Top

പ്രതിപക്ഷ ഐക്യം 'മഹാഗഢ്ബന്ധൻ' അല്ല, 'മഹാമാലിന്യം'; കോൺഗ്രസ്സിന് പട്ടാളം ശക്തിപ്പെടുന്നതിൽ താൽപര്യമില്ല: ലോകസഭയില്‍ മോദി

പ്രതിപക്ഷ ഐക്യം
ബിജെപിക്കെതിരെ രൂപം കൊള്ളുന്ന പ്രതിപക്ഷ വിശാല ഐക്യത്തെ മാലിന്യമെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 2014ൽ മുപ്പതു വർഷത്തിനിടയിൽ ആദ്യമായി ജനങ്ങൾ ഒരു സർക്കാരിന് പൂർണ ഭൂരിപക്ഷം നൽകി. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്. പ്രതിപക്ഷത്തിന്റെ മഹാഗഢ്ബന്ധൻ 'മഹാമാലിന്യ'മാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഈ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷം സഭയിൽ പ്രതിഷേധമുയർത്തി. ഒരു മലിനമായ സർക്കാർ അധികാരത്തിലെത്തിയാൽ എന്തു സംഭവിക്കുമെന്ന് ജനങ്ങൾക്കറിയാമെന്ന് മറുപടിയായി മോദി പറഞ്ഞു. മഹാമാലിന്യം ഈ സഭയിലെത്തുമെന്ന് പേടിക്കേണ്ടതില്ലെന്ന് ഭരണപക്ഷനിരയെ ലാക്കാക്കി അദ്ദേഹം പറഞ്ഞു. അമ്പതോളം തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ താഴെയിറക്കിയിട്ടുണ്ട് ഇന്ദിരാഗാന്ധിയെന്നും ചാച്ചമാരുമായും മാമന്മാരുമായും പ്രതിരോധ കരാറുകൾ ഒപ്പുവെച്ചവരാണ് ഗാന്ധഘി കുടുംബമെന്നും അവർക്ക് വിദേശങ്ങളിൽ ബിനാമി സ്വത്തുക്കളുണ്ടെന്നുമെല്ലാം മോദി പരാമർശിച്ചു.

തന്നെ എതിർക്കാൻ വേണ്ടി രാജ്യത്തിനെതിരെ വിദ്വേഷം പ്രചരിപ്പിക്കുകയാണ് കോൺഗ്രസ്സെന്ന് വോട്ടിങ് മെഷീനുകളിലെ തട്ടിപ്പ് ചൂണ്ടിക്കാട്ടി വിദേശ പൗരൻ രംഗത്തു വന്നതിനെ വ്യംഗ്യമായി സൂചിപ്പിച്ച് മോദി പറഞ്ഞു. കോൺഗ്രസ്സ് മുക്ത ഭാരതം തന്റെ ആശയമല്ലെന്നും അത് മഹാത്മാഗാന്ധിയുടെ ആശയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗാന്ധിയുടെ ആഗ്രഹമാണ് താൻ സഫലീകരിക്കുന്നത്. അംബേദ്കർ ഇക്കാര്യത്തിൽ ദീർഘദർശിയായിരുന്നു. കോമ്‍ഗ്രസ്സിൽ ചേരുന്നതിനെക്കാള്‍ നല്ലത് ആത്മഹത്യ ചെയ്യുന്നതാണെന്ന് അംബേദ്കർ പറയുകയുണ്ടായി.

മൂന്ന് ലക്ഷം തട്ടിപ്പ് കമ്പനികളാണ് നോട്ടുനിരോധനം മൂലം അടച്ചുപൂട്ടിയതെന്ന് അദ്ദേഹം പറഞ്ഞു. വിലക്കയറ്റവും കോൺഗ്രസ്സും ഒരുമിച്ച് പ്രവർത്തിക്കുന്നതായും എപ്പോഴെല്ലാം കോൺഗ്രസ്സ് അധികാരത്തിലെത്തുന്നുവോ അപ്പോഴെല്ലാം രാജ്യത്ത് വില വർധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിലക്കയറ്റം തടഞ്ഞു നിർത്താൻ എൻഡിഎ സർക്കാരുകൾക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താൻ ദരിദ്രമായ ജീവിത പശ്ചാത്തലത്തിൽ നിന്നും വന്നവനാണെന്നതാണ് കോൺഗ്രസ്സിന്റെ പ്രശ്നമെന്ന് മോദി ആവർത്തിച്ചു. മിന്നലാക്രമങ്ങൾ നടത്താൻ കോൺഗ്രസ്സ് സർക്കാരുകൾക്ക് സാധിക്കുമായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസ്സിന് ശക്തമായ പട്ടാളമുണ്ടാകുന്നതിൽ താൽപര്യമില്ലെന്ന് റാഫേൽ കരാറിലെ ക്രമക്കേടുകൾ സംബന്ധിച്ച പ്രതിപക്ഷ ആരോപണങ്ങളെ ലാക്കാക്കി പ്രധാനമന്ത്രി പറഞ്ഞു. വ്യോമസേനയെ ശക്തിപ്പെടുത്താൻ കോൺഗ്രസ്സ് ആഗ്രഹിക്കുന്നില്ലെന്നു പറഞ്ഞ മോദി താൻ ഒരു ഗൗരവപ്പെട്ട ആരോപണമാണ് ഉന്നയിക്കുന്നതെന്ന് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ നാലു വർഷങ്ങൾക്കിടയിൽ രാജ്യത്ത് 6.35 ലക്ഷം പുതിയ പ്രൊഫഷണലുകളുണ്ടായെന്ന് മോദി അവകാശപ്പെട്ടു.

Next Story

Related Stories