TopTop

സംഘപരിവാറിനേയും മോദി സര്‍ക്കാരിനേയും വിമര്‍ശിക്കുന്നവരെ ഫേസ്ബുക്ക് തടയുന്നുണ്ടോ?

സംഘപരിവാറിനേയും മോദി സര്‍ക്കാരിനേയും വിമര്‍ശിക്കുന്നവരെ ഫേസ്ബുക്ക് തടയുന്നുണ്ടോ?
കേന്ദ്രസര്‍ക്കാരിനേയും ഭരണമുന്നണിക്ക് നേതൃത്വം നല്‍കുന്ന ബിജെപിയെയും മറ്റ് തീവ്രവലതുപക്ഷ സംഘങ്ങളേയും വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്ന പേജുകളേയും അക്കൗണ്ടുകളേയും ഫേസ്ബുക്ക് ബോധപൂര്‍വം ബ്ലോക്ക് ചെയ്യുകയാണെന്ന് വിമര്‍ശനം. എന്നാല്‍ ഇന്ത്യയില്‍ 241 ദശലക്ഷം ഉപയോക്താക്കളുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് കമ്പനി ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 26ന് മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് അനസിന്റെ അക്കൗണ്ട് മുപ്പത് ദിവസത്തേക്ക് മരവിപ്പിച്ചതാണ് ഏറ്റവും ഒടുവിലത്തെ ശ്രദ്ധേയ സംഭവം. 'താമര പൂവ്, നമ്മുടെ പൂവ്,' എന്ന അടിക്കുറിപ്പോടെയുള്ള ഒരു വ്യാപാരിയുടെ കാഷ് റസീറ്റ് ഷെയര്‍ ചെയ്തതാണ് അദ്ദേഹം ചെയ്ത കുറ്റം. താമരയ്ക്ക് വോട്ട് ചെയ്തത് നമ്മുടെ തെറ്റാണെന്നും ആ കുറിപ്പില്‍ പറഞ്ഞിരുന്നു. താമര ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമാണ്. എന്നാല്‍ പോസ്റ്റ് ഷെയര്‍ ചെയ്ത മറ്റ് അക്കൗണ്ടുകള്‍ക്ക് വിലക്കുകളൊന്നുമില്ല.

ഫേസ്ബുക്കിന്റെ നടപടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാവുകയാണ്. എന്തടിസ്ഥാനത്തിലാണ് അനസിന്റെ അക്കൗണ്ട് മരവിപ്പിച്ചതെന്ന് ചോദിക്കുന്ന നിരവധി പോസ്റ്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ നിര്‍ദ്ദിഷ്ട വ്യവസായിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആ പോസ്റ്റില്‍ ഉള്‍പ്പെട്ടതാണ് നടപടിക്ക് കാരണം എന്നാണ് ഫേസ്ബുക്കിന്റെ വിശദീകരണം. തങ്ങളുടെ സാമൂഹിക നിലവാര നിബന്ധനകള്‍ക്ക് വിരുദ്ധമാണിതെന്നും എഫ്ബിയുടെ ഒരു ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ വിശദീകരിക്കുന്നു. എന്നാല്‍ കഴിഞ്ഞ മാസം ഫേസ്ബുക്ക് അനസിന്റെ അക്കൗണ്ട് മാത്രമല്ല മരവിപ്പിച്ചതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ബിജെപി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ആക്ഷേപഹാസ്യ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യാറുള്ള ഹ്യൂമന്‍സ് ഓഫ് ഹിന്ദുത്വ, ഫേസ്ബുക്ക് നല്‍കിയ ഒരു മുന്നറിയിപ്പ് സന്ദേശം സെപ്റ്റംബര്‍ 27ന് പോസ്റ്റ് ചെയ്തിരുന്നു. ഇനിയും ഇത്തരം പോസ്റ്റുകള്‍ ഷെയര്‍ ചെയ്താല്‍ തങ്ങള്‍ക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ മോഡറേറ്ററുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആവശ്യപ്പെടുമെന്ന് ഫേസ്ബുക്ക് മുന്നറിയിപ്പ് നല്‍കുന്നു. മഹാത്മ ഗാന്ധി, ഗൗരി ലങ്കേഷ്, എംഎം കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ധബോല്‍ക്കര്‍ എന്നിവരുടെ ചിത്രങ്ങളോടൊപ്പം ഒരു യഥാര്‍ത്ഥ വെടിയുണ്ടയുടെ ഛായാചിത്രവും അടങ്ങുന്ന പോസ്റ്റില്‍ 'വരൂ, ഇന്ത്യയിലെ യാഥാര്‍ത്ഥ ബുള്ളറ്റ് ട്രെയ്‌നില്‍ യാത്ര ചെയ്യു,' എന്ന അടിക്കുറിപ്പാണ് പരാതിക്ക് കാരണമായതെന്ന് ഫേസ്ബുക്ക് ചൂണ്ടിക്കാട്ടുന്നു. ഇവരെല്ലാം വെടിയേറ്റ് മരിച്ചവരാണ്. കുറച്ച് സമയത്തിന് ശേഷം ഫേസ്ബുക്ക് പോസ്റ്റ് എടുത്തുമാറ്റി.
'ഒരു ഹിന്ദുത്വ അനുയായിയെ തിരിച്ചറിയുന്നതിനുള്ള മാര്‍ഗങ്ങള്‍' എന്ന തലക്കെട്ടോടെയുള്ള മറ്റൊരാളുടെ പോസ്റ്റ് ഷെയര്‍ ചെയ്തതിന്റെ പേരില്‍ ഡോക്യുമെന്ററി ചലച്ചിത്രകാരനും ഗ്രാഫിക് ഡിസൈനറുമായ ഗൗതം ബെനഗലിന്റെ അക്കൗണ്ട് കഴിഞ്ഞ മാസം ഫേസ്ബുക്ക് മരവിപ്പിച്ചിരുന്നു. പരാതികള്‍ വരുന്ന പോസ്റ്റുകളെല്ലാം യഥാര്‍ത്ഥ ആളുകള്‍ തന്നെയാണ് പരിശോധിക്കുന്നതെന്നും സാമൂഹിക നിലവാര മാനദണ്ഡങ്ങള്‍ക്കും യഥാര്‍ത്ഥ പേര് നയത്തിന്റെ അടിസ്ഥാനത്തിലുമുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനസരിച്ചുമാണ് നടപടികള്‍ സ്വീകരിക്കുന്നതെന്നുമാണ് ഫേസ്ബുക്കിന്റെ വിശദീകരണം. വ്യാജ അക്കൗണ്ടുകളില്‍ നിന്നുള്‍പ്പെടെയുള്ള അവഹേളനപരമായ സന്ദേശങ്ങള്‍, വിദ്വേഷ പ്രയോഗങ്ങള്‍, ഭീഷണി തുടങ്ങിയവ തടയുക എന്നതാണ് ഫേസ്ബുക്ക് സമൂഹത്തിന്റെ നിലവാരം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് കമ്പനി സ്‌ക്രോളിന് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ വിശദീകരിക്കുന്നു. സമൂഹത്തിന്റെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെയും തട്ടിപ്പുകള്‍ തടയുന്നതിന്റെയും ഭാഗമായി ബാങ്ക് അക്കൗണ്ടുകള്‍ പങ്കുവക്കുന്നത് തടയുന്നതും കമ്പനിയുടെ നടപടിയുടെ ഭാഗമാണെന്ന് ഇ-മെയ്‌ലില്‍ വിശദീകരിക്കുന്നു.

2014ല്‍ ഫേസ്ബുക്ക്, പാകിസ്ഥാനിലെ നിരവധി അക്കൗണ്ടുകളും പേജുകളും മരവിപ്പിച്ചതിന് സമാനമാണ് ഇപ്പോള്‍ ഇന്ത്യയിലും സംഭവിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിച്ചവര്‍ കടുത്ത വിമര്‍ശനം ഉയര്‍ത്തിയ ഒന്നായിരുന്നു കമ്പനിയുടെ പാകിസ്ഥാനിലെ നടപടി. അവിടുത്തെ ഇടതുസംഘടനകളുടെ രാഷ്ട്രീയ പേജുകളും താലിബാനെ എതിര്‍ക്കുന്ന റോക്ക് സംഗീതസംഘങ്ങളുടെ പേജുകളും അന്ന് മരവിപ്പിച്ചവയില്‍ ഉള്‍പ്പെട്ടിരുന്നു. വലിയ വിമര്‍ശനങ്ങള്‍ക്ക് ശേഷമാണ് ഈ പേജുകള്‍ പുനഃസ്ഥാപിക്കാന്‍ കമ്പനി തയ്യാറായത്. എന്നാല്‍ പാകിസ്ഥാന്‍ കമ്പിത്തപാല്‍ അധികൃതരുടെ ആവശ്യപ്രകാരമാണ് തങ്ങള്‍ പേജുകള്‍ മരവിപ്പിച്ചതെന്നായിരുന്നു ഫേസ്ബുക്കിന്റെ വിശദീകരണം.ഉള്ളടക്കങ്ങള്‍ നീക്കിക്കിട്ടുന്നതിന് വേണ്ടി അധികാരികള്‍ കമ്പനിയെ സമീപിക്കുന്നത് ഇന്ത്യയിലും സംഭവിക്കുന്നുണ്ട്. 2016ല്‍ മാത്രം ഇത്തരത്തിലുള്ള 2,753 അപേക്ഷകളാണ് ഫേസ്ബുക്കിന് ലഭിച്ചതെന്ന് അവരുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതായത് ഓരോ രണ്ട് ദിവസത്തില്‍ ഒരിക്കലും ഇത്തരത്തിലുള്ള 15 അപേക്ഷകളാണ് ശരാശരി കമ്പനിക്ക് ലഭിക്കുന്നത്. 2,896 അപേക്ഷകള്‍ നല്‍കിയ ഫ്രാന്‍സ് മാത്രമാണ് ഇക്കാര്യത്തില്‍ ഇന്ത്യയുടെ മുന്നിലുള്ളത്. ഉപയോക്താവിന്റെ വിവരങ്ങള്‍ ഏറ്റവും കൂടുതല്‍ അന്വേഷിക്കുന്നത് യുഎസ് ഗവണ്‍മെന്റാണ്. അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിന്റെ കാലാവധി എങ്ങനെയാണ് തീരുമാനിക്കുക എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ ഫേസ്ബുക്ക് തയ്യാറല്ല. ഇത്തരം കാര്യങ്ങളില്‍ സുതാര്യതയുടെ അഭാവം പ്രകടമാണെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇത്തരം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഉള്ളടക്കങ്ങള്‍ക്ക് അതാത് കമ്പനികള്‍ ഉത്തരവാദികളല്ലെങ്കില്‍ പോലും ഉപയുക്താവിനോട് യാതൊരു ഉത്തരവാദിത്വവും ഇല്ല എന്നല്ല അതിന്റെ അര്‍ത്ഥമെന്ന് ഇന്ത്യയിലെ ടെലികോം, ഡിജിറ്റല്‍ വ്യാപാരങ്ങള്‍ അവലോകനം ചെയ്യുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്യുന്ന മീഡിയനാമ എന്ന വെബ്‌സൈറ്റിന്റെ സ്ഥാപകന്‍ നിഖില്‍ പവ്വ ചൂണ്ടിക്കാട്ടുന്നു. യഥാര്‍ത്ഥ പേര് നയം തന്നെ തട്ടിപ്പാണെന്നും ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ ആരോപിക്കുന്നു.

ഉദാഹരണത്തിന് നരേന്ദ്ര മോദി സര്‍ക്കാരിനും അവരുടെ പ്രത്യയശാസ്ത്ര രക്ഷാധികാരിസംഘടനയായ ആര്‍എസ്എസിനും എതിരെ വാര്‍ത്ത എഴുതുന്ന ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതിന്റെ പേരില്‍ അണ്‍ഫെയര്‍ വെബ് എന്ന പേജ് സെപ്തംബര്‍ 18ന് ഫേസ്ബുക്ക് പൂട്ടി. ഇതിന്റെ മോഡറേറ്റര്‍മാര്‍ അവരുടെ തിരിച്ചറിയല്‍ രേഖകള്‍ തുടര്‍ച്ചയായി അപ്ലോഡ് ചെയ്തതിന് ശേഷമാണ് ഇത് സംഭവിച്ചതെന്ന വിമര്‍ശനം വ്യാപകമാണ്. അണ്‍ഫെയര്‍ വെബ് ഒരു ഫേസ്ബുക്ക് അക്കൗണ്ട് ആയാണ് തുടങ്ങിയതെന്നും അല്ലാതെ പേജായി അല്ലെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത്തരം സാങ്കേതിക കാര്യങ്ങളില്‍ ഒരു വ്യക്തതയും ഇല്ലെന്നും അവര്‍ ആരോപിക്കുന്നു. സ്വന്തം പേരുകള്‍ക്ക് പകരം വളര്‍ത്തുമൃഗത്തിന്റെയോ സംഘടനയുടെയോ പ്രിയപ്പെട്ട സിനിമയുടെയോ അല്ലെങ്കില്‍ മറ്റെന്തെങ്കിലുമോ വിഷയവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ ഫേസ്ബുക്ക് പേജ് ആരംഭിക്കണം എന്നാണ് കമ്പനി നിര്‍ദ്ദേശിക്കുന്ന നയം. എന്നാല്‍ മുന്‍കാലങ്ങളില്‍ ഈ നയവും വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. 2015 നവംബറില്‍ യുഎസില്‍ നിന്നുള്ള സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍ ഐസിസ് അഞ്ചാലീയുടെ അക്കൗണ്ട് ഫേസ്ബുക്ക് മരവിപ്പിച്ചു. ഇസ്ലാമിക് സ്റ്റേറ്റുമായി അവരുടെ പേരിന്റെ ആദ്യഭാഗത്തിനുള്ള ബന്ധമാണ് ആശയക്കുഴപ്പത്തിന് കാരണമായി. പിന്നീട് അവരുടെ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കിയതിന് ശേഷമാണ് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ ഫേസ്ബുക്ക് തയ്യാറായത്. ഇതേ തുടര്‍ന്ന് ഫേസ്ബുക്കിന്റെ നയങ്ങളെ കുറിച്ച് ലോകമെങ്ങും വിമര്‍ശനം ഉയര്‍ന്നിരുന്നു.

Next Story

Related Stories