TopTop
Begin typing your search above and press return to search.

കച്ചവടമുറപ്പിച്ചത് 500 കോടിക്ക്; ടൈംസ് ഓഫ് ഇന്ത്യ കുടുങ്ങിയത് ഇങ്ങനെ

കച്ചവടമുറപ്പിച്ചത് 500 കോടിക്ക്; ടൈംസ് ഓഫ് ഇന്ത്യ കുടുങ്ങിയത് ഇങ്ങനെ
കോബ്ര പോസ്റ്റിന്റെ മാധ്യമപ്രവർത്തകൻ പുഷ്പ് ശർമ ആദ്യം സമീപിച്ചത് ടൈംസ് ഗ്രൂപ്പ് ഉടമസ്ഥതയിലുള്ള റേഡിയോ മിർച്ചിയെയാണ്. ഈ സ്ഥാപനത്തിന്റെ വിൽപനാവിഭാഗം തലവനായ പ്രദീപ് വി-യെ ബെംഗളൂരുവിലെ ഓഫീസിൽ ചെന്ന് പുഷ്പ് കണ്ടു. വീഡിയോ തുടങ്ങുമ്പോൾ പുഷ്പ് ശർമയുടെ അപേക്ഷ ഇപ്രകാരമാണ്:

"ഞാനൊരു കോർപ്പറേറ്റ് കമ്പനിയെയാണ് സമീപിക്കുന്നതെന്ന് എനിക്കറിയാം. എനിക്ക് വേണ്ടത് ഞങ്ങളുടെ രാഷ്ട്രീയ താൽപര്യം കൂടി പരിഗണിക്കുന്ന തരത്തിലുള്ള ഒരു ഇന്നവേറ്റീവ് കണ്ടന്റ് ഡിസൈൻ ആണ് ആവശ്യം."

എന്തു തരം കണ്ടന്റാണ് ആവശ്യമെന്ന് പ്രദീപ് ചോദിക്കുമ്പോൾ പുഷ്പ് ശർമ കൂടുതൽ വിശദീകരിക്കുന്നു. ഈ കൺസെപ്റ്റ് തങ്ങൾ അംഗീകരിക്കുന്നതായും എന്തുതരം കണ്ടന്റാണ് പ്രമോട്ട് ചെയ്യാൻ ആഗ്രഹിക്കുന്നതെന്നും പ്രദീപ് പറയുന്നു.

2019 തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ഹിന്ദുത്വ ആശയങ്ങൾ മുഖ്യധാരയിൽ പ്രചരിപ്പിക്കുക വഴി ധ്രുവീകരണം സ‍ൃഷ്ടിക്കുന്ന തരം കണ്ടന്റുകളാണ് പ്രമോട്ട് ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കിയതോടെ പ്രമോദ് ഈ മേഖലയിൽ തനിക്കുള്ള മുൻപരിചയം ശർമയ്ക്ക് വിശദീകരിച്ചു കൊടുത്തു. സമാനമായ പ്രചാരണങ്ങൾ റേഡിയോ മിർച്ചി മുമ്പും ചെയ്തിട്ടുണ്ടെന്ന് പ്രദീപ് പറയുന്നു. മാഡിസൺ എന്ന കമ്പനിയുമായി ചേർന്ന് ബിജെപിക്കുവേണ്ടി ഇത്തരമൊരു പ്രചാരണം നടത്തിയിട്ടുണ്ടെന്ന് അന്നത് പാർട്ടി നേരിട്ടാണ് കൈകാര്യം ചെയ്തിരുന്നതെന്നും വ്യക്തമാക്കുന്നുണ്ട് പ്രദീപ്.

തന്റെ ആശ്രമത്തിൽ സംഭാവനകൾ പണമായാണ് വരുന്നതെന്നും പ്രചാരണത്തിനുള്ള പ്രതിഫലം പണമായി തന്നാല്‍ മതിയോ എന്നതടക്കമുള്ള കാര്യങ്ങളിൽ ശര്‍മ 'വ്യക്തത' വരുത്തുന്നുണ്ട്. സ്റ്റേഷൻ തലവൻ പ്രഭു ഝായെയും പുഷ്പ് ശർമ പിന്നീട് കണ്ട് സംസാരിക്കുന്നു. ശർമയുടെ ഉദ്ദേശ്യം അറിഞ്ഞയുടനെ താനും ഒരു ആർഎസ്എസ്സുകാരനാണെന്ന് പ്രഭു ഝാ പ്രഖ്യാപിക്കുന്നു. ഈ പ്രചാരണം നടത്താൻ ഒരു പ്രയാസവുമില്ലെന്നും തന്റെ പ്രോഗ്രാം തലവനും ആർഎസ്എസ്സുകാരനാണെന്നും നേരത്തെയും ബിജെപിക്കു വേണ്ടി തങ്ങൾ പ്രചാരണം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. തുടർന്നുള്ള സംഭാഷണങ്ങളിൽ തന്റെ ഓഫീസിലെ പ്രമുഖ സ്ഥാനത്തുള്ളവരെല്ലാം ആർഎസ്എസ്സുകാരാണെന്ന് ഝാ വെളിപ്പെടുത്തുന്നുണ്ട്. ടൈംസ് ഓഫ് ഇന്ത്യയുടെ കീഴിലുള്ള റേഡിയോ മിർച്ചിയിൽ ആളുകളെ എടുത്തതിന്റെ അടിസ്ഥാന യോഗ്യത എന്തായിരുന്നുവെന്ന് വ്യക്തമാക്കുന്നതായി ഝായുമായി പുഷ്പ് ശര്‍മ നടത്തിയ അഭിമുഖം.

രാജ്യത്തിന്റെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ടൈംസ് ഓഫ് ഇന്ത്യയുടെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്ന ഗുവാഹട്ടിയിലെ ഓഫീസും ശർമ സന്ദർശിക്കുന്നുണ്ട്. നോർത്തീസ്റ്റ് ഇന്ത്യ ബിസിനസ്സ് കാര്യങ്ങളുടെ തലവനും ടൈംസ് ഓഫ് ഇന്ത്യ ഡെപ്യൂട്ടി ജനറൽ മാനേജരുമായ അൻശുമാൻ ഡേയെയാണ് കോബ്ര പോസ്റ്റ് മാധ്യമപ്രവർത്തകൻ പുഷ്പ് ശർമ കണ്ടത്.

ചില വംശീയ പ്രശ്നങ്ങൾ എടുത്തിട്ട് പ്രചാരണം നടത്താമെന്ന് അൻശുമാൻ ഡേ നിർദ്ദേശിക്കുന്നു. ഇത്തരം പ്രശ്നങ്ങൾ ബംഗ്ലാദേശി കുടിയേറ്റക്കാർ മൂലം സംഭവിക്കുന്നതാണെന്ന രീതിയിൽ പ്രചാരണം നടത്തിയാൽ സംഭവം കത്തിപ്പടരുമെന്ന് ഇയാൾ പറയുന്നുണ്ട്. അഡ്വർടോറിയൽസ് ആയും ഇത്തരം വാർത്തകൾ നൽ‌കാൻ കഴിയുമെന്നും അൻശുമാൻ വ്യക്തമാക്കുന്നു.

ഹൈദരാബാദിലെ ടൈംസ് ഓഫ് ഇന്ത്യ ഡെപ്യൂട്ടി മാനേജരും സമാനമായ ഓഫറുകളാണ് വെക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയുടെ വിവിധ ഓഫീസുകളിലുള്ള ഉന്നത ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് കമ്പനി എക്സിക്യുട്ടീവ് പ്രസിഡണ്ട് സഞ്ജീവ് ഷായുമായുള്ള നിർണായകമായ കൂടിക്കാഴ്ച നടക്കുന്നത്. ടൈംസ് ഗ്രൂപ്പ് ഉടമയും മാനേജിങ് ഡയറക്ടറുമായ വിനീത് ജയിൻ കഴിഞ്ഞാൽ അടുത്ത സ്ഥാനക്കാരൻ. ഇയാളോട് തന്റെ ഉദ്ദേശ്യം വളരെ വിശദമായി വിശദീകരിക്കുന്നു പുഷ്പ് ശർമ. വർഗീയ ചേരിതിരിവുണ്ടാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് വിശദീകരിക്കുന്നു. ശ്രീമദ് ഭഗവദ് ഗീത, കൃഷ്ണഭഗവാൻ എന്നിവയിൽ ചുറ്റിപ്പറ്റി വേണം ഹിന്ദുത്വവൽക്കരണം നടത്താനെന്ന് പുഷ്പ് പറയുമ്പോൾ സഞ്ജീവ് അത് അത്യാവേശത്തോടെ ശരി വെക്കുന്നുണ്ട്.

സഞ്ജീവ് ഷാ പിന്നീട് ടൈംസ് ഓഫ് ഇന്ത്യ ഉടമ വിനീത് ജയിനുമായി സംസാരിക്കുന്നു. 1000 കോടി ആവശ്യപ്പെട്ട് 500 കോടിയിൽ കച്ചവടമുറപ്പിക്കുന്നു. പിന്നീട് ജയിനിനെ നേരിട്ട് കാണാൻ അവസരമൊരുങ്ങുന്നു.

പ്രചാരണം വളരെ നിഷ്പക്ഷമെന്ന് തോന്നുന്ന തരത്തിലായിരിക്കണമെന്ന് വിനീത് ജയിൻ ആവശ്യപ്പെടുന്നു. ഇതിനായി പരമാവധി എഫർ‌ട്ട് എടുക്കണമെന്നും പുഷ്പ് ശർമയോട് അദ്ദേഹം പറയുന്നുണ്ട്.

http://www.azhimukham.com/india-cobra-post-exposes-media-giants-in-an-array-of-sting-videos/

Next Story

Related Stories