UPDATES

ട്രെന്‍ഡിങ്ങ്

ബംഗാളിലും ആന്ധ്രയിലും കോണ്‍ഗ്രസ് സഖ്യത്തിനില്ല; മഹാസഖ്യ സാധ്യതകള്‍ മങ്ങുന്നു? അതോ പുതിയ തന്ത്രമോ?

ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കുന്നത് തടയേണ്ടതിന്റെ ആവശ്യകതയെ പറ്റി പ്രതിപക്ഷ പാര്‍ട്ടികള്‍ സംസാരിക്കുമ്പോള്‍ തന്നെയാണ് വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഇത്തരത്തില്‍ ഒറ്റയ്ക്ക് മത്സരിക്കുന്നത്.

ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള പ്രതിപക്ഷ മഹാസഖ്യ സാധ്യതകള്‍ ചോദ്യചിഹ്നമായി നിര്‍ത്തിക്കൊണ്ട് ആന്ധ്രപ്രദേശിലും പശ്ചിമ ബംഗാളിലും ഒറ്റയ്ക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. ആന്ധ്രയില്‍ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയുമായോ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസുമായോ കോണ്‍ഗ്രസിന് സഖ്യമുണ്ടാകില്ല. യുപിയില്‍ സമാജ് വാദി പാര്‍ട്ടിയും ബി എസ് പിയും സഖ്യത്തില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ രണ്ട് സംസ്ഥാനങ്ങളിലും ഒറ്റയ്ക്ക് ജനവിധി തേടാന്‍ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്.

ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവുമായി കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് കോണ്‍ഗ്രസ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ആന്ധ്രപ്രദേശിലെ ആകെയുള്ള 25 ലോക്‌സഭ സീറ്റുകളിലും 175 നിയമസഭ സീറ്റുകളിലും കോണ്‍ഗ്രസ് മത്സരിക്കുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി അറിയിച്ചു.

തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പില്‍ ആദ്യമായി ഇരു പാര്‍ട്ടികളും സഖ്യം പരീക്ഷിച്ചെങ്കിലും കനത്ത പരാജയമാണ് നേരിട്ടത്. തെലങ്കാനയില്‍ ടിഡിപിയെ കൊണ്ട് പ്രയോജനമില്ലെന്ന് കോണ്‍ഗ്രസും ആന്ധ്രയില്‍ കോണ്‍ഗ്രസിനെക്കൊണ്ട് കാര്യമില്ലെന്ന് ടിഡിപിയും കരുതുന്നുണ്ട്. ദേശീയ തലത്തില്‍ ബിജെപി വിരുദ്ധ പ്രതിപക്ഷ കൂട്ടായ്മയുടെ മുന്നില്‍ നില്‍ക്കുന്ന നേതാക്കളിലൊരാളായ ചന്ദ്രബാബു നായിഡുവിന്റെ പാര്‍ട്ടിയുമായി സഖ്യമില്ലാതെ ആന്ധ്രയില്‍ ഒറ്റയ്ക്ക് മത്സരിക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം അവ്യക്തതകളും സംശയങ്ങളും ബാക്കി വയ്ക്കുന്നതാണ്. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കുന്നത് തടയേണ്ടതിന്റെ ആവശ്യകതയെ പറ്റി പ്രതിപക്ഷ പാര്‍ട്ടികള്‍ സംസാരിക്കുമ്പോള്‍ തന്നെയാണ് വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഇത്തരത്തില്‍ ഒറ്റയ്ക്ക് മത്സരിക്കുന്നത്.

ഐക്യ ആന്ധ്ര പ്രദേശിനെ വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപീകരിച്ച കോണ്‍ഗ്രസിനെതിരെ ആന്ധ്രയില്‍ അതൃപ്തിയും രോഷവും പ്രകടമാണ്. മുഖ്യപ്രതിപക്ഷമായി നില്‍ക്കുന്നത് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈ എസ് ആര്‍ കോണ്‍ഗ്രസ് ആണ്. അതേസമയം കോണ്‍ഗ്രസും ടിഡിപിയും തമ്മിലുള്ള രഹസ്യധാരണ നിലനില്‍ക്കുന്നില്ലെന്ന് പറയാന്‍ കഴിയില്ലെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് പറയുന്നു. ആന്ധ്രപ്രദേശില്‍ ഇരു പാര്‍ട്ടികളും തമ്മില്‍ സഖ്യമുണ്ടാകുന്നതില്‍ കാര്യമില്ലെന്ന് ചന്ദ്രബാബു നായിഡു തുടക്കം മുതല്‍ പറയുന്നുണ്ട്. ടിഡിപി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കുമെന്നതിനാല്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ മുന്നേറ്റം തടയാന്‍ നല്ലത് ഇരു പാര്‍ട്ടികളും ഒറ്റയ്‌ക്കൊറ്റയ്ക്ക് നില്‍ക്കുന്നതാണ് എന്ന് ചന്ദ്രബാബു നായിഡു കരുതുന്നു. പശ്ചിമ ബംഗാളില്‍ പ്രത്യക്ഷത്തില്‍ തൃണമൂലും കോണ്‍ഗ്രസും സഖ്യത്തിനില്ല. തൃണമൂലിനെ സംബന്ധിച്ച് കോണ്‍ഗ്രസുമായുള്ള സഖ്യം ബാധ്യതയാകാനിടയുണ്ട്. സീറ്റ് വിഭജനം അടക്കമുള്ള പ്രശ്‌നങ്ങള്‍ വരും.

യുപിയിലും സമാനമായ വിലയിരുത്തല്‍ വരുന്നുണ്ട്. കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുന്നത് എസ് പി – ബി എസ് പി സഖ്യത്തിന് നേട്ടമാകുമെന്നും ബിജെപിക്ക് പ്രതികൂലമാകുമെന്നും വിലിരുത്തലുകളുണ്ട്. ബ്രാഹ്മിണ്‍ – താക്കൂര്‍ വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ഇത് സഹായകമാകുമെന്ന് പ്രതിപക്ഷം കരുതുന്നു. വാരണാസിയും ഗോരഖ്പൂരും അടങ്ങുന്ന കിഴക്കന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധി രംഗത്ത് വന്നിരിക്കുന്നത് കോണ്‍ഗ്രസിന് ഊര്‍ജ്ജം നല്‍കിയിട്ടുള്ളതായും പാര്‍ട്ടി അവകാശപ്പെടുന്നു.

ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യത്തിന് വിദൂര സാധ്യതകള്‍ പോലുമില്ലെന്നാണ് പിസിസി പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത് പറഞ്ഞത്. അതേസമയം മഹാരാഷ്ട്രയില്‍ എന്‍സിപിയുമായും കര്‍ണാടകയില്‍ ജനതാദള്‍ സെക്കുലറുമായും തമിഴ്‌നാട്ടില്‍ ഡിഎംകെയുമായും ബിഹാറില്‍ ആര്‍ജെഡിയുമായും ഝാര്‍ഖണ്ഡില്‍ ജെഎംഎമ്മുമായും കോണ്‍ഗ്രസസിന് സഖ്യമുണ്ടാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍