TopTop
Begin typing your search above and press return to search.

നോട്ട് നിരോധനം സാമ്പത്തിക പരാജയമാണെങ്കിലും മോദിക്കത് രാഷ്ട്രീയ വിജയമാണ്

നോട്ട് നിരോധനം സാമ്പത്തിക പരാജയമാണെങ്കിലും മോദിക്കത് രാഷ്ട്രീയ വിജയമാണ്

നോട്ട് നിരോധനത്തെക്കുറിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഒടുവില്‍ കണക്കുകള്‍ വെളിപ്പെടുത്തിയിതോടെ ഇതു സംബന്ധിച്ച വസ്തുതകള്‍ ഒടുവില്‍ വെളിയില്‍ വന്നിരിക്കുന്നു.

നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിരോധിച്ച 15.44 ലക്ഷം കോടി രൂപയുടെ നോട്ടുകളില്‍ 99 ശതമാനം നോട്ടുകളും തിരികെ വന്നിരിക്കുന്നു. 16,000 കോടി രൂപയുടെ നിരോധിത നോട്ടുകള്‍ മാത്രമാണ് തിരികെ വരാതിരിക്കുന്നത്. 2016-17 സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം 151.84 ലക്ഷം കോടി രൂപയാണെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കാക്കിയിട്ടുണ്ട്. അതായത്, മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 0.1 ശതമാനം കള്ളപ്പണം ഇല്ലാതാക്കി എന്നര്‍ത്ഥം. ഇന്ത്യയെ പോലുള്ള ഒരു വന്‍ സമ്പദ്ഘടനയെ സംബന്ധിച്ചിടത്തോളം അവഗണിക്കാവുന്ന തരത്തില്‍ നിസാരമായ ഒരു സംഖ്യയാണിത്.

സാമ്പത്തിക വളര്‍ച്ചയില്‍ നോട്ട് നിരോധനത്തിന്റെ ആഘാതം കണക്കാക്കുന്ന സാമ്പത്തിക സര്‍വ്വെ കണക്കുകള്‍ വിശ്വസിക്കുകയാണെങ്കില്‍ ഈ 'നേട്ടം' കൈവരിക്കുന്നതിനായി മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ ഒരു ശതമാനമാണ് നമ്മള്‍ ബലികഴിച്ചത്. അതുകൊണ്ടു തന്നെ കള്ളപ്പണത്തെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ നോട്ട് നിരോധനം ഒരു വലിയ പരാജയമായിരുന്നു എന്ന് കാണാന്‍ സാധിക്കും. സാമ്പത്തിക വളര്‍ച്ച ഇടിഞ്ഞു, അസംഘടിത മേഖല പൂര്‍ണമായി തകര്‍ന്നു, തൊഴിലില്ലായ്മ വര്‍ധിച്ചു, കാര്‍ഷിക ആത്മഹത്യകള്‍ കൂടി അങ്ങനെ രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള തിരിച്ചടികളാണ് ഉണ്ടായത്.

എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംബന്ധിച്ചിടത്തോളം നോട്ട് നിരോധനം ഒരു വലിയ രാഷ്ട്രീയ വിജയമായിരുന്നു. നിയമവിരുദ്ധരായ സമ്പന്നരെ അടക്കി നിര്‍ത്തുന്നതിന്റെ മുഴുവന്‍ കീര്‍ത്തിയും ജനങ്ങള്‍ അദ്ദേഹത്തിന് നല്‍കി. മാത്രമല്ല, നടപടി വിശാല പൊതുജന താത്പര്യങ്ങള്‍ക്ക് വേണ്ടിയുള്ളതാണെങ്കില്‍ കുറച്ച് കഷ്ടപ്പെടാന്‍ നമ്മള്‍ തയ്യാറുമാണ് എന്ന ലോജിക് മോദിയും ഉപയോഗിച്ചു. കണക്കില്‍പ്പെടാത്ത ആസ്തിയുടെ ഒരു ചെറിയ ശതമാനം മാത്രം കറന്‍സി രൂപത്തില്‍ കള്ളപ്പണം സൂക്ഷിക്കുന്നവരെ സംബന്ധിച്ചിടത്തോളം അവരുടെ കള്ളപ്പണ ശേഖരത്തിന്റെ അളവ് തീര്‍ച്ചയായും കുറഞ്ഞിട്ടുണ്ട്: ഒന്നും മറയ്ക്കാനില്ലാത്തവരുടെ അക്കൌണ്ടുകളിലൂടെ കള്ളപ്പണം വെളുപ്പിക്കുന്നതിന് അവര്‍ക്ക് കുറച്ച് കാശ് ചിലവഴിക്കേണ്ടി വന്നു. ചില ഘട്ടങ്ങളില്‍ 30 ശതമാനം വരെയൊക്കെ.

ആ അര്‍ത്ഥത്തില്‍ നോട്ട് നിരോധനം ഒരു പുനര്‍വിതരണ സ്വഭാവം കൈവരിച്ചിട്ടുണ്ട് എന്നു പറയാം. പണം വെളുപ്പിക്കല്‍ ഇടപാടുകളില്‍ പങ്കാളികളായ ഭൂരിപക്ഷം പേരും ദരിദ്രരായ ആളുകള്‍ക്കിടയിലേക്ക് 30 ശതമാനത്തോളം കള്ളപ്പണം പുനര്‍വിതരണം ചെയ്യപ്പെട്ടിട്ടുണ്ട്. ബാക്കിയുള്ളവ നിയമസാധുതയുള്ള പണമായി മാറുകയും ചെയ്തു.

തങ്ങളുടെ വരുമാനത്തിന്റെ ഏതെങ്കിലും ഭാഗം നഷ്ടപ്പെടുന്നത് ജനങ്ങള്‍ക്ക് ഇഷ്ടമുള്ള കാര്യമല്ല. അതുകൊണ്ടാണ് അവര്‍ നികുതി നല്‍കാന്‍ മടിക്കുന്നത്. അതുകൊണ്ടുതന്നെ 30 ശതമാനം പണം നഷ്ടപ്പെടുത്താന്‍ പൂഴ്ത്തിവെപ്പുകാര്‍ നിര്‍ബന്ധിതരായപ്പോള്‍ അവര്‍ക്ക് സര്‍ക്കാരിനോടും അതിന്റെ രാഷ്ട്രീയ നേതൃത്വത്തോടും ദേഷ്യം തോന്നുന്നത് സ്വാഭാവികം.

എന്നാല്‍ ബിജെപിയുടെ രാഷ്ട്രീയ പിന്തുണയുടെ അടിത്തറയില്‍ ചില വ്യതിയാനങ്ങള്‍ സംഭവിച്ചു എന്നതാണ് നോട്ട് നിരോധനം കൊണ്ട് മാറ്റം. കറന്‍സി നോട്ടുകള്‍ കൊണ്ട് വിനിമയം നടത്തുന്നവരും അതിനു വേണ്ടി പണം വന്‍തോതില്‍ കൂട്ടിവച്ചിരുന്നവരുമായ, ബിജെപിയുടെ പരമ്പരാഗത വോട്ടര്‍മാര്‍ കൂടിയായ വ്യാപാരികള്‍ അവര്‍ക്കെതിരെ തിരിഞ്ഞു. എന്നാല്‍ കോണ്‍ഗ്രസിനോടുള്ള രോഷം കൊണ്ടുമാത്രം ബിജെപിക്ക് വോട്ട് ചെയ്തിരുന്ന ദരിദ്രര്‍, തങ്ങളെ ഏറ്റവും കൂടുതല്‍ ദ്രോഹിക്കുന്ന സമ്പന്നര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്ന പാര്‍ട്ടിയാണ് ബിജെപി എന്നും അതിനാല്‍ തന്നെ ദരിദ്രരുടെ പാര്‍ട്ടിയാണ് അതെന്നും വിശ്വസിക്കാന്‍ തുടങ്ങി. സമ്പന്നര്‍ക്കെതിരായ ദരിദ്രരുടെ രോഷത്തെ നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുമുള്ള രാഷ്ട്രീയ പിന്തുണയാക്കി മാറ്റാനുള്ള തന്ത്രപരമായ ഒരു നീക്കമായിരുന്നു യഥാര്‍ത്ഥത്തില്‍ നോട്ടു നിരോധനം.

ദരിദ്രരുടെ രക്ഷകര്‍ എന്ന അവകാശവാദം വ്യാജ പരിസരങ്ങളിലാണ് നിര്‍മ്മിക്കപ്പെട്ടത് എന്ന്, കള്ളപ്പണം ഇല്ലാതാക്കുന്നതില്‍ നോട്ട് നിരോധനം നാമമാത്രമായ ഫലം മാത്രമാണ് ചെയ്തത് എന്ന് തെളിഞ്ഞാല്‍ ഈ പിന്തുണ ഇല്ലാതാക്കപ്പെടുമോ? അത് ജനങ്ങള്‍ക്ക് ലഭിക്കുന്ന വിവരങ്ങളെയും സന്ദേശങ്ങളെയും ആശ്രയിച്ചിരിക്കും. വ്യാജവും അല്ലാത്തതുമായ വാര്‍ത്തകള്‍ ഇടമുറിയാതെ പ്രചരിപ്പിക്കുന്ന ആയിരക്കണക്കിന് വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളുടെ പിന്തുണയോടെയാണ് അദ്ദേഹത്തിന്റെ പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. അതുപോലെ തന്നെ പൊതു വാര്‍ത്താവിനിമയ സംവിധാനങ്ങളും ഇപ്പോള്‍ മോദിയുടെ കോട്ടയാണ്.

കള്ളപ്പണത്തിനെതിരായി എടുത്തിരിക്കുന്ന യഥാര്‍ത്ഥ നടപടി ചരക്ക്, സേവന നികുതി (ജിഎസ്ടി)യാണ്. പക്ഷെ അതില്‍ ഇപ്പോഴത്തെ സര്‍ക്കാരിന്റെ സംഭാവന തുലോം തുച്ഛമാണ്. എണ്‍പതുകളുടെ മധ്യത്തില്‍ വി.പി സിംഗിന്റെ Medium Term Fiscal Policy (അതിന്റെ രൂപകര്‍ത്താക്കളില്‍ ഒരാളായ ശങ്കര്‍ ആചാര്യ അടുത്തകാലത്ത് അവകാശപ്പെട്ടത് പോലെ) ആവിഷ്‌കരിച്ചത് മുതല്‍ തന്നെ ജിഎസ്ടി അതിന്റെ നിര്‍മാണഘട്ടത്തിലായിരുന്നു. യുപിഎ അധികാരത്തില്‍ ഇരുന്നപ്പോള്‍ ജിഎസ്ടി നടപ്പിലാക്കുന്നത് എതിര്‍ത്ത പാര്‍ട്ടിയാണ് ബിജെപി. ന്ത്യ-യുഎസ് ആണവ കരാറില്‍ എന്നത് പോലെതന്നെ അധികാരത്തിലെത്തിയപ്പോള്‍ ജിഎസ്ടിയിലും അവര്‍ കൗശലപൂര്‍വം മുന്‍നിലപാടില്‍ നിന്നും മലക്കംമറിഞ്ഞു.

കണക്ക് വെളിപ്പെടുത്താത്ത സ്രോതസുകളില്‍ നിന്നും വരുന്ന രാഷ്ട്രീയ ധനസഹായങ്ങളെ ശുദ്ധികരിക്കുക എന്നതാണ് കള്ളപ്പണത്തെ നേരിടാന്‍ അടിസ്ഥാനപരമായി സ്വീകരിക്കേണ്ട നടപടി. യഥാര്‍ത്ഥത്തില്‍ അനവധി കോടികള്‍ ചെലവഴിക്കുമ്പോഴും രാഷ്ട്രീയ പാര്‍ട്ടികള്‍ ഏതാനും ചില കോടികളുടെ വരവും ചെലവുമാണ് തങ്ങളുടെ കണക്കുബുക്കുകളില്‍ കാണിക്കുന്നത്. രാഷ്ട്രീയ യുദ്ധങ്ങള്‍ക്കുള്ള ധനപിന്തുണയായി വര്‍ത്തിക്കുന്നത് അഴിമതിക്കാരും അഴിമതിയുമാണ്. ഗുജറാത്തില്‍ ഈയിടെ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയിലേക്ക് കൂറു മാറുന്നതിന് തങ്ങള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടത് 15 കോടി രൂപ വീതമായിരുന്നു എന്ന കോണ്‍ഗ്രസ് എംഎല്‍എമാരുടെ വാക്കുകള്‍ തന്നെ ഓര്‍ക്കുക. ഇത്തരത്തില്‍ നല്‍കുന്ന പണം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കണക്കുപുസ്തകത്തില്‍ കണ്ടെത്താനുമാവില്ല. എന്നാല്‍ ഈ പ്രവണതയില്‍ എന്തെങ്കിലും പരിഷ്‌കാരങ്ങള്‍ വരുത്താന്‍ ആരും തയ്യാറുമല്ല.

ഈ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് ബോണ്ടുകള്‍ കണ്ണില്‍ പൊടിയിടാനുള്ള ഒരു നടപടി പോലുമായിരുന്നില്ല. ജനാധിപത്യത്തിന്റെ ഒരു അവശ്യ മുന്നുപാധി എന്ന് വിശേഷിപ്പിക്കാവുന്ന, ആര്, ആര്‍ക്ക് ധനസഹായം ചെയ്യുന്നു എന്ന കാര്യത്തില്‍ സുതാര്യത ഇല്ലാതാക്കാന്‍ മാത്രമേ ഈ നടപടി സഹായിക്കൂ.

കള്ളപ്പണം കൈകാര്യം ചെയ്യുന്നതില്‍ നോട്ട് അസാധുവാക്കല്‍ പ്രക്രിയ പരാജയമാണെന്ന് റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മാത്രമല്ല, ഇന്ത്യയുടെ സാമ്പത്തിക ഉത്പാദനത്തിന്റെ ഒരു ശതമാനം നഷ്ടപ്പെടുത്തിക്കൊണ്ടാണ് ബിജെപി തങ്ങളുടെ രാഷ്ട്രീയ അടിത്തറ വിപുലപ്പെടുത്തിയത് എന്നതും ഓര്‍ക്കേണ്ടതുണ്ട്.


Next Story

Related Stories