TopTop
Begin typing your search above and press return to search.

യുപിയില്‍ എസ് പി-ബി എസ് പി സഖ്യവും കോണ്‍ഗ്രസും പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലാണ്, പക്ഷെ അന്തര്‍ധാര ശരിക്കും ശക്തമാണോ?

യുപിയില്‍ എസ് പി-ബി എസ് പി സഖ്യവും കോണ്‍ഗ്രസും പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലാണ്, പക്ഷെ അന്തര്‍ധാര ശരിക്കും ശക്തമാണോ?

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഫെബ്രുവരി ഏഴിന് ദ വയര്‍ സംഘടിപ്പിച്ച പരിപാടിയില്‍ സമാജ് വാദി പാര്‍ട്ടി അധ്യക്ഷനും യുപി മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് കോണ്‍ഗ്രസിനെ ആക്രമിച്ച് രംഗത്തെത്തിയിരിക്കുന്നത് പൊതുവേ ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യമാണ്. ഞങ്ങള്‍ (സമാജ് വാദി പാര്‍ട്ടി, ബി എസ് പി, ആര്‍എല്‍ഡി) ബിജെപിയെ തോല്‍പ്പിക്കാന്‍ വേണ്ടി പോരാടുന്നു. ചിലര്‍ അവരുടെ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ നടക്കുന്നു എന്ന് അഖിലേഷ് യാദവ് പറഞ്ഞിരുന്നു. കോണ്‍ഗ്രസിനെ സഖ്യത്തില്‍ നിന്ന് ഒഴിവാക്കിയൊട്ടൊന്നുമില്ല, രണ്ട് സീറ്റ് മാറ്റി വച്ചിട്ടുണ്ട് എന്നും പരിഹാസത്തോടെ അഖിലേഷ് യാദവ് പറഞ്ഞിരുന്നു. ഈ രണ്ട് സീറ്റ് എന്ന് പറയുന്നത് സോണിയ ഗാന്ധിയുടെ റായ് ബറേലിയും രാഹുല്‍ ഗാന്ധിയുടെ അമേഥിയും.

യുപിയില്‍ ആകെ 80 സീറ്റല്ലേ ഉള്ളൂ, കൂടുതല്‍ സീറ്റുകളുണ്ടായിരുന്നെങ്കില്‍ കുറച്ചുകൂടി കോണ്‍ഗ്രസിന് മാറ്റിവയ്ക്കാമായിരുന്നു എന്നും അഖിലേഷ് യാദവ് പരിഹസിച്ചിരുന്നു. അതേസമയം 2017ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായുള്ള സഖ്യവും രാഹുലും അഖിലേഷും ചേര്‍ന്നുള്ള 'യുപി കേ ലഡ്‌കേ' പ്രചാരണവുമെല്ലാം തെറ്റാണെന്ന് തോന്നുന്നുണ്ടോ എന്ന് ചോദ്യത്തിന് അഖിലേഷ് യാദ് നല്‍കിയത് തന്ത്രപരവും കുസൃതി നിറഞ്ഞതുമായ മറുപടിയാണ്. ഞാന്‍ നിങ്ങളോട് പറഞ്ഞല്ലോ, കോണ്‍ഗ്രസ് ഇപ്പോഴും ഞങ്ങളുടെ സഖ്യത്തിലുണ്ട് എന്ന്. മമത ബാനര്‍ജിയുടെ കൊല്‍ക്കത്ത റാലിക്ക് ഞങ്ങളെല്ലാം ഒരുമിച്ചുണ്ടായിരുന്നു. ഓരോ സംസ്ഥാനത്തും ബിജെപിയെ നേരിടാന്‍ കഴിയുന്ന ഏറ്റവും ശക്തരായ കക്ഷികള്‍ ഒന്നിച്ച് നില്‍ക്കുന്നുണ്ട്. ഇത്തവണ പാര്‍ട്ടികള്‍ സാധാരണ നിലയില്‍ പരസ്പരം പോരടിക്കുകയല്ല, ഇത് ബിജെപിയെ തോല്‍പ്പിക്കാനുള്ള തിരഞ്ഞെടുപ്പാണെന്നും അഖിലേഷ് പറഞ്ഞു.

കോണ്‍ഗ്രസിനെ സഖ്യത്തില്‍ നിന്ന് സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും മാറ്റിനിര്‍ത്തിയതും 80 സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനവും സമ്മിശ്രമായ പ്രതികരണങ്ങള്‍ക്കും ഭിന്നമായ വിലയിരുത്തലുകള്‍ക്കുമാണ് ഇടയാക്കിയത്. എസ് പിയും ബി എസ് പിയും 87 സീറ്റില്‍ വീതവും ആര്‍എല്‍ഡി (രാഷ്ട്രീയ ലോക് ദള്‍) നാല് സീറ്റിലും മത്സരിക്കാനാണ് ധാരണയായിട്ടുള്ളത്. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാന്‍ ഇടയാക്കും, മഹാഗഠ്ബന്ധന്‍ അഥവാ മഹാസഖ്യം രാജ്യത്ത് ഏറ്റവുമധികം സീറ്റുകളുള്ള, ഏറ്റവും നിര്‍ണായകമായ യുപിയില്‍ തന്നെ പൊളിയുന്നു എന്നെല്ലാം വിലയിരുത്തലുണ്ടായി. അതേസമയം ഒറ്റയ്ക്ക് നില്‍ക്കാനുള്ള കോണ്‍ഗ്രസ് തന്ത്രം യുക്തിസഹമായ മികച്ച തീരുമാനമെണെന്നും വിലിരുത്തപ്പെട്ടു. ബിജെപി കുറേകാലമായി ലഭിച്ചുപോന്നിരുന്ന യുപിയിലെ ബ്രാഹ്മിണ്‍ വോട്ട് ബാങ്കിന്റെ പിന്തുണ കോണ്‍ഗ്രസിലേയ്ക്ക് തിരിയാനുള്ള സാധ്യതയാണ് ഇതിന് പിന്തുണയായി ചൂണ്ടിക്കാണിക്കപ്പെട്ടത്.

മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് വിജയം നല്‍കുന്ന ആത്മവിശ്വാസവും യുപിയിലെ നിലവിലെ അവസ്ഥ സംഘടനാപരമായും സീറ്റുകളുടെ എണ്ണത്തിലും പരിതാപകരമാണെങ്കില്‍ പോലും കോണ്‍ഗ്രസിന് ധൈര്യം നല്‍കി. കിഴക്കന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ നിയമിച്ചിരിക്കുന്നത് 2019 മാത്രമല്ല, 2022ലെ യുപി നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ തിരിച്ചെത്തിക്കുക എന്ന ലക്ഷ്യം വച്ച് തന്നെയാണ് എന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞിരിക്കുന്നത്. പശ്ചിമ യുപിയില്‍ ജ്യോതിരാദിത്യ സിന്ധ്യക്കും കിഴക്കന്‍ യുപിയില്‍ പ്രിയങ്കയ്ക്കും നല്‍കിയ ചുമതല 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പോടെ തീരില്ലെന്നും കോണ്‍ഗ്രസ് ഒരടി പിന്നോട്ട് പോകില്ലെന്നുമാണ് രാഹുല്‍ പറഞ്ഞത്.

2009ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ച് 80ല്‍ 21 സീറ്റ് നേടിയതാണ് യുപിയിലെ കോണ്‍ഗ്രസിന്റെ സമീപകാലത്തെ, അതായത് രണ്ട് പതിറ്റാണ്ടിനിടയിലെ വലിയ നേട്ടം. അന്ന് 23 സീറ്റ് നേടിയ എസ് പിക്ക് പിന്നില്‍ അപ്രതീക്ഷിതമായി കോണ്‍ഗ്രസ് രണ്ടാമതെത്തി. വോട്ട് വിഹിതം വലിയ തോതില്‍ വര്‍ദ്ധിപ്പിക്കാന്‍ 2009ല്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. ഈ നേട്ടം ആവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിന് കഴിയുമെന്നാണ് രാഹുല്‍ ഗാന്ധിയുടെ കണക്കുകൂട്ടല്‍. 2007ലെ നിയമസഭ തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ എല്ലാ സമുദായങ്ങള്‍ക്കിടയിലും സാമ്പത്തിക വര്‍ഗങ്ങള്‍ക്കിടയിലും പിന്തുണ നേടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു എന്നാണ് ലോക്‌നീതി - സിഎസ്ഡിഎസ് പോള്‍ അനാലിസിസ് വിലയിരുത്തിയത്. ബ്രാഹ്മണര്‍ അടക്കമുള്ള സവര്‍ണ സമുദായങ്ങള്‍ക്കിടയിലും യാദവ ഇതര ഒബിസി വിഭാഗങ്ങള്‍ക്കിടയിലും പിന്തുണ നേടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. ഈ കണക്കുകള്‍ തന്നെയാണ് 2019ലെ ശക്തമായ ബിജെപി വിരുദ്ധ തരംഗത്തില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന കോണ്‍ഗ്രസ് പരിഗണിക്കുന്നത്.

സവര്‍ണ വോട്ടുകള്‍ എസ് പി - ബി എസ് പി സഖ്യത്തിന് ലഭിക്കാനുള്ള സാധ്യത വിരളമാണെന്നതും (2007ലെ മായാവതിയുടെ ഹ്രസ്വകാല ബ്രാഹ്മിണ്‍ വോട്ട് ബാങ്ക് ആകര്‍ഷണ തന്ത്രങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍) പരിഗണിക്കപ്പെട്ടിട്ടുണ്ട്. പ്രാദേശികവും സാമുദായികവും വര്‍ഗപരവുമായ പിന്തുണ നോക്കിയാല്‍ ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള സമാനതകളാണ് ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിക്കുന്നത്.

യുപിയില്‍ ബിജെപിയും കോണ്‍ഗ്രസും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് പ്രധാനമായും നഗര മേഖലയിലാണ്. 2009ലെ തിരഞ്ഞെടുപ്പില്‍ ഇത് പ്രകടമായിരുന്നു. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലും 2017ലെ നിയമസഭ തിരഞ്ഞെടുപ്പിലും ഈ ട്രെന്‍ഡുകളെല്ലാം കടന്ന് ബിജെപി മുന്നോട്ടുപോയെങ്കിലും. 2014ലെ ഭരണവിരുദ്ധ വികാരത്തിലും മോദി തരംഗത്തിലും യുപിയിലെ 71 സീറ്റും ബിജെപി പിടിച്ചെടുത്തപ്പോള്‍, അവര്‍ക്ക് 25 ശതമാനം വോട്ടാണ് കൂടുതലായി കിട്ടിയത്. ഇത് നഷ്ടമായത് കോണ്‍ഗ്രസിനായിരുന്നു. യുപിയില്‍ ഏറ്റവുമധികം സീറ്റ് നേടുന്ന പാര്‍ട്ടിയാകാന്‍ ഇത്തവണും കോണ്‍ഗ്രസിന് കഴിയാനിടയില്ല. അങ്ങനെ സംഭവിച്ചാല്‍ അത് അദ്ഭുതമായിരിക്കും. എന്നാല്‍ ഒറ്റയ്ക്ക് നിന്ന് സംഘടനയെ ശക്തിപ്പെടുത്തി പരമാവധി വോട്ടും സീറ്റും നേടാനുള്ള ശ്രമമായിരിക്കും കോണ്‍ഗ്രസ് നടത്തുക. എസ് പി - ബി എസ് പി സഖ്യത്തിനുള്ളത് അവര്‍ക്കും കോണ്‍ഗ്രസിനുള്ളത് കോണ്‍ഗ്രസിനും കിട്ടിയാല്‍ അന്തര്‍ധാര ശക്തമാക്കിക്കൊണ്ട് അകന്നുനില്‍ക്കുന്ന പ്രതിപക്ഷ തന്ത്രം യുപിയില്‍ വിജയം കണ്ടേക്കാം. ത്രികോണമത്സരത്തില്‍ ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ച് ബിജെപി വീണ്ടും നേട്ടമുണ്ടാക്കാനുള്ള സാധ്യതള്‍ അടഞ്ഞുപോകാം.


Next Story

Related Stories