TopTop

കോണ്‍ഗ്രസ് ദേശീയ സുരക്ഷാ പദ്ധതി പുറത്തിറക്കി, അഫ്‌സ്പ സംബന്ധിച്ച് പരാമര്‍ശമില്ല

കോണ്‍ഗ്രസ് ദേശീയ സുരക്ഷാ പദ്ധതി പുറത്തിറക്കി, അഫ്‌സ്പ സംബന്ധിച്ച് പരാമര്‍ശമില്ല
ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം നാളെ നടക്കാനിരിക്കെ, ദേശീയ സുരക്ഷാനയം സംബന്ധിച്ച ദേശീയ സുരക്ഷ പദ്ധതി കോണ്‍ഗ്രസ് പുറത്തിറക്കി. തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ജമ്മു കാശ്മീരിലടക്കം അഫ്‌സ്പ (ആംഡ് ഫോഴ്‌സസ് സ്‌പെഷല്‍ പവേഴ്‌സ് ആക്ട്) അഥവാ പ്രത്യേക സൈനികാധികാര നിയമം പുനപരിശോധിക്കുമെന്നും ഇളവുകള്‍ വരുത്തുമെന്നും രാജ്യദ്രോഹ നിയമം ഭേദഗതി ചെയ്യുമെന്നും പറഞ്ഞിരുന്നു. ഇതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ബിജെപി നേതാക്കള്‍ രൂക്ഷമായി വിമര്‍ശിക്കുകയാണ്. അതേസമയം കോണ്‍ഗ്രസ് പുറത്തിറക്കിയിരിക്കുന്ന നിലവിലെ രണ്ട് പേജ് നാഷണല്‍ സെക്യൂരിറ്റി പ്ലാനില്‍ ഇത്തരം വിഷയങ്ങള്‍ പരാമര്‍ശിക്കുന്നില്ല. ഡിഎസ് ഹൂഡയുടെ ടാസ്‌ക് ഫോഴ്‌സ് തയ്യാറാക്കിയ India's National Security Strategy എന്ന 41 പേജ് റിപ്പോര്‍ട്ടും കോണ്‍ഗ്രസ് പുറത്തിറക്കി.

ഒരു അതിര്‍ത്തി, ഒരു സൈന്യം എന്ന തത്വമാണ് പ്രധാനമായും കോണ്‍ഗ്രസ് മുന്നോട്ട് വച്ചിരിക്കുന്നത്. സമഗ്രമായ മിസൈല്‍ പ്രതിരോധ സംവിധാനം സ്ഥാപിക്കും, നുഴഞ്ഞുകയറ്റവും കള്ളക്കടത്തും തടയാന്‍ മ്യാന്‍മര്‍ അതിര്‍ത്തിയിലുള്‍പ്പടെ സ്മാര്‍ട്ട് ഫെന്‍സുകള്‍ (ഇലക്ട്രോണിക് അതിര്‍ത്തി വേലികള്‍) സ്ഥാപിക്കും. എല്ലാ അതിര്‍ത്തികളിലും സുരക്ഷ ശക്തമാക്കും, ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനെ പുനസംഘടിപ്പിക്കുകയും അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുകയും ചെയ്യും. തീരദേശ സുരക്ഷ ബില്‍ കൊണ്ടുവരും. നാഷണല്‍ മാരിടൈം അതോറിറ്റിയും കോസ്റ്റ് ഗാര്‍ഡും ശക്തിപ്പെടുത്തും തുടങ്ങിയ കാര്യങ്ങളാണ് കോണ്‍ഗ്രസ് പറയുന്നത്. സര്‍ക്കാരിനെ ഉപദേശിക്കാനായി ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിനെ നിയമിക്കും. സൈബര്‍ ആക്രമങ്ങള്‍ തടയുന്നതിനായി നയം രൂപീകരിക്കും. സൈബര്‍ ആക്രമണങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കും.

ദേശസുരക്ഷ സംബന്ധിച്ച കോണ്‍ഗ്രസിന്റെ സമഗ്രമായ കാഴ്ചപ്പാടാണ് ദേശീയ സുരക്ഷ പദ്ധതി രേഖയിലുള്ളത് എന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ പി ചിദംബരം അവകാശപ്പെട്ടു. ഞങ്ങള്‍ അധികാരത്തിലെത്തിയാല്‍ എന്ത് ചെയ്യും എന്നാണ് ഇതില്‍ പറയുന്നത്. ജനറല്‍ ഹൂഡയുടെ റിപ്പോര്‍ട്ടിലുള്ള കാര്യങ്ങളും ഞങ്ങളുടെ പ്രകടനപത്രികയില്‍ പറയുന്ന കാര്യങ്ങളും ചേര്‍ത്ത് പദ്ധതി രേഖ വിപുലീകരിക്കും. രേഖ പുറത്തിറക്കിയ വാര്‍ത്താസമ്മേളനത്തില്‍ ചിദംബരത്തോടൊപ്പം ജനറല്‍ ഹൂഡയും പങ്കെടുത്തു.

കരസേനയില്‍ നിന്ന് വിരമിച്ച ലെഫ്.ജനറല്‍ ഡിഎസ് ഹൂഡയുടെ നേതൃത്വത്തില്‍ ഇത്തരമൊരു പദ്ധതി തയ്യാറാക്കുന്നതായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആവശ്യപ്രകാരമാണ് ഇത്തരമൊരു പദ്ധതി തയ്യാറാക്കുന്ന കമ്മിറ്റിക്ക് നേതൃത്വം നല്‍കാന്‍ ലെഫ്.ജനറല്‍ ഹൂഡ തയ്യാറായത്. പാക് അധീന കാശ്മീരിലെ ഭീകര ക്യാമ്പുകള്‍ക്ക് നേരെ 2016ല്‍ മിന്നലാക്രമണം (സര്‍ജിക്കല്‍ സ്‌ട്രൈക്ക്) നടത്തിയപ്പോള്‍ ഇതിന് മേല്‍നോട്ടം വഹിച്ചത് മുന്‍ നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡറായ ഡിഎസ് ഹൂഡയായിരുന്നു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ഓഫീസിനും നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിനും സ്റ്റാറ്റിയൂട്ടറി പദവി നല്‍കും. അവര്‍ക്ക് കീഴില്‍ വരുന്ന ഏജന്‍സികള്‍ പാര്‍ലമെന്റിന് റിപ്പോര്‍ട്ട് നല്‍കാന്‍ ബാധ്യസ്ഥരായിക്കും. ഇന്റലിജന്‍സ് പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി രൂപീകരിക്കും. ഇത് ഈ ഏജന്‍സികളുടെ പ്രവര്‍ത്തനം വിലയിരുത്തി ആവശ്യമായ നിര്‍ദ്ദേശങ്ങള്‍സ നല്‍കും. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തൊഴിലില്ലായ്മയും കര്‍ഷക പ്രശ്‌നങ്ങളും അടക്കമുള്ളവയില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനായി ബിജെപി ദേശസുരക്ഷയേയും സൈന്യത്തേയും പ്രചാരണ വിഷയമാക്കുകയാണ് എന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്കുകളെ ലംഘിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ തിരഞ്ഞെടുപ്പ് വേദികളില്‍ നിരന്തരം സൈന്യത്തെ പ്രചാരണത്തിന് ഉയോഗിക്കുന്നു. ഇതിനിടെയാണ് കോണ്‍ഗ്രസ് ദേശീയ സുരക്ഷ പദ്ധതി രേഖ പുറത്തിറക്കിയിരിക്കുന്നത്. ബിജെപിയുടെ പ്രചാരണത്തെ ചെറുക്കാനാണോ കോണ്‍ഗ്രസും ദേശസുരക്ഷയെക്കുറിച്ച് സംസാരിക്കുന്നത് എന്ന തരത്തിലുള്ള വിലയിരുത്തല്‍ പി ചിദംബരം തള്ളിക്കളഞ്ഞു.

Next Story

Related Stories