Top

ചൈന പേടിപ്പിക്കുന്നത് ലളിതമായി കാണരുത്

ചൈന പേടിപ്പിക്കുന്നത് ലളിതമായി കാണരുത്
നരേന്ദ്ര മോദി സര്‍ക്കാരിന്റെ വിശാലമായ വിദേശനയത്തിന്റെ പ്രഥമ ശ്രദ്ധ പാകിസ്ഥാനാണെന്ന് നയതന്ത്ര വൃത്തങ്ങളില്‍ ഒരു പൊതുധാരണ സമീപകാലം വരെയുണ്ടായിരുന്നു. എന്നാല്‍ മുമ്പൊരിക്കലും ഉണ്ടാകാത്ത വിധത്തില്‍ ചൈന ന്യൂഡല്‍ഹിയെ ഭീഷണിപ്പെടുത്തുമ്പോള്‍, ആയുധങ്ങള്‍ വാങ്ങല്‍, ചില വ്യാപാര ഉടമ്പടികള്‍, അംഗീകാരത്തിന്റെ ഏതാനും വാചാടോപങ്ങള്‍ എന്നിങ്ങനെ ഫോട്ടോകളില്‍ അഭിനയിക്കാന്‍ തക്കവണ്ണമുള്ള മോദിയുടെ നയതന്ത്രത്തിലെ ഇടപെടലുകള്‍ വലിയ പരീക്ഷണം നേരിടുകയാണ്. ചൈനീസ് ഉദ്യോഗസ്ഥരില്‍ നിന്നും സമീപകാലത്തൊന്നും ഉണ്ടാവാതിരുന്ന ഭാഷയിലാണ് ചൊവ്വാഴ്ച ഇന്ത്യയിലെ ചൈനീസ് അംബാസിഡര്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സിക്കിമിലെ സ്ഥിതിഗതികള്‍ 'ഗുരുതര'മാണെന്നും യുദ്ധത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഭൂട്ടാന്‍-സിക്കിം-ടിബറ്റ് സംഗമസ്ഥാനത്തുള്ള ഡോകാലാം പ്രദേശത്ത് ഇന്ത്യയുടെയും ചൈനയുടെയും സേനകള്‍ സംഘര്‍ഷഭരിതമായ നിലയില്‍ പരസ്പരം നിലയുറപ്പിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഒരു മുന്നറിയിപ്പ് വന്നിരിക്കുന്നത്. ജൂലൈ ഏഴ്, എട്ട് തീയതികളില്‍ ഹാംബര്‍ഗില്‍ നടക്കുന്ന വികസിത, വികസ്വര രാജ്യങ്ങളുടെ ജി-20 ഉച്ചകോടിക്കിടയില്‍ മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും കണ്ടുമുട്ടന്ന സാഹചര്യം ഉണ്ടാകും എന്നതും തുല്യപ്രാധാന്യം അര്‍ഹിക്കുന്ന കാര്യമാണ്.

ചൈനയുടെ മുന്നറിയിപ്പ്
സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യയുമായുള്ള സൈനിക സംഘര്‍ഷത്തില്‍ ഒരു ഒത്തുതീര്‍പ്പിനുള്ള സാധ്യത തള്ളിക്കളഞ്ഞ ചൈനീസ് അംബാസിഡര്‍, 'ഗുരുതര'മായ സാഹചര്യം പരിഹരിക്കുന്നതിനുള്ള ഉത്തരവാദിത്വം ന്യൂഡല്‍ഹിക്ക് കൈമാറുകയും ചെയ്തു. 'പന്ത് ഇന്ത്യയുടെ കളത്തിലാണ്' എന്നും അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ പരിഹരിക്കുന്നതിന് എന്ത് ചെയ്യാന്‍ സാധിക്കും എന്ന് ഇന്ത്യന്‍ ഗവണ്‍മെന്റാണ് തീരുമാനിക്കേണ്ടതെന്നും അസാധാരണമാം വിധത്തില്‍ മുര്‍ച്ചയുള്ള പരാമര്‍ശത്തിലൂടെ ഇന്ത്യയിലെ ചൈനീസ് അംബാസിഡര്‍ ലുവോ ഷാവോഹൂയ് സൂചിപ്പിച്ചു.

'ആ സാധ്യത, ഈ സാധ്യത എന്നൊക്കെ സംസാരങ്ങള്‍ നടക്കും. അത് (സൈനിക പരിഹാരം തേടുന്നത്) നിങ്ങളുടെ ഗവണ്‍മെന്റിന്റെ നയങ്ങള്‍ക്ക് അനുസരിച്ചിരിക്കും', എന്ന് വിഷയം മര്യാദയ്ക്ക് കൈകാര്യം ചെയ്തില്ലെങ്കില്‍ അത് യുദ്ധത്തിലേക്ക് നയിക്കും എന്ന് ചൈനയുടെ ഔദ്യോഗിക മാധ്യമവും അവരുടെ നയരൂപകര്‍ത്താക്കളും പറയുന്നതിനെ കുറിച്ച് സൂചിപ്പിച്ചപ്പോള്‍ അദ്ദേഹം വ്യക്തമാക്കി. 'ഇപ്പോഴത്തെ അവസ്ഥയില്‍ സമാധാനപരമായ ഒരു പരിഹാരം വേണമെന്ന കാര്യത്തില്‍ ചൈനീസ് ഗവണ്‍മെന്റിന് വ്യക്തതയുണ്ട്. പക്ഷെ അതിന് പ്രദേശത്ത് നിന്നും ഇന്ത്യന്‍ സേന പിന്മാറണമെന്നത് ഒരു മുന്‍ ഉപാധിയാണ്,' എന്ന് ലുവോ വ്യക്തമാക്കി. 'അതിര്‍ത്തിയുടെ ഇന്ത്യന്‍ ഭാഗത്തേക്ക് ഇന്ത്യന്‍ സൈന്യം ഉപാധികളില്ലാതെ പിന്മാറുന്നതിനാണ് പ്രഥമ പരിഗണന. ഇന്ത്യയും ചൈനയും തമ്മിലുള്ള അര്‍ത്ഥവത്തായ സംഭാഷണങ്ങള്‍ക്കുള്ള മുന്‍ ഉപാധിയാണിത്' എന്നും അദ്ദേഹം പറഞ്ഞു.ജൂണ്‍ 16ന് ഡോകാലാം മേഖലയില്‍ റോഡ് നിര്‍മ്മിക്കാനുള്ള ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പിഎല്‍എ) ശ്രമം ഭൂട്ടാന്‍ സേന തടയാന്‍ ശ്രമിക്കുകയും പിന്നീട് അവര്‍ ഇന്ത്യന്‍ സേനയുടെ സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തതോടെയാണ് സംഘര്‍ഷാത്മകമായ സാഹചര്യം ഉടലെടുത്തത്. ഭൂട്ടാന്‍ അതിര്‍ത്തികളെ സംരക്ഷിക്കാമെന്ന് ഇന്ത്യ കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളതാണ്. ഡോകലാം എന്ന് ഭൂട്ടാന്‍ വിളിക്കുന്ന പ്രദേശത്തെ ഇന്ത്യ വിളിക്കുന്നത് ഡോകാലാ എന്നാണ്. ഇത് തങ്ങളുടെ ഡോങ്‌ലാങ് മേഖലയുടെ ഭാഗമാണെന്ന് ചൈന അവകാശപ്പെടുന്നു. പ്രദേശത്തിന്റെ അവകാശത്തിന് മേലുള്ള ഒത്തുതീര്‍പ്പിനായി ചൈനയും ഭൂട്ടാനും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍, ചൈനയുമായി ഭൂട്ടാന് ഒരു നയതന്ത്രബന്ധവുമില്ല എന്ന് മാത്രമല്ല, സൈനികമായും നയതന്ത്രപരമായും ഇന്ത്യയാണ് ഭൂട്ടാനെ പിന്തുണയ്ക്കുന്നതും.

'പ്രശ്‌നം ഗുരുതരമാണ്. ഇതെന്നെ വല്ലാതെ ആശങ്കപ്പെടുത്തുന്നു. പരസ്പരം അംഗീകരിച്ചിട്ടുള്ള അതിര്‍ത്തി ഇന്ത്യന്‍ സേന ലംഘിക്കുകയും ചൈനീസ് മേഖലയിലേക്ക് അതിക്രമിച്ച് കയറുകയും ചെയ്യുന്നത് ഇതാദ്യമാണ്. ഇന്ത്യയുടേയും ചൈനയുടെയും സേനകള്‍ മുഖാമുഖം വരുന്നതിന് ഇത് കാരണമായിട്ടുണ്ട്. ഇപ്പോള്‍ പത്തൊമ്പത് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചിട്ടില്ല,' എന്നും ലുവോ പറഞ്ഞു. എന്നാല്‍, സിക്കിം ഇന്ത്യയുടെ ഭാഗമായി അംഗീകരിക്കപ്പെട്ടതിന് ശേഷം, ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ലെന്നാണ് ഇന്ത്യയുടെ വാദം. അതിര്‍ത്തിയിലുള്ള സംഘര്‍ഷങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള മുര്‍ച്ചയേറിയ വാഗ്വാദങ്ങള്‍ക്കും കാരണമായിട്ടുണ്ട്. ചൈനയും ഭൂട്ടാനും തമ്മിലുള്ള അതിര്‍ത്തി സംഭാഷണങ്ങളില്‍ ഇടപെടാന്‍ ഇന്ത്യയ്ക്ക് ഒരവകാശവും ഇല്ലെന്നും ഭൂട്ടാന്റെ പേരില്‍ അതിര്‍ത്തി അവകാശവാദങ്ങള്‍ ഉന്നയിക്കാന്‍ ഇന്ത്യയെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ലുവോ തന്റെ പ്രസ്താവനയില്‍ പറഞ്ഞു.

'ചൈനയുടെ ഇപ്പോഴത്തെ നടപടികളില്‍ അതീവ ആശങ്കയുണ്ടെന്നും തത്സ്ഥിതിയെ മാറ്റിമറിക്കുന്ന തരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയ്ക്ക് ഗുരുതരമായ സുരക്ഷ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്ന് ചൈനീസ് ഗവണ്‍മെന്റിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്,' എന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷ ആശങ്കയുടെ പേരില്‍ മറ്റൊരു രാജ്യത്തിന്റെ അതിര്‍ത്തിക്കപ്പുറത്തേയ്ക്ക് ഇന്ത്യ കടന്നുകയറുകയും ചെയ്യുന്നു. അവിടെ എന്ത് തരം നിര്‍മ്മാണപ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നത് പ്രസക്തമല്ല. ഇത് ഒരു പരമാധികാര രാജ്യത്തിനും അംഗീകരിക്കാന്‍ സാധിക്കുന്നതല്ല' എന്നും ലുവോ പറയുന്നു. 'സുരക്ഷാ ആശങ്കകളുടെ പേരില്‍ മറ്റ് രാജ്യങ്ങളുടെ പ്രദേശങ്ങളില്‍ അതിക്രമിച്ച് കയറാന്‍ ഇന്ത്യയ്ക്ക് അവകാശമില്ല. അങ്ങനെ സംഭവിച്ചാല്‍ ലോകവ്യവസ്ഥ തന്നെ താറുമാറാകും,' എന്ന് പറഞ്ഞ ലുവോ 'പ്രതികൂല പ്രത്യാഘാതം ഒഴിവാക്കുന്നതിനായി ഇന്ത്യ തങ്ങളുടെ സേനയെ പിന്‍വലിക്കുക എന്നത് വളരെ നിര്‍ണായകമാണ്' എന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നു.പുതിയ ബലതന്ത്രങ്ങള്‍
ചൈനയുടെ പുതിയ ആക്രമണോത്സുക നിലപാടുകളെ തര്‍ക്കപ്രദേശങ്ങളുടെ മാത്രം കാര്യമായി ചുരുക്കാനാവില്ല. മോദിയുടെ കീഴിലുള്ള പുതിയ നയതന്ത്ര സമവാക്യങ്ങളോടുള്ള എതിര്‍പ്പായും അതിനെ കാണേണ്ടി വരും. ചൈനയുമായുള്ള ബന്ധങ്ങളുടെ എല്ലാ മുന്നറിയിപ്പുകളും ലംഘിച്ചുകൊണ്ട് അമേരിക്കയുടെ ചൈനാ നയത്തെ പിന്തുണയ്ക്കാന്‍ മോദി തയ്യാറായിട്ടുണ്ട്. മോദിയുടെ ഇക്കഴിഞ്ഞ യുഎസ് സന്ദര്‍ശനത്തിന് ശേഷം നടത്തിയ സംയുക്ത പ്രസ്താവന ചൈനയെ സംബന്ധിച്ചിടത്തോളം അസാധാരണമാം വിധം ആക്രമണോത്സുകമായിരുന്നു. തെക്കന്‍ ചൈന ഉള്‍ക്കടലിലെ പ്രശ്‌നങ്ങളും ഉത്തര കൊറിയന്‍ പ്രതിസന്ധിയും ഒക്കെ പ്രസ്താവനയില്‍ പരാമര്‍ശിക്കപ്പെട്ടു. പാകിസ്ഥാനിലും കാശ്മീരിലും പ്രകടമായത് പോലെയുള്ള ആക്രമണോത്സുകമായ സൈനിക നയമാകും മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ സ്വീകരിക്കുകയെന്നും ബീജിംഗ് ആശങ്കപ്പെടുന്നുണ്ട്.

ചൈനയുടെ സൈനികശേഷിയുമായി ഒരു തരത്തിലും താരതമ്യം ചെയ്യാന്‍ പറ്റുന്നതല്ല ഇന്ത്യയുടെ ശക്തിയെന്നതാണ് യാഥാര്‍ത്ഥ്യം. അതിര്‍ത്തിയിലെ പശ്ചാത്തല സൗകര്യങ്ങളുടെ കാര്യത്തില്‍ ചൈനയുമായി ഒരു താരതമ്യത്തില്‍ തന്നെ ഇത് വ്യക്തമാകും. ഇന്ത്യ അപമാനകരമായ പരാജയം ഏറ്റുവാങ്ങിയ 1962ലെ യുദ്ധം ഒരു വിദൂര ഓര്‍മ്മയാണ്. കുറച്ചുകൂടി ലളിതമായ നയതന്ത്ര സമീപനങ്ങളിലേക്ക് നീങ്ങുന്നതായിരിക്കും ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഭികാമ്യം.

Next Story

Related Stories