Top

ദോക്ലാം ഇന്ത്യക്ക് കെണിയോ അതോ അവസരമോ? ഇന്ത്യ-ചൈന തര്‍ക്കത്തിന്റെ വസ്തുതകള്‍

ദോക്ലാം ഇന്ത്യക്ക് കെണിയോ അതോ അവസരമോ? ഇന്ത്യ-ചൈന തര്‍ക്കത്തിന്റെ വസ്തുതകള്‍
ഭൂട്ടാനിലെ ദോക്ലാമില്‍ യുദ്ധത്തിന് സജ്ജമായി ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും നേര്‍ക്കുന്നേര്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ ഒരു മാസത്തിലധികമാകുന്നു. ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കാതെ ഒരു തരത്തിലുമുള്ള നയതന്ത്ര ചര്‍ച്ചകളും സാധ്യമല്ല എന്ന നിലപാടാണ് ചൈന. സാമ്പത്തികമായും രാഷ്ട്രീയപരമായും കലുഷിതമായ ലോകത്തില്‍ പ്രതീക്ഷയുടെ ബിംബമായിരുന്നു ഏഷ്യയിലെ രണ്ട് വന്‍ ശക്തികള്‍ തമ്മിലുള്ള ബന്ധം. അത് ഇപ്പോള്‍ ഏത് വഴിക്ക് പോകും എന്ന ആശങ്ക നിലനില്‍ക്കെ ലോകസമാധാനം തന്നെ അനിശ്ചിതത്വത്തില്‍ ആയിരിക്കുകയാണ്.

ബന്ധം എത്രത്തോളം വഷളായി എന്നതിന് തെളിവാണ് കഴിഞ്ഞ ഒന്നര മാസമായി നടക്കുന്ന അസാധാരണമായ, വളരെ ശക്തമായ ഭാഷയിലുള്ള വിമര്‍ശനവും ശക്തിപ്രകടനവും. 1962ന് ശേഷമുള്ള ഏറ്റവും വലിയ സംഘര്‍ഷാവസ്ഥയാണ് ഇപ്പോള്‍ അതിര്‍ത്തിയില്‍ നിലനില്‍ക്കുന്നതെന്ന് ഒട്ടും അതിശയോക്തിയില്ലാതെ തന്നെ നയതന്ത്ര വിദഗ്ദ്ധര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന അതിര്‍ത്തി തര്‍ക്കങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ഒരു മൂന്നാം രാജ്യം കൂടി ഉള്‍പ്പെട്ടിടുണ്ട് എന്നത് ഇതിന്റെ സങ്കീര്‍ണത ഉയര്‍ത്തുന്നു. മൂന്ന് രാജ്യങ്ങളുടേയും സന്ധി പ്രദേശമായ സ്ഥലത്താണ് ദോക്ലാം സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശം തങ്ങളുടേതാണ് എന്ന് അവകാശപെട്ട ചൈന, ടിബറ്റിലെ ചുംബി താഴ്‌വരയിലൂടെ ദോക്ലാം വരെ സഞ്ചാരയോഗ്യമായ റോഡ് നിര്‍മിക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ഭൂട്ടാന്‍ വിദേശകാര്യ മന്ത്രാലയം ഇതില്‍ പ്രതിഷേധമറിയിച്ച് ജൂണില്‍ കത്ത് അയച്ചിരുന്നു. റോഡ് ഭൂട്ടാന്റെ പ്രദേശത്താണെന്നും, സുംപേരിയിലെ സൈനിക താവളത്തിലേക്കാണ് അത് ചെന്നെത്തുകയെന്നുമാണ് ഭൂട്ടാന്റെ വാദം.

ജൂണ്‍ 20ന് ഇന്ത്യയിലെ ഭൂട്ടാന്‍ അംബാസഡര്‍, ഡല്‍ഹിയിലെ ചൈനീസ് എംബസിയിലെത്തി റോഡ് പണി അവസാനിപ്പിക്കണമെന്ന് ആവശ്യപെട്ട് ഒരു ഔദ്യോഗിക 'ഡിമാര്‍ഷ്' നല്‍കിയതോടെയാണ് കാര്യങ്ങള്‍ ഗൗരവമുള്ളതാണെന്ന് വ്യക്തമാകുന്നത്. പ്രധാനമന്ത്രിയുടെ അമേരിക്ക സന്ദര്‍ശനവേളയിലാണ് ഇന്ത്യന്‍ സൈന്യം സിക്കിം അതിര്‍ത്തി കടന്ന് റോഡ് പണി നിര്‍ത്തിച്ചതായി വാര്‍ത്ത പുറത്തുവന്നത്. ഇതാണ് ഇപ്പോഴുള്ള തര്‍ക്കത്തിന്റെ കാതല്‍. ചൈനയും ഭൂട്ടാനും തമ്മിലുള്ള അതിര്‍ത്തി ഇനിയും നിശ്ചയിക്കാനായിട്ടില്ല. 1984 മുതല്‍ ഇരുപത്തിനാല് ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെങ്കിലും രണ്ട് താല്‍കാലിക ഉടമ്പടികള്‍ അല്ലാതെ കാര്യമായ മറ്റൊരു പുരോഗതിയും നേടാനായിട്ടില്ല. ഭൂട്ടാന്റെ വടക്കന്‍ പ്രദേശത്തെ 495 ചതുരശ്ര കിലോമീറ്ററിന് പകരം പടിഞ്ഞാറന്‍ ഭാഗത്തുള്ള 269 ചതുരശ്ര കിലോമീറ്റര്‍ ഭൂമി വിട്ടുനല്‍കണം എന്നാണ് ചൈന ആവശ്യപെടുന്നത്. പടിഞ്ഞാറുള്ള ഭാഗത്താണ് ദോക്ലാം.ഇന്ത്യ ഇതില്‍ ഇടപെടുന്നതിന് പറഞ്ഞ കാരണം ത്രികോണസന്ധിയില്‍ അതിര്‍ത്തി നിശ്ചയിച്ചിട്ടില്ലെന്നും, ചൈനയുടെ വാദത്തിന്ന് എതിരായി സിക്കിം-ടിബറ്റ് അതിര്‍ത്തിയെക്കുറിച്ച് അവസാന വാക്ക് പറയാറായിട്ടില്ല എന്നതുമായിരുന്നു. 1890ല്‍ ഇന്ത്യയിലെ ബ്രിട്ടീഷ് സര്‍ക്കാരും ചൈനയും ഒപ്പിട്ട ഉടമ്പടി പ്രകാരം ''സിക്കിമില്‍ ഒഴുകുന്ന ടീസ്റ്റ നദിയും ടിബറ്റില്‍ ഒഴുകുന്ന മോച്ചു ഉള്‍പെടുന്ന മറ്റ് നദികളേയും വേര്‍തിരിക്കുന്ന പര്‍വതനിരയാണ് സിക്കിമും ടിബറ്റും തമ്മിലുള്ള അതിര്‍ത്തി''. ഇന്ത്യയുടെ 'കടന്നുകയറ്റ'ത്തെ വിമര്‍ശിച്ച ചൈനീസ് വിദേശകാര്യ മന്ത്രാലയം 1959ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു അന്നത്തെ ചൈനീസ് പ്രധാനമന്ത്രിയായിരുന്ന ചൗ എന്‍-ലായിക്ക് എഴുതിയ കത്തില്‍ ''സിക്കിം-ടിബറ്റ് അതിര്‍ത്തി 1890ലെ ഉടമ്പടി പ്രകാരമാണ് എന്നും 1895ല്‍ തന്നെ പ്രദേശത്ത് അത് ഇരുകൂട്ടരും അടയാളപെടുത്തിയിട്ടുണ്ട് എന്നും'' ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ 1959ല്‍ നെഹ്റു എഴുതിയ മറ്റൊരു കത്തില്‍ ''ടിബറ്റ്-ഭൂട്ടാന്‍ അതിര്‍ത്തി, ചൈനീസ് ഭൂപടങ്ങളില്‍ തെറ്റായി കാണിച്ചിരിക്കുന്നു എന്നതിനാല്‍ അതേ സെക്റ്ററിലുള്ള ഇന്ത്യ-ടിബറ്റ് അതിര്‍ത്തികളെ കുറിച്ച് ചര്‍ച്ച നടത്തേണ്ടിയിരിക്കുന്നു'' എന്നും പറയുന്നു. 1890-ലെ ഉടമ്പടി ഇന്ത്യ അംഗീകരിക്കാതിരുന്നാല്‍, സിക്കിം ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ന്നതിനെ അംഗീകരിച്ച 2003ലെ ചൈനീസ് നയം പുനരാലോചിക്കണമെന്ന് ചൈനീസ് ഗവണ്‍മെന്റ് പത്രമായ 'ഗ്ലോബല്‍ ടൈംസ്' ഈയിടെ പറയുകയുണ്ടായി.

പരമാധികാരം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകാന്‍ ചൈന തയ്യാറാകും എന്നത് ചരിത്രപാഠമാണ്. 1962-ലെ മുറിവുകള്‍ ഇന്ത്യയില്‍ ഇപ്പോഴും ഉണങ്ങിയിട്ടില്ല. എന്നിട്ടും ഇന്ത്യ സൈന്യത്തെ വിന്യസിച്ചതിന് രണ്ട് കാരണങ്ങളുണ്ട്: ഒന്ന് നയതന്ത്രപരവും മറ്റൊന്ന് സുരക്ഷാപരവും. 1949ല്‍ ഒപ്പിട്ട 'സൗഹൃദ ഉടമ്പടി' പ്രകാരം ഭൂട്ടാന്റെ രാജ്യസുരക്ഷയും വിദേശകാര്യനയവും തീരുമാനിച്ചിരുന്നത് ഇന്ത്യയാണ്. പൊതുവേ ഇന്ത്യയുടെ സാമന്ത രാജ്യം എന്ന് കരുതപ്പെട്ടിരുന്നുവെങ്കിലും പല വിഷയങ്ങളിലും സ്വതന്ത്രമായ നിലപാട് സ്വീകരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു (1962ല്‍ പിന്‍വലിഞ്ഞ ഇന്ത്യന്‍ സൈനികര്‍ക്ക് ഭൂട്ടാനിലൂടെ കടന്നുപോകാന്‍ ഭൂട്ടാന്‍ രാജാവ് സമ്മതം കൊടുത്തത് അവര്‍ നിരായുധരായിരിക്കണം എന്ന് നിബന്ധനയോട് കൂടിയാണ് എന്നത് ഇവിടെ ഓര്‍മ്മിക്കേണ്ടതുണ്ട്). 2007ല്‍ ഈ ഉടമ്പടി പരിഷ്‌കരിച്ചപ്പോഴും 'മറുരാജ്യത്തിന്റെ രാജ്യസുരക്ഷയേയും രാജ്യതാത്പര്യത്തെയും ബാധിക്കുന്ന കാര്യങ്ങള്‍ക്കായി തങ്ങളുടെ പരമാധികാരത്തിലുള്ള ഭൂമിയെ ഉപയോഗിക്കില്ല'' എന്നത് കൂട്ടിച്ചേര്‍ക്കുകയുണ്ടായി. അതിനാല്‍ ഇന്ത്യയുടെ ഇടപെടല്‍ അനിവാര്യമായിരുന്നു.

എന്നാല്‍ സുരക്ഷാപരമായ മറ്റൊരു കാരണവും ഈ നീക്കത്തിന് പിന്നിലുണ്ട്. 'ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍' എന്ന ഇന്ത്യ-ചൈന അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപം നടക്കുന്ന ഏതൊരു നിര്‍മാണപ്രവര്‍ത്തനത്തേയും സംശയത്തിന്റെ ദൃഷ്ടിയില്‍ മാത്രമേ ഇരുരാജ്യങ്ങളും കണ്ടിട്ടുള്ളൂ. ചുംബി താഴ്‌വരയില്‍ ചൈന പണിഞ്ഞുകൊണ്ടിരുന്ന റോഡ്‌  ടിബറ്റിന്റെ തലസ്ഥാനമായ ലാസ നഗരത്തില്‍ നിന്നും ദോക്ലാമിലെ ദോകാ ലാ എന്ന മലയിടുക്കിലേക്ക് ആയിരുന്നു. നിലവില്‍ ഇതിന് സമീപത്തുള്ള നാഥു ലാ മലയിടുക്കിലേക്ക് ഒരു റോഡ് ഉണ്ടെങ്കിലും അത് വമ്പന്‍ സൈനിക നീക്കങ്ങള്‍ക്ക് അനുയോജ്യമല്ല. ഈ കുറവ് നികത്താനാണ് തര്‍ക്കഭൂമിയിലൂടെയുള്ള ഒരു പുതിയ റോഡ് എന്ന് ഇന്ത്യന്‍ നിരീക്ഷകര്‍ കരുതുന്നു. റോഡ് പൂര്‍ത്തിയാല്‍ ചൈനയുടെ നിയന്ത്രണം അഞ്ച് കിലോമീറ്റര്‍ തെക്കോട്ട് വരെ നീളും എന്നാണ് ദ ഹിന്ദുവില്‍ ജൂലൈ 10ന് ശശാങ്ക് ജോഷി നിരീക്ഷിച്ചത്. ഇതുമൂലം വളരെ തന്ത്രപ്രധാനമായ 'സിലിഗുഡി ഇടനാഴി' ചൈനയുടെ പരിധിയില്‍ വരുമെന്നും അങ്ങനെയെന്നാല്‍ ഇന്ത്യയുടെ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളുമായുള്ള സഞ്ചാരമാര്‍ഗം തടയാന്‍ ചൈനയ്ക്കാകും എന്നും ഇന്ത്യന്‍ നിരീക്ഷകര്‍ ഭയക്കുന്നു. നിലവിലുള്ള സ്ഥിതിവിശേഷത്തെ മാറ്റാന്‍ ചൈന നടത്തുന്ന നീക്കത്തെ മുളയിലേ നുള്ളികളയാന്‍ സൈനികനീക്കത്തിലൂടെ ആകും എന്ന് ഇന്ത്യ കരുതി. അത് എത്രത്തോളം ഫലപ്രദമാണ് എന്നത് കാത്തിരുന്ന് കാണണം. സാമ്പത്തിക, സംസ്‌കാരിക ബന്ധം ഇതുവരെ ബാധിക്കപെട്ടിട്ടില്ല എങ്കിലും സംശയവും വിദ്വേഷവുമാണ് ഇന്ത്യ-ചൈന ബന്ധത്തിന്റെ കാതല്‍ എന്നത് വീണ്ടും തെളിയിക്കപെടുകയാണ്.ചൈനയ്ക്ക് ഇന്ത്യയോട് വിരോധം പുലര്‍ത്താന്‍ കാരണങ്ങള്‍ ഉണ്ട്. അമേരിക്കയുമായി പ്രതിരോധം ഉള്‍പ്പെടെയുള്ള തന്ത്രപ്രധാന മേഖലകളില്‍ സഹകരണം ഇന്ത്യക്ക് കൂടിവരുന്നു എന്നത് ചൈന ഒരു ഭീഷണിയായിട്ടാണ് കാണുന്നത്. ഇത് അസാധാരണമല്ല, എന്നാല്‍ ചൈനയെ വരിഞ്ഞുകെട്ടാന്‍ ഒബാമ ഭരണകൂടം തുടങ്ങിവെച്ച 'പിവട്ട് ടു ഈസ്റ്റ്' എന്ന നയത്തെ ഇന്ത്യ പരോക്ഷമായി തന്നെ പിന്തുണച്ചു എന്നത് ഇതിന്റെ ആക്കംകൂട്ടുന്നു. ജൂലൈ മാസം നടന്ന മലബാര്‍ നാവിക അഭ്യാസം (ഇന്ത്യ-ജപ്പാന്‍-അമേരിക്ക എന്നീ രാജ്യങ്ങള്‍ ഉള്‍പെട്ട) 2006 മുതല്‍ വാര്‍ഷികമായി നടന്നുവന്ന ഒന്നാണ്. ഈ വര്‍ഷത്തെ അഭ്യാസം ഏറ്റവും വലുതായിരുന്നു എന്നത് ഈ നയത്തിന്റെ ഭാഗമായി കാണാം. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനീസ് നാവിക സ്വാധീനം ചെറുക്കാന്‍ സഹകരിക്കും എന്ന് അമേരിക്കന്‍ നാവികസേനയുടെ പസിഫിക് കമാന്‍ഡ് തലവന്‍ ഈയിടെ പറയുകയുണ്ടായി. ഇത് കൂടാതെ ആസിയാന്‍ രാജ്യങ്ങളുമായി ഇന്ത്യയുടെ സഹകരണം പല മേഖലകളില്‍ മെച്ചപെടുന്നതും ദക്ഷിണ ചൈനാ കടലിലെ അതിര്‍ത്തി തര്‍ക്കത്തില്‍ മറ്റ് രാജ്യങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ചൈനയെ ഒറ്റപെടുത്താന്‍ ഇന്ത്യ ശ്രമിക്കുന്നു എന്നും ചൈന കരുതുന്നു. കാശ്മീരില്‍ മൂന്നാമതൊരു രാജ്യത്തിന്റെ സൈന്യം ഇടപെടുന്നതിനെ കുറിച്ച് ചൈന ഇപ്പോഴേ സൂചിപ്പിച്ച് കഴിഞ്ഞു. 'വണ്‍ ബെല്‍റ്റ്, വണ്‍ റോഡ്' എന്ന ചൈനീസ് പദ്ധതിയെ എതിര്‍ത്തതും ടിബറ്റന്‍ വിഘടനവാദികള്‍ക്ക് താവളം കൊടുത്തു എന്നതും ബന്ധത്തില്‍ കല്ലുകടിയായി നിലനില്‍ക്കുന്നു.

എന്നാല്‍ ഇന്ത്യയെ സംബന്ധിച്ച് പാകിസ്ഥാനുമായുള്ള ചൈനയുടെ എല്ലാകാലവും നിലനിന്ന ഉറച്ച സൗഹൃദമാണ് ഇക്കാര്യങ്ങളില്‍ എതിരായ നിലപാട് എടുക്കാന്‍ പ്രേരിപ്പിച്ചത്. വന്‍ സാമ്പത്തിക നിക്ഷേപങ്ങളാണ് ചൈന പാകിസ്ഥാനില്‍ ചെയ്യുന്നത്. ഗ്വാദറിലെ തുറമുഖം ചൈനീസ് സഹായത്തോടെയാണ് പാകിസ്ഥാന്‍ നിര്‍മ്മിച്ചത്. ഇത് അറേബ്യന്‍ ഉള്‍ക്കടലില്‍ അവരുടെ സ്വാധീനം വര്‍ധിപ്പിക്കാനും ഭാവിയില്‍ സൈനികാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനും ചൈന മടിക്കില്ല. അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയുടെ പ്രാമുഖ്യം കുറക്കാന്‍ ചൈന ശ്രമിക്കുന്നതും പാകിസ്ഥാന് നല്‍കുന്ന പിന്തുണയുടെ ഭാഗമായി കൂടിയാണ്. ആണവ സഹകരണ സംഘത്തിലെ ഇന്ത്യയുടെ അംഗത്വം ചൈന വീറ്റോ ചെയ്തിരുന്നു (പാകിസ്താനും അംഗത്വം നല്‍കിയാല്‍ വീറ്റോ പിന്‍വലിക്കാമെന്നായിരുന്നു വാദം). ജയ്ഷ് ഇ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ഐക്യരാഷ്ട്രസഭയുടെ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനേയും ചൈന എതിര്‍ത്തിരുന്നു. ഈ ദക്ഷിണേഷ്യന്‍ സ്ഥിതിവിശേഷം ഇന്ത്യയില്‍ കേന്ദ്രീകൃതമാണ്. അത് ഇന്ത്യന്‍മഹാസമുദ്രത്തിലും ഏറെക്കുറെ അതുപോലെ ആണ്. ഇതിനെ മാറ്റിമറിക്കാനാണ് ഇപ്പോഴത്തെ ഈ ചൈനീസ് പ്രകോപനം. ഇന്ത്യയെപ്പോലെ തന്നെ ചൈനയ്ക്കും യുദ്ധത്തിന് താത്പര്യമില്ല എന്ന് പറയാം. എന്നാല്‍ ഇന്ത്യ ഭൂട്ടാനില്‍ സൈന്യത്തെ വിന്യസിച്ച് കടുത്ത നടപടികള്‍ പിന്തുടര്‍ന്നാല്‍ അയല്‍പക്കത്തെ ഇന്ത്യ-വിരുദ്ധ ചേരികള്‍ക്ക് അത് ശക്തി പകരും എന്നത് ചൈന കരുതുന്നു.

ഇന്ത്യയുടെ വളര്‍ച്ച സമാധാനപരമായിരിക്കില്ല എന്നും, കടന്നുകയറാന്‍ ശ്രമിക്കുന്ന ഒരു അധിനിവേശ ശക്തിയാണ് ഇന്ത്യയെന്നും മുദ്രകുത്താന്‍ ചൈനയ്ക്കു സാധിക്കും. ഇന്ത്യയില്‍ കൂടിവരുന്ന തീവ്രദേശീയത ഇതിന് മുന്‍പ് തന്നെ പല ഭാഗങ്ങളിലും ആശങ്കയുളവാക്കിയിരുന്നു. അതിനെ ശരിവയ്ക്കുന്ന തരത്തിലാണ് കഴിഞ്ഞ ഒരു മാസമായി മാധ്യമങ്ങളില്‍ക്കൂടി കാണുന്ന മുഷ്ടിചുരുട്ടലും വികാരപ്രകടനവും. സര്‍ക്കാരിന്റെ ഭാഗമായ ചിലര്‍ ഇതിന് വളംവച്ച് കൊടുത്തു എന്നത് അപഹാസ്യകരവും പരിതാപകരവുമാണ്. അന്താരാഷ്ട്ര തലത്തില്‍ അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ പിന്തുണ ഇന്ത്യയ്ക്ക് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ ട്രംപിന്റെ ഭരണത്തില്‍ ലോകമെമ്പാടും വിശ്വാസ്യത നഷ്ടപെട്ടുകൊണ്ടിരിക്കുന്ന ഒരു വന്‍ശക്തിയാണ് അമേരിക്ക. അവര്‍ക്ക് ചൈനയുമായി വളരെ ആഴത്തിലുള്ള സാമ്പത്തിക ബന്ധമുണ്ട്. ലോക സമ്പദ് വ്യവസ്ഥ മാന്ദ്യം നേരിടുന്ന ഈ സമയത്ത് സ്ഥിരത നിലനിര്‍ത്താനാകും അവരുടെ ശ്രമം. അത് മാത്രമല്ല പശ്ചിമേഷ്യന്‍ പ്രതിസന്ധിയില്‍ നിന്ന് ശ്രദ്ധ വ്യതിചലിക്കാന്‍ പടിഞ്ഞാറന്‍ ശക്തികള്‍ തയാറല്ല എന്ന് വേണം കരുതാന്‍. ജപ്പാന്‍ പോലെ ചില രാജ്യങ്ങള്‍ സഹകരിച്ചാലും, അമേരിക്കയ്ക്ക് എത്രത്തോളം സൈനികപരമായി സഹായിക്കാനാകും എന്നത് പറയാനാകില്ല. ഇസ്രായേലാണെങ്കില്‍ ഇരുരാജ്യങ്ങളുമായി നല്ല ബന്ധം പുലര്‍ത്തുന്നുണ്ട്.ഇന്ത്യക്ക് തന്ത്രപരമായ മുന്‍തൂക്കം ചുംബി താഴ്‌വരയിലുണ്ടെന്ന് സൈനികവൃത്തങ്ങള്‍ അവകാശപ്പെടുന്നു. മാസങ്ങളോളം തങ്ങാനായി ഇന്ത്യന്‍ സൈന്യം സന്നാഹം ഒരുക്കി കഴിഞ്ഞിരിക്കുന്നു. 'രണ്ടര യുദ്ധത്തിന് സജ്ജമാണ്' എന്ന് ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത് പറയുമ്പോള്‍ ഒരു അധിനിവേശം തടുക്കാന്‍ ഇന്ത്യക്ക് ആകുമെന്ന് നമുക്ക് കരുതാം. എന്നാല്‍ അത് പ്രശ്‌നത്തിന് പരിഹാരമാകുന്നില്ല. രാഷ്ടീയപരമായ ഇടപെടലും നയന്ത്രബന്ധത്തിന്റെ പുന:സ്ഥാപനവുമാണ് ഇപ്പോള്‍ ആവശ്യം. അതേസമയം അതിര്‍ത്തിതര്‍ക്കത്തിന് പൂര്‍ണമായ വിരാമമിടാന്‍ സമയമായിരിക്കുന്നു. 14 രാജ്യങ്ങളുമായി കരയില്‍ അതിര്‍ത്തി പങ്കിടുന്ന ചൈനയ്ക്ക് 12 രാജ്യങ്ങളുമായിയുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനായി. പരിഹരിക്കാനാകാത്തത് ഇന്ത്യയും, ഇന്ത്യയുടെ ഉപദേശം സ്വീകരിച്ച ഭൂട്ടാനുമായിയുള്ള അതിര്‍ത്തികളില്‍ മാത്രമാണ്.

യുദ്ധകാഹളങ്ങള്‍ക്കിടയില്‍ ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്: എന്ത് വസ്തുതകളുടെ അടിസ്ഥാനത്തിലാണ് 1890-ലെ ഉടമ്പടി തയാറാക്കിയത്? ആദ്യം വരയ്ക്കപ്പെടുകയും പിന്നെ അടയാളപ്പെടുത്തക്കയും ചെയ്തതാണോ സിക്കിം-ടിബറ്റ് അതിര്‍ത്തി? അടയാളപ്പെടുത്തിയിട്ടുണ്ടെങ്കില്‍ എന്താണീ ആശയക്കുഴപ്പം? മറിച്ച്, ചില ഭാഗങ്ങളില്‍ അതിര്‍ത്തി അടയാളപ്പെടുത്താതിരുന്നിട്ടുണ്ടോ? അവിടുത്തെ ഭൂപ്രതലത്തിന്റെ സവിശേഷതകള്‍ കാരണം അത് മറഞ്ഞുപോയതാകാനും സാധ്യതയുണ്ട്. അത് മാത്രമല്ല, പ്രശ്‌നപരിഹാരത്തിന് ഭൂട്ടാനിലെ പൊതുസമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും സ്വതന്ത്ര നിലപാടുകള്‍ ആരായുന്നതും അനിവാര്യമാണ്. ഇത് ഇന്ത്യയുടെ പ്രതിച്ഛായയെ വളര്‍ത്തും എന്നതില്‍ സംശയമില്ല.

ദുരഭിമാനവും ദേശീയതയും പറഞ്ഞ് കാലാകാലങ്ങളായി പല സര്‍ക്കാരുകളും അതിര്‍ത്തി ചര്‍ച്ചകള്‍ക്ക് വേണ്ടത്ര ശ്രദ്ധകൊടുത്തില്ല. കാരണം ഇത്തരം ചര്‍ച്ചകളില്‍ വിട്ടുവീഴ്ച അനിവാര്യമാണ്; ഇച്ഛാശക്തിയും. പല അവസരങ്ങളിലും ചൈന മറ്റു രാജ്യങ്ങളുമായി അത്തരം വിട്ടുവീഴ്ചകള്‍ ചെയ്തിട്ടുണ്ട്. വലിയ ജനസമ്മതിയുള്ള നരേന്ദ്ര മോദി സര്‍ക്കാരിന് രാഷ്ട്രീയ കണക്കുകൂട്ടലുകള്‍ വകവയ്ക്കാതെ ഒരു ദീര്‍ഘകാല പരിഹാരത്തിനായി കാര്യങ്ങള്‍ മുന്നോട്ടുക്കൊണ്ടുപോകുവാന്‍ ആകും. അതിര്‍ത്തി തീരുമാനിക്കുന്നത് വരെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഉണ്ടാകില്ല എന്ന് ചൈനയെക്കൊണ്ട് ഉറപ്പുവരുത്തിയാല്‍ ഇന്ത്യക്ക് സൈന്യത്തെ പിന്‍വലിക്കാം. ഘട്ടം ഘട്ടമായി അതിര്‍ത്തി നിശ്ചയിക്കാനുള്ള ചര്‍ച്ചകള്‍ക്ക് അപ്പോള്‍ത്തന്നെ തുടക്കം കുറിക്കാം. 3500 കിലോമീറ്റര്‍ നീളമുള്ള ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ മുന്‍കൈ എടുത്ത് പാകിസ്ഥാനെതിരെ നയതന്ത്രവിജയം കൈവരിക്കാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories