TopTop
Begin typing your search above and press return to search.

കര്‍ണാടകത്തിന് പിന്നാലെ ഗുജറാത്തും ബിജെപിക്ക് നഷ്ടപ്പെടുമോ? കാര്യങ്ങള്‍ പന്തിയല്ലെന്ന് റിപ്പോര്‍ട്ടുകള്‍

കര്‍ണാടകത്തിന് പിന്നാലെ ഗുജറാത്തും ബിജെപിക്ക് നഷ്ടപ്പെടുമോ? കാര്യങ്ങള്‍ പന്തിയല്ലെന്ന് റിപ്പോര്‍ട്ടുകള്‍

കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരണത്തിന്റെ പടിവാതില്‍ക്കലെത്തിയ ശേഷം പിന്മാറേണ്ടി വന്ന ബിജെപിയെ കാത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ബിജെപി അധ്യക്ഷന്‍ അമിത് ഷായുടേയും സ്വന്തം ഗുജറാത്തിലും പാര്‍ട്ടി പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ടുകള്‍. ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന്റെ നേതൃത്വത്തില്‍ കലാപക്കൊടി ഉയര്‍ത്തി 18-ഓളം എംഎല്‍എമാര്‍ പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നതായ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍. ഒടുവില്‍ താന്‍ രാജി വയ്ക്കുന്നതായ വാര്‍ത്തകള്‍ ശരിയല്ലെന്നും മാധ്യമങ്ങള്‍ ഇക്കാര്യം പ്രചരിപ്പിക്കരുതെന്നും ആവശ്യപ്പെട്ട് നിതിന്‍ പട്ടേല്‍ തന്നെ കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു.

2017 ഒടുവില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ ആറാം തവണയും ബിജെപി അധികാരം പിടിച്ചെങ്കിലും മുന്‍തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ കടന്നുകൂടുകയായിരുന്നു. 182 അംഗ നിയമസഭയില്‍ കഴിഞ്ഞ തവണത്തേതില്‍ നിന്നും 16 സീറ്റുകള്‍ കുറഞ്ഞ് കേവലം 99 സീറ്റുകളാണ് ബിജെപിക്ക് ഇത്തവണ ലഭിച്ചത്. അതായത്, കേവല ഭൂരിപക്ഷത്തിനു വേണ്ട 92 സീറ്റുകളേക്കാള്‍ ഏഴ് സീറ്റ് മാത്രം അധികം. കോണ്‍ഗ്രസാകട്ടെ, കഴിഞ്ഞ തവണത്തെ 61 സീറ്റില്‍ നിന്നും തങ്ങളുടെ സീറ്റുകള്‍ 77 ആയി വര്‍ധിപ്പിക്കുകയും ചെയ്തു.

പ്രചരണത്തിന്റെ അവസാന സമയങ്ങളില്‍ 'തീവ്ര പ്രചരണ'വുമായി ഇറങ്ങിയ നരേന്ദ്ര മോദിയുടെ പ്രഭാവമാണ് കൈവിട്ടു പോകുമായിരുന്ന സംസ്ഥാനം നിലിനിര്‍ത്താന്‍ ബിജെപിയെ സഹായിച്ചത്. എന്നാല്‍ മൂന്നു ദശകത്തോളമായി ബിജെപി അധികാരത്തിലിരിക്കുന്ന ഗുജറാത്തില്‍ ഇത്തവണ കടന്നുകൂടിയത് കഷ്ടിച്ചാണ് എന്നത് ബിജെപി ദേശീയ നേതൃത്വത്തെ അമ്പരപ്പിക്കുകയും ചെയ്തിരുന്നു. സംവരണ വിഷയത്തില്‍ പട്ടേല്‍ സമുദായം ഇടഞ്ഞതും ദളിതുകള്‍ക്ക് നേരെ നടക്കുന്ന ആക്രമണം, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങളായിരുന്നു ബിജെപി ഇത്തവണ നേരിട്ടത്. പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേല്‍, ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി, ഒബിസി നേതാവും പിന്നീട് കോണ്‍ഗ്രസിന്റെ ഭാഗമാവുകയും ചെയ്ത അല്‍പേഷ് താക്കൂര്‍ എന്നിവര്‍ സംയുക്തമായി മോദിക്കും അമിത് ഷായ്ക്കും എതിരെ രംഗത്തു വന്നതും പാര്‍ട്ടിക്ക് തിരിച്ചടിയായി. ഭരണം ലഭിച്ചെങ്കിലും ഗുജറാത്തില്‍ മോദിയും സംഘവും മുഖം രക്ഷിക്കുക മാത്രമാണ് ചെയ്തത് എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുകയും ചെയ്തിരുന്നു.

പട്ടേല്‍ സമുദായം ഹാര്‍ദിക് പട്ടേലിന്റെ നേതൃത്വത്തില്‍ ഉയര്‍ത്തിയ വെല്ലുവിളിയെ നേരിടാന്‍ ബിജെപിയെ സഹായിച്ചത് പട്ടേല്‍ സമുദായത്തിലെ മുതിര്‍ന്ന നേതാക്കളില്‍ ഒരാള്‍ കൂടിയായ നിതിന്‍ പട്ടേലാണ്. ആനന്ദിബെന്നിനെ മുഖ്യമന്ത്രി പദത്തില്‍ നിന്നു മാറ്റിയപ്പോള്‍ ഏറെക്കാലമായി മുഖ്യമന്ത്രി പദം മോഹിച്ചിരുന്ന നിതിന്‍ പട്ടേലിനു പകരം, തന്റെ അനുയായിയായ വിജയ് രൂപാണിയെയാണ് അമിത് ഷാ നിയമിച്ചത്. എന്നാല്‍ ഇത്തവണ നടന്ന തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പദം നിതിന്‍ പട്ടേല്‍ ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര നേതൃത്വം വഴങ്ങാതിരിക്കുകയും രൂപാണിയെ തന്നെ നിയോഗിക്കുകയും ചെയ്തതോടെ പട്ടേല്‍ ഉടക്കി. മുന്‍ മന്ത്രിസഭയില്‍ കൈകാര്യം ചെയ്തിരുന്ന ധനകാര്യം, നഗരവികസനം അടക്കമുള്ള വകുപ്പുകള്‍ എടുത്തു മാറ്റിയതോടെ എതിര്‍പ്പ് രൂക്ഷമായി.

തന്റെ അഭിമാനം സംരക്ഷിക്കണമെന്നും അത് അടിയറ വച്ചുകൊണ്ട് യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് പട്ടേല്‍ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. ഒടുവില്‍ പട്ടേലിന്റെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് വ്യക്തമാക്കി അമിത് ഷാ നേരിട്ട് വിളിച്ച് ഉറപ്പുകള്‍ നല്‍കിയതിനെ തുടര്‍ന്നാണ് പട്ടേല്‍ അയഞ്ഞത്. അംബാനി കുടുംബത്തിന്റെ ബന്ധു കൂടിയായ ഊര്‍ജ വകുപ്പ് മന്ത്രി സൗരഭ് പട്ടേലിന് നല്‍കിയിരുന്ന ധനകാര്യ വകുപ്പ് തിരിച്ചെടുത്ത് ഉപമുഖ്യമന്ത്രി സ്ഥാനവും ധനകാര്യ വകുപ്പും മെഡിക്കല്‍ എഡ്യൂക്കേഷന്‍, ഹെല്‍ത്ത് അടക്കമുള്ള വകുപ്പുകളും നല്‍കിയതിനെ തുടര്‍ന്നാണ് പട്ടേല്‍ സ്ഥാനമേറ്റെടുക്കാന്‍ തയാറായത്.

തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയുണ്ടായതിനു പിന്നാലെ മന്ത്രിസഭാ രൂപീകരണ സമയത്ത് പട്ടേല്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന നടപടികള്‍ സ്വീകരിച്ചു എന്ന അനിഷ്ടം അന്നുമുതലേ കേന്ദ്ര നേതൃത്വത്തിനുണ്ട്. ഇതോടെയാണ് പട്ടേലിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കാന്‍ മോദിയും അമിത് ഷായും ആലോചിക്കുന്നതായ വാര്‍ത്തകള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ശക്തമാകുന്നത്. എന്നാല്‍ ശക്തമായ പ്രതിരോധം തന്നെയാണ് പട്ടേല്‍ ഉയര്‍ത്തിയത്. താന്‍ 18 എംഎല്‍എമാര്‍ക്കൊപ്പം പാര്‍ട്ടി വിടുമെന്ന് പട്ടേല്‍ ഭീഷണി ഉയര്‍ത്തിയതോടെ മന്ത്രിസഭ താഴെപ്പോകുമെന്ന സാഹചര്യത്തില്‍ കേന്ദ്ര നേതൃത്വം തത്ക്കാലം പിന്‍വാങ്ങിയതായാണ് ഇപ്പോഴുള്ള സൂചനകള്‍. 18 എംഎല്‍എമാരുമായി പട്ടേല്‍ പാര്‍ട്ടി വിട്ടാല്‍ ബിജെപി മന്ത്രിസഭ താഴെപ്പോകുമെന്നും എംഎല്‍എമാര്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കി ഗുജറാത്തിലും കോണ്‍ഗ്രസ് മന്ത്രിസഭ അധികാരത്തില്‍ വരുമെന്നും അടക്കമുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ സജീവം.

എന്നാല്‍ കര്‍ണാടകത്തില്‍ തിരിച്ചടിയേറ്റതോടെ പട്ടേലിനെ മാറ്റുന്നത് ഗുജറാത്തും കൈപ്പിടിയില്‍ നിന്ന് പോകുമെന്ന് വ്യക്തമായതോടെയാണ് കേന്ദ്ര നേതൃത്വം പിന്‍മാറിയിരിക്കുന്നത്. ഹാര്‍ദിക് പട്ടേലിന്റെ നേതൃത്വത്തില്‍ പട്ടേല്‍ സമുദായം ഉയര്‍ത്തിയ എതിര്‍പ്പിനെ കുറച്ചെങ്കിലും പ്രതിരോധിക്കാന്‍ ബിജെപിക്കായത് നിതിന്‍ പട്ടേലിനെ ഉപയോഗിച്ചായിരുന്നു. കേന്ദ്ര നേതൃത്വവും പട്ടേലും തത്കാലം രമ്യതയില്‍ എത്തിയെങ്കിലും ഗുജറാത്തിലെ ബിജെപിയില്‍ സ്ഥിതിഗതികള്‍ അത്ര പന്തിയല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

https://www.azhimukham.com/update-nitinpatel-gets-finance-bjp-escape-from-crisis/

http://www.azhimukham.com/national-bjp-will-lose-congress-all-set-to-cross-majority-in-gujarat-assembly-election-amaresh-misra/

http://www.azhimukham.com/india-gujarat-election-reflects-the-feeling-of-rural-people/

http://www.azhimukham.com/anandiben-patel-resignation-as-chief-minister-gujarat-rift-in-bjp/


Next Story

Related Stories