Top

ഋതബ്രത ബാനര്‍ജി പുറത്ത്; യെച്ചൂരി - കാരാട്ട് ഭിന്നതയില്‍ പക്ഷം പിടിക്കാന്‍ ഋതബ്രതയുടെ ശ്രമം

ഋതബ്രത ബാനര്‍ജി പുറത്ത്; യെച്ചൂരി - കാരാട്ട് ഭിന്നതയില്‍ പക്ഷം പിടിക്കാന്‍ ഋതബ്രതയുടെ ശ്രമം
പാര്‍ട്ടി കേന്ദ്ര നേതൃത്വത്തേയും നേതാക്കളെ വ്യക്തിപരമായും അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളും പൊളിറ്റ് ബ്യൂറോയില്‍ മുസ്ലീം സംവരണമെന്ന വര്‍ഗീയ പരാമര്‍വും നടത്തിയ രാജ്യസഭ എംപി ഋതബ്രത ബാനര്‍ജിയെ സിപിഎം പുറത്താക്കി. ഒരു ബംഗാളി ടിവി ചാനലായ എബിപി ആനന്ദയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഋതബ്രതയുടെ വിവാദ പരാമര്‍ശങ്ങള്‍. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടേയും പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടിന്റേയും നേതൃത്തിലുള്ള രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ വലിയ അഭിപ്രായഭിന്നതയും സംഘര്‍ഷവുമുണ്ടെന്നും ഇതിന്‍റെ ഭാഗമായി ഉടലെടുത്ത വിഭാഗീയതയെ ഋതബ്രതയുടെ പുറത്താക്കല്‍ ശക്തിപ്പെടുത്തുമെന്നുമാണ് ദ ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നത്.

താന്‍ പ്രകാശ് കാരാട്ടിനേയും ബൃന്ദ കാരാട്ടിനേയുമാണ് എതിര്‍ക്കുന്നതെന്നും പാര്‍ട്ടിയെ അല്ലെന്നുമാണ് ഋതബ്രത പറയുന്നത്. ഒരു വിഭാഗത്തിന്റെ ആളായി സ്വയം ചിത്രീകരിക്കുകയും ചെയ്യുന്നു. കാരാട്ടിന്റെ നേതൃത്വത്തിലുള്ള വിഭാഗം ബംഗാളികള്‍ക്ക് എതിരാണെന്നാണ് ഋതബ്രത പറയുന്നത്. തനിക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത അന്വേഷണ കമ്മീഷന്‍ അദ്ധ്യക്ഷനും പിബി അംഗവുമായ മുഹമ്മദ് സലീം, കാരാട്ട് ഗ്രൂപ്പിന്റെ ഏജന്റാണെന്നും മുസ്ലീം സംവരണമുള്ളത് കൊണ്ടാണ് സലീം പിബിയിലെത്തിയതെന്നും ഋതബ്രത പറഞ്ഞിരുന്നു. ഋതബ്രത നടപടി ചോദിച്ചുവാങ്ങുകയായിരുന്നുവെന്നും പാര്‍ട്ടി നേതൃത്വത്തിന് ഇക്കാര്യത്തില്‍ ഇനി വേറെ ഒന്നും ചെയ്യാനില്ലെന്നും ചില കേന്ദ്രനേതാക്കള്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു. സംസ്ഥാന കമ്മിറ്റി അംഗമാണ് ഋതബ്രത ബാനര്‍ജി. ഇക്കാര്യത്തില്‍ കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരം ആവശ്യമില്ല.

നേരത്തെ ആഡംബര ജീവിത്തിന്റേയും അച്ചടക്കലംഘനങ്ങളുടേയും പേരില്‍ പശ്ചിമബംഗാള്‍ സംസ്ഥാന കമ്മിറ്റി അദ്ദേഹത്തെ മൂന്ന് മാസത്തേയ്ക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. മുഹമ്മദ് സലീമിന്റെ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ട് അംഗീകരിച്ചായിരുന്നു നടപടി. കങ്കാരു കമ്മീഷന്‍ എന്നാണ് ഋതബ്രത പരിഹാസപൂര്‍വം ഇതിനെ വിളിച്ചത്. അതേസമയം യെച്ചൂരിയെ അനുകൂലിക്കുന്നതായി പറയുകയും കോണ്‍ഗ്രസ് ബന്ധത്തിലും യെച്ചൂരിയുടെ രാജ്യസഭ സീറ്റ് സംബന്ധിച്ചും കേന്ദ്ര നേതൃത്വവുമായി രൂക്ഷമായ അഭിപ്രായ ഭിന്നത പുലര്‍ത്തുകയും ചെയ്ത ബംഗാള്‍ നേതൃത്വം തന്നെയാണ് ഋതബ്രതയ്‌ക്കെതിരെ നടപടി എടുത്തിരിക്കുന്നത് എന്നതിനാല്‍, ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്ന തരത്തില്‍ ഇത് എത്രത്തോളം യെച്ചൂരി - കാരാട്ട് അഭിപ്രായ ഭിന്നതകളേയോ വിഭാഗീയതയേയോ ബാധിക്കും എന്ന സംശയമുയരുന്നുണ്ട്.

ബംഗാള്‍ പാര്‍ട്ടി നേതൃത്വത്തില്‍ ഋതബ്രതയ്ക്ക് ഏറ്റവും അടുപ്പമുണ്ടായിരുന്ന മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ 2011ലെ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ഏറെക്കുറെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നില്‍ക്കുകയാണ്. പാര്‍ട്ടിയുമായി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയ പ്രശ്‌നങ്ങളിലൊന്നും അദ്ദേഹം പ്രതികരിക്കുന്നുമില്ല. സംസ്ഥാന സെക്രട്ടറി സൂര്‍ജ്യകാന്ത മിശ്ര നേരത്തെ ഋതബ്രതയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. പിബിയില്‍ മുസ്ലീം സംവരണമെന്ന വര്‍ഗീയ പരാമര്‍ശം നടത്തുകയും ബംഗാളി പ്രാദേശികവാദം ഉയര്‍ത്തി നേതാക്കളെ വ്യക്തിപരമായി അധിക്ഷേപിക്കുകയും ബംഗാള്‍ ഘടകത്തിന്‍റെ പിന്തുണയില്ലാത്തയാളുമായ ഋതബ്രതയെ പുറത്താക്കിയത് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തില്‍ നിലവിലുള്ള രൂക്ഷമായ അഭിപ്രായ ഭിന്നതയേയും വിഭാഗീയതയേയും ശക്തിപ്പെടുത്താന്‍ സാധ്യതയില്ല. മാത്രമല്ല, ഋതബ്രത ബിജെപിയിലേക്ക് പോകാന്‍ ഒരുങ്ങുന്നതായി ബംഗാള്‍ പാര്‍ട്ടി വൃത്തങ്ങളില്‍ സംസാരമുണ്ട് താനും. താന്‍ മറ്റൊരു പാര്‍ട്ടിയിലും ചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ഋതബ്രത പറയുന്നതെങ്കിലും മുസ്ലീം സംവരണ പരാമര്‍ശം ഈ അഭ്യൂഹത്തെ ബലപ്പെടുത്തുന്നുണ്ട്.

Next Story

Related Stories