TopTop

ജസ്റ്റിസ് ലോയയുടെ മരണം; സുപ്രിംകോടതിയ്ക്ക് മുന്നിലെത്തിയ രേഖകള്‍ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു

ജസ്റ്റിസ് ലോയയുടെ മരണം; സുപ്രിംകോടതിയ്ക്ക് മുന്നിലെത്തിയ രേഖകള്‍ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു
ജസ്റ്റിസ് ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണം സംബന്ധിച്ച രേഖകള്‍ മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചു. മഹാരാഷ്ട്ര സ്റ്റേറ്റ് സെക്രട്ടറിയ്ക്ക് വേണ്ടി സ്റ്റേറ്റ് ഇന്റലിജന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്(എസ്‌ഐഡി) കമ്മിഷണര്‍ സഞ്ജയ് ബാര്‍വെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2014ല്‍ നാഗ്പൂരില്‍ വച്ചാണ് ലോയ ദൂരൂഹസാഹചര്യത്തില്‍ മരണപ്പെട്ടത്.

അതേസമയം ഈ രേഖകള്‍ ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുവെന്നാണ് കാരവന്‍ മാസിക പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ലോയ സ്വാഭാവികമായ ഹൃദയാഘാതം മൂലം മരിച്ചതാണെന്ന് സ്ഥാപിക്കാന്‍ രേഖകള്‍ കൃത്രിമമായി ചമച്ചുവെന്ന് ഈ രേഖകള്‍ പറയുന്നുണ്ട്. ശ്രീകാന്ത് കുല്‍ക്കര്‍ണി, എസ്എം മൊഡാക്, വിസി ബര്‍ദേ, രൂപേഷ് രാതി എന്നീ നാല് ജഡ്ജിമാരുടെ പ്രസ്താവനകളും ഈ രേഖകളില്‍ ഉള്‍പ്പെടുന്നു. ഇവരാണ് ലോയയുടെ കൂടെ അവസാന മണിക്കൂറുകളിലുണ്ടായിരുന്നത്. ഇവരാരും മുമ്പ് പ്രസ്താവനകളോ രേഖകളോ ഇത് സംബന്ധിച്ച് ഹാജരാക്കിയിരുന്നില്ല. ലോയയെ ഡാന്‍ഡെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ അവിടുത്തെ ഇസിജി യന്ത്രം പ്രവര്‍ത്തനരഹിതമായിരുന്നുവെന്നാണ് ജസ്റ്റിസ് രാതി പറയുന്നത്.

ആശുപത്രിയുടെ ഒന്നാം നിലയിലേക്ക് തങ്ങള്‍ പടികയറി ചെല്ലുമ്പോള്‍ ഒരു അസിസ്റ്റന്റ് ഡോക്ടറാണ് ഇവിടെയുണ്ടായിരുന്നത്. നല്ല നെഞ്ചു വേദനയുള്ളതായി ജസ്റ്റിസ് ലോയ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ മുഖം നന്നായി വിയര്‍ക്കുന്നുണ്ടായിരുന്നു. നെഞ്ച് വേദനയെയും നെഞ്ച് എരിച്ചിലിനെയും കുറിച്ച് അദ്ദേഹം തുടര്‍ച്ചയായി പറയുന്നുണ്ടായിരുന്നു. ആ സമയത്ത് ഡോക്ടര്‍ അദ്ദേഹത്തിന് ഇസിജി നല്‍കാന്‍ ശ്രമിച്ചെങ്കിലും അതിന്റെ വയറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. കുറെയേറെ സമയം ഇതിനായി ശ്രമിച്ച് സമയം പാഴാക്കുകയും ചെയ്തു.

അതേസമയം സുപ്രിംകോടതിയില്‍ ഹാജരാക്കിയ രാതിയുടെ രണ്ട് പേജുള്ള പ്രസ്താവനയില്‍ ഒന്നാമത്തെ പേജിന്റെ തുടക്കത്തിലാണ് ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിന് മുമ്പുള്ള പേജുകള്‍ നഷ്ടപ്പെട്ടിട്ടോണ്ടെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്.

Next Story

Related Stories