UPDATES

ട്രെന്‍ഡിങ്ങ്

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കുക, മോദിയുടെ ഇന്ത്യയില്‍ വോട്ടിംഗ് യന്ത്രങ്ങളെ സൂക്ഷിക്കുക: രാഹുല്‍ ഗാന്ധി

“മോദിയുടെ ഇന്ത്യയില്‍ ഇവിഎമ്മുകള്‍ക്ക് ഗൂഢ ശക്തികളുണ്ട്. ജാഗ്രത പാലിക്കുക”.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്നും നരേന്ദ്ര മോദിയുടെ ഇന്ത്യയില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് ഗൂഢ ശക്തിയുണ്ടെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. ഒരാളുടെ വോട്ട് രേഖപ്പെടുത്തുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ഇവിഎമ്മുകള്‍ക്ക് ചെയ്യാമെന്ന നിലയാണുള്ളതെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. അവര്‍ക്ക് ബസുകള്‍ ഹൈജാക്ക് ചെയ്യാന്‍ കഴിയും. ബൂത്തുകളില്‍ നിന്ന് ഓടിപ്പോകാന്‍ കഴിയും. ഹോട്ടല്‍ റൂമുകളില്‍ താമസിക്കാനാകും – രാഹുല്‍ പരിഹസിച്ചു. രാജസ്ഥാനിലും തെലങ്കാനയിലും വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷമാണ് രാഹുല്‍ പ്രതികരിച്ചത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകരേ, നിങ്ങള്‍ ജാഗ്രത പാലിക്കുക. മധ്യപ്രദേശില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ വിചിത്രമായ രീതിയിലാണ് പെരുമാറിയത്. ചിലര്‍ ബസുകള്‍ മോഷ്ടിച്ച് രണ്ട് ദിവസത്തേയ്ക്ക് കടന്നുകളഞ്ഞു. ചിലര്‍ ഒഴിഞ്ഞുമാറി ഹോട്ടലില്‍ പ്രത്യക്ഷപ്പെട്ടു. മോദിയുടെ ഇന്ത്യയില്‍ ഇവിഎമ്മുകള്‍ക്ക് ഗൂഢ ശക്തികളുണ്ട്. ജാഗ്രത പാലിക്കുക. രാഹുല്‍ ട്വീറ്റ് ചെയ്തു.

മധ്യപ്രദേശിലെ സാഗര്‍ ജില്ലയില്‍ നിരവധി വോട്ടിംഗ് യന്ത്രങ്ങള്‍ രജിസ്റ്റര്‍ ചെയ്യാത്ത സ്‌കൂള്‍ ബസില്‍ കളക്ടറുടെ ഓഫീസില്‍, വോട്ടെടുപ്പ് കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം എത്തിച്ചത് സംബന്ധിച്ച് കോണ്‍ഗ്രസ് എംപി വിവേക് തംഖ പരാതി നല്‍കിയിരുന്നു. ഭോപ്പാലിലെ ഇവിഎം സ്‌ട്രോംഗ് റൂമില്‍ സ്ഥാപിച്ചിരുന്ന സിസിടിവി കാമറയുടെ പ്രവര്‍ത്തനം നവംബര്‍ 30ന് ഒരു മണിക്കൂറിലധികം സമയത്തേയ്ക്ക് നിലച്ചിരുന്നു. മറ്റൊരു സ്‌ട്രോംഗ് റൂമിന്റെ പിന്‍വാതില്‍ തുറന്നിരിക്കുകയായിരുന്നു. ഈ പരാതികളെല്ലാം ന്യായമാണ് എന്ന് അംഗീകരിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍, ഇവിഎമ്മുകള്‍ കളക്ഷന്‍ സെന്ററുകളിലെത്തുന്നത് വൈകിയതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. മാണ്ടിയിലെ സ്‌ട്രോംഗ് റൂമിന് പുറത്ത് ലാപ്പ് ടോപ്പ് ഉപയോഗിച്ചിരുന്ന ബിഎസ്എഫ് ഇന്‍സ്‌പെക്ടറെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് മാറ്റിയതും കോണ്‍ഗ്രസിന്റെ പരാതിയെ തുടര്‍ന്നാണ്. മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിംഗിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ ഇവിഎമ്മുകള്‍ എത്തിയതായി ആരോപണമുയര്‍ന്നിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍