TopTop

എഐഡിഎംകെ ലയനം: സര്‍ക്കാരിനെ ദിനകരന്‍ അട്ടിമറിക്കുമെന്ന ഭയത്തില്‍ ഇരുവിഭാഗം

എഐഡിഎംകെ ലയനം: സര്‍ക്കാരിനെ ദിനകരന്‍ അട്ടിമറിക്കുമെന്ന ഭയത്തില്‍ ഇരുവിഭാഗം
നിര്‍ദ്ദിഷ്ട ലയനം സംബന്ധിച്ച് ഇരു എഐഎഡിഎംകെ വിഭാഗങ്ങള്‍ക്കുമിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നതിനിടയില്‍ തനിക്ക് കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന അവകാശവാദവുമായി പാര്‍ട്ടിയുടെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി ടിടിവി ദിനകരന്‍ രംഗത്തെത്തി. ആവശ്യമുള്ള സമയത്ത് തനിക്ക് കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ തെളിയിക്കാനാവുമെന്ന് ഇന്നലെ ദിനകരന്‍ പറഞ്ഞു.

തങ്ങളുടെ തന്ത്രങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്ന് ഇന്നലെ ബംഗളൂരുവിലെ ജയിലില്‍ വികെ ശശികലയെ സന്ദര്‍ശിച്ച ശേഷം ദിനകരന്‍ പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ദിനകരന്‍ മേലൂരില്‍ സംഘടിപ്പിച്ച റാലിയില്‍ എഐഎഡിഎംകെയില്‍ നിന്നും 20 എംഎല്‍എമാര്‍ പങ്കെടുത്തിരുന്നു. കൂടാതെ മൂന്ന് സ്വതന്ത്ര എംഎല്‍എമാരുടെ സാന്നിധ്യവും റാലിയില്‍ ഉണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിയ്ക്കാന്‍ പ്രാപ്തമായ അംഗബലമാണിത്. എന്നാല്‍ സര്‍ക്കാരിനെക്കാള്‍ പാര്‍ട്ടിക്കാണ് താന്‍ പ്രാധാന്യം കല്‍പിക്കുന്നതെന്നാണ് ദിനകരന്‍ പറയുന്നത്. അധികാരത്തില്‍ ഇരിക്കുന്നവര്‍ സ്വന്തം താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചാണ് തീരുമാനം എടുക്കുന്നതെന്ന് ദിനകരന്‍ ആരോപിച്ചു. പാര്‍ട്ടി അണികളുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചുള്ള തീരുമാനമാവും തങ്ങളുടെ പക്ഷത്ത് നിന്നും ഉണ്ടാവുകയെന്നും ദിനകരന്‍ പറയുന്നു.

ഇതിനിടയില്‍ നിര്‍ദ്ദിഷ്ട ലയനം സംബന്ധിച്ച അഭിപ്രായവ്യത്യാസങ്ങള്‍ എടപ്പാടി പളനിസ്വാമി പക്ഷത്തിലും ഒ പനീര്‍ശെല്‍വം പക്ഷത്തിലും നിലനില്‍ക്കുകയാണ്. ലയനം നടന്നാല്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ദിനകരന്‍ ശ്രമിക്കുമെന്ന ഭയം ഇരുകൂട്ടര്‍ക്കുമുണ്ട്. എന്നാല്‍ മറീന ബീച്ചിലെ ജയലളിതയുടെ സ്മാരകം മോഡി പിടിപ്പിച്ചുകൊണ്ട് ലയനനീക്കങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ ഇരുപക്ഷവും ശ്രമിക്കുന്നുണ്ട്. എടപ്പാടി പളനിസ്വാമിയും ഒ പനീര്‍ശെല്‍വവും ഒന്നിച്ച് ജയലളിതയുടെ സ്മാരകം സന്ദര്‍ശിക്കുമെന്ന് ഇന്നലെ അറിയിച്ചിരുന്നു. എന്നാല്‍ ഇന്നലെ ചേര്‍ന്ന ഒപിഎസ് പക്ഷത്തിന്റെ യോഗത്തില്‍ വലിയ വാഗ്‌പോര് ഉണ്ടായതായാണ് വിവരം. മുഖ്യമന്ത്രി സ്ഥാനം ഒപിഎസിന് ലഭിക്കാത്തിടത്തോളം ലയനത്തിന്റെ ആവശ്യമില്ലെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. ശശികലയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുക, ജയലളിതയുടെ മരണത്തില്‍ സിബിഐ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളും അംഗീകരിക്കപ്പെട്ടിട്ടില്ല. എന്നാല്‍ ലയനത്തിനായി ന്യൂഡല്‍ഹിയില്‍ നിന്നും വലിയ സമ്മര്‍ദം ഉണ്ടെന്നാണ് ഒരു ഒപിഎസ് പക്ഷം നേതാവ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞത്.

എന്നാല്‍ ദിനകരന്‍ അട്ടിമറി ശ്രമവുമായി മുന്നോട്ട് പോയാല്‍ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ വേണ്ട പിന്തുണ ഉറപ്പാക്കാന്‍ ആവില്ലെന്നാണ് എടപ്പാടി പക്ഷം പറയുന്നത്. ജയലളിതയുടെ മരണത്തില്‍ അന്വേഷണം നടത്താന്‍ ഇപിഎസ് തീരുമാനിച്ചതിനെ ഒപിഎസ് പക്ഷം സ്വാഗതം ചെയ്യുമെന്നാണ് അവരുടെ പ്രതീക്ഷ. നേരത്തെ ഒപിഎസ് പക്ഷത്ത് നടന്ന കൂടിയാലോചനകളെല്ലാം പരാജയപ്പെടുകയായിരുന്നു എന്നതും ശ്രദ്ധേയമാണ്. 13 പ്രമുഖ നേതാക്കളില്‍ ഒമ്പതുപേരും ലയന നീക്കത്തെ എതിര്‍ക്കുകയാണ്. ജയലളിതയുടെ മരണത്തെ കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നാണ് പനീര്‍ശെല്‍വം പക്ഷം ആവശ്യപ്പെടുന്നത്. എന്നാല്‍ ജുഡീഷ്യല്‍ അന്വേഷണമാണ് എടപ്പാടി പ്രഖ്യാപിച്ചിരിക്കുന്നത്. ശശികലയുടെ നേതൃത്വത്തെ അംഗീകരിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിരിക്കുന്ന രേഖകള്‍ പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ മറ്റ് ചില കാരണങ്ങളാല്‍ ഈ നീക്കത്തെയും മുതിര്‍ന്ന നേതാക്കള്‍ എതിര്‍ക്കുന്നതായാണ് വിവരം. തങ്ങളുടെ പക്ഷത്തിന് മുഖ്യമന്ത്രി പദവും കൂടുതല്‍ മന്ത്രി സ്ഥാനങ്ങളും വേണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. വി മൈത്രേയന്‍, മനോജ് പാണ്ഡ്യന്‍ എന്നിവരാണ് ഈ വാദത്തിന്റെ വക്താക്കള്‍.

കൂടുതല്‍ സ്ഥാനങ്ങള്‍ വേണമെന്ന ആവശ്യം എടപ്പാടി പക്ഷത്തും നിലനില്‍ക്കുന്നതാണ് ലയനത്തിന് കൂടുതല്‍ പ്രതികൂലമാകുന്നത്. ശശികലയ്‌ക്കെതിരെ പരസ്യമായി ആരോപണങ്ങളുമായി ആദ്യം മുന്നില്‍ നിന്നത് മന്ത്രി ഡി ജയകുമാറാണ്. അദ്ദേഹത്തിന്റെ പുത്രനും എംപിയുമായ ജെ ജയവര്‍ദ്ധനന് കേന്ദ്രമന്ത്രിപദം വേണമെന്നാണ് ജയകുമാര്‍ ആവശ്യപ്പെടുന്നത്.

Next Story

Related Stories