UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കർണാടകം: കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ചൊവ്വാഴ്ച; പങ്കെടുക്കാത്തവർക്കെതിരെ നടപടി; കുമാരസ്വാമി ഇന്നുരാത്രി ജെഡിഎസ് എംഎൽഎമാരുടെ യോഗം വിളിച്ചു

നിലവിൽ എംഎൽഎമാർ മുംബൈയിലാണുള്ളത്.

കർണാടകത്തിൽ 12 ഭരണകക്ഷി എംഎൽഎമാർ‌ രാജി വെച്ചതിനെ തുടർന്നുണ്ടായ പ്രതിസന്ധി തുടരുന്നു. സർക്കാരിനെ വീഴാതെ നിർത്താനുള്ള വഴികളാരായുകയാണ് കോൺഗ്രസ്സും ജനതാദൾ സെക്യൂലറും. അതെസമയം എത്ര എംഎൽഎമാർ സ്പീക്കർക്ക് രാജി സമർപ്പിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ റിപ്പോർട്ടുകളിൽ വ്യത്യസ്തമായ കണക്കുകളാണ് വരുന്നത്. ദി ഹിന്ദു നൽകുന്ന കണക്ക് പ്രകാരം 9 കോൺഗ്രസ്സ് എംഎൽഎമാരും മൂന്ന് ജനതാദൾ എംഎൽഎമാരും രാജി നൽകിയിട്ടുണ്ട്. യുഎസ്സിൽ നിന്ന് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി തിരിച്ചെത്തിയിട്ടുണ്ട്. ഇന്ന് രാത്രി എല്ലാ ജെഡിഎസ് എംഎൽഎമാരുടെയും ഒരു യോഗം കുമാരസ്വാമി വിളിച്ചിട്ടുണ്ട്. ഇത്രയും എംഎൽഎമാരുടെ രാജി സ്വീകരിക്കപ്പെടുകയാണെങ്കിൽ മന്ത്രിസഭ നിലംപൊത്തുമെന്നത് സംശയമില്ലാത്ത കാര്യമാണ്. പ്രശ്നപരിഹാരത്തിനായി മുഖ്യമന്ത്രിസ്ഥാനത്തു നിന്നും മാറിനിൽക്കാൻ വരെ താൻ തയ്യാറാണെന്ന് കുമാരസ്വാമി അറിയിച്ചതായി ചില റിപ്പോർട്ടുകൾ പറയുന്നുണ്ട്.

കോൺഗ്രസ്സും ജനതാദളും തുടർച്ചയായ യോഗങ്ങൾ സംഘടിപ്പിച്ചു കൊണ്ടിരിക്കുകയാണിപ്പോൾ. ചൊവ്വാഴ്ച കോൺഗ്രസ്സ് നിയമസഭാകക്ഷി യോഗം വിളിച്ചു ചേർത്തിട്ടുണ്ട് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവെഗൗഡ പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ചകൾ നടത്തുകയുണ്ടായി. ഡികെ ശിവകുമാറുമായും ഇദ്ദേഹം കൂടിക്കാഴ്ച നടത്തിയതായി അറിയുന്നു.

കർണാടക സംസ്ഥാനത്തിന്റെ ചാർജുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ബെംഗളൂരുവിലെത്തിയിട്ടുണ്ട്. ഇദ്ദേഹം ഒരു സ്വകാര്യ ഹോട്ടലിൽ തങ്ങി നേതാക്കളുമായി ചർച്ച നടത്തുകയാണ്.

അതെസമയം സർക്കാരിന് യാതൊരു ഭീഷണിയുമില്ലെന്നാണ് സിദ്ധരാമയ്യ പറയുന്നത്. എല്ലാ സുരക്ഷിതമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. വിമത എംഎൽഎമാരുമായി പാർട്ടി നിരന്തരമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നുണ്ടെന്നും ജൂലൈ 12ന് വ്യക്തമായ ചിത്രം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാ സമ്മേളനം കൂടുന്ന ദിവസമാണ് 12.

ഇപ്പോൾ ലഭിച്ചിട്ടുള്ള രാജിക്കത്തുകൾ താൻ ചൊവ്വാഴ്ച ഓഫീസിലെത്തിയാൽ മാത്രമേ നോക്കൂ എന്ന നിലപാടിലാണ് സ്പീക്കർ രമേഷ് കുമാർ.

കോൺഗ്രസ്സും ജെഡിഎസ്സും ചേർന്നാൽ ആകെ 118 എംഎൽഎമാരാണ് സഖ്യ സർക്കാരിനുള്ളത്. സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് ബിജെപി. ബിജെപിയുടെ കളികളാണ് എംഎൽഎമാരുടെ രാജിക്കു പിന്നിലെന്ന് സഖ്യ സർക്കാർ ആരോപിക്കുന്നുണ്ട്. അതെസമയം, കാത്തിരുന്ന് കാണാമെന്ന നിലപാടിലാണ് ബിജെപി പ്രസിഡണ്ട് ബിഎസ് യെദ്യൂരപ്പ. സ്പീക്കർ രാജിക്കത്തുകളിൽ തീരുമാനമെടുക്കട്ടെ എന്ന് അദ്ദേഹം വ്യക്തമാക്കി.

നിലവിൽ എംഎൽഎമാർ മുംബൈയിലാണുള്ളത്. ഇവർ താമസിക്കുന്ന സോഫിടെൽ പഞ്ചനക്ഷത്ര ഹോട്ടലിനു മുമ്പിൽ‌ കോൺഗ്രസ് എംഎൽ‌എമാർ പ്രതിഷേധം സംഘടിപ്പിച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്. മഹാരാഷ്ട്ര യൂത്ത് കോൺഗ്രസ് പ്രസിഡണ്ടും അറസ്റ്റ് ചെയ്യപ്പെട്ടവരിൽ പെടുന്നു.

ചൊവ്വാഴ്ചത്തെ നിയമസഭാ കക്ഷി യോഗത്തിൽ നിർബന്ധമായും പങ്കെടുക്കണമെന്നും പങ്കെടുക്കാത്തവർക്കെതിരെ കർശനമായ നടപടിയുണ്ടാകുമെന്നും കാട്ടി കോൺഗ്രസ് സർക്കുലർ ഇറക്കിയിട്ടുണ്ട്.

രാജി വെച്ച എംഎൽഎമാർ

ജെഡിഎസ് മുൻ സംസ്ഥാന പ്രസിഡണ്ട് എച്ച് വിശ്വനാഥ്, കെ ഗോപാലയ്യ, നാരായണ ഗൗഡ (എല്ലാവരും ജെഡിഎസ് എംഎൽഎമാർ).

കോൺഗ്രസ്സിൽ നിന്നുള്ള ശിവരാം ഹെബ്ബാർ, മഹേഷ് കാമതഹള്ളി, ബിസി പാട്ടീൽ, പ്രതാപ് ഗൗഡ പാട്ടീല്‍, രാമലിംഗ റെഡ്ഢി, എസ്ടി സോമശേഖർ, മുനിരത്ന, ബൈരതി ബസവരാജ്, രമേഷ് ജാർകിഹോളി എന്നീ എംഎൽഎമാരും രാജി വെച്ചവരിൽ പെടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍