വിപണി/സാമ്പത്തികം

കൊതുകിനെ കൊല്ലാന്‍ ബോംബ്‌ വച്ചവര്‍ ഇന്ത്യയോട് ചെയ്തത്: നോട്ട് നിരോധനത്തില്‍ യെച്ചൂരി (വീഡിയോ)

ജനങ്ങളുടെ തൊഴിലും വരുമാനവുമെല്ലാം ഇല്ലാതാക്കിയാണ് സര്‍ക്കാരിന്റെ കള്ളപ്പണ വേട്ട. നിക്ഷേപങ്ങള്‍ ഇല്ലാതാക്കുകയും പണം മറ്റു രൂപത്തില്‍ സംഭരിച്ചുവയ്ക്കുന്നതും പണത്തിന്റെ ഒഴുക്ക് തടയുന്നതുമാണ് നോട്ട് നിരോധനമെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി.

നോട്ട് നിരോധനം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് വലിയ ആഘാതമേല്‍പ്പിച്ചെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നോട്ട് അസാധുവാക്കല്‍ നടപടി രാജ്യത്തെ സംബന്ധിച്ച് Watershed moment ആയിരുന്നു എന്ന് ധന മന്ത്രി അരുണ്‍ ജയ്റ്റ്ലി പറഞ്ഞത് ശരിയാണ്. പക്ഷെ ജയ്റ്റ്ലിയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ അവകാശപ്പെടുന്ന തരത്തിലുള്ള മാറ്റമല്ല അതുണ്ടാക്കിയതെന്നും മറിച്ച് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു. thewire.inന് വേണ്ടി കരണ്‍ ഥാപ്പര്‍ നടത്തിയ അഭിമുഖത്തിലാണ് യെച്ചൂരി ഇക്കാര്യം പറയുന്നത്.

നോട്ട് നിരോധനം കാശ്മീരിലെ ഭീകര പ്രവര്‍ത്തനങ്ങളും ഇടതുപക്ഷ തീവ്രവാദവും (മാവോയിസ്റ്റ്) കുറക്കാന്‍ കാരണമായെന്നും മറ്റുമുള്ള ജയ്റ്റ്‌ലിയുടെ വാദങ്ങള്‍ ബാലിശമാണ്. മാത്രമല്ല ഇടതുപക്ഷ തീവ്രവാദത്തിന് രാഷ്ട്രീയമായ ഘടകങ്ങളുണ്ട്. മറ്റ് ഭീകരപ്രവര്‍ത്തനങ്ങളുമായി ഇതിനെ ബന്ധിപ്പിക്കാനാവില്ല. ചര്‍ച്ചകളിലൂടെ മാത്രമേ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകൂ. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കുറവ് വന്നിട്ടുണ്ടെങ്കില്‍ തന്നെ അതിന് നോട്ട് നിരോധനവുമായി ഒരു ബന്ധവുമില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തന്നെ കണക്കുകള്‍ വച്ച് നോക്കിയാല്‍ നോട്ട് നിരോധനത്തിന് ശേഷം അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണങ്ങള്‍ കാശ്മീരില്‍ ഇട്ടിക്കുകയാണ് ചെയ്തിരിക്കുന്നത് എന്ന് ബോധ്യമാകും. ഭീകരര്‍ക്ക് പണമെത്തുന്നത് കറന്‍സി നോട്ടായി മാത്രമല്ല. ഭീകരരുടെ ഫണ്ടിംഗ് പണ വിനിമയത്തിലൂടെയല്ല പ്രധാനമായും നടക്കുന്നത്. അതിന് ഇലക്ട്രോണിക് സംവിധാനങ്ങളുണ്ട്. ഇത് എങ്ങനെ നിയന്ത്രിക്കാം എന്നതുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ ഞങ്ങള്‍ ബില്‍ കൊണ്ടുവരുകയും ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.

നാല് മുതല്‍ അഞ്ച് ലക്ഷം കോടി കറന്‍സി നോട്ടുകള്‍ ബാങ്കിലേയ്ക്ക് തിരിച്ചുവരില്ലെന്നാണ് നേരത്തെ അറ്റോണി ജനറല്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍ 99 ശതമാനത്തിലധികം നോട്ടുകള്‍ തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്കിന്റെ തന്നെ കണക്കുകള്‍ വ്യക്തമാക്കുന്നു. വെറും 16000ത്തോളം നോട്ടുകള്‍ മാത്രം തിരിച്ചെത്തി. കള്ളപ്പണ നിക്ഷേപത്തിന്റെ ഏതാണ്ട് ആറ് ശതമാനത്തോളം മാത്രമാണ് കറന്‍സി രൂപത്തിലുള്ളത്. ബാക്കി ഭൂമിയായും സ്വര്‍ണമായും മറ്റും ഇരിക്കുകയാണ്. കൊതുകിനെ കൊല്ലാന്‍ ബോംബ് ഉപയോഗിക്കുന്ന പോലെയാണിത്. ജനങ്ങളുടെ തൊഴിലും വരുമാനവുമെല്ലാം ഇല്ലാതാക്കിയാണ് സര്‍ക്കാരിന്റെ കള്ളപ്പണ വേട്ട. നിക്ഷേപങ്ങള്‍ ഇല്ലാതാക്കുകയും പണം മറ്റു രൂപത്തില്‍ സംഭരിച്ചുവയ്ക്കുന്നതും പണത്തിന്റെ ഒഴുക്ക് തടയുന്നതുമാണ് നോട്ട് നിരോധനമെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി. നോട്ട് നിരോധനത്തില്‍ ജയ്റ്റ്‌ലി മുന്നോട്ട് വയ്ക്കുന്ന ന്യായ വാദങ്ങളെ ഓരോന്നായി യെച്ചൂരി ഖണ്ഡിക്കുന്നു.

വീഡിയോ കാണാം:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍