UPDATES

ട്രെന്‍ഡിങ്ങ്

ആ ദിവസങ്ങളില്‍ എന്ത് സംഭവിച്ചു? കര്‍ണാടകത്തില്‍ ബിജെപി വഞ്ചിച്ചെന്ന തോന്നലില്‍ വിമത എംഎല്‍എമാര്‍; എല്ലാം തുറന്നുപറയാനും ആലോചന

സുപ്രീം കോടതിയെ എങ്ങനെ സമീപിക്കുമെന്ന കാര്യത്തിലും വിമതര്‍ തീരുമാനമെടുക്കും

കര്‍ണാടകത്തില്‍ ബിജെപി സര്‍ക്കാരിന് വേണ്ടി ‘രക്തസാക്ഷികളാ’ക്കപ്പെട്ടവര്‍ക്ക് വഞ്ചിക്കപ്പെട്ടുവെന്ന തോന്നല്‍ ശക്തമാകുന്നതായി സൂചന. വലിയ ഓഫറുകള്‍ നല്‍കി കോണ്‍ഗ്രസില്‍നിന്നും ജെഡി(എസ്സി)ല്‍നിന്നും മാറ്റി നിര്‍ത്തിയ തങ്ങളെ ബിജെപി വഞ്ചിച്ചുവെന്നാണ് ഇവരുടെ ആക്ഷേപം . സ്പീക്കര്‍ അയോഗ്യരാക്കിയതോടെ രാഷ്ട്രീയ ഭാവി തന്നെ അനിശ്ചിതത്വത്തിലായെന്നും ഇവര്‍ കരുതുന്നു. സ്പീക്കറുടെ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ എങ്ങനെ സമീപിക്കണമെന്നതാണ് ഇവര് ആലോചിക്കുന്നത്.

ജെഡി(എസ്) – കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കുന്നതിന് 17 എംഎല്‍എമാരാണ് വിമതരായി മാറിയത്. ബിജെപി വലിയ വാഗ്ദാനം നല്‍കിയാണ് ഇവരെ അടര്‍ത്തിമാറ്റിയത് എന്നാണ് സൂചനകള്‍. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ഏറ്റവും തിരിച്ചടി നേരിട്ട വിഭാഗമായി ഈ വിമതര്‍ മാറിയിരിക്കുന്നു. സ്പീക്കര്‍ അയോഗ്യരാക്കിയതോടെ ഇവര്‍ക്ക് 2023 വരെ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ കഴിയില്ല. 2023 ആകുമ്പോഴേക്കും രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറുകയും തങ്ങളുടെ അവസ്ഥ എന്താകുമെന്നതിനെക്കുറിച്ചും ഇവര്‍ക്ക് ആശങ്കയുണ്ട്. ഇതില്‍നിന്ന് രക്ഷപ്പെടാന്‍ സുപ്രീംകോടതി ഇടപെടലുണ്ടാകുമോ എന്നാണ് ഇവര്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്.

Also Read: കര്‍ണാടകത്തില്‍ പെട്ടത് വിമതന്മാര്‍; മന്ത്രിസ്ഥാനവുമില്ല, നിയമസഭാംഗത്വവും പോയി, ഇനി പ്രതീക്ഷ സുപ്രീം കോടതിയില്‍

സ്വന്തം പാര്‍ട്ടികളില്‍നിന്ന് വേണ്ടത്ര പരിഗണന കിട്ടാതെ നിരാശരായിരുന്നവരെയാണ് ബിജെപി ആകര്‍ഷിച്ചത്. ഇവരെ ബിജെപി നേതൃത്വം മുംബൈയിലേക്ക് മാറ്റി പാര്‍പ്പിക്കുകയും ചെയ്തു. കോണ്‍ഗ്രസ് നേതാക്കളെ ഹോട്ടലിലേക്ക് കടത്തിവിടരുതെന്നും ഇവരില്‍ നിന്ന് ഭീഷണിയുണ്ടെന്നും ഈ വിമതരെക്കൊണ്ട് പോലീസിന് പരാതി നല്‍കിക്കുകയും ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ വീഴുമെന്ന് ഉറപ്പായതുമുതല്‍ തങ്ങളെ ഇവര്‍ കൈയൊഴിയുകയാണെന്ന ആക്ഷേപമാണ് വിമതര്‍ക്കുളളതെന്നാണ് വിവിധ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. മന്ത്രിയാകാന്‍ കൊതിച്ച് എംഎല്‍എ സ്ഥാനം പോലും നഷ്ടമായ അവസ്ഥയിലായെന്ന തോന്നലാണ് അയോഗ്യരാക്കപ്പെട്ടവര്‍ക്കുള്ളത്.

ഇതോടെ ഈ ദിവസങ്ങളില്‍ മുംബൈയില്‍ സംഭവിച്ചതടക്കമുള്ള കാര്യങ്ങള്‍ തുറന്നുപറയാന്‍ ഇവര്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അടുത്തയാഴ്ച വാര്‍ത്ത സമ്മേളനം നടത്താന്‍ വിമതരില്‍ ചിലര്‍ തയ്യാറായേക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ അത് വലിയ വിവാദങ്ങള്‍ക്ക് കാരണമാകും.

അതിനിടെ സ്പീക്കര്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് അയോഗ്യനാക്കപ്പെട്ട കോണ്‍ഗ്രസ് മുന്‍ എംഎല്‍എ മുനിരത്‌ന ആരോപിച്ചു. ആദ്യം മൂന്ന് പേരെ അയോഗ്യരാക്കിയത് മറ്റുള്ളവരെ തിരിച്ചെത്തിക്കാനായിരുന്നു. അതിന് വഴങ്ങാതിരുന്നപ്പോഴാണ് ബാക്കിയുള്ളവരെയും അയോഗ്യരാക്കിയതെന്നും അദ്ദേഹം പറഞ്ഞു. 2023 വരെ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ കഴിയില്ലെന്ന സ്പീക്കറുടെ നിലപാട് ശരിയല്ലെന്നും തെറ്റായ കാര്യങ്ങളാണ് സ്പീക്കര്‍ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിമത എംഎല്‍എമാര്‍ ഇന്ന് ബാംഗലൂരുവിലെത്തും. സ്പീക്കറുടെ നടപടിക്കെതിരെ അയോഗ്യരാക്കപ്പെട്ടവര്‍ സംയുക്തമായി സുപ്രീം കോടതിയെ സമീപിക്കണമോ അതോ വ്യക്തിപരമായി കോടതിയില്‍ പോകണമോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കുമെന്നാണ് സൂചന. നേരത്തെ അയോഗ്യരാക്കപ്പെട്ടവര്‍ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും.

വിമതര്‍ അയോഗ്യരായതോടെ ബിജെപിക്ക് ആശങ്കകളില്ലാതെ വിശ്വാസ വോട്ട് നേടാന്‍ കഴിയുമെന്നാണ് കണക്കാക്കപ്പെടുന്നത്. വിശ്വാസ വോട്ട് കഴിഞ്ഞാല്‍ സ്പീക്കര്‍ രമേഷ് കുമാര്‍ രാജിവെച്ചേക്കുമെന്നും സൂചനയുണ്ട്. അല്ലെങ്കില്‍ സ്പീക്കരെ നീക്കാനുള്ള പ്രമേയം ബിജെപി അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. പ്രതിപക്ഷ പാര്‍ട്ടിയുടെ അംഗം സ്പീക്കറായി തുടര്‍ന്നാല്‍ സഭ സമ്മേളന വേളകളില്‍ അത് സര്‍ക്കാരിന് നിരന്തരം തലവേദന സൃഷ്ടിക്കുമെന്ന കാര്യം ഉറപ്പാണ്.

Also Read: കര്‍ണാടകയില്‍ യെദിയൂരപ്പയുടെ വിശ്വാസ വോട്ട് ഇന്ന്; വിമതര്‍ക്ക് മന്ത്രി സ്ഥാനം കൊടുക്കേണ്ടന്നത് ബിജെപിക്ക് താല്‍ക്കാലിക ആശ്വാസം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍