ജഡ്ജിമാരുടെ സ്ഥാനക്കയറ്റം: കൊളീജിയം ശുപാർശ തിരിച്ചയച്ച കേന്ദ്രത്തിന് തിരിച്ചടി; തങ്ങളുടെ ശുപാർശ നടപ്പാക്കണമെന്ന് സുപ്രീംകോടതി

ജസ്റ്റിസ് ഭൂഷൺ ആർ ഗവായ് പട്ടികജാതി വിഭാഗത്തിൽ പെട്ടയാളാണ്.

ജഡ്ജിമാരുടെ സ്ഥാനക്കയറ്റം സംബന്ധിച്ച കൊളീജിയം ശുപാർശ തിരിച്ചയച്ച കേന്ദ്രത്തിന്റെ നീക്കത്തിന് തിരിച്ചടി. തങ്ങൾ ശുപാർശ ചെയ്തവരെത്തന്നെ നിയമിക്കണമെന്ന് കൊളീജിയം ആവശ്യപ്പെട്ടു. ജസ്റ്റിസ്സുമാരായ അനിരുദ്ധ ബോസ്, എഎസ് ബൊപ്പണ്ണ എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാനുള്ള കൊളീജിയം ശുപാർശയാണ് നിയമമന്ത്രാലയം പുനപ്പരിശോധനയ്ക്ക് തിരിച്ചയച്ചത്.

ഇതോടൊപ്പം രണ്ടു ജഡ്ജിമാരെക്കൂടി സുപ്രീംകോടതിയിലേക്ക് ഉയർത്താനുള്ള ശുപാർശ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് തലവനായുള്ള കോളീജിയം തീരുമാനിച്ചിട്ടുണ്ട്. ജസ്റ്റിസ്സുമാരായ ഭൂഷൺ ആർ ഗവായ്, സൂര്യകാന്ത് എന്നിവരെയാണ് സുപ്രീംകോടതിയിലേക്ക് ഉയർത്തുക.

നിലവിൽ 27 ജഡ്ജിമാരാണ് സുപ്രീംകോടതിയിലുള്ളത്. ഇത് 31 ആയി ഉയരും ഈ ശുപാർശകൾ നടപ്പിലായാൽ. കൊളീജിയം ശുപാർശകൾ നടപ്പാക്കാതിരിക്കാൻ കേന്ദ്ര സർക്കാരിന് കഴിയില്ല. ശുപാർശ പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെടാമെങ്കിലും കൊളീജിയം തങ്ങളുടെ ശുപാർശകളിന്മേൽ ഉറച്ചു നിന്നാൽ കേന്ദ്രത്തിന് അത് നടപ്പാക്കേണ്ടി വരും.

ജസ്റ്റിസ് ഭൂഷൺ ആർ ഗവായ് പട്ടികജാതി വിഭാഗത്തിൽ പെട്ടയാളാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ സുപ്രീംകോടതിയിൽ ഒരു പട്ടികജാതി വിഭാഗക്കാരൻ ജഡ്ജിയായി വന്നിട്ടില്ല.

അഞ്ച് ജഡ്ജിമാരാണ് സുപ്രീംകോടതി കൊളീജിയത്തിൽ ഉണ്ടാവുക. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസ്സുമാരായാ എസ്എ ബോബ്ഡെ, എൻവി രമണ, അരുൺ മിശ്ര, ആർഎഫ് നരിമാൻ എന്നിവരടങ്ങുന്നതാണ് ഇപ്പോഴത്തെ കൊളീജിയം.

കേന്ദ്രത്തിന്റെ ശുപാർശ തിരിച്ചയയ്ക്കവെ ജഡ്ജിമാരുടെ യോഗ്യതയായിരിക്കണം പ്രധാന മാനദണ്ഡമെന്ന് കൊളീജിയം ഓര്‍മിപ്പിച്ചു. ഹൈക്കോടതികളിലെ ജഡ്ജിമാരുടെ സീനിയോരിറ്റി അഖിലേന്ത്യാടിസ്ഥാനത്തിൽ പരിശോധിച്ചാണ് തങ്ങൾ ശുപാർശ നൽകിയിട്ടുള്ളതെന്നും കൊളീജിയം വ്യക്തമാക്കി. ചില ഹൈക്കോടതികൾക്ക് സുപ്രീംകോടതിയില്‍ പ്രാതിനിധ്യമില്ലാത്ത വസ്തുതയും തങ്ങൾ പരിഗണിച്ചിട്ടുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. ബോംബെ ഹൈക്കോടതിയിൽ നിന്നാണ് ജസ്റ്റിസ് ഭൂഷൺ ആർ ഗവായ് വരുന്നത്. ഈ കോടതിയിൽ സീനിയോരിറ്റിയിൽ നാലാമതാണ് ഇദ്ദേഹം നിൽക്കുന്നത്. എന്നാൽ, പട്ടികജാതി പ്രാതിനിധ്യം എന്ന മാനദണ്ഡമാണ് ഇവിടെ പ്രയോഗിച്ചിരിക്കുന്നത്.

Read More: “ബില്‍ഡേഴ്‌സും നഗരസഭയും ചെയ്ത തെറ്റിന് പെരുവഴിയിലാവാന്‍ പോവുന്നത് ഞങ്ങള്‍’”; സുപ്രീം കോടതി പൊളിക്കാന്‍ ഉത്തരവിട്ട ഫ്ലാറ്റുകളുടെ ഉടമകള്‍ പറയുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍