TopTop
Begin typing your search above and press return to search.

പൗരത്വമില്ലാതാക്കപ്പെട്ടവര്‍ക്കുള്ള വിശാല തടവറ അസമില്‍ ഒരുങ്ങുന്നു, മുറിക്ക് വിസ്തീര്‍ണം 350 അടി, നിര്‍മ്മാണ തൊഴിലാളികളില്‍ പലരും പട്ടികയില്‍ നിന്ന് പുറംതള്ളപ്പെട്ടവര്‍

പൗരത്വമില്ലാതാക്കപ്പെട്ടവര്‍ക്കുള്ള വിശാല തടവറ അസമില്‍ ഒരുങ്ങുന്നു, മുറിക്ക് വിസ്തീര്‍ണം 350 അടി, നിര്‍മ്മാണ തൊഴിലാളികളില്‍ പലരും പട്ടികയില്‍ നിന്ന് പുറംതള്ളപ്പെട്ടവര്‍
സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കപ്പെടാത്തതിനെ തുടര്‍ന്ന് പൗരത്വം നിഷേധിക്കപ്പെടുന്നവര്‍ക്കായുള്ള തടവറയുടെ നിര്‍മ്മാണ പ്രവര്‍ത്തി അസമില്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. 10 തടവറകളില്‍ ആദ്യത്തേതിന്റെ നിര്‍മ്മാണമാണ് പൂര്‍ത്തിയാക്കാന്‍ പോകുന്നത്.

ഗുവാഹത്തിയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ ഗോല്‍പാറയിലാണ്‌ തടവറയുടെ നിര്‍മ്മാണം ഒരുങ്ങുന്നത്. ഇവിടെ 3000 ആളുകളെ പാര്‍പ്പിക്കാവുന്ന തരത്തിലുള്ള 15 കെട്ടിടങ്ങളുടെ നിര്‍മ്മാണമാണ് ഇവിടെ പൂര്‍ത്തിയാകുന്നത്. ഇതിൻ്റെ ഭാഗമായി  ഹോസ്പിറ്റല്‍, സ്‌കൂള്‍, സെക്യൂരിറ്റി ജീവനക്കാരുടെ ക്വാട്ടേഴ്‌സ് എന്നിവയും ഉള്‍പ്പെടുമെന്നാണ് അധികൃതര്‍ പറയുന്നത്. വലിയ മതിലുകളും വാച്ച്ടവറുകളും ഇതിന്റെ ഭാഗമായി ഉണ്ടാകുമെന്ന് റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നിര്‍മ്മാണ ജോലികള്‍ക്കായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നൂറുകണക്കിന് ആളുകളാണ് ഇവിടെ എത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിര്‍മ്മാണ ജോലികള്‍ക്കായി വന്ന പലരും ഇപ്പോള്‍ പ്രസിദ്ധീകരിക്കപ്പെട്ട പൗരത്വപട്ടികയില്‍ നിന്ന് പുറംതള്ളപ്പെട്ടവരാണ് പ്രധാന വൈരുദ്ധ്യം.  സ്വന്തം തടവറയാണ് പണിയുന്നതെന്ന ബോധ്യത്തോടെയാണ് മറ്റ് മാർഗമില്ലാതെ ഇവർ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്.

ഗോത്ര വിഭാഗത്തില്‍പ്പെട്ട ഷെഫാലി ഹജോങ് എന്ന യുവതി ഇത്തരത്തില്‍പ്പെട്ട നിര്‍മ്മാണ തൊഴിലാളിയാണ്. പൗരത്വ പട്ടികയില്‍ ഇവരുടെ പേരില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
"വിശപ്പടക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നത്",
അവര്‍ പറഞ്ഞു. 280 രൂപയോളമാണ് കിട്ടുന്ന കൂലിയെന്നും അവര്‍ പറയുന്നു. "ഞങ്ങള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ല, എന്തുകൊണ്ടാണ് ഞങ്ങള്‍ക്ക് പൗരത്വം കിട്ടാത്തതെന്ന് അറിയില്ല", ഷെഹാലിയുടെ അമ്മ മാലതി ഹജോങ് പറഞ്ഞു. അവരും ഇവിടെ കൂലിത്തൊഴിലാളിയാണ്.

തടവറയിലെ ഓരോ മുറിക്കും 350 അടി വിസ്തീര്‍ണമാണ് ഉണ്ടാവുകയെന്ന് കോണ്‍ട്രാക്റ്റര്‍ എ.കെ റഷീദ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഇതില്‍ എത്രപേരെ താമസിപ്പിക്കുമെന്ന് വ്യക്തമായിട്ടില്ല. ഒരു കെട്ടിടത്തില്‍ 24 മുറികളെന്ന നിലയിലാണ് നിര്‍മ്മാണം പുരോഗമിക്കുന്നത്. സ്ത്രീകളെയും പുരുഷന്മാരെയും പ്രത്യേക മുറികളിലായാണ് പാര്‍പ്പിക്കുക. 10 അടി നീളത്തില്‍ ചുറ്റുമതിലിനുള്ളിലാണ് തടവറ. ഇത്തരത്തില്‍ ചുരുങ്ങിയത് 10 തടവറകളെങ്കിലും നിര്‍മ്മിക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

അനധികൃത താമസക്കാരെന്ന് ആരോപിച്ച് 900 പേര്‍ ഇപ്പോള്‍ തന്നെ അസമിലെ വിവിധ ജയിലുകളുടെ ഭാഗമായുള്ള തടങ്കല്‍ കേന്ദ്രങ്ങളില്‍ കഴിയുന്നുണ്ട്. ഇവരെയാണ് ആദ്യഘട്ടത്തില്‍ ഇപ്പോള്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ പാര്‍പ്പിക്കുകയെന്ന് ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ജയിലുകളില്‍ കഴിയുന്നവരെക്കാള്‍ മോശമായ സാഹചര്യമാണ് ഇവര്‍ക്കുള്ളതെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

രണ്ടാഴ്ച മുമ്പാണ് പൗരത്വപട്ടിക പ്രസിദ്ധീകരിച്ചത്. 19.6 ലക്ഷം ആളുകളാണ് ഈ പട്ടികയില്‍നിന്ന് പുറത്തായത്. ഇതില്‍ ബഹുഭൂരിപക്ഷവും മുസ്ലീം വിഭാഗത്തില്‍പ്പെട്ടവരാണ്. എന്നാല്‍ ചില ദരിദ്രവിഭാഗത്തില്‍പ്പെട്ട ഹിന്ദുക്കളും ആദിവാസി വിഭാഗത്തില്‍പ്പെട്ടവരും പൗരത്വം നിഷേധിക്കപ്പെടുന്ന ഭീഷണിയിലാണ്.

പട്ടികയില്‍നിന്ന് പുറത്തായവര്‍ക്ക് ഫോറിനേഴ്‌സ് ട്രൈബ്യൂണലിനെ സമീപിക്കാം. 120 ദിവസങ്ങള്‍ക്കുള്ളില്‍ ട്രൈബ്യൂണലില്‍ അപ്പീല്‍ നല്‍കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. ഇതിനായി നിരവധി ട്രൈബ്യൂണലുകള്‍ സ്ഥാപിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ബംഗ്ലാദേശില്‍നിന്ന് അനധികൃതമായി വന്നവരെ കണ്ടെത്തുന്നതിനാണ് പൗരത്വപട്ടിക തയ്യാറാക്കിയത്. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലായിരുന്നു പട്ടിക തയ്യാറാക്കിയത്. എന്നാല്‍ പൗരത്വ പട്ടിക പ്രസിദ്ധീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് നിരവധി പരാതികള്‍ ഇതിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി ഇതിനോടകം പുറത്തുവന്നിരുന്നു. സര്‍ക്കാര്‍ സര്‍വീസുകളിലും സൈന്യത്തിലുമടക്കം പ്രവര്‍ത്തിച്ചവരും പട്ടികയില്‍നിന്ന് പുറത്തായവരില്‍പ്പെടും.

1971 മാര്‍ച്ച് 25-ന് ശേഷം അസമില്‍ താമസമാക്കിയവരെ കണ്ടെത്തുകയായായിരുന്നു പൗരത്വ പരിശോധനയുടെ ലക്ഷ്യം. ഓള്‍ അസം സ്റ്റുഡന്റസ് യൂണിയന്റെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തെ തുടര്‍ന്നാണ് ഇത്തരത്തിലുള്ള തീരുമാനത്തില്‍ എത്തിയത്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെ തുടര്‍ന്നാണ് ഇതുമായി ബന്ധപ്പെട്ട്   വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിച്ചത്. എന്നാല്‍ ഹിന്ദുക്കളും പട്ടികയില്‍നിന്ന് പുറത്തായതിനെ തുടര്‍ന്ന് പട്ടികയ്‌ക്കെതിരെ അസമിലെ ബിജെപിയും രംഗത്തെത്തിയിരിക്കയാണ്. ഇതിനെ തണുപ്പിക്കാനായി പൌരത്വ ഭേദഗതി ബില്‍ പാസാക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. മുസ്ലീങ്ങള്‍ ഒഴിച്ചുള്ള അയാള്‍ രാജ്യങ്ങളില്‍ നിന്നുള്ളവരെ പൌരന്മാരായി അംഗീകരിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

Next Story

Related Stories