ്ഡല്‍വല്‍ക്കരിക്കപ്പെട്ടപ്പോള്‍ ഇവിടെയാണ് ബഹുജന്‍ സമാജ് പാര്‍ട്ടി ജന്മം കൊണ്ടത്. സഹാറന്‍പൂരില്‍ നിന്നും രണ്ട് മണിക്കൂര്‍ യാത്ര ചെയ്താല്‍ എത്തുന്ന ഖൈരാനയിലാണ് 1984ല്‍ മായാവതി തന്റെ ആദ്യ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്.

ദളിത് ജനകീയക്കൂട്ടായ്മയുടെയും ബിഎസ്പി സമീപകാലത്ത് നേരിടുന്ന തിരിച്ചടികളുടെയും സംയുക്തഫലമാണ് ഭീംസേന എന്ന് വിലയിരുത്താം. 'ബിഎസ്പി പോലും ദളിതരുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ തയ്യാറാവാത്തതിനാല്‍ അവര്‍ വലിയ നിരാശയിലാണ്,' എന്ന് മീററ്റ് സര്‍വകലാശാലയിലെ പ്രൊഫസറും ദളിത് ബുദ്ധിജീവിയുമായ സതീഷ് പ്രകാശ് ചൂണ്ടിക്കാണിക്കുന്നു. 'മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും പ്രതികരണം ഒന്നും ലഭിക്കാത്തതിനാല്‍, ജാതീയ ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ സഹാറന്‍പൂരിലെ ദളിതര്‍ ഭീംസേനയെ പോലുള്ള സംഘടനകളില്‍ ചേരുന്നു.'

ഷാബിര്‍പൂര്‍ ആക്രമണത്തിന് ശേഷവും ശക്തമായി പ്രതികരിക്കാന്‍ തയ്യാറാവാതിരുന്ന മായാവതിക്കെതിരെ ജനവികാരം ശക്തമാവുകയാണ്. 'മായാവതിയില്‍ നിന്നും ശക്തമായ പ്രസ്താവന പുറത്തുവരാത്തതില്‍ ദളിത് സമൂഹത്തിന് രോഷമുണ്ട്,' എന്ന് സഹാറന്‍പൂര്‍ പട്ടണത്തിലെ ഭീംസേന തലവന്‍ പ്രവീണ്‍ ഗൗതം പറയുന്നു. 'ദളിത് ക്ഷേമത്തെക്കാള്‍ അവര്‍ക്ക് സ്വന്തം വോട്ട് ബാങ്കിലാണ് താല്‍പര്യം.' ഭീംസേനയുടെ ആക്രമണോത്സുക സമീപനം സഹറാന്‍പൂരില്‍ നിന്നും പുറത്തേക്ക് വ്യാപിക്കുകയാണ്. മേയ് 11ന് മീററ്റിലെ ഒരു ദളിത് കോളനി സന്ദര്‍ശിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അംബേദ്ക്കര്‍ പ്രതിമയില്‍ മാലയിടാന്‍ തയ്യാറാവാതിരുന്ന നടപടി അപമാനകരമാണെന്ന് അവിടുത്തെ ദളിതര്‍ കരുതുന്നു. ഇതില്‍ പ്രതിഷേധിച്ച് ആദിത്യനാഥിനെതിരെ രോഷം പ്രകടിപ്പിച്ച ദളിതര്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും പോലീസ് ഇടപെട്ട് അവിടെ നിന്നും മുഖ്യമന്ത്രിയെ സുരക്ഷിതമായി മാറ്റേണ്ട അവസ്ഥ സംജാതമാകുകയും ചെയ്തു.

ദളിതര്‍ സഹാറന്‍പൂരിലും മീററ്റിലും തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി നടത്തിയ ആക്രമണോത്സുക പ്രതികരണങ്ങളെ മീററ്റ് സര്‍വകലാശാലയില്‍ നിന്നും ഗവേഷണം പൂര്‍ത്തിയാക്കിയ സൂശീല്‍ ഗൗതം പിന്തുണയ്ക്കുന്നു. 'ഭീംസേന ശരിയായ പോരാട്ടമാണ് നടത്തുന്നത്,' എന്ന് ഗൗതം വാദിക്കുന്നു. 'ദളിതര്‍ക്ക് രാഷ്ട്രീയ പ്രബുദ്ധതയുണ്ട്. പക്ഷെ, അത് മാത്രം പോര, അവര്‍ വടിയും കൂടി എടുക്കേണ്ടിയിരിക്കുന്നു.'

എന്നാല്‍, ഇപ്പോള്‍ സഹാറന്‍പൂരിലെ പ്രശ്നങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ കളികള്‍ ഉണ്ടെന്ന ആരോപണമാണ് മറ്റ് പാര്‍ട്ടികള്‍ ഉയര്‍ത്തുന്നത്. എന്നും ബിഎസ്പിയുടെ ശക്തികേന്ദ്രമായിരുന്ന ഇവിടെ 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയാണ് വിജയം കണ്ടത്. ഇക്കഴിഞ്ഞ യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ സഹാറന്‍പൂര്‍ ജില്ലയിലെ അഞ്ചില്‍ മൂന്നു സീറ്റുകളും ബിജെപി പിടിച്ചെടുത്തു. ഇതോടെ ബിജെപി ഒരു ഭാഗത്തും മറ്റ് പാര്‍ട്ടികള്‍ മറുഭാഗത്തുമായുള്ള പോരാട്ടമാണ് ഇവിടെ നടക്കുന്നതെന്ന് ബിജെപിയും പോലീസും വിശദീകരിക്കുന്നു എന്നാണ് ന്യൂസ് ലോണ്ട്രി റിപ്പോര്‍ട്ട് പറയുന്നത്. അതേ സമയം ചന്ദ്രശേഖര്‍ ബിഎസ്പിയെ സഹായിക്കുകയാണ് എന്ന വാദം ഭീംസേന പ്രവര്‍ത്തകര്‍ തള്ളിക്കളയുകയും ചെയ്യുന്നു.

ആരാണ് ചന്ദ്രശേഖര്‍
ഇന്തന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് അനുസരിച്ച് ആറു വര്‍ഷം മുമ്പ് ഉന്നതവിദ്യാഭ്യാസത്തിനായി അമേരിക്കയില്‍ പോവേണ്ട ആളായിരുന്നു ചന്ദ്രശേഖര്‍. എന്നാല്‍ അസുഖബാധിതനായ പിതാവിനെ നോക്കേണ്ടതുള്ളത് കൊണ്ട് ഈ പദ്ധതി താത്ക്കാലികമായി നീട്ടിയ അദ്ദേഹം നാലു വര്‍ഷങ്ങള്‍ക്ക് ശേഷം സ്ഥാപിച്ചതാണ് ഭീം ആര്‍മി എന്ന ഭീം സേന.

ഏറെക്കാലമായി കേട്ടുകൊണ്ടിരിക്കുന്ന ദളിത്‌ പീഡനങ്ങളും സ്കൂള്‍ ഹെഡ്മാസ്റ്ററായിരുന്ന പിതാവ് ഗോവര്‍ധന്‍ ദാസ് പൊതുവേദികളില്‍ പോലും ജാതിയുടെ പേരില്‍ അപമാനിതനായതുമാണ് പുതിയ വഴിയിലേക്ക് തിരിയാന്‍ ചന്ദ്രശേഖറിനെ പ്രേരിപ്പിച്ചതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് പറയുന്നു. അഭിഭാഷകനായ ഈ 30-കാരന്‍ പഠിക്കുന്ന സമയത്ത് എബിവിപി പ്രവര്‍ത്തകന്‍ ആയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. വിദ്യാഭ്യാസം ലഭിക്കുക എന്നതാണ് ദളിത്‌ സമുദായത്തിന്റെ ഉന്നമനത്തിനുള്ള ഏക വഴി എന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഇന്ന് ഉന്നതജാതിക്കാര്‍ ചെയ്യുന്ന ജോലികളില്‍ ദളിതര്‍ എത്തണം, എങ്കില്‍ മാത്രമേ മാറ്റം കൊണ്ടുവരാന്‍ കഴിയൂ എന്നും ചന്ദ്രശേഖര്‍ പറയുന്നു. ഈയിടെ എസ്.പിയില്‍ നിന്ന് ബി.ജെ.പിയിലെത്തിയ സ്ഥലത്തെ ഠാക്കൂര്‍ നേതാവ് വീരേന്ദ്ര റാണ ഭീം സേനയെ വിശേപ്പിക്കുന്നത് ദളിത്‌ പ്രവര്‍ത്തകരുടെ മുഖംമൂടിയിട്ട ഗുണ്ടകളാണ് അവര്‍ എന്നാണ്.

ഉത്തര്‍പ്രദേശ് അടക്കം ഏഴു സംസ്ഥാനങ്ങളിലായി 40,000 പേര്‍ സംഘടനയില്‍ ഉണ്ടെന്നാണ് ഭീം സേന അവകാശപ്പെടുന്നത്.

Next Story

Related Stories