പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കോസ്മോസ് ബാങ്കിൽ നിന്ന് ഒരു അന്തർദ്ദേശീയ ഹാക്കിങ് ശൃംഖല 94 കോടി രൂപ കവർന്നെന്ന് റിപ്പോർട്ട്. ബാങ്കിന്റെ ഇന്റർനെറ്റ് സിസ്റ്റത്തിലേക്ക് ഹാക്ക് ചെയ്ത് കയറിയാണ് ഇത്രയും തുക തട്ടിയത്. ഹോങ്കോങ്ങിലേക്കാണ് ഈ തുകയത്രയും മാറ്റിയത് എന്നും അറിയുന്നു.
ബാങ്കിന്റെ എടിഎം സെർവറിലേക്ക് ഒരു മാൽവെയർ ആക്രമണം നടന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. അതിവിദഗ്ധമായ ഹാക്കിങ്ങാണ് നടന്നിരിക്കുന്നത്. ക്രെഡിറ്റ് കാർഡുകളുടെയും ഡെബിറ്റ് കാർഡുകളുടെയും വിവരങ്ങൾ ഈ ആക്രമണം വഴി ഹാക്കർമാർ സ്വന്തമാക്കുകയായിരുന്നു. ഇവയുപയോഗിച്ച് ബാങ്കിൽ നിന്ന് സംഖ്യകൾ പിൻവലിച്ചെന്നാണ് വിവരം. എഴ് മണിക്കൂറിനുള്ളിൽ 15,000 ഇടപാടുകളാണ് ഹാക്കർമാർ നടത്തിയത്.
ഇന്ത്യൻ ബാങ്കിങ് വ്യവസായത്തിനു നേരെയുള്ള ആക്രമണമായാണ് ഈ ഹാക്കിങ്ങിനെ കോസ്മോസ് ബാങ്ക് ചെയർമാൻ മിലന്ദ് കാലെ വിശേഷിപ്പിച്ചത്. 22 രാജ്യങ്ങളിൽ നിന്നുള്ള സൈബർ ക്രിമിനലുകളാണ് ഈ തട്ടിപ്പിനു പിന്നിൽ പ്രവർത്തിച്ചത്. ഉപഭോക്താക്കളെ ഈ ആക്രമണം ബാധിക്കില്ലെന്ന് ബാങ്ക് ഉറപ്പു വരുത്തുമെന്നും അദ്ദേഹം അറിയിച്ചു.
രാജ്യത്തെ രണ്ടാമത്തെ വലിയ കോഓപ്പറേറ്റീവ് ബാങ്കാണ് കോസ്മോസ്.
കേസിൽ അന്വേഷണം ആരംഭിച്ചതായി പൂനെ പൊലീസ് കമ്മീഷണർ കെ വെങ്കടേശ്വരൻ അറിയിച്ചു. മുംബൈ പൊലീസിൽ നിന്നുള്ള വിദഗ്ധരാണ് അന്വേഷണം നടത്തുന്നത്.