TopTop

ആരാണ് കൂടിയ കാവി? ഗജേന്ദ്ര ചൗഹാനോ അതോ അനുപം ഖേറോ?

ആരാണ് കൂടിയ കാവി? ഗജേന്ദ്ര ചൗഹാനോ അതോ അനുപം ഖേറോ?
പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനത്ത് ഗജേന്ദ്ര ചൗഹാനെ മാറ്റി അനുപം ഖേറിനെ കൊണ്ടുവന്നിരിക്കുന്നു. വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളെ തുടര്‍ന്ന് ഗജേന്ദ്ര ചൗഹാനെ നിയമിക്കുന്നത് ഒഴിവാക്കുകയോ പിന്നീട് ചൗഹാനെ നീക്കാന്‍ തയ്യാറാവുകയോ ചെയ്യാത്ത കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ചൗഹാനെ മാറ്റുന്നത് അദ്ദേഹത്തിന്റെ കാലാവധി പൂര്‍ത്തിയായതിനാലാണ്. മൂന്ന് വര്‍ഷമാണ് എഫ് ടി ഐ ഐ (ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ) ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാന്റെ കാലാവധി. 2015 ജൂണിലായിരുന്നു ഗജേന്ദ്ര ചൗഹാനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചതെങ്കിലും മുന്‍കാല പ്രാബല്യത്തോടെ 2014 മാര്‍ച്ച് മുതല്‍ 2017 മാര്‍ച്ച് വരെ എന്നതായിരുന്നു അദ്ദേഹത്തിന്റെ കാലാവധി നിശ്ചയിച്ചിരുന്നത്. ഇത് പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇനി കാലാവധി നീട്ടേണ്ടെന്ന് തീരുമാനിച്ചെന്ന് മാത്രം. ശക്തമായ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് മാസങ്ങളോളം ക്ലാസുകള്‍ നിര്‍ത്തിവച്ചിരുന്നു. 2015 ജൂണില്‍ നിയമിതനായ ചൗഹാന് 2016 ജനുവരിയില്‍ മാത്രമാണ് പദവി ഏറ്റെടുക്കാന്‍ സാധിച്ചത്.

സ്വതന്ത്ര ചിന്തയും വര്‍ഗീയതക്കും ഹിന്ദുത്വ വലതുപക്ഷത്തിനും എതിരായ മൂല്യബോധവും പുലര്‍ത്തുന്ന വിദ്യാഭ്യാസ, സാംസ്‌കാരിക സ്ഥാപനങ്ങളെ തകര്‍ക്കുക, ഇത്തരം സ്ഥാപനങ്ങളെ പരിഹാസ്യമാക്കി മാറ്റുക എന്നീ ഉദ്ദേശങ്ങളോടെയായിരുന്നു രാജ്യത്തെ ഏറ്റവും പ്രഗല്‍ഭമായ ചലച്ചിത്ര വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തലപ്പത്ത് ഗജേന്ദ്ര ചൗഹാനെ കുടിയിരുത്തിയത്. മഹാഭാരതം സീരിയലിലെ യുധിഷ്ഠിര വേഷവും ചില ബി ഗ്രേഡ് ഹിന്ദി സിനിമകളിലെ വേഷങ്ങളും ഒഴിച്ചാല്‍ ചലച്ചിത്രങ്ങളുമായി പ്രത്യേകിച്ച് ബന്ധമൊന്നും ഇല്ലാത്തയാളാണ് ഗജേന്ദ്ര ചൗഹാന്‍. ബിജെപിക്കാരനാണ് എന്നത് തന്നെയായിരുന്നു യോഗ്യത. അനുപം ഖേര്‍ ബിജെപി അനുഭാവിയും ഹിന്ദുത്വ വലതുപക്ഷത്തിന്റെ ആരാധകനുമാണെങ്കിലും സിനിമ മേഖലയില്‍ പ്രാഗല്‍ഭ്യം തെളിയിച്ച കഴിവുറ്റ നടനാണ്. അതുകൊണ്ട് തന്നെ ശ്യാം ബെനഗല്‍, ആര്‍കെ ലക്ഷ്മണ്‍, ഗിരീഷ് കര്‍ണാട്, യുആര്‍ അനന്തമൂര്‍ത്തി തുടങ്ങിയ പ്രമുഖര്‍ - സംവിധായകരോ ചലച്ചിത്ര മേഖലയുമായി ബന്ധമുള്ളവരോ ആയവര്‍ ഇരുന്ന കസേരയില്‍ ഗജേന്ദ്ര ചൗഹാന്‍ ഇരുന്നതിന്റെ അപമാനത്തില്‍ നിന്ന് തല്‍ക്കാലത്തേയ്ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷപ്പെടാം.എന്നാല്‍ ഗജേന്ദ്ര ചൗഹാനേക്കാള്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമര്‍ത്ഥമായി സംഘപരിവാര്‍ അജണ്ട നടപ്പാക്കാന്‍ കഴിയുന്നയാള്‍ അനുപം ഖേര്‍ ആയിരിക്കും. മോദി സര്‍ക്കാരിനോടുള്ള വിധേയത്വം തെളിയിക്കാന്‍ വേണ്ടി അനുപം ഖേര്‍ സമീപ കാലത്ത് നടത്തിയ പ്രസ്താവനകളും ചെയര്‍മാനെന്ന നിലയില്‍ ഗജേന്ദ്ര ചൗഹാന്റെ പ്രവര്‍ത്തനങ്ങളും നോക്കിയാല്‍ ഇത് വ്യക്തമാണ്. രാജ്യത്തെ വളര്‍ന്നുവരുന്ന വര്‍ഗീയ അസഹിഷ്ണുതക്കും അതിന്റെ ഭാഗമായുള്ള അതിക്രമങ്ങള്‍ക്കുമെതിരെ പ്രതിഷേധ ശബ്ദം ഉയര്‍ത്തിയ തന്റെ സഹപ്രവര്‍ത്തകരെ അനുപം ഖേര്‍ നേരിട്ടതെങ്ങനെയാണ് എന്ന് നമ്മള്‍ കണ്ടതാണ്. ഗജേന്ദ്ര ചൗഹാനെ ചെയര്‍മാന്‍ ആക്കുന്നതിനെ എതിര്‍ത്ത് സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ അനുപം ഖേറിന്റെ നിയമനത്തില്‍ സന്തോഷിക്കാന്‍ പ്രത്യേകിച്ച് ഒന്നുമില്ല എന്ന് പറയാം. എഫ്ടിഐഐ ചെയര്‍മാനെന്ന നിലയില്‍ 15 മാസത്തെ ഗജേന്ദ്ര ചൗഹാന്റെ പ്രവര്‍ത്തനം പരിശോധിക്കേണ്ടതാണ്.

2015 ജൂണ്‍ ഒമ്പതിനാണ് മോദി സര്‍ക്കാര്‍ ഗജേന്ദ്ര ചൗഹാനെ എഫ്ടിഐഐ ചെയര്‍മാനായി നിയമിച്ചത്. ജൂണ്‍ 12ന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ശക്തമായ വിദ്യാര്‍ത്ഥി പ്രക്ഷോഭം ആരംഭിച്ചു. 20ഓളം വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാഭ്യാസ സാംസ്‌കാരിക മേഖലകളിലെ സംഘപരിവാര്‍ അധിനിവേശത്തിനും കാവിവത്കരണത്തിനും എതിരെ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ആദ്യമായി നടന്ന ശക്തമായ വിദ്യാര്‍ത്ഥി പ്രക്ഷോഭമായി അത്. രാജ്യത്തെ മറ്റ് സര്‍വകലാശാലകളില്‍ പടര്‍ന്നുപിടിച്ച വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളുടെ തുടക്കമായിരുന്നു. സംവിധായകര്‍ അടക്കം ചലച്ചിത്ര മേഖലയിലെ പ്രമുഖരെല്ലാം വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായും ഗജേന്ദ്ര ചൗഹാന്റെ നിയമനത്തെ എതിര്‍ത്തുകൊണ്ടും രംഗത്തെത്തി. അടൂര്‍ ഗോപാലകൃഷ്ണന്‍, ശ്യാം ബെനഗല്‍, അമോല്‍ പലേക്കര്‍, ഋഷി കപൂര്‍ തുടങ്ങിയവരെല്ലാം വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ അറിയിച്ചു. എന്നാല്‍ അജണ്ടകളുടെ ഭാഗമായുള്ള നിയമനം തിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല.

സെപ്റ്റംബര്‍ 10ന് വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരം തുടങ്ങി. 139 ദിവസം വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭം നീണ്ടു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യമായ സമവായ ശ്രമങ്ങളുണ്ടായില്ല. ഒമ്പത് തവണ വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തിയെങ്കിലും ആവശ്യങ്ങള്‍ പരിഗണിക്കാം എന്ന് പറഞ്ഞല്ലാതെ ചൗഹാന്റെ നിയമനത്തില്‍ പുനര്‍വിചിന്തനം നടത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല. അവസാനം വിദ്യാര്‍ത്ഥികള്‍ സമരം പിന്‍വലിച്ചു. വിദ്യാര്‍ത്ഥി പ്രതിഷേധത്തെ പിന്തുണച്ചുകൊണ്ട് സംവിധായകരായ ദിബാകര്‍ ബാനര്‍ജിയും ആനന്ദ് പട്‌വര്‍ദ്ധനും ദേശീയ പുരസ്‌കാരങ്ങള്‍ തിരികെ നല്‍കാന്‍ തീരുമാനിച്ചു.2016 ജനുവരി ഏഴിന് ഗജേന്ദ്ര ചൗഹാന്‍ ആദ്യമായി ക്യാമ്പസിലെത്തി. വീണ്ടും വിദ്യാര്‍ത്ഥികളുടെ ശക്തമായ പ്രതിഷേധം. നാല്‍പ്പതോളം വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജൂണ്‍ 23ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്, ഗജേന്ദ്ര ചൗഹാനെ നാഗ്പൂരിലെ ആസ്ഥാനത്തേയ്ക്ക് ക്ഷണിച്ചു. ഭഗവത് തനിക്ക് അച്ഛനെ പോലെയാണ് എന്നാണ് ചൗഹാന്‍ പറഞ്ഞത്. ജൂലായ് അഞ്ചിന് പുതുക്കിയ സിലബസിന് എഫ്ടിഐഐ അക്കാഡമിക് കൗണ്‍സില്‍ അംഗീകാരം നല്‍കി. പുതിയ കോഴ്‌സുകള്‍ തുടങ്ങാന്‍ തീരുമാനം. വാര്‍ഷിക പരീക്ഷക്ക് പകരം ചോയ്‌സ് ബേസ്ഡ് ക്രെഡിറ്റ് സെമസ്റ്റര്‍ സംവിധാനം കൊണ്ടുവന്നു. എന്ത് പ്രതിഷേധമുണ്ടായാലും ഏര്‍പ്പിച്ച ജോലി ചെയ്യുമെന്ന് ചൗഹാന്‍ പറഞ്ഞു. ഒക്ടോബറില്‍ കരണ്‍ ജോഹര്‍ ചിത്രമായ ഏ ദില്‍ ഹേ മുശ്കില്‍ വിവാദത്തിലാകുന്നു. പാകിസ്ഥാനി നടന്‍ ഫവദ് ഖാനെ ഉള്‍പ്പെടുത്തിയതാണ് ഹിന്ദുത്വ തീവ്രവാദികളെ പ്രകോപിപ്പിച്ചത്. പാകിസ്ഥാനില്‍ നിന്നുള്ള നടന്മാരെ ഒരു കാരണവശാലും ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്ന് ഗജേന്ദ്ര ചൗഹാന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ ശ്രദ്ധിക്കണമെന്നും രാഷ്ട്രീയത്തില്‍ നിന്ന് അകന്നുനില്‍ക്കണമെന്നും ഗജേന്ദ്ര ചൗഹാന്‍ ആവശ്യപ്പെട്ടിരുന്നു.

ഇപ്പോള്‍, തന്നെ മാറ്റി അനുപം ഖേറിനെ നിയമിക്കാനുള്ള തീരുമാനത്തെ ഒന്ന് കുത്തിക്കൊണ്ടാണ് ഗജേന്ദ്ര ചൗഹാന്‍ സംസാരിക്കുന്നത്. എഫ് ടി ഐ ഐയ്ക്ക് ആവശ്യം ഒരു നല്ല അഡ്മിനിസ്‌ട്രേറ്ററെ ആണെന്നും അല്ലാതെ നല്ല നടനെയല്ലെന്നും ചൗഹാന്‍ അഭിപ്രായപ്പെട്ടു. താന്‍ ഭരണപരമായ മികവ് പുലര്‍ത്തുന്നയാളാണെന്നും ചൗഹാന്‍ അവകാശപ്പെടുന്നു. 22 വര്‍ഷം സിനിമ, സീരിയല്‍ താരങ്ങളുടെ സംഘടനയുടെ ഭാരവാഹിയായി ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പാര്‍ലമെന്റില്‍ സമര്‍പ്പിച്ച സിഎജി റിപ്പോര്‍ട്ടിലും തന്റെ കാലത്താണ് ഇന്‍സ്റ്റിറ്റ്യൂട്ട് നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുള്ളതെന്ന് പറയുന്നതായും ഗജേന്ദ്ര ചൗഹാന്‍ പറയുന്നു. അതേസമയം ചൗഹാനേക്കാള്‍ കൂറേക്കൂടി യോഗ്യതയുള്ളയാളെയാണ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന് ആവശ്യമെന്ന് അനുപം ഖേറും തുറന്നടിച്ചു. സിനിമാഭിനയ പഠനത്തില്‍ കേന്ദ്രീകരിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് മുംബൈയില്‍ നടത്തുന്ന അനുപം ഖേര്‍ എഫ ടി ഐ ഐയെ നല്ല രീതിയില്‍ കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നതായും ഗജേന്ദ്ര ചൌഹാന്‍ പറഞ്ഞു. തന്നെ മാറ്റുകയോ പുറത്താക്കുകയോ അല്ല ചെയ്തതെന്നും കാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ പദവി ഒഴിയുകയാണെന്നും ഗജേന്ദ്ര ചൗഹാന്‍ ആവര്‍ത്തിച്ചു.നടനെന്നതിനേക്കാള്‍ മോദി സര്‍ക്കാരിന്റെ ശക്തനായ അനുഭാവിയായാണ് അനുപം ഖേര്‍ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞത്. അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ കിരണ്‍ ഖേര്‍ ബിജെപി എംപിയാണ്. ചെയര്‍മാനായി നിയമിതനായ അനുപം ഖേറിന് എഫ് ടി ഐ ഐ വിദ്യാര്‍ത്ഥികള്‍ തുറന്ന കത്തെഴുതിയിരിക്കുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തുടര്‍പ്രവര്‍ത്തനം എങ്ങനെയായിരിക്കും എന്ന ആശങ്ക പങ്കുവച്ചുകൊണ്ടാണ് സറ്റുഡന്റ്‌സ് അസോസിയേഷന്റെ കത്ത്. എഫ് ടി ഐ ഐ പോലൊരു സ്ഥാപനത്തിന്റെ ഭരണസമിതി കേന്ദ്രസര്‍ക്കാരിനെ നയിക്കുന്നവരുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ നടപ്പാക്കാനുള്ളതല്ലെന്ന് വിദ്യാര്‍ത്ഥികള്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കാവിവത്കരണ രാഷ്ട്രീയ അജണ്ടകള്‍ ഉയര്‍ത്തുന്ന ആശങ്കകള്‍ക്കൊപ്പം മറ്റ് പ്രശ്‌നങ്ങളും വിദ്യാര്‍ത്ഥികള്‍ പങ്കുവയ്ക്കുന്നുണ്ട്. പുതിയ ഹ്രസ്വകാല കോഴ്‌സുകള്‍ തുടങ്ങുകയും അതിന് വിദ്യാര്‍ത്ഥികളില്‍ നിന്ന വന്‍ തുക ഫീസായി ഈടാക്കുകയും ചെയ്യുന്നതിനെതിരെ വിദ്യാര്‍ത്ഥികള്‍ നിലപാട് വ്യക്തമാക്കുന്നുണ്ട്. 20,000 രൂപ വരെയാണ് ഹ്രസ്വകാല കോഴ്‌സുകള്‍ക്ക് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ഇത്തരത്തില്‍ പണം ധൂര്‍ത്തടിച്ചിട്ടുണ്ട്. കരാറടിസ്ഥാനത്തിലുള്ള അധ്യാപക നിയമനത്തേയും അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും കൃത്യമായി ശമ്പളം ലഭിക്കാത്ത പ്രശ്‌നവും വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് വയ്്ക്കുന്നു. മൂന്ന് മാസത്തോളമായി പലരുടേയും ശമ്പളം മുടങ്ങിയിരിക്കുകയാണ്. എല്ലാ കോഴ്‌സുകളിലേയ്ക്കും ആവശ്യമായ അദ്ധ്യാപകരില്ല. സിലബസ് പരിഷ്‌കരണവും സെമസ്റ്റര്‍ സമ്പ്രദായവുമെല്ലാം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

സിലബസ്, ഫീസ് ഘടന, അദ്ധ്യാപക നിയമനം തുടങ്ങിയ വിഷയങ്ങളുമായെല്ലാം ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നിന്ന് വിദ്യാര്‍ത്ഥി പ്രതിനിധികളെ മാറ്റി നിര്‍ത്തുന്നു. അക്കാഡമിക് കൗണ്‍സിലിലെ വോട്ടിംഗ് അവകാശമുള്ള അംഗങ്ങളായ വിദ്യാര്‍ത്ഥികളുടെ പ്രതിനിധികളെ ഇത്തരത്തില്‍ മാറ്റിനിര്‍ത്തുന്നത് അംഗീകരിക്കാനാവില്ല. സിനിമയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കാനുള്ളവരാണ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പഠിച്ചിറങ്ങുന്നത്. സിനിമയെ സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു കലാരൂപമെന്നോ ആവിഷ്‌കാരമെന്നോ എന്ന നിലകളില്‍ കാണാതെ വെറുമൊരു വില്‍പ്പനച്ചരക്കായി മാത്രം കാണുന്ന പ്രവണതയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഇത് മാറണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു.

Next Story

Related Stories