ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന ചാവേറാക്രമണം നടത്തിയവർ സംഭവത്തിനു മുമ്പ് ഇന്ത്യയിൽ കേരളമടക്കമുള്ള ഇടങ്ങൾ സന്ദർശിച്ചിരുന്നെന്ന് ശ്രീലങ്കൻ പട്ടാളത്തലവൻ ലഫ്റ്റനന്റ് ജനറൽ മഹേഷ് സേനാനായകെ. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് സേനാനായകെ ഇക്കാര്യം വ്യക്തമാക്കിയത്. എന്തിനാണ് ഇവർ ഇന്ത്യ സന്ദർശിച്ചതെന്ന കാര്യത്തിൽ തനിക്ക് വ്യക്തതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പരിശീലനത്തിനു വേണ്ടിയോ മറ്റു തീവ്രവാദസംഘങ്ങളുമായി ബന്ധം പുലര്‍ത്തുന്നതിനു വേണ്ടിയോ ആയിരിക്കാം ഈ സന്ദര്‍ശനമെന്നാണ് അനുമാനമെന്നും അദ്ദേഹം വിശദീകരിച്ചു.
ഇതാദ്യമായാണ് ചാവേറുകളുടെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് ശ്രീലങ്കൻ പട്ടാളം പറയുന്നത്. കേരളം, കശ്മീർ, ബെംഗളൂരു എന്നിവിടങ്ങളിൽ ചാവേറുകൾ സന്ദർശനം നടത്തിയിരുന്നു. കേരളത്തില്‍ പലയിടങ്ങളിലും ഇവർ സഞ്ചരിച്ചിരുന്നുവെന്നും സേനാനായകെ പറഞ്ഞു.
ഇന്ത്യയിൽ നിന്നും ലഭിച്ച മുന്നറിയിപ്പുകൾ സംബന്ധിച്ച ചോദ്യങ്ങളോടും സേനാനായകെ മറുപടി നൽകി. വിവരങ്ങൾ ലഭിച്ചിട്ടും നടപടിയെടുക്കാതിരുന്ന എല്ലാവരും തെറ്റുകാരാണെന്ന് അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയനേതൃത്വവും ഇതിൽ കുറ്റക്കാരാണ്. എന്തുകൊണ്ടാണ് ശ്രീലങ്ക ലക്ഷ്യം വെക്കപ്പെട്ടതെന്ന ചോദ്യത്തിന് വലിയ തോതിൽ സ്വാതന്ത്ര്യവും സമാധാനവും കഴിഞ്ഞ പത്തു വർഷമായി ശ്രീലങ്കയിൽ നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 30 വർഷത്തിനിടയിൽ സംഭവിച്ചതെന്തെന്ന് ആളുകൾ മറന്നു കഴിഞ്ഞിരുന്നു. ജനങ്ങൾ സമാധാനം ആസ്വദിക്കുന്നതിനിടെ സുരക്ഷയെക്കുറിച്ച് ഓര്‍ത്തില്ലെന്നതാണ് കാരണമെന്ന് സേനാനായകെ വ്യക്തമാക്കി.
നിലവില്‍ ജനങ്ങൾക്ക് ആത്മവിശ്വാസം പകരുകയാണ് തങ്ങളെന്ന് ശ്രീലങ്കൻ പട്ടാളത്തലവന്‍ പറഞ്ഞു. രാജ്യത്ത് വർഗീയ കലാപത്തിനുള്ള സാധ്യതകൾ ഇല്ലായ്മ ചെയ്യുകയാണ്. സൈന്യത്തിലും പൊലീസിലും ജനങ്ങൾ വിശ്വാസമർപ്പിക്കണമെന്നും കാര്യങ്ങൾ സാധാരണ നിലയിലേക്ക് തങ്ങളെത്തിക്കുമെന്നും സേനാനായകെ ഉറപ്പു നൽകി.