TopTop
Begin typing your search above and press return to search.

ഈ 'വിശുദ്ധ പശു' രാഷ്ട്രീയം ഹൈന്ദവ വിരുദ്ധം

ഈ  വിശുദ്ധ പശു രാഷ്ട്രീയം ഹൈന്ദവ വിരുദ്ധം

ഗോവധവുമായി ബന്ധപ്പെട്ട ഏറ്റവും കര്‍ക്കശമായ നിയമങ്ങളാണ് ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിലവിലുള്ളത്. എന്നാല്‍ പശ്ചിമ ബംഗാള്‍, കേരളം, മേഘാലയ, നാഗാലാന്റ്, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഗോവധം നിരോധിച്ചിട്ടില്ല. ഒഡിഷ, അസാം, ആന്ധ്രപ്രദേശ്, തെലുങ്കാന, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലാവട്ടെ നിരോധനം സോപാധികമാണ്. പ്രസവിക്കാനോ ജോലി ചെയ്യാനോ ശേഷിയില്ലാത്ത പശുക്കള്‍ മാത്രമേ ഈ സംസ്ഥാനങ്ങളില്‍ 'അറവിന് യോഗ്യത' നേടൂ.

രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ (ആര്‍എസ്എസ്) മാതൃകയിലുള്ള ആക്രമണോത്സുകമായ ഹിന്ദുത്വവാദി ദേശീയതയുടെ രാഷ്ട്രീയ പ്രകടനമാണ് 1980കള്‍ക്ക് ശേഷമുള്ള അതിന്റെ ശ്രദ്ധേയമായ ഉയര്‍ച്ചയ്ക്ക് കാരണമെന്ന് മൂന്ന് വര്‍ഷമായി കേന്ദ്രത്തില്‍ അധികാരത്തിലുള്ള ഭാരതീയ ജനത പാര്‍ട്ടിക്ക് അറിയാം. അതുകൊണ്ടുതന്നെ ഇത്രയും കാലം യാതൊരു സാധ്യതയുമില്ലാതിരുന്ന സംസ്ഥാനങ്ങളില്‍ പോലും അധികാരം പിടിക്കുന്നതിന്റെ ഭാഗമായി, രാജ്യത്ത് അങ്ങോളമിങ്ങോളം യാതൊരു നൈതികതയും ഇല്ലാതെ അറവ് നിരോധിക്കാനുള്ള നീക്കങ്ങളുമായി ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുന്നു. 1960ലെ മൃഗങ്ങളോടുള്ള ക്രൂരത നിരോധിക്കല്‍ നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് സര്‍ക്കാര്‍ ഇത് സാധ്യമാക്കിയിരിക്കുന്നത്. കമ്പോളങ്ങളില്‍ അറവിനായി കന്നുകാലികളെ വില്‍ക്കാന്‍ പാടില്ല എന്ന പുതിയ നിയമം ഫലത്തില്‍ ഇന്ത്യയിലെ കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് അവസാനിപ്പിക്കുന്നതായി മാറുന്നു.

പാര്‍ട്ടി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളുടെയും കേന്ദ്ര സര്‍ക്കാരിന്റെയും പിന്തുണയോടെ ബിജെപി ഗോരക്ഷകര്‍ എന്ന പേരില്‍ മറ്റൊരു തരത്തിലുള്ള ഭീകരവാദത്തിന് (aatankwad) തുടക്കം കുറിച്ചിട്ടുണ്ട്. ഗോതങ്കവാദം (gautankwad) എന്ന് വിശേഷിപ്പിക്കാവുന്ന ഈ പ്രവണത, മുസ്ലീങ്ങളെയും ദളിതരെയും ഭീഷണിപ്പെടുത്തുകയും അക്രമം അഴിച്ചുവിടുകയും ചെയ്യുന്ന ഹിന്ദുത്വ രാഷ്ട്രീയ സംസ്‌കാരത്തിന് അനുസൃതമായത് തന്നെയാണ്. പശുവിന് ദോഷം വരുത്തുന്ന ആരെയും തൂക്കിലേറ്റുമെന്നാണ് ഛത്തീസ്ഗഢിലെ ബിജെപി മുഖ്യമന്ത്രി രമണ്‍ സിംഗ് ഭീഷണിപ്പെടുത്തുന്നത്. ലോകത്തെ ആത്മീയ, ധാര്‍മ്മിക അധഃപതനത്തില്‍ നിന്നും രക്ഷിക്കുന്നതിനായാണ് പശുവിനെ സംരക്ഷിക്കേണ്ടത് എന്നാണ് ഗുജറാത്ത് മുഖ്യമന്ത്രി പറയുന്നത്! കാലിച്ചന്തയില്‍ നിന്നും വാങ്ങിയ കാളകളുമായി പോവുകയായിരുന്ന പെഹ്ലു ഖാനെ ഗോരക്ഷകര്‍ എന്ന് വിളിക്കപ്പെടുന്ന ആളുകള്‍ തല്ലിക്കൊന്നപ്പോള്‍, പശുവിനെ അറക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിക്കൊണ്ട് ഒരു രാജസ്ഥാന്‍ സംസ്ഥാനമന്ത്രി പരസ്യമായി കൊലപാതകികള്‍ക്ക് അനുകൂലമായി രംഗത്തെത്തി. ആക്രമണത്തില്‍ പരിക്കേറ്റ പെഹ്ലു ഖാന്‍ പിന്നീട് മരിക്കുകയായിരുന്നു. മനുഷ്യരെ ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്നതിനേക്കാള്‍ വലിയ പാതകമായി പശുവിനെ കൊല്ലുന്നത് മാറുന്നു എന്ന് വേണം അനുമാനിക്കാന്‍.

മതപരമായ പരിഗണനകള്‍ വച്ച് പശുവിനെ സംരക്ഷിക്കാന്‍ ഭരണഘടന അനുമതി നല്‍കുന്നില്ലെന്ന് തിരിച്ചറിയാവുന്ന കോടതി പോലും (ഭരണഘടനയുടെ 48-ാം വകുപ്പിലെ നിര്‍ദ്ദേശക തത്വങ്ങള്‍ പ്രകാരം കൃഷിയെയും കന്നുകാലി വളര്‍ത്തലിനെയും പ്രതികൂലമായി ബാധിക്കുന്ന സ്ഥലങ്ങളില്‍ മാത്രമാണ് ഗോവധ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്) 2005ല്‍ പശുവിനെയും അതിന്റെ സന്തതി പരമ്പരകളെയും കശാപ്പ് ചെയ്യുന്നതിനെ അനുകൂലിച്ചു. പ്രജനനത്തിനും തൊഴിലിനും ഉപകാരപ്പെടാതിരിക്കുമ്പോഴും ചാണകവും ഗോമൂത്രവും ബയോഗ്യാസും മരുന്നുകളും ഉല്‍പാദിപ്പിക്കാന്‍ ഉത്തമമാണ് എന്നായിരുന്നു ഏഴംഗ ബഞ്ച് കണ്ടെത്തിയത്. ഈ വിധിന്യായത്തില്‍ 'ഗോമാതാവ്' എന്ന ഭക്തിയില്‍ അധിഷ്ടിതമായ ഹിന്ദുമതഭക്തി സ്വാധീനം ചെലുത്തിയിട്ടില്ലെന്ന് ആര്‍ക്കെങ്കിലും ആത്മാര്‍ത്ഥയോടെ പറയാന്‍ സാധിക്കുമോ?

പാലുല്‍പ്പാദിപ്പിക്കാനും ഭാരം വലിക്കാനും ശേഷിയില്ലാത്ത കന്നുകാലികളെ പോറ്റുന്നത് വിഭവങ്ങളുടെ ധൂര്‍ത്താണെന്ന് മാത്രമല്ല (ഉദാഹരണത്തിന് കാലിത്തീറ്റ) അവയെ പതിയെ മരണത്തിലേക്ക് തള്ളിവിട്ടുകൊണ്ട് നിരവധി ആളുകളെ അവരുടെ ജീവനോപാദികളില്‍ നിന്നും മുഖ്യാഹാരത്തില്‍ നിന്നും അകറ്റിനിറുത്തുകയും അല്ലെ ചെയ്യുന്നത്? സ്വന്തം വരുമാനത്തിനകത്ത് നിന്നുകൊണ്ട് ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മാംസാഹാരം ഭക്ഷിക്കാനുള്ള ദളിതരുടെയും ആദിവാസികളുടെയും മുസ്ലീങ്ങളുടെയും ക്രിസ്ത്യാനികളുടെയും സിഖുകാരുടെയും എന്തിന് ഹിന്ദുക്കളിലെ പ്രബല വിഭാഗത്തിന്റെ തന്നെയും അവകാശങ്ങളെ ഹനിക്കുകയല്ലേ ഈ നിരോധനം നിര്‍വഹിക്കുന്നത്? എന്ന് മാത്രമല്ല ഭരണഘടനയുടെ 48-ാം വകുപ്പില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന നയരൂപീകരണത്തിന് ഉതകുന്ന തരത്തിലല്ല മൃഗങ്ങളോടുള്ള ക്രൂരത നിരോധിക്കല്‍ നിയമ പ്രകാരമുള്ള പുതിയ ചട്ടങ്ങള്‍ എന്നും കാണാം.

വിശ്വാസങ്ങളുടെയും ഭക്തിയുടെയും ഒരു കൂടിച്ചേരല്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഹൈന്ദവതയ്ക്ക് അപ്പുറം, ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനാണ് ഇപ്പോള്‍ അധികാരത്തിലിരിക്കുന്ന ബിജെപിയും അവരുടെ പ്രധാനമന്ത്രിയും ശ്രമിക്കുന്നത്. സമ്പൂര്‍ണ രാഷ്ട്രീയ അധികാരം പിടിച്ചെടുക്കുകയും അവര്‍ വിശേഷിപ്പിക്കുന്ന ഹൈന്ദവത നടപ്പിലാക്കുകയും ചെയ്യാനാണ് അവര്‍ ശ്രമിക്കുന്നത്. ജീവനോപാദികളിലും ജീവിതചര്യകളിലും അവര്‍ വ്യഖ്യാനം ചെയ്യുന്ന ഹൈന്ദവത സ്വീകരിക്കാന്‍ താല്‍പര്യമില്ലാത്തവരെ ഒഴിവാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് മൃഗങ്ങള്‍ക്കെതിരായ ക്രൂരത നിരോധിക്കല്‍ നിയമപ്രകാരമുള്ള പുതിയ ഭേദഗതികള്‍. അതേ സമയം തന്നെ ഹിന്ദു വികാരങ്ങളെ ചൂഷണം ചെയ്തുകൊണ്ട് ഇത്തരം നടപടികളിലൂടെ ഭൂരിപക്ഷ പൊതു അഭിപ്രായത്തെ വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളിലും 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലും തങ്ങള്‍ക്ക് മേല്‍ക്കൈ നേടാനുള്ള ആയുധമാക്കി മാറ്റാമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു.

പുതിയ മൃഗസംരക്ഷണ നിയമം കോടതികളില്‍ ഭരണഘടന വിരുദ്ധമാണെന്ന് തെളിയിക്കപ്പെടാനും അതുവഴി റദ്ദാക്കപ്പെടാനുമുള്ള സാധ്യത ഒഴിവാക്കാനാവില്ല. പക്ഷെ, വേദസംസ്‌കാരത്തിന്റെ ആഢ്യത്വം പുനഃസ്ഥാപിക്കാനുള്ള 'നമ്മുടെ' പാതയെ കോടതികള്‍ തടസപ്പെടുത്തിയെന്ന് ഭൂരിപക്ഷം ഹിന്ദുക്കളോട് ബിജെപി വിശദീകരിക്കും! എന്നാല്‍ വേദ, വേദാനന്തര നൂറ്റാണ്ടുകളില്‍ പശു പുണ്യമൃഗമായി കരുതപ്പെട്ടിരുന്നില്ല എന്നതാണ് വിഷയത്തിലെ ഏറ്റവും പ്രസക്തമായ കാര്യം. കന്നുകാലികളെ കൊല്ലുന്നതും മൂരിയിറച്ചി കഴിക്കുന്നതും അന്നൊന്നും ധാര്‍മ്മികമോ 'നിയമപരമോ' ആയ ലംഘനങ്ങളില്‍ പെട്ടിരുന്നില്ല. 1500 ബിസിക്കും 600 ബിസിക്കും ഇടയില്‍ 'ഇന്ത്യയില്‍' മൂരിയിറച്ചി കഴിക്കുന്നത് അതിസാധാരണമായിരുന്നു എന്ന് ചരിത്രം പറയുന്നു. ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ ദഹിക്കാത്ത ഹിന്ദുത്വവാദികള്‍ ഹൈന്ദവതയുടെ ചരിത്രത്തിലെ ഭാഗങ്ങള്‍ സൗകര്യപൂര്‍വം മായ്ച്ചുകളയുന്നു. യഥാര്‍ത്ഥത്തില്‍, മൃഗസംരക്ഷണ നിയമത്തിലെ പുതിയ വ്യാഖ്യാനങ്ങള്‍ ഭരണഘടന വിരുദ്ധമാണ് എന്ന് മാത്രമല്ല ഹൈന്ദവ വിരുദ്ധം കൂടിയാണ്.


Next Story

Related Stories