പുതിയ ഇന്ത്യയുടെ ബഹളങ്ങളില്ലാത്ത മരണപ്രഖ്യാപനം കോടാനുകോടി ശബ്ദതരംഗങ്ങളും ദശലക്ഷക്കണക്കിന് പരാമര്‍ശങ്ങളും വേര്‍തിരിച്ചറിയാനുള്ള നമ്മുടെ ശേഷിയെ മുക്കിക്കളഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് കപടമായ ഒരു രാഷ്ട്രീയ ക്രമത്തിന്റെ വിലാപങ്ങളില്ലാത്ത മരണം നാം ശ്രദ്ധിക്കാതെ പോയത്. നിര്‍ലജ്ജവും നൃശംസനീയവുമായ ഒരു തിരഞ്ഞെടുപ്പ് പ്രചാരണവും തിരഞ്ഞെടുപ്പുമാണ് കര്‍ണാടകയില്‍ അവസാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മാനവും വ്യക്തിത്വവുമെല്ലാം കര്‍ണാടകയിലെ തിരഞ്ഞെടുപ്പിലാണ് എന്ന മട്ടില്‍ ഇറങ്ങിയപ്പോള്‍ വീണ്ടും പ്രാദേശിക അസംതൃപ്തികളും മേഖലയിലെ വികാരങ്ങളും എന്നതിലേറെ ഒരു സംസ്ഥാന തിരഞ്ഞെടുപ്പ് മാറി. മാത്രവുമല്ല ന്യൂഡല്‍ഹി കേന്ദ്രമാക്കിയ മാധ്യമങ്ങള്‍ അയാളുടെ ഓരോ വര്‍ത്തമാനവും പൊലിപ്പിച്ചും പെരുപ്പിച്ചും കാണിച്ചു. മെയ് 15-ന്റെ അവസാന ഫലം എന്തായാലും, ബംഗളൂരുവില്‍ ആര് സര്‍ക്കാരുണ്ടാക്കിയാലും, കര്‍ണാടക തിരഞ്ഞെടുപ്പ് പതിപ്പിന്റെ അന്തിമ ഫലം 'പുതിയ ഇന്ത്യ'യുടെ ബഹളങ്ങളില്ലാത്ത ശവമടക്കാണ്. മറ്റൊരു തരത്തില്‍ മുറിവേല്‍പ്പിക്കുന്ന, കോലാഹലഭരിതമായ പ്രചാരണങ്ങള്‍ക്കിടയില്‍ രണ്ടു വസ്തുതകള്‍- രണ്ടും സ്ഥാപനങ്ങള്‍ക്ക് മേലുള്ള കടുത്ത ആക്രമണങ്ങള്‍ - ശ്രദ്ധിക്കാതെ പോയി.
ഒന്ന്, കാവേരി നദീജല തര്‍ക്കം കൈകാര്യം ചെയ്തത് സംബന്ധിച്ച സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാതിരുന്ന കേന്ദ്രത്തിന്റെ നടപടിയാണ്. 1950ന് ശേഷം ഒരു കേന്ദ്ര സര്‍ക്കാര്‍ കോടതിയെ ഇത്ര ധിക്കാരത്തോടെ വെല്ലുവിളിക്കുന്നത് ഇതാദ്യമായാകും. കുറച്ചാഴ്ച്ചകള്‍ക്ക് മുമ്പാണ് പുതിയ ഇന്ത്യയുടെ പ്രവാചകന് ലണ്ടനില്‍ തന്റെ പ്രവാസി ആരാധകര്‍ക്ക് മുന്നില്‍, 2019-നേക്കുറിച്ച് താന്‍ ആശങ്കപ്പെടുന്നില്ലെന്നും ഭാരതമാതാവിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് താനിപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്നും ഘോഷിച്ചത്; പക്ഷേ കുറച്ചാഴ്ച്ച കഴിഞ്ഞപ്പോളേക്കും ഭരണഘടന പദവിയിലുള്ള അറ്റോണി ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചത്, പ്രധാനമന്ത്രിയും മറ്റ് മന്ത്രിമാരും കര്‍ണാടക തെരഞ്ഞെടുപ്പിന്റെ തിരക്കിലായതിനാല്‍ കോടതിയുടെ ഉത്തരവ് നടപ്പാക്കാനാകില്ലെന്നാണ്. പറമ്മോന്നത കോടതിയുടെ ഉത്തരവുകള്‍ നടപ്പാക്കാതിരിക്കാന്‍ തിരഞ്ഞെടുപ്പ് കണക്കുകൂട്ടലുകളും സൗകര്യങ്ങളും ഒരു കാരണമായി ഇന്നുവരെ പറഞ്ഞിട്ടില്ലായിരുന്നു. പരമോന്നത കോടതിയുടെ ഉത്തരവ് നടപ്പാക്കാതിരിക്കാന്‍ തങ്ങളുടെ രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ ഒരു കാരണമായി ഒരു സര്‍ക്കാരും ഇന്നുവരെ അവതരിപ്പിച്ചിട്ടില്ലായിരുന്നു.
കോടതി ഉത്തരവ് നടപ്പാക്കാന്‍ ഹിമാചല്‍ പ്രദേശിലെ അസിസ്റ്റന്റ് ടൗണ്‍ പ്ലാനര്‍ ഷെയില്‍ ബാല കാണിച്ച സമര്‍പ്പണവും നിശ്ചയദാര്‍ഢ്യവും പ്രധാനമന്ത്രിയില്‍ നിന്നും മന്ത്രിസഭയില്‍ നിന്നും ആവശ്യപ്പെടാന്‍ കോടതിക്ക് കഴിയാതെ പോയതെന്താണ് എന്നും ആലോചിക്കണം. സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പാക്കാന്‍ പോയ ഒരു ഉദ്യോഗസ്ഥ കസൌലിയിലെ ഭൂമി മാഫിയയുടെ വെടിയേറ്റ് കൊല്ലപ്പെടുമ്പോള്‍ രാഷ്ട്രീയക്കാരുടെ അവസരവാദ സൗകര്യങ്ങള്‍ കണക്കിലെടുത്ത് വേണം കോടതി നീങ്ങാനെന്ന് വാദങ്ങള്‍ നിരത്തുകയായിരുന്നു അറ്റോര്‍നി ജനറല്‍. കോടതിക്ക് ആകെ ചെയ്യാവുന്നത് സര്‍ക്കാരിന്റെ നടപടി കോടതി അലക്ഷ്യമാണെന്ന് ഇങ്ങനെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുക. അത്ര മാത്രം.
നമ്മുടെ ഭരണഘടന സംവിധാനങ്ങളെ ഇത്രയും മുറിവേല്‍പ്പിച്ചത് പോരാഞ്ഞ്, സൈന്യത്തെയും ഒരു തിരഞ്ഞെടുപ്പ് യുദ്ധത്തിലേക്ക് വലിച്ചിട്ട് പ്രധാനമന്ത്രി. ഒരു സൈനിക വിജയത്തിന് ശേഷം ജനങ്ങളുടെ അംഗീകാരത്തിനായി ശ്രമിക്കുന്നത് ഒരു ജനാധിപത്യത്തില്‍ അത്ര പുതിയ കാര്യമല്ല. ഫോക്ലാന്റ് യുദ്ധത്തിന് ശേഷം മാര്‍ഗരറ്റ് താച്ചര്‍ ഇത് ചെയ്തിട്ടുണ്ട്; കാര്‍ഗില്‍ സംഘര്‍ഷത്തിന് ശേഷം വാജ്പേയ് ഇത് നടത്തിയിട്ടുണ്ട്; 'മിന്നലാക്രമണം' ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ മോദിയും ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ തന്റെ രാഷ്ട്രീയ പക്ഷപാതങ്ങള്‍ക്കായി ഒരു പ്രധാനമന്ത്രി സൈന്യത്തെ ദുരുപയോഗം ചെയ്യുന്നത് തീര്‍ത്തൂം അസ്വീകാര്യമായ കാര്യമാണ്. സൈന്യത്തിലെ 'ഇതിഹാസ' പുരുഷന്മാരോട് കോണ്‍ഗ്രസ് അവമതിപ്പ് കാട്ടി എന്ന് അയാളുടെ ആരോപണം നിരുത്തരവാദപരവും അപകടകരവുമാണ്.
http://www.azhimukham.com/india-how-low-can-a-pm-stoop/
പ്രധാനമന്ത്രി വസ്തുതകള്‍ തെറ്റായാണോ പറഞ്ഞത് എന്നതിനെക്കുറിച്ച് ഇഴ കീറി നോക്കാതെ, സൈന്യം ഒരു മതേതര, ജനാധിപത്യ സ്ഥാപനമായി ഭരണഘടനയുടെ നാല് ചുമരുകള്‍ക്കുളില്‍ നില്ക്കുന്ന ഒരു സ്ഥാപനമായി തുടരണം എന്നാഗ്രഹിക്കുന്ന എല്ലാവരെയും സൈന്യത്തിനെ ഇത്രയും ഹീനമായ തരത്തില്‍ രാഷ്ട്രീയനേട്ടങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ഞെട്ടിക്കണം. നിലവിലെ സൈനിക മേധാവി ജനങ്ങളുടെ ഭരണസംവിധാനത്തിന്റെ പ്രധാന മേഖലകളില്‍ അനാവവശ്യമായ കടന്നുകയറ്റങ്ങള്‍ നടത്തുന്നുണ്ട്. തിരഞ്ഞെടുപ്പ് പോരാട്ടങ്ങളില്‍ സൈന്യത്തെ കുത്തിക്കയറ്റിയ പ്രധാനമന്ത്രി ഈ ചക്രം പൂര്‍ത്തിയാക്കിയിരിക്കുന്നു. സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഈ രണ്ട് ഔചിത്യലംഘനങ്ങളുടെ പ്രത്യാഘാതങ്ങള്‍ ചെറുതല്ല. പ്രധാനമന്ത്രിയുടെ തരം താണ പ്രചാരണ തന്ത്രങ്ങളുമായി കൂട്ടിവെക്കുമ്പോള്‍ അധികാരത്തിനായി എന്തു വൃത്തികേടിനും മടിക്കാത്ത ഒരു ഒരു സര്‍ക്കാരിനെയാണ് അത് അവതരിപ്പിക്കുന്നത്.
എന്നിട്ടും പുതിയ ഇന്ത്യയുടെ മാപ്പുസാക്ഷികളും ആരാധകരും ഇതൊക്കെ തള്ളിക്കളയുകയാണ്, ''ഇതാണ് നിങ്ങള്‍ക്കുള്ള മോദി,' എന്ന് പറഞ്ഞുകൊണ്ട്. പരാജയബോധത്തിന്റെ വിദൂരച്ഛായയുണ്ട് ഇതില്‍. അസ്വാസ്ഥ്യജനകമായ ഒരു സ്വീകരിക്കല്‍; പല അതിരുകളും ലംഘിക്കപ്പെടുന്നതിനോടുള്ള കണ്ണടക്കല്; അതിലും മോശമാണ് ഇതിനെയെല്ലാം 'രാഷ്ട്രീയക്കാര്‍ രാഷ്ട്രീയക്കാര്‍ തന്നെ' എന്ന് പറഞ്ഞുള്ള തള്ളിക്കളയല്‍. എന്നിട്ടും പുതിയ ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്, മലിനമല്ലാത്ത, കാര്യക്ഷമമായ, പക്ഷപാതമില്ലാത്ത ഭരണ സംവിധാനമാണ്. ഇന്ത്യന്‍ ജനാധിപത്യത്തെ പുഷ്ടിപ്പെടുത്തി എന്ന് നമ്മോട് പറയുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ കര്‍ണാടകയിലെ പ്രകടനം ഈ നാട്യങ്ങളെയെല്ലാം പൊഴിച്ചുകളഞ്ഞിരിക്കുന്നു. പ്രതിപക്ഷത്തിന്റെ അടവുകളും തന്ത്രങ്ങളും എന്തായിരുന്നാലും വിശ്വാസ്യതയുള്ള ഒരു നേതാവായിരിക്കാന്‍ ഒരു പ്രധാനമന്ത്രിക്ക് ബാധ്യതയുണ്ട്. മോദി ആ പ്രതീക്ഷകളെ മാനിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു.
പുതിയ ഇന്ത്യയുടെ അന്ത്യത്തിന് ആക്കം കൂടിയ പരാജയമാണിത്. പഴയ സമ്പ്രദായത്തില്‍ നിന്നുമുള്ള ഗുണപരമായ മാറ്റമായാണ് പുതിയ ഇന്ത്യ വാഗ്ദാനം ചെയ്യപ്പെട്ടത്. രാഷ്ട്രീയത്തില്‍ നിന്നും കുറ്റവാളികളെയും അഴിമതിക്കാരെയും നീക്കം ചെയ്യുമെന്ന് നമ്മോട് പറഞ്ഞു; ലക്ഷ്യബോധവും ഭാരത മാതാവിനോടുള്ള നിസ്വാര്‍ത്ഥമായ സേവനവും മാത്രമാണ് ഡല്‍ഹിയിലെ പുതിയ ഭരണാധികാരികള്‍ക്ക് ഉള്ളതെന്ന് നമ്മെ വിശ്വസിപ്പിച്ചു. എന്നാല്‍ കാപട്യത്തിന്റെ ഭാരത്തില്‍ ഈ മുഖംമൂടികളെല്ലാം അഴിഞ്ഞുവീണു.
വാസ്തവത്തില്‍ പുതിയ ഇന്ത്യയുടെ മരണ വാര്‍ത്ത ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ തന്നെ ആസന്നമായിരുന്നു. തന്റെ മുന്‍ഗാമിയെ പാകിസ്ഥാനുമായി ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കാന്‍ മാത്രം ഒരു പ്രധാനമന്ത്രിക്ക് തരം താഴാന്‍ കഴിയുമോയെന്ന് നാം അമ്പരന്നിരുന്നു. അത് തീര്‍ത്തൂം തരം താണ അടിയാണെന്നും നാം കരുതി. എന്നാല്‍ ഇത് കഴിഞ്ഞുപോകാനുള്ള ഒരു ഘട്ടം മാത്രമാണെന്ന് ചിലരെങ്കിലും തെറ്റിദ്ധരിച്ചു. എന്നാല്‍ അത്തരം എല്ലാ ധാരണകളുടെയും പ്രതീക്ഷകളെ കര്‍ണാടക അവസാനിപ്പിച്ച് തന്നിരിക്കുന്നു.
കര്‍ണാടകയില്‍ 'വികസനം' വലിയ വര്ത്തമാനമായതില്ല. പകരം പുതിയ ഇന്ത്യയുടെ പേരില്‍ സോണിയ ഗാന്ധിയുടെയും അവരുടെ വിദേശ ജന്മത്തിന്റെയും പേരിലുള പഴയ 1999-ലെ ഇന്ത്യയിലേക്കാണ് കൊണ്ടുപോയത്. വാജ്പേയ്-അദ്വാനി കാലത്തിനപ്പുറത്തേക്കാണ് ഇനി പോക്കെന്ന് എല്ലാവരും കരുതുമ്പോള്‍ പക്ഷേ ജമ്മു കാശ്മീരിലെ ബിജെപിയടക്കമുള്ള കക്ഷികള്‍ രാഷ്ട്രതന്ത്രത്തില്‍ ചില വാജ്പേയി തത്വങ്ങള്‍ വേണമെന്ന് ആവശ്യപ്പെടുകയാണ്. പുതിയ ഇന്ത്യക്ക് ഇത് അതിന്റെ ചരമക്കുറിപ്പിന്റെ അറിയിപ്പാണ്.
http://www.azhimukham.com/india-fading-modi-glory-writes-hareeshkhare/
http://www.azhimukham.com/vayana-ministryofutmosthappiness-arundhatiroy/
http://www.azhimukham.com/india-how-karnataka-poll-results-affects-indian-politics/
http://www.azhimukham.com/edit-modis-historical-blunders/