ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ മുമ്പെങ്ങും ഇല്ലാത്ത വിധം പിടിച്ചുകുലുക്കിയ നടപടിയായിരുന്നു ഉയര്‍ന്ന മൂല്യമുള്ള 500, 1000 രൂപകളുടെ നോട്ട് അസാധുവാക്കല്‍ നടപടി. രാജ്യത്ത് നിലനില്‍ക്കുന്ന കള്ളപ്പണത്തിനും അഴിമതിക്കും തീവ്രവാദ സഹായ ധനത്തിനും എതിരെയുള്ള ബ്രഹ്മാസ്ത്രമായാണ് എന്‍.ഡി.എ സര്‍ക്കാര്‍ ഇതിനെ വിലയിരുത്തിയത്. ഒട്ടനവധി പ്രശ്നങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ച ഈ പദ്ധതി ഉദ്ദേശലക്ഷ്യങ്ങള്‍ കാണാതെ വന്നപ്പോള്‍ രാജ്യത്തിനകത്തും പുറത്തുമുള്ള പല ദിക്കുകളില്‍ നിന്നും കേന്ദ്രഗവണ്മെന്റിന് വിമര്‍ശങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നു. സമ്പദ്ഘടനയുടെ പുരോഗതി സൂചികകളായ മൊത്ത ആഭ്യന്തര ഉല്പാദനം (ജിഡിപി), വ്യാവസായിക വളര്‍ച്ച, സ്വകാര്യ മൂലധന നിക്ഷേപം, എന്നിവയെ എല്ലാം തന്നെ വിപരീതമായി ബാധിച്ചെങ്കിലും കേന്ദ്ര ഗവണ്മെന്റിന്റെ വാദഗതികളെ താങ്ങി നിര്‍ത്തിയത് ഡിജിറ്റല്‍ വ്യവഹാരത്തിലുണ്ടായ മുന്നേറ്റമായിരുന്നു. സര്‍ക്കാരിന്റെയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും പ്രസിദ്ധീകരണങ്ങളും കേവല കണക്കുകളെ നിരത്തി ഈ പൊള്ളയായ വാദങ്ങളെ അളവറ്റവണ്ണം സാധൂകരിക്കുന്നതായും കണ്ടു.
2015-16 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ഈ സാമ്പത്തിക വര്‍ഷം (2016-17) ഡിജിറ്റല്‍ പണമിടപാടുകളില്‍ കാലാനുസ്കൃതമായ വര്‍ധനവ് വന്നിട്ടുണ്ട്. ഇമ്മീഡിയറ്റ് പേയ്മെന്റ് സർവീസ് (ഐഎംപിഎസ്), മൊബൈൽ വാലറ്റ്, മൊബൈല്‍ ബാങ്കിംഗ് എന്നീ ഡിജിറ്റൽ സങ്കേതങ്ങളുടെ വര്‍ധനവ് ഭീമമാണ്. പുതിയ സാമ്പത്തിക വര്‍ഷത്തില്‍, വിവിധ ബാങ്ക് അക്കൌണ്ടുകള്‍ തമ്മില്‍ ഡിജിറ്റല്‍ പണമിടപാടിനുള്ള ‘ഐഎംപിഎസ്(IMPS)’ വളര്‍ച്ചാ നിരക്ക് 153 ശതമാനവും മൊബൈല്‍ പേയ്മെന്റുകളുടേത് 221 ശതമാനവുമാണ്. കൂടാതെ സ്വൈപ്പിങ് മെഷീനുകള്‍ മുഖേനയുള്ള പോയിന്റ് ഓഫ് സെയ്ൽ (പിഒഎസ്) പണമിടപാടില്‍ 65 ശതമാനം വര്‍ധനവും കാണുന്നു. അതേ സമയം എടിഎം ഇടപാടുകളുടെ മൂല്യത്തില്‍ 7 ശതമാനം കുറവാണ് സംഭവിച്ചത്. ഇത് 2016 നവംബറിലെ നോട്ട് അസാധുവാക്കലിനെത്തുടര്‍ന്നുണ്ടായ നിബന്ധനകളുടെ അനന്തര ഫലമായിരിക്കാം.
2016 ആഗസ്റ്റില്‍ 268.5 ബില്ല്യന്‍ രൂപ ആയിരുന്ന ഐഎംപിഎസ് മൂല്യം 2017 ആഗസ്റ്റ് ആയപ്പോഴേക്കും 651.5 ബില്ല്യന്‍ ആയി വര്‍ധിച്ചു. പക്ഷെ ഇത് സ്വാഭാവിക വളര്‍ച്ച മാത്രമേ കാഴ്ച വയ്ക്കുന്നുള്ളു. നോട്ട് അസാധുവാക്കിയ മാസത്തില്‍ 587.34 ബില്ല്യന്‍ രൂപ മൂല്യം രേഖപ്പെടുത്തിയിരുന്ന പിഒഎസ് (POS) ഇടപാടുകള്‍ 2017 ജനുവരിയില്‍ റെക്കോര്‍ഡ് മൂല്യമായ 891.80 ബില്ല്യനിലേക്കെത്തി. ഇത് ആഗസ്റ്റ് ആയപ്പോഴേക്കും 717 ബില്ല്യന്‍ ആയി താഴ്ന്നു. 2016 ആഗസ്റ്റില്‍ 1069.71 ബില്ല്യന്‍ ആയിരുന്ന മൊത്തം മൊബൈല്‍ ഇടപാടുകള്‍ അതേ വര്‍ഷം നവംബറില്‍ 1398.76 ബില്ല്യന്‍ ആവുകയും 2017 മെയില്‍ റെക്കോര്‍ഡ് മൂല്യമായ 2206.14 ബില്ല്യനിലേക്ക് ഉയരുകയും ചെയ്തു. പക്ഷെ ഇത് ഓഗസ്റ്റ് ആയപ്പോഴേക്കും 871 ബില്ല്യനിലെക്ക് താഴ്ന്നതായാണ് കണ്ടത്. ഇത് മുന്‍ വര്‍ഷത്തെ സമാന മാസത്തിലെ നിരക്കിനേക്കാളും താഴെയാണ്. അതേസമയം എടിഎം ഇടപാടുകളെ സംബന്ധിച്ചിടത്തോളം 2016 ഒക്ടോബറില്‍ ഉണ്ടായിരുന്ന 2550.81 ബില്ല്യന്‍ രൂപ നവംബര്‍ ആയപ്പോഴേക്കും 1235.91-ലും ഡിസംബറില്‍ 850.22-ലും എത്തി നിന്നു. സ്വന്തം അദ്ധ്വാനത്തിന്റെ ഫലം ബാങ്കുകളില്‍ നിക്ഷേപിച്ച പാവപ്പെട്ട ജനങ്ങള്‍ക്ക് അതിലവകാശമില്ലാതെ വന്ന ദുരവസ്ഥ മാറാന്‍ പ്രതീക്ഷിച്ചതിലേറെ നാളുകള്‍ എടുത്തതിന്റെ ഫലമാണിത്. 2017 ആഗസ്റ്റോടു കൂടി എടിഎം ഇടപാടുകള്‍ 2355 ബില്ല്യന്‍ രൂപയിലേക്ക് തിരിച്ചു വന്നു. അതായത്, പുതിയ കറന്‍സിയുടെ വരവ് നേരിട്ടുള്ള പണമിടപാടുകളിലേക്ക് തിരിച്ചു പോകാന്‍ നമ്മെ പ്രേരിപ്പിച്ചു എന്നതാണ്. ഇവിടെ നോട്ട് അസാധുവാക്കല്‍ നടപടി ഡിജിറ്റല്‍ ഇന്ത്യക്ക് പുതിയൊരു മാനമേകി എന്നത് വസ്തുതാ വിരുദ്ധമാണ് എന്നുകാണാം.
http://www.azhimukham.com/india-manmohansingh-slams-demonetisation-modi-govt/
നോട്ട് അസാധുവാക്കലിനു തൊട്ടുപുറകെ വന്ന മാസങ്ങളില്‍ ഡിജിറ്റല്‍ ഇടപാടുകളില്‍ അസ്വാഭാവികമായ വര്‍ധനവ് വന്നിട്ടുണ്ട്. അത് വാര്‍ഷിക-ത്രൈമാസ കണക്കുകളില്‍ പ്രതിഫലിക്കുന്നുമുണ്ട്. ഈ കണക്കുകള്‍ മാത്രം നിരത്തി നോട്ട് നിരോധനത്തിന്റെ വിജയമാഘോഷിക്കുന്നവര്‍ അറിഞ്ഞോ അറിയാതെയോ നിരീക്ഷിക്കാതെ പോകുന്നത് ഇത്തരം യാഥാര്‍ത്ഥ്യങ്ങളാണ്.
ഇവിടെ കാണിച്ചിരിക്കുന്ന ഗ്രാഫില്‍ കേവല കണക്കുകളല്ലാതെ, മൊത്തം വ്യവഹാരത്തില്‍ വ്യക്തിഗത ഇടപാടുകളുടെ പങ്ക് ശതമാനത്തില്‍ ചിത്രീകരിച്ചിരിക്കുന്നു.
നോട്ട് അസാധുവാക്കലിന്റെ തുടര്‍ന്നുള്ള മാസങ്ങളില്‍ എടിഎം ഉപയോഗത്തിന്റെ പങ്ക് കുറഞ്ഞത് ഡിജിറ്റലൈസേഷന് അനുകൂലമായി എങ്കിലും, പിന്നീടുള്ള മാസങ്ങളില്‍ വന്‍തോതിലുള്ള തിരിച്ചുവരവാണ് ദൃശ്യമായത്. മാത്രമല്ല പിഒഎസ് ഇടപാടുകളുടെ പങ്ക് നോട്ട് അസാധുവാക്കലിനു ശേഷമുള്ള കുറച്ചു മാസങ്ങളില്‍ മാത്രം കാണിച്ച വര്‍ധനവ് ഈ വര്‍ഷത്തോടെ കുറയുകയും ചെയ്തിരിക്കുന്നു. ഇതിനര്‍ഥം സമ്പദ്-വ്യവസ്ഥയിലുള്ള കറന്‍സിയുടെ ലഭ്യതക്കനുസൃതമായി ജനങ്ങളുടെ ഇടപാടുകളും രൂപപ്പെട്ടുകൊണ്ടിരിക്കുന്നു എന്നാണ്.
മൊബൈല്‍ ബാങ്കിംഗ്, മൊബൈല്‍ വാലറ്റ്, ഐഎംപിഎസ് എന്നിവയിലുള്ള വളര്ച്ചാഗതിയും സമാനമാണ്. മൊബൈല്‍ ബാങ്കിംഗിലെ മെയ് മാസത്തോടു കൂടിയുള്ള മൂല്യ വര്‍ധനവ് ഡിജിറ്റലൈസേഷനെക്കാളുമുപരി, പുതിയതായി രംഗത്ത് വന്ന ഡിജിറ്റല്‍ സാങ്കേതികതയോടും ആപ്പുകളോടും (Apps)-മുള്ള ജനങ്ങളുടെ അഭിനിവേശം കൊണ്ടാകാം. പക്ഷേ, പിന്നീടുള്ള മാസങ്ങളില്‍ ഉണ്ടായ കുറവ് ഇത് ശാശ്വതമായി നിലനില്‍ക്കുന്ന ഒരു പ്രവണതയല്ല എന്നു വ്യക്തമാക്കുന്നു.
http://www.azhimukham.com/national-demonetization-shattered-indian-economy-teamazhimukham/
നോട്ട് അസാധുവാക്കല്‍ ഡിജിറ്റല്‍ ഇടപാടുകളില്‍ സൃഷ്ടിച്ച സ്വാധീനം ക്ഷണികമായിരുന്നു എന്നത് അതിന് അനുകൂലമായുള്ള വാദങ്ങള്‍ക്കെതിരെ വിരല്‍ ചൂണ്ടുന്നു. നോട്ട് അസാധുവാക്കലിനെത്തുടര്‍ന്നുണ്ടായ കറന്‍സിയുടെ ലഭ്യതക്കുറവ് സമ്മര്‍ദ്ദം സൃഷ്ടിച്ചു കൊണ്ട് മറ്റു ഇടപാട് മാര്‍ഗങ്ങളിലേക്ക് ജനങ്ങളെ തള്ളിവിടുകയാണ് ഉണ്ടായത്. ഫലത്തില്‍ അത് താല്കാലികമായി തുടരുകയും ചെയ്തു. കറന്‍സിയുടെ തുടര്‍ന്നുള്ള ലഭ്യത അതിലേക്ക് വീണ്ടും ജനങ്ങളെ ആകര്‍ഷിക്കുകയും, ഡിജിറ്റല്‍ ഇടപാടുകളില്‍ നിന്ന് പിന്നോക്കം പോയി നോട്ട് ഇടപാടുകളില്‍ നിലയുറപ്പിക്കാന്‍ താല്പര്യപ്പെടുത്തുകയും ചെയ്തു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഡിജിറ്റല്‍ ലോകത്തേക്കുള്ള വിപ്ലവാത്മകമായ ഗതിമാറ്റം സാധ്യമല്ല എന്ന് തെളിയുകയാണിവിടെ. ഗവണ്മെന്റ് വിഭാവനം ചെയ്യുന്ന രീതിയില്‍ രാജ്യത്തെ ഡിജിറ്റല്‍വത്ക്കരിക്കാന്‍ തക്കവണ്ണം പക്വത നമ്മുടെ സമ്പദ്ഘടനയ്ക്കോ സമൂഹത്തിനോ ഇതുവരെ ആയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതിനു മികവുറ്റ പദ്ധതികള്‍ ഇനിയും ആവിഷ്കരിക്കേണ്ടതുണ്ട്.
http://www.azhimukham.com/india-demonetisation-one-year-by-modi/
സമൂഹത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഒരു മാന്ത്രിക വടിയുമായി ബിജെപി അവതരിച്ചിരിക്കുന്നു എന്ന അന്ധതയില്‍ ജീവിക്കുന്ന ആളുകളേറെയുണ്ടിവിടെ. ഒരു മാജിക്കിലൂടെ അഴിമതിക്കും, കള്ളപ്പണത്തിനും, വിഘടനവാദികളുടെ കല്ലേറിനും, ലൈംഗിക വ്യാപാരത്തിനും എല്ലാക്കാലത്തെക്കും പരിഹാരമായി എന്നുള്ള ന്യായീകരണ തൊഴിലാളികളുടെ ജല്പനങ്ങള് അവര്‍ അതേപടി വിഴുങ്ങുന്നു. ഈ ഭൂരിപക്ഷ മന:സ്ഥിതി തന്നെയാവാം വേണ്ടത്ര ശബ്ദം ജനങ്ങളില്‍ നിന്നും ഉയരാതിരുന്നതില്‍ പ്രധാന കാരണം. ഒരുതരത്തിലുമുള്ള ഗുണവും സൃഷ്ടിച്ചില്ല എന്നു മാത്രമല്ല, എണ്ണിയതും എണ്ണപ്പെടാത്തതുമായി ഒട്ടനവധി നഷ്ടങ്ങള്‍ നോട്ട് നിരോധനത്തിലൂടെ ബാക്കി വയ്ക്കുകയും ചെയ്തു. നിര്‍ദേശിച്ച ലക്ഷ്യങ്ങളൊന്നും ഫലത്തില്‍ കാണാതെവന്നപ്പോഴുണ്ടാക്കിയ ഡിജിറ്റലൈസേഷന് എന്ന അത്താണിയും ഇപ്പോള്‍ തകര്‍ന്നിരിക്കുന്നു. ഇപ്പോള്‍ ഒരു ചോദ്യം ജനമനസ്സില്‍ ബാക്കികിടക്കുന്നു: ‘എന്തിനായിരുന്നു ഈ തിടുക്കം?’. ഡിജിറ്റല്‍ യുഗത്തിലേക്ക് പതുക്കെ കൈപിടിച്ച് ജനങ്ങളെ കയറ്റുകയല്ലേ വേണ്ടത്; നിലയില്ലാക്കയത്തിലേക്ക് തള്ളിയിടുകയല്ലല്ലോ ശരിയായ മാര്‍ഗം. അത് വിപരീതഫലം മാത്രമേ സൃഷ്ടിക്കൂ എന്ന തിരിച്ചറിവ് ഭരണകര്‍ത്താക്കള്‍ക്ക് ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു.
http://www.azhimukham.com/news-wrap-digital-villages-failed-cashless-india-sajukomban/