UPDATES

ട്രെന്‍ഡിങ്ങ്

സുശീൽകുമാർ ഷിൻഡെ കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക്? രാഹുൽ തിരിച്ചുവരണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ‌ ആത്മഹത്യാശ്രമം

“രാഹുൽ ഗാന്ധി രാജി പിൻവലിക്കണം, ഇല്ലെങ്കിൽ ഞാൻ തൂങ്ങിമരിക്കും,”

അധ്യക്ഷസ്ഥാനത്ത് തുടരില്ലെന്ന തന്റെ നിലപാടിൽ നിന്ന് രാഹുൽ ഗാന്ധി മാറാത്തതിൽ മനംനൊന്ത് ഒരു കോൺഗ്രസ് പ്രവർത്തകൻ ആത്മഹത്യക്ക് ശ്രമിച്ചു. ഡൽഹിയിലെ പാർട്ടി ഓഫീസിനു മുന്നിലുള്ള മരത്തിൽ കെട്ടിത്തൂങ്ങി മരിക്കാനായിരുന്നു ഇദ്ദേഹത്തിന്റെ പദ്ധതി. ഇത് സ്ഥലത്തെ മറ്റു പ്രവർത്തകരും പൊലീസും ചേർന്ന് തടഞ്ഞു. അതെസമയം, ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതാരാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല.

“രാഹുൽ ഗാന്ധി രാജി പിൻവലിക്കണം, ഇല്ലെങ്കിൽ ഞാൻ തൂങ്ങിമരിക്കും,” ആത്മഹത്യ ചെയ്യാൻ ശ്രമിച്ചയാൾ മാധ്യമങ്ങളോട് പറഞ്ഞു.

അധ്യക്ഷസ്ഥാനത്തേക്ക് ദളിത് നേതാവ്?

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ദളിത് നേതാവായ സുശീൽകുമാർ ഷിൻഡെയെ കൊണ്ടുവരാൻ ആലോചനകൾ നടക്കുന്നതായി റിപ്പോർട്ടുണ്ട്. ദളിത് വിഭാഗത്തിൽ നിന്നാകണം അടുത്ത പ്രസിഡണ്ട് എന്നത് രാഹുലിന്റെ കൂടി താൽപര്യമാണെന്ന് കേൾക്കുന്നുണ്ട്. ഇതെല്ലാം നിലവിൽ ഊഹങ്ങളായി മാത്രം നിലനിൽക്കുകയാണ്. ഔദ്യോഗികമായി യാതൊരു സ്ഥിരീകരണവും ഇതുവരെ വന്നിട്ടില്ല.

എകെ ആന്റണി അധ്യക്ഷസ്ഥാനം ഏറ്റെടുക്കാൻ വിസമ്മതിച്ചെന്നും റിപ്പോർട്ടുകളുണ്ട്. തന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് ചൂണ്ടിക്കാട്ടിയാണിത്. ഗുലാം നബി ആസാദ്, അശോക് ഗെലോട്ട്, മല്ലികാർജുൻ ഖാർഗെ, ജനാർദ്ദൻ ദ്വിവേദി, മുകുൾ വാസ്നിക് എന്നിവരും അധ്യക്ഷസ്ഥാനത്തേക്കുള്ള ആലോചനകളിൽ ഉയരുന്ന പേരുകളിൽപ്പെടുന്നു.

ഷിൻഡെയെ അധ്യക്ഷനാക്കുന്ന കാര്യത്തിൽ ഗാന്ധി കുടുംബത്തിന് വിയോജിപ്പുകളില്ലെന്നാണ് വിവരം. ഇദ്ദേഹം ഗാന്ധി കുടുംബത്തിന് ഏറെ വിധേയനാണെന്നതും അനുകൂല ഘടകമാണ്. അതെസമയം തന്റെ തീരുമാനത്തിൽ പിൻവാങ്ങലില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് രാഹുൽ.

രാഹുലിന്റെ പിൻവാങ്ങലിൽ പ്രതിഷേധമറിയിച്ചും അദ്ദേഹം തിരിച്ചുവരണമെന്നാവശ്യപ്പെട്ടും പാർട്ടിയുടെ ഉന്നതസ്ഥാനങ്ങളിൽ നിന്നുവരെ നിരവധി നേതാക്കളാണ് രാജി വെച്ചു കൊണ്ടിരിക്കുന്നത്. ഈ പ്രശ്നങ്ങള്‍ക്കിടെ രാഹുൽ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തിയിരുന്നു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബഘേല്‍, പുതുച്ചേരി മുഖ്യമന്ത്രി എന്‍ നാരായണസാമി എന്നിവര്‍ യോഗത്തിൽ പങ്കെടുക്കുകയുണ്ടായി.

കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കാനുള്ള തീരുമാനം മാറ്റാന്‍ രാഹുല്‍ ഗാന്ധി തയ്യാറാകാത്തത് പാര്‍ട്ടിയില്‍ വലിയ പ്രതിസന്ധി ഉണ്ടാക്കിയിട്ടുള്ളതായി സംഘടനാകാര്യങ്ങളുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ നേരത്തെ പറഞ്ഞിരുന്നു. മുഴുവന്‍ സമയവും കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിനായി നീക്കി വയ്ക്കാം, എന്നാല്‍ പ്രസിഡന്റാകാന്‍ തയ്യാറല്ല എന്നാണ് രാഹുല്‍ ഗാന്ധിയുടെ ഉറച്ച നിലപാട്. പാര്‍ട്ടി പ്രസിഡന്റായി തുടരണം എന്ന ലോക്‌സഭ എംപിമാരുടെ ആവശ്യം രാഹുൽ തള്ളിയിരുന്നു. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് വര തുടരാമെന്നാണ് രാഹുല്‍ അറിയിച്ചിരിക്കുന്നത്. പുനസംഘടനയുടെ ഭാഗമായി കര്‍ണാടക, ഉത്തര്‍പ്രദേശ് പിസിസികള്‍ പിരിച്ചുവിട്ടിരുന്നു. കര്‍ണാടകയില്‍ പിസിസി പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവുവിനെ മാറ്റാതെയാണ് പിസിസി പിരിച്ചുവിട്ടത്. അതേസമയം യുപി പിസിസി പ്രസിഡന്റ് രാജ് ബബ്ബറും പഞ്ചാബ് പിസിസി പ്രസിഡന്റ് സുനില്‍ ഝാക്കറും നേരത്തെ തന്നെ രാജി വച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍