Top

ബിഹാറിലെ പശുക്കളെ ബിജെപി എവിടെ കെട്ടിയിടും?

ബിഹാറിലെ പശുക്കളെ ബിജെപി എവിടെ കെട്ടിയിടും?
ബിഹാറില്‍ ബിജെപി നേതാക്കളുടെ വീടിന് മുന്നില്‍ പശുവിനെ കൊണ്ടുപോയി കെട്ടാനുള്ള ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ആഹ്വാനം ആളുകള്‍ പ്രാവര്‍ത്തികമാക്കി തുടങ്ങിയ ലക്ഷണമാണ്. ഒരു പ്രാദേശിക ബിജെപി നേതാവിന്റെ വീടിന് മുന്നില്‍ ആരോ പശുവിനെ കൊണ്ടുചെന്ന് കെട്ടിയിട്ടു. നേതാവ് ഇതിനോട് പ്രതികരിച്ചത് ലാലുവിനെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്താണ്. അതേസമയം പശുക്കളെ സംഭാവന ചെയ്യാന്‍ തയ്യാറുള്ളവര്‍ തനിക്ക് രേഖാമൂലം എഴുതിത്തരണമെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് നിത്യാനന്ദ് റായ് ആവശ്യപ്പെട്ടിരിക്കുന്നത്. സംഭാവനയായി ലഭിക്കുന്ന പശുക്കളെ പ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്യും. ആര്‍ജെഡിക്കാര്‍ പശുവിനെ സംഭാവന ചെയ്തത് നല്ല കാര്യമാണെന്നും എന്നാല്‍ രേഖാമൂലം എഴുതിത്തരണമെന്നുമാണ് റായ് പറഞ്ഞത്. കാരണം ഇവര്‍ ചിലപ്പോള്‍ പശുവിനെ ഞങ്ങള്‍ തട്ടിയെടുത്തു എന്ന് പറഞ്ഞ് രംഗത്ത് വരുമെന്നും റായ് കൂട്ടിച്ചേര്‍ത്തു.

ഏതായാലും ഈ പശു ഏറ്റെടുക്കല്‍ പ്രാവര്‍ത്തികമാക്കിയാല്‍ ബിജെപി കുടുങ്ങും. 2012 വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 12 കോടി 29 ലക്ഷത്തിലധികം പശുക്കളാണുള്ളത്. 2007-ലേതിനേക്കാള്‍ 6.52 ശതമാനം വര്‍ദ്ധനവ്. എട്ട് മുതല്‍ 12 വരെ പ്രായമുള്ളവ. 12 വയസിനപ്പുറം ഇന്ത്യന്‍ പശുക്കള്‍ക്ക് പാല്‍ ചുരത്താന്‍ കഴിയാറില്ല. എന്നാല്‍ 16-18 വര്‍ഷം വരെ ഇവ ജീവിക്കും. ഇത്തരം കറവ വറ്റിയ പശുക്കളെ ഇനി മുതല്‍ ബിജെപി ഓഫീസുകള്‍ക്ക് മുന്നില്‍ കെട്ടിയിടാനായിരിക്കും കൂടുതല്‍ ആളുകളും താല്‍പര്യപ്പെടുക. പശുവിനെ അറവുശാലയിലേയ്ക്ക് അയച്ചതിന്റെ പേരില്‍ തല്ലുകൊണ്ട് മരിക്കാന്‍ ആരും ആഗ്രഹിക്കുന്നുണ്ടാവില്ല. ഈ സാഹചര്യത്തില്‍ ഭൂമിയിലെ തന്നെ ഏറ്റവും വലിയ പശു ശേഖരമായിരിക്കും ബിജെപി സംരക്ഷിക്കേണ്ടി വരുക.

വ്യാഴാഴ്ചയാണ് ഒരു രസികന്‍ പ്രസംഗത്തില്‍ ലാലു ഇത്തരമൊരു ആഹ്വാനം പാര്‍ട്ടി പ്രവര്‍ത്തകരോട് നടത്തിയത്. പ്രായമായതും കറവ വറ്റിയതുമായ പശുക്കളെ ബിജെപി - സംഘപരിവാര്‍ നേതാക്കളുടെ വീടിന് മുന്നില്‍ കൊണ്ടുപോയി കെട്ടാന്‍. അവര്‍ക്ക് ശരിക്കും ഗോമാതാവിനോട് സ്‌നേഹമുണ്ടോ എന്നറിയട്ടെ എന്ന് ലാലു പറഞ്ഞു. ഗോവധം ആരോപിച്ച് രാജ്യത്ത് നടക്കുന്ന അക്രമങ്ങളും കൊലപാതകങ്ങളും ഉദ്ദേശിച്ചായിരുന്നു ലാലു ഇക്കാര്യം പറഞ്ഞത്. ബിജെപി പോഷക സംഘടനയായ കിസാന്‍ മോര്‍ച്ചയുടെ ജില്ലാ വൈസ് പ്രസിഡന്റ് ചന്ദ്രേശ്വര്‍ കുമാര്‍ ഭാരതിയ്ക്കാണ് ആദ്യ പണി കിട്ടിയത്. ആര്‍ജെഡി യൂത്ത് വൈസ് പ്രസിഡന്റ് വിദ്യാകുമാരി റായിയും ഭര്‍ത്താവ് ദേവേന്ദ്ര റായിയും അടങ്ങുന്ന സംഘമാണ് പശുവിനെ കെട്ടിയത്. വൈശാലിയിലെ ഹാജിപ്പൂര്‍ സിവില്‍ കോടതിയില്‍ ഭാരതി ഹര്‍ജി നല്‍കി. ഹാജിപ്പൂര്‍ കോടതി ഈ കേസ് ജില്ലാ കോടതിക്ക് വിട്ടു. കൊള്ളക്കും ദേഹോപദ്രവത്തിനും പരാതി നല്‍കിയിട്ടുണ്ട്. ആര്‍ജെഡി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായും 2000 രൂപ തന്റെ പോക്കറ്റില്‍ നിന്ന് പിടിച്ചു പറിച്ചതായും ഭാരതി ആരോപിക്കുന്നു.

സ്ഥലം എംഎല്‍എ ലാലുവിന്റെ മൂത്ത മകനും മന്ത്രിയുമായ തേജ് പ്രതാപ് യാദവാണ്. ആര്‍ജെഡി ഭരണകക്ഷിയായതിനാലും പൊലീസ് പ്രവര്‍ത്തിക്കുന്നത് അവരുടെ താല്‍പര്യത്തിന് അനുസരിച്ചായതിനാലും പൊലീസിനെ സമീപിച്ചില്ലെന്ന് ഭാരതി പറയുന്നു. ലാലു പ്രസാദ് യാദവ്, വിദ്യാകുമാരി റായ്, ദേവേന്ദ്ര റായ് തുടങ്ങിയവര്‍ക്കെതിരെ നടപടി വേണമെന്നാണ് ചന്ദ്രേശ്വര്‍ ഭാരതിയുടെ ആവശ്യം. അതേസമയം തങ്ങള്‍ പശുവിനെ കെട്ടിയിടുക മാത്രമാണ് ചെയ്തതെന്നും കൊള്ളയോ അക്രമമോ നടത്തിയിട്ടില്ലെന്നും ദേവേന്ദ്ര പറഞ്ഞു. പശുവിനെ സംരക്ഷിക്കുക ബിജെപിക്കാരുടെ ഉത്തരവാദിത്തമാണെന്നും ദേവേന്ദ്ര പറഞ്ഞു. പശു സംരക്ഷണത്തില്‍ ബിജെപിയുടെ ഇരട്ടത്താപ്പാണ് വ്യക്തമാകുന്നതെന്ന് ആര്‍ജെഡി വക്താവ് അശോക് സിന്‍ഹ അഭിപ്രായപ്പെട്ടു. ഒരു ഭാഗത്ത് പ്രായമായ പശുക്കളെ കൈമാറാന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ കൊണ്ടുചെന്ന് കൊടുക്കുമ്പോള്‍ കേസ് കൊടുക്കുന്നു - സിന്‍ഹ പറഞ്ഞു.

Next Story

Related Stories