റാഫേലിൽ പിടിക്കപ്പെടുമെന്ന ഭീതി പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിടികൂടിക്കഴിഞ്ഞുവെന്ന് കോണ്ഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രധാനമന്ത്രിക്ക് ഇപ്പോൾ ഉറക്കമില്ലാത്ത രാത്രികളാണ്. റാഫേൽ കരാറിൽ അന്വേഷണം നടന്നാൽ മോദി അതിനെ അതിജീവിക്കാൻ പോകുന്നില്ല. ഇതുറപ്പാണ്. സിബിഐ ഡയറക്ടർ അലോക് വർമയെ നീക്കിയതിനു പിന്നിൽ അദ്ദേഹം ഈ കേസ് അന്വേഷിക്കാൻ ആഗ്രഹിച്ചിരുന്നു എന്നതാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
അനിൽ അംബാനിക്ക് 30,000 കോടി രൂപ വാങ്ങിക്കൊടുക്കാമെന്ന് മോദി മുൻകൈയെടുത്താണ് കരാറുണ്ടാക്കിയതെന്ന് രാഹുൽ പറഞ്ഞു. റാഫേൽ കരാറിൽ ഒരു സംയുക്ത പാർലമെന്ററി കമ്മറ്റി സ്ഥാപിക്കുന്നതിനെ അനുകൂലിക്കുമോ എന്ന ചോദ്യത്തിന് തങ്ങൾക്ക് സന്തോഷമേയുള്ളൂവെന്ന് രാഹുൽ പറഞ്ഞു.
ഡാസ്സോൾട്ട് സിഇഒ എറിക് ട്രാപ്പിയർ പറയുന്നതെല്ലാം പച്ചക്കള്ളമാണെന്നും രാഹുൽ ആരോപിച്ചു. നേരത്തെ ഡോസ്സോൾട്ട് എച്ച്എഎല്ലിന് അനുബന്ധ കരാർ നൽകാതിരുന്നതിന് കാരണമായി പറഞ്ഞിരുന്നത് അനിൽ അംബാനിയുടെ പക്കൽ പദ്ധതി നടത്തിപ്പിനാവശ്യമായ ഭൂമിയുണ്ടായിരുന്നു എന്നാണ്. എന്നാൽ ഇപ്പോൾ പുറത്തുവരുന്നത് ഡാസ്സോൾട്ട് നൽകിയ പണമുപയോഗിച്ചാണ് അനിൽ ഭൂമി വാങ്ങിയതെന്നാണെന്ന് അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് ഡാസ്സോൾട്ട് നഷ്ടത്തിലുള്ള ഒരു കമ്പനിയിൽ 284 കോടി രൂപ നിക്ഷേപിച്ചതെന്നും രാഹുൽ ആരാഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും അനിൽ അംബാനിയും തമ്മിലുള്ള പങ്കാളിത്തമാണ് ഈ കരാർ.
ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ, പദ്ധതി നടപ്പാക്കാനുള്ള ഭൂമി കൈവശമുള്ളതിനാലാണ് അനിൽ അംബാനിക്ക് തങ്ങൾ അനുബന്ധ കരാർ നൽകിയതെന്ന് ഡാസ്സോൾട്ട് സിഇഒ എറിക് ട്രാപ്പിയർ പറഞ്ഞിരുന്നു.
നാഗ്പൂരില് ഡാസ്സോൾട്ടുമായി ചേർന്ന് അനിൽ അംബാനി തുടങ്ങാനിരിക്കുന്ന കമ്പനിക്ക് ഭൂമി വാങ്ങിയത് ഡാസ്സോൾട്ടിന്റെ പണം ഉപയോഗിച്ചാണെന്ന് വ്യക്തമാക്കുന്ന രേഖകളോട് കഴിഞ്ഞദിവസം ദി വയറിന്റെ റിപ്പോർട്ട് വന്നതിന്റെ പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ പ്രസ്താവന. ഈ പണം അനിൽ അംബാനിയുടെ ഒരു കടലാസ്സ് കമ്പനിയിലൂടെയാണ് എത്തിയതെന്നും റിപ്പോർട്ട് വിശദീകരിച്ചിരുന്നു.
https://www.azhimukham.com/india-rafale-anil-ambani-company-made-rs-284-crore-profit-dassault-investment/