ന്യൂസ് അപ്ഡേറ്റ്സ്

‘ഓം റോം ജൂം സ്വാഹ’: വേദമന്ത്രം ഉരുവിട്ട് വിളവ് വർധിപ്പിക്കാൻ ഗോവ സർക്കാരിന്റെ ക്ഷേമപദ്ധതി

‘ശിവ് യോഗ കോസ്മിക് ഫാമിങ്’ എന്നാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഈ ‘കര്‍ഷകക്ഷേമ പദ്ധതി’ക്ക് പേര്.

കർഷകർക്ക് മികച്ച വിളവ് ലഭിക്കാൻ വേദമന്ത്രങ്ങളുരുവിട്ടാൽ മതിയെന്ന ആൾദൈവത്തിന്റെ വാദം ഗൗരവത്തിലെടുത്ത് പുതിയൊരു പദ്ധതിക്ക് രൂപം നൽകിയിരിക്കുകയാണ് ഗോവയിലെ ബിജെപി സര്‍ക്കാർ. നിലത്തിലിറങ്ങും മുമ്പ് 20 മിനിറ്റ് നേരം ധ്യാനിച്ച് ‘പ്രാപഞ്ചികോർ‌ജ്ജ’ത്തെ (Cosmic energy) ക്ഷണിക്കാനാണ് ഗോവ സർക്കാർ കർഷകരോട് ആവശ്യപ്പെടുന്നത്. ഇതൊരു വൻ പദ്ധതിയായി മുമ്പോട്ടു നീക്കാനാണ് പരിപാടി.

സംസ്ഥാന കൃഷിമന്ത്രി വിജയ് സർദേശായ് ഈ പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം നിർവ്വഹിച്ചു. ഫറ്റോർദയിലെ ഒരു കൃഷിനിലത്തിലാണ് മന്ത്രിയും പരിവാരങ്ങളും മന്ത്രങ്ങളുരുവിടാൻ ഇറങ്ങിയത്.

‘ഓം റോം ജൂം സ്വാഹ’ എന്ന മന്ത്രമാണ് ഉരുവിടേണ്ടത്. 20 മിനിറ്റ് നേരം മന്ത്രം ഉരുവിടണം. ഇതോടെ കൃഷിയിടത്തിലേക്ക് പ്രാപഞ്ചികോർജം കയറിവരും. കൃഷിയിടം ഇതോടു കൂടി ഫലഭൂയിഷ്ടമാകുകയും വൻ വിളവ് ഉണ്ടാകുകയും ചെയ്യും. ശിവയോഗ സിദ്ധാന്തപ്രകാരമാണ് ഇ വിളവുവർധിപ്പിക്കൽ പദ്ധതി രൂപപ്പെടുത്തിയിട്ടുള്ളത്. അതെസമയം ‘ഓം റോം ജൂം സ്വാഹ’ എന്നത് ഏത് വേദത്തിലെ മന്ത്രമാണെന്നത് വ്യക്തമല്ല.

‘ശിവ് യോഗ കോസ്മിക് ഫാമിങ്’ എന്നാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഈ ‘കര്‍ഷകക്ഷേമ പദ്ധതി’ക്ക് പേര്. കെമിക്കൽ എൻജിനീയറായിരുന്ന ഡോ. അവധൂത് ശിവാനന്ദ് എന്നയാളാണ് പദ്ധതിക്കു വേണ്ടി സർക്കാരിൽ ഇടപെടൽ നടത്തിയത്. ഇയാളിപ്പോൾ ഒരു ആൾദൈവമാണ്. അവധൂതിന്റെ ഉടമസ്ഥതയിലുള്ള ശിവ് യോഗ് ഫൗണ്ടേഷൻ എന്ന സംഘടനയിൽ അംഗമാണ് മന്ത്രി സർദേശായിയുടെ ഭാര്യ ഉഷ. ഇവരാണ് അവധൂതിന്റെ ദൈവികശക്തി ഭർത്താവിനെയും സംസ്ഥാന സർക്കാരിനെയും ബോധ്യപ്പെടുത്തിയതെന്നറിയുന്നു.

കർഷകരുടെ ഉന്നമനത്തിനായി താൻ ഇത്തരം പദ്ധതികൾ ഇനിയും ആവിഷ്കരിക്കുമെന്ന് മന്ത്രി സർദേശായി ചടങ്ങിൽ വെച്ച് പ്രഖ്യാപിച്ചു. തന്റെ ഭാര്യ ഉഷ ഒരു ‘ശിവയോഗി’ ആണെന്നും ഈ സിദ്ധാന്തം ഏറെക്കാലമായി അവർ പ്രചരിപ്പിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു. വിള വർധിക്കുമെന്ന് ഉറപ്പാണെന്നും അതിനെ തെളിയിക്കുന്ന പഠനങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍