UPDATES

രാഹുല്‍ ഗാന്ധി രാജി വയ്ക്കുമോ? നിര്‍ണായക പ്രവര്‍ത്തകസമിതി യോഗം ഇന്ന്

ഒരു പാന്‍ ഇന്ത്യന്‍ പാര്‍ട്ടി എന്ന അംഗീകാരം കോണ്‍ഗ്രസിന് പതിയെ നഷ്ടമാവുകയാണോ എന്ന സംശയമാണ് 17ാം ലോക്‌സഭ തിരഞ്ഞെടുപ്പ് ഉണ്ടാക്കുന്നത്.

ലോക്‌സഭ തിരഞ്ഞെടുപ്പിലെ വന്‍ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാഹുല്‍ ഗാന്ധി രാജി വയ്ക്കുമോ എന്നതാണ് ഇന്ന് ന്യൂഡല്‍ഹിയില്‍ ചേരുന്ന പാര്‍ട്ടി പ്രവര്‍ത്തക സമിതി യോഗവുമായി ബന്ധപ്പെട്ട് ഏറ്റവും പ്രധാന ചോദ്യം. രാഹുല്‍ രാജി സന്നദ്ധത അറിയിച്ചതായി റിപ്പോട്ടുണ്ട്. എന്നാല്‍ പ്രവര്‍ത്തകസമിതി ആയിരിക്കും രാജി സംബന്ധിച്ച് തീരുമാനമെടുക്കുക എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. നേരത്തെ സോണിയ ഗാന്ധി പ്രസിഡന്റായിരിക്കെ രാജി സന്നദ്ധത അറിയിച്ചപ്പോള്‍ പ്രവര്‍ത്തക സമിതി അത് തള്ളുകയാണുണ്ടായത്. രാഹുല്‍ രാജിക്കാര്യത്തില്‍ ഉറച്ച് നിന്നാല്‍ തന്നെ പ്രവര്‍ത്തക സമിതി അത് അംഗീകരിക്കുമോ എന്ന ചോദ്യമുണ്ട്.

വയനാട് വന്‍ ഭൂരിപക്ഷത്തില്‍ നേടിയ വിജയത്തിനിടയിലും അമേഠിയിലെ രാഹുലിന്റെ തോല്‍വി കോണ്‍ഗ്രസിന് വലിയ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. കഴിഞ്ഞ തവണ 44 സീറ്റാണ് നേടിയതെങ്കില്‍ ഇത്തവണ 52 സീറ്റ് മാത്രം. നിയമസഭ തിരഞ്ഞെടുപ്പുകള്‍ ജയിച്ച രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലടക്കം ഹിന്ദി മേഖലയില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. പല സംസ്ഥാനങ്ങളിലും ഒരു സീറ്റ് പോലും കോണ്‍ഗ്രസിന് കിട്ടിയില്ല. രാജസ്ഥാനിലും ഡല്‍ഹിയിലും ഗുജറാത്തിലുമടക്കം കോണ്‍ഗ്രസ് പൂജ്യമായി.

രാഹുല്‍ ഗാന്ധി രാജി വയ്ക്കുകയാണ് എങ്കില്‍ ആരാകും പുതിയ പ്രസിഡന്റ് എന്ന ചോദ്യമുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പാര്‍ട്ടിയുടെ പുതിയ വൈസ് പ്രസിഡന്റ് ആകുമോ എന്ന ചോദ്യമുണ്ട്. അതേസമയം കിഴക്കന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ സംസ്ഥാനത്ത് വ്യാപകമായി പ്രചാരണം നടത്തിയ പ്രിയങ്കയ്ക്ക് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒരു സ്വാധീനവും ചെലുത്താനായില്ല എന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. പ്രിയങ്ക ഏറ്റവുമധികം പ്രചാരണം നടത്തിയ ഇടങ്ങളിലെല്ലാം കോണ്‍ഗ്രസിന് പരാജയം തന്നെയാണ് ഉണ്ടായത്. സീതാറാം കേസരിക്ക് ശേഷം നെഹ്രു കുടുംബത്തില്‍ നിന്ന് പുറത്ത് നിന്നൊരാളെ പ്രസിഡന്റ് സ്ഥാനത്ത് കോണ്‍ഗ്രസ് നിയോഗിക്കുമോ എന്ന ചോദ്യമുണ്ട്.

കഴിഞ്ഞ തവണ കോണ്‍ഗ്രസിന് യുപിയില്‍ നിന്ന് രാഹുല്‍ ഗാന്ധിയുടെ അമേഠിയും സോണിയ ഗാന്ധിയുടെ റായ് ബറേലിയുമുണ്ടായിരുന്നെങ്കില്‍ ഇത്തവണ അത് സോണിയയുടെ റായ്ബറേലി മാത്രമായി ചുരുങ്ങി. തമിഴ്‌നാട്ടിലൊഴികെ മറ്റൊരു സംസ്ഥാനത്തും സഖ്യങ്ങള്‍ വിജയം കണ്ടില്ല. ബിഹാറിലും ഝാര്‍ഖണ്ഡിലും മഹാരാഷ്ട്രയിലും കര്‍ണാടകയിലുമെല്ലാം കോണ്‍ഗ്രസിന് സഖ്യമുണ്ടായിരുന്നു. എല്ലായിടത്തും പരാജയം മാത്രം. ഒറ്റയ്ക്ക് മത്സരിച്ച് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത് പഞ്ചാബില്‍ മാത്രം. ദക്ഷിണേന്ത്യയിലെ ശക്തികേന്ദ്രമായ കര്‍ണാടകയില്‍ ജെഡിഎസുമായി സഖ്യമുണ്ടായിട്ടും തകര്‍ന്നടിഞ്ഞു. കോണ്‍ഗ്രസ് ഒരു സീറ്റിലൊതുങ്ങി. മഹാരാഷ്ട്രയില്‍ സഖ്യകക്ഷിയായ എന്‍സിപിക്ക് നാല് സീറ്റ് കിട്ടിയപ്പോള്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് മാത്രമാണ് കിട്ടിയത്. ലോക്‌സഭ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തമേറ്റെടുത്ത് യുപി പിസിസി പ്രസിഡന്റ് രാജ് ബബ്ബര്‍ അടക്കമുള്ളവര്‍ പദവികള്‍ രാജി വച്ചു.

ഒരു പാന്‍ ഇന്ത്യന്‍ പാര്‍ട്ടി എന്ന അംഗീകാരം കോണ്‍ഗ്രസിന് പതിയെ നഷ്ടമാവുകയാണോ എന്ന സംശയമാണ് 17ാം ലോക്‌സഭ തിരഞ്ഞെടുപ്പ് ഉണ്ടാക്കുന്നത്. ഈ സാഹചര്യങ്ങള്‍ വിശദമായ ചര്‍ച്ച ചെയ്തായിരിക്കും കോണ്‍ഗ്രസ് ഭാവി പരിപാടികള്‍ തയ്യാറാക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ ശക്തമായ പ്രചാരണം നടത്തിയിട്ടും വലിയ ആള്‍ക്കൂട്ടങ്ങളെ ഉണ്ടാക്കിയിട്ടും ഇതൊന്നും വോട്ടാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല എന്നത് കോണ്‍ഗ്രസിന്റെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യുന്ന പ്രശ്‌നമാണ്. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയെ മുന്നോട്ട് നയിക്കാന്‍ നേതൃത്വത്തില്‍ സമൂലമായ അഴിച്ചുപണി വേണോ എന്നതടക്കമുള്ള കാര്യങ്ങള്‍ കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യേണ്ടി വരും.

Read More: ഒരു ലിബറല്‍ ഇന്ത്യയെ പരാജയപ്പെടുത്തിയ കോണ്‍ഗ്രസ് അവസാനിക്കുക ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍