UPDATES

പശു നമ്മുടെ ജനാധിപത്യത്തിനു മേല്‍ അതിന്റെ നാലുകാലും വിരിച്ചു നില്‍ക്കുകയാണ്

തുറസായ സ്ഥലങ്ങളില്‍ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നവരുടെ ഫോട്ടോ എടുത്ത് അവരെ നാണം കെടുത്തി ഇതില്‍ പിന്തിരിപ്പിക്കാനുള്ള പദ്ധതി സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമാണ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കീഴിലുള്ള പുതിയ ഇന്ത്യയെക്കുറിച്ച് നാം ഇനിയും ഏറെ കേള്‍ക്കും, ഏതാനും വര്‍ഷങ്ങളായി നാം സ്ഥിരമായി കേട്ടുകൊണ്ടിരിക്കുന്നതു പോലെ തന്നെ.

ഇതാ അതിന്റെ ഏറ്റവും പുതിയ അധ്യായം: രാജസ്ഥാനില്‍ തുടര്‍ച്ചയായി ജനക്കൂട്ടം മനുഷ്യരെ അടിച്ചു കൊല്ലുന്ന സംഭവത്തില്‍ ഇതുവരെ മൗനം ഭജിച്ചിരുന്ന സംസ്ഥാന മുഖ്യമന്ത്രി വസുന്ധരെ രാജെ സിന്ധ്യ മൗനം വെടിഞ്ഞിരിക്കുന്നു. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അടിച്ചുകൊന്ന സാമൂഹിക പ്രവര്‍ത്തകന്‍ സഫര്‍ ഹുസൈന്റെ ‘വിയോഗം’ അത്യധികം ദൗര്‍ഭാഗ്യകരമായിപ്പോയെന്നായിരുന്നു അവരുടെ ട്വീറ്റ്. ശ്രദ്ധിക്കുക: പുതിയ ഇന്ത്യയില്‍ ഇത് വിയോഗമാണ്, കൊലപാതകമല്ല.

ഇവിടെ നിന്ന് ഉത്തര്‍ പ്രദേശിലേക്ക്: സംസ്ഥാന ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയാണ് ഇവിടുത്തെ ശ്രദ്ധാകേന്ദ്രം. അദ്ദേഹം ദി ഹിന്ദു ദിനപത്രത്തോട് പറഞ്ഞ കാര്യം ഇങ്ങനെയാണ്: “കന്നുകാലികളെ കശാപ്പ് ചെയ്യുന്നവര്‍ക്കും കടത്തുന്നവര്‍ക്കുമെതിരെ ദേശീയ സുരക്ഷാ നിയമം (NSA) പ്രയോഗിക്കാനുള്ള തീരുമാനം അത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവരുടെ ഉള്ളില്‍ ഭയം നിറയ്ക്കും”. ഇതാണ് പുതിയ ഇന്ത്യയില്‍ എന്തിനാണ് പ്രാധാന്യം എന്നത് കാട്ടിത്തരുന്നത്. തീര്‍ച്ചയായും അതു പശുവിനാണ്. അതിനെ സംരക്ഷിക്കാന്‍ വേണ്ടി നിയമം ഏതറ്റം വരെയും പോകും. അല്ലാതെ ജനക്കൂട്ടം നിങ്ങളുടെ വീടുകളിലേക്ക് ഇരച്ചു കയറി നിങ്ങളെ തല്ലിക്കൊല്ലുന്നതിനല്ല നിയമം ഇവിടെ പ്രാധാന്യം കൊടുക്കുന്നത് എന്നാണ് ഈ ഭരണകൂടം തെളിച്ചു പറഞ്ഞിരിക്കുന്നത്.

ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ക്ക് അടിവരയിട്ടുകൊണ്ടും തങ്ങളുടെ നിശബ്ദതയ്ക്ക് ഉറപ്പു കൂട്ടിക്കൊണ്ടുമാണ് മോദി ഇന്നലെ, പോര്‍ട്ടുഗലില്‍ കാട്ടുതീയില്‍ പെട്ട് കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ചു കൊണ്ട് ട്വീറ്റ് ചെയ്തത്. അതായത്, ആഭ്യന്തര പ്രശ്‌നങ്ങളില്‍ തനിക്ക് യാതൊരു ഉത്കണ്ഠയുമില്ലെന്നും മറിച്ച് താനൊരു ആഗോള പൗരനായെന്നുമാണ് അദ്ദേഹം പറഞ്ഞു വയ്ക്കുന്നത്. ഡാര്‍ജിലിംഗ് കത്തുന്നതിനെ കുറിച്ച് അദ്ദേഹം പരിപൂര്‍ണ നിശബ്ദനാണ്, ജനക്കൂട്ടം ആളുകളെ തല്ലിക്കൊല്ലുന്നതിനെ കുറിച്ച് അദ്ദേഹം നിശബ്ദത പാലിക്കുന്നു, കര്‍ഷക പ്രക്ഷോഭങ്ങള്‍ അദ്ദേഹം അറിഞ്ഞതായി പോലും ഭാവിക്കുന്നില്ല. ലണ്ടനില്‍ ഇപ്പോള്‍ നടന്ന ആക്രമണത്തെക്കുറിച്ച് അദ്ദേഹത്തിന്റെ ട്വീറ്റ് ഉടന്‍ പ്രതീക്ഷിക്കാം- ഇതുവരെ വന്നില്ലെങ്കില്‍. ഇങ്ങനെയാണ് മോദി ലോകത്തെ കാണുന്നത്, ഇന്ത്യയെ കാണുന്നത്. ഇവിടുത്തെ സാധാരണ മനുഷ്യരുടെ ജീവല്‍ പ്രശ്‌നങ്ങളൊന്നും അഡ്രസ് ചെയ്യേണ്ടതായ കാര്യങ്ങള്‍ പോലുമല്ലെന്നതാണ് ഇതിന്റെയൊക്കെ അടിസ്ഥാനം.

വസുന്ധരാ രാജെയുടെ ലോകം
സഫര്‍ ഹുസൈന്റേത് കൊലപാതകമാണെന്ന തെളിയിക്കുന്ന ശാസ്ത്രീയ തെളിവൊന്നുമില്ലെന്ന് പറയുന്ന ഉദയ്പൂര്‍ ഡയറക്ടര്‍ ജനറലിന്റെ ട്വീറ്റ്, റീട്വീറ്റ് ചെയ്തുകൊണ്ട് അതൊരു കൊലപാതകമല്ലെന്ന് രാജെയും വ്യക്തമാക്കിയിരിക്കുകയാണ്.

കഴിഞ്ഞ വെള്ളിയാഴ്ച പ്രതാപ്ഗഡ് ജില്ലയിലെ ജഗ്‌വാസ് കച്ചി ബസ്തിയില്‍ സ്ത്രീകള്‍ തുറന്ന സ്ഥലത്ത് പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കുന്നത് പകര്‍ത്താന്‍ ശ്രമിച്ച ഒരുകൂട്ടം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തടയുകയായിരുന്നു സി.പി.ഐ (എം.എല്‍) പ്രവര്‍ത്തകനും സാമൂഹിക പ്രവര്‍ത്തകനുമായ സഫര്‍ ഹുസൈന്‍. ഇതിനെ തുടര്‍ന്ന് ഈ ഉദ്യോഗസ്ഥര്‍ 55-കാരനായ സഫറിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു.

ഈ സംഭവത്തെക്കുറിച്ച് രാജെ ഇങ്ങനെ ട്വീറ്റ് ചെയ്തു. “പ്രതാപ്ഗഡിലെ സഫര്‍ഗാന്റെ വിയോഗം അത്യധികം ദൗര്‍ഭാഗ്യകരമാണ്. അന്വേഷണം നടക്കുകയാണ്-നീതി നടപ്പാക്കിയിരിക്കും”. എന്നാല്‍ ഇതിനെ ചോദ്യം ചെയ്തുകൊണ്ട് രാജസ്ഥാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സച്ചിന്‍ പൈലറ്റ് രംഗത്തെത്തി. “കൊലപാതകം എന്നതായിരിക്കും കൂടുതല്‍ ചേരുന്ന പേര്. അതോടൊപ്പം, മുമ്പ് ഇത്തരത്തില്‍ ജനക്കൂട്ടം കൊലപ്പെടുത്തിയ കേസുകളില്‍ ഉണ്ടായ കാര്യങ്ങള്‍ പരിശോധിച്ചാല്‍ നീതി നടപ്പാകില്ല എന്നുറപ്പിക്കാം”- രാജെയുടെ വാക്കുകള്‍ റീട്വീറ്റ് ചെയ്തു കൊണ്ട് അദ്ദേഹം വ്യക്തമാക്കി.

സഫര്‍ ഹുസൈന്‍

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ ശേഖര്‍ ഗുപ്തയും രാജെയുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തി. “ഭരണഘടനയുടെ അടിസ്ഥാനത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത ഒരു മുഖ്യമന്ത്രിക്ക് ഒരു കൊലപാതകത്തെ കൊലപാതകം എന്നു വിളിക്കാന്‍ കഴിയില്ലെങ്കില്‍, ഇത് വല്ലാത്ത കാലമാണ്”- അദ്ദേഹം പറഞ്ഞു.

മുന്‍സിപ്പല്‍ കമ്മീഷണറടക്കമുള്ള അഞ്ച് കൗണ്‍സില്‍ ഉദ്യോഗസ്ഥര്‍ പ്രതാപ്ഗഡിലെ ഒരു ചേരി പ്രദേശത്ത് ജനങ്ങള്‍ തുറസായ സ്ഥലങ്ങള്‍ കക്കൂസായി ഉപയോഗിക്കുന്നുണ്ടോയെന്നത് ക്യാമറയില്‍ പകര്‍ത്തുന്ന സമയത്താണ് സഫര്‍ ഇതിനെ എതിര്‍ത്തത്. കമ്മീഷണര്‍ അശോക് ജയിന്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും പോലീസ് ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.

തൊളിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിരന്തരം പോരാടുന്ന സഫര്‍ ഒരു ചെറിയ ഗ്രോസറി ഷോപ് നടത്തിയാണ് ജീവിക്കുന്നത്. ചേരി നിവാസികള്‍ക്കു വേണ്ടി ടോയ്‌ലറ്റുകള്‍ നിര്‍മിക്കുന്നതിന് പണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം നിരവധി തവണ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ക്ക് അപേക്ഷ നല്‍കിയിരുന്നതായി ഗ്രാമവാസികള്‍ പറയുന്നു.

തുറസായ സ്ഥലങ്ങളില്‍ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നവരുടെ ഫോട്ടോ എടുത്ത് അവരെ നാണം കെടുത്തി ഇതില്‍ പിന്തിരിപ്പിക്കാനുള്ള പദ്ധതി സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമാണ്. എന്നാല്‍ ഇത്തരത്തില്‍ ഫോട്ടോയെടുത്തും നാണം കൊടുത്തിയുമുള്ള പരിപാടി മനുഷ്യത്വവിരുദ്ധവും അപ്രായോഗികവുമാണെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. കാരണം, പാവപ്പെട്ടവര്‍ക്കും പിന്നോക്ക സമുദായങ്ങളില്‍ പെട്ട മിക്കവര്‍ക്കും അടച്ചുറപ്പുള്ള കക്കൂസുകള്‍ നിര്‍മിക്കാനുള്ള സാമ്പത്തിക ശേഷിയോ അതിനുള്ള സാഹചര്യങ്ങളോ ഇല്ല എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

യോഗിയുടെ ഉത്തര്‍ പ്രദേശില്‍
യോഗിയുടെ ഉത്തര്‍ പ്രദേശില്‍ ഓരോ ദിവസവും സ്ഥിതിഗതികള്‍ കൂടുതല്‍ ഭീതിദതമായി വരികയാണ് എന്നാണ് കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്. അതാണ് സംസ്ഥാന ബി.ജെ.പി പ്രസിഡന്റ് കൂടിയായ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. കാലിക്കടത്ത് നടത്തുന്നവര്‍ക്കെതിരെയും കശാപ്പ് ചെയ്യുന്നവര്‍ക്കെതിരെയും എന്‍.എസ്.എ പ്രയോഗിക്കുന്നതിലൂടെ അവരില്‍ ഭയം വളര്‍ത്താന്‍ കഴിയുമെന്നാണ് ദി ഹിന്ദുവിനോട് അദ്ദേഹം പറഞ്ഞത്.

“പശുവിനെയോ പശുക്കുട്ടികളെയോ കടത്തുകയോ കശാപ്പു ചെയ്യുകയോ ചെയ്യുന്നവര്‍ക്കെതിരെ എന്‍.എസ്.എ പ്രയോഗിച്ചാല്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നവരില്‍ അത് ഭയം ജനിപ്പിക്കും. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ക്ക് എന്‍.എസ്.എ പോലുള്ള നിയമങ്ങള്‍ ചുമത്തുന്നതു വഴി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇത്തരം സംഭവങ്ങളെക്കുറിച്ച് പേടിയുണ്ടാകും, ഒപ്പം കനത്ത ശിക്ഷ ലഭിക്കുമെന്നും മനസിലാകും”.

അപ്പോള്‍ മനുഷ്യരെ തല്ലിക്കൊല്ലുന്നവരുടെ കാര്യമോ? നിയമപരമായി കാലിക്കച്ചവടം ചെയ്യുന്ന സാധാരണ മനുഷ്യരുടെ കാര്യമോ? മനുഷ്യരുടെ ജനാധിപത്യ അവകാശങ്ങള്‍ക്ക് എന്താണ് വില?

പശു നമ്മുടെ ജനാധിപത്യത്തിനു മേല്‍ അതിന്റെ നാലുകാലും വിരിച്ചു നില്‍ക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍