TopTop
Begin typing your search above and press return to search.

മി. വി.സി; എന്തുപഠിക്കണമെന്ന് വിദ്യാര്‍ഥികള്‍ക്കറിയാം, എങ്ങനെ യുദ്ധം ചെയ്യണമെന്ന് പട്ടാളക്കാര്‍ക്കും

മി. വി.സി; എന്തുപഠിക്കണമെന്ന് വിദ്യാര്‍ഥികള്‍ക്കറിയാം, എങ്ങനെ യുദ്ധം ചെയ്യണമെന്ന് പട്ടാളക്കാര്‍ക്കും

കഴിഞ്ഞ കുറെക്കാലമായി ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല നിരവധി കാരണങ്ങളാല്‍ വാര്‍ത്തകളില്‍ നിറയുന്നുണ്ട്. ക്യാമ്പസില്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി എന്നാരോപിച്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതാണ് അതില്‍ പ്രധാനപ്പെട്ട ഒന്ന്. ക്യാമ്പസിലെ പ്രധാനപ്പെട്ട സ്ഥലത്ത് സ്ഥാപിക്കാന്‍ ഒരു പട്ടാള ടാങ്ക് വേണമെന്ന് വൈസ് ചാന്‍സലര്‍ എം. ജഗദേഷ് കുമാര്‍ കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്‍, ജനറല്‍ വി.കെ സിംഗ് എന്നിവരോട് ആവശ്യപ്പെട്ടതാണ് ഇത്തരത്തിലുള്ള നടപടികളിലെ അവസാനത്തേത്. സൈനിക കുടുംബങ്ങളെ ഉള്‍പ്പെടുത്തി ക്യാമ്പസില്‍ ആദ്യമായി കാര്‍ഗില്‍ വിജയ് ദിവസ് ഇത്തവണ ആഘോഷിച്ചതും ഇത്തവണയാണ്. ദേശസ്‌നേഹം വളര്‍ത്താനും പട്ടാളക്കാരെക്കുറിച്ച് മതിപ്പുണ്ടാക്കാനുമായി ജെ.എന്‍.യുവില്‍ എന്‍.സി.സി യൂണിറ്റ് തുടങ്ങുന്നു എന്നതാണ് മറ്റൊരു വാര്‍ത്ത.

വിദ്യാര്‍ത്ഥികളില്‍ ദേശസ്‌നേഹം കുത്തിച്ചെലുത്തുകയല്ല ഒരു വൈസ് ചാന്‍സലറുടെ പണി. അതോടൊപ്പം, ഒരു സര്‍വകലാശാലയില്‍ പട്ടാള ടാങ്ക് സ്ഥാപിക്കുന്നതു വഴിയല്ല അത് ചെയ്യേണ്ടതും. നിലവിലുള്ള സാഹചര്യങ്ങള്‍ തന്നെ പരിശോധിക്കുക: നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യം മൂലം ഏറെ കഷ്ടപ്പെടുന്ന അവസ്ഥ അവിടെ നിലനില്‍ക്കുന്നുണ്ട്. ഗവേഷണത്തിനുള്ള സീറ്റുകള്‍ ഭൂരിഭാഗവും വെട്ടിക്കുറച്ചു. എന്നാല്‍ വി.സിയെ സംബന്ധിച്ചിടത്തോളം ഇതേതെങ്കിലും വിധത്തില്‍ ആശങ്കയുളവാക്കുന്നതായി കാണുന്നില്ല.

സൈനിക വിജയങ്ങള്‍ ആഘോഷിക്കേണ്ടത് അതാത് മേഖലകളുമായി ബന്ധപ്പെട്ടവര്‍ക്കിടയില്‍ ആവണം, രാഷ്ട്രീയക്കാര്‍ക്കുമാവാം, താത്പര്യമുണ്ടെങ്കില്‍ പൊതുജനങ്ങള്‍ക്കും. എന്നാല്‍ അത് ഒരിക്കലും അക്കാദമിക് മേഖലയിലാവരുത്.

ദേശസ്‌നേഹം എന്നുള്ളത് ഒരാളേയും നിര്‍ബന്ധിച്ചോ പട്ടാള ചിഹ്നഹ്‌നങ്ങള്‍ പ്രദര്‍ശിപ്പിച്ചോ ഉണ്ടാക്കിയെടുക്കേണ്ട ഒന്നല്ല. വൈസ് ചാന്‍സലറുടെ പുതിയ നടപടികള്‍ ക്യാമ്പസിനെ വീണ്ടും പ്രക്ഷോഭത്തിലേക്ക് തള്ളിവിടാനും വിദ്യാര്‍ത്ഥികളുടെ എതിര്‍പ്പ് ഉണ്ടാക്കാനും മാത്രമേ ഉപകരിക്കൂ. ദേശീയപതാക ഉയരത്തില്‍ പറത്തിയതു കൊണ്ടോ തീയേറ്ററില്‍ ദേശീയഗാനം പ്രദര്‍ശിപ്പിച്ചോ ഉണ്ടാക്കിയെടുക്കുന്നതാണ് ദേശസ്‌നേഹം എന്നുള്ള ധാരണ രാജ്യത്തെ ഏറ്റവും മികച്ച സര്‍വകലാശാലകളിലൊന്നായ ജെ.എന്‍.യുവിന്റെ അക്കാദമിക് പാരമ്പര്യത്തെയും സ്വതന്ത്ര സ്വഭാവത്തേയും മുഴുവന്‍ വെല്ലുവിളിക്കുന്ന രീതിയില്‍ ഓരോ ദിവസവും കൂടി വന്നുകൊണ്ടിരിക്കുകയാണ്.

നമ്മുടെ പൊതുജീവിതത്തില്‍ വിദ്യാര്‍ത്ഥികള്‍ കാണുന്ന ധാര്‍മികതകളുടേയും മൂല്യങ്ങളുടേയും അളവാണ് യഥാര്‍ത്ഥത്തില്‍ ഒരാള്‍ക്ക് രാജ്യത്തെക്കുറിച്ചുള്ള സ്‌നേഹവും അഭിമാനവും ഉണ്ടാക്കുന്നത്. സൈനിക ഉപകരണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതു വഴി ഇത്തരം കാര്യങ്ങള്‍ ഉണ്ടാക്കിയെടുക്കാം എന്നു കരുതുന്നത് ഭരണകൂടം നടത്തുന്ന സ്വേച്ഛാധികാരത്തിന്റെ ഒരു മുഖമാണ്. ജനാധിപത്യത്തില്‍ അത്തരം അതിതീവ്ര ദേശീയതയ്ക്കും അതിതീവ്ര ദേശീയവാദികള്‍ക്കും സ്ഥാനമില്ല, മറിച്ച് ഏതൊരു ഭരണഘടനയെ അടിസ്ഥാനമാക്കിയാണോ ഒരു രാജ്യം നിലനില്‍ക്കുന്നത് ആ ഭരണഘടനയോട് കൂറുള്ള ഏതൊരാളുമാണ് ആ രാജ്യത്ത് ജീവിക്കാന്‍ അര്‍ഹരായ യഥാര്‍ത്ഥ പൗരന്മാര്‍.

ദേശീയത കുത്തിച്ചെലുത്തുന്ന രീതിയിലുള്ള ഏതെങ്കിലും വിധത്തിലുള്ള രാഷ്ട്രീയ പദ്ധതികളല്ല ഒരു വിദ്യാഭ്യാസ സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം അഭിലഷണീയം. അങ്ങനെ ചെയ്യുന്നതു വഴി വൈസ് ചാന്‍സലര്‍ അദ്ദേഹത്തിന്റെ പദവിയേയും ഒപ്പം, ആ സ്ഥാപനത്തിന്റെ വിശ്വാസ്യതയുമാണ് തകര്‍ക്കുന്നത്.

ഒരു രാജ്യത്തിന്റെ വലിപ്പവും മഹത്വവും അളക്കുന്നത് അതിന്റെ സൈനിക ശക്തിയുടെ മാത്രം അടിസ്ഥാനത്തിലല്ല. അതുപോലെ ദേശീയത എന്നത് യുദ്ധത്തിന്റെ ചിഹ്‌നങ്ങള്‍ ചേര്‍ത്തുള്ള ആക്രോശങ്ങളുമല്ല. ഏറ്റവും സമഗ്രവും ആധുനികവുമായ വിദ്യാഭ്യാസ നയങ്ങള്‍ രൂപീകരിക്കുന്നതു വഴി രാജ്യത്തിനും അതിനു പുറത്ത് മാനവരാശിക്കും നല്‍കുന്ന സംഭാവനയ്ക്ക് രാഷ്ട്ര നിര്‍മാണത്തില്‍ യുദ്ധ ആക്രോശങ്ങളേക്കാള്‍ മൂല്യമുണ്ട്. അതിന് നേതൃത്വം നല്‍കേണ്ടവരാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍.

അതുകൊണ്ടു തന്നെ കേന്ദ്ര മാനവശേഷി മന്ത്രാലയം ഇക്കാര്യത്തില്‍ വ്യക്തവും സുതാര്യവുമായ നയങ്ങള്‍ അനുവര്‍ത്തിക്കേണ്ടതുണ്ട്. ഇന്ത്യന്‍ സൈന്യം അവരുടെ നേട്ടങ്ങള്‍ ഏതു രീതിയില്‍ പ്രദര്‍ശിപ്പിക്കണമെന്നും ആഘോഷിക്കണമെന്നുമൊക്കെ നല്ല ധാരണയുള്ള പ്രൊഫഷണല്‍ സംഘമാണ്. അക്കാദമിക് സ്ഥാപനങ്ങളിലെ രാഷ്ട്രീയ പദ്ധതികളിലേക്ക് അവരെ കൂടി വലിച്ചിഴയ്ക്കുന്നത് സൈന്യത്തിന്റെ പ്രതിച്ഛായയ്ക്കും മോശമായ കാര്യമാണ്.

എന്തായാലും അതിതീവ്ര ദേശീയതുടെ വിളനിലങ്ങളായി നമ്മുടെ സര്‍വകലാശാലകളെ മാറ്റിയെടുക്കാനുള്ള പദ്ധതികള്‍ ബാധിക്കുക നിരവധി തലമുറകളെയായിരിക്കും എന്നതില്‍ സംശയമില്ല.


Next Story

Related Stories