TopTop
Begin typing your search above and press return to search.

മണ്ടന്മാരാക്കാതിരിക്കൂ; കാര്‍ഷിക വളര്‍ച്ച ഇന്ത്യയില്‍ ഒരു സങ്കല്‍പ്പം മാത്രമാണ്

മണ്ടന്മാരാക്കാതിരിക്കൂ; കാര്‍ഷിക വളര്‍ച്ച ഇന്ത്യയില്‍ ഒരു സങ്കല്‍പ്പം മാത്രമാണ്
കര്‍ഷകര്‍ സമരത്തിലാണ്. തങ്ങളുടെ കാര്‍ഷിക ഉത്പന്നങ്ങള്‍ നിരത്തുകളില്‍ വലിച്ചെറിഞ്ഞു പ്രതിഷേധിക്കുകയാണ്. ഇന്ത്യയില്‍ കാര്‍ഷിക മേഖല ദുരിതത്തിലാണെന്ന് ഒരു രഹസ്യമൊന്നുമല്ല. ഇതുവരെയും, കാര്‍ഷിക പ്രതിസന്ധിയുടെ വേദന ആരാണ് പേറുന്നത് എന്ന കാര്യത്തില്‍ അടിസ്ഥാനപരമായ ഒരു അസമത്വമുണ്ട്. കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളിലായി ലക്ഷക്കണക്കിനു കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. കര്‍ഷകരുടെ പ്രതിഷേധവും പൊതുവേ പ്രതീകാത്മകമാണ്; മഹാരാഷ്ട്രയിലെ കര്‍ഷകരുടെ പദയാത്രയും തമിഴ്നാട്ടിലെ കര്‍ഷകര്‍ ഡല്‍ഹിയില്‍ നടത്തിയ നീണ്ട നാളത്തെ കുത്തിയിരിപ്പ് സമരവും പോലുള്ളവ. ഈ സമരങ്ങള്‍ക്കൊന്നും ഇന്ത്യയിലെ കാര്‍ഷികേതര ജനതയുടെ മുകളില്‍ ഒരു ഭൌതിക സ്വാധീനവും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. പ്രത്യേകിച്ചും രാഷ്ട്രീയ അഭിപ്രായങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ വലിയ സ്വാധീനം ചെലുത്തുന്ന മധ്യവര്‍ഗക്കാര്‍ക്കിടയില്‍. എന്നാലിത് മാറുകയാണ് എന്ന തോന്നലുണ്ടാകുന്നുണ്ട് ഇപ്പോള്‍.

മൊത്ത വിപണിയിലേക്കുള്ള വിതരണം സമരത്തിലുള്ള കര്‍ഷക സംഘടനകള്‍ നിര്‍ത്തിയതോടെ, പല സംസ്ഥാനങ്ങളിലെയും ഉപഭോക്താക്കള്‍ കൂടുതല്‍ വില കൊടുക്കേണ്ടി വരികയും, പച്ചക്കറിക്കും പാലിനും ദൌര്‍ലഭ്യം വരെ നേരിടാന്‍ തുടങ്ങുകയും ചെയ്തുതുടങ്ങിയിരിക്കുന്നു. ഇത്തരം പ്രതിഷേധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിലൂടെ സാമ്പത്തിക നില എല്ലാക്കാലത്തും പരുങ്ങലിലായ കര്‍ഷകര്‍, തങ്ങള്‍ക്ക് മേല്‍ കൂടുതല്‍ സാമ്പത്തികാഘാതം ഉണ്ടാക്കാന്‍ നിര്‍ബന്ധിതരാകുകയാണ് എന്നുകൂടി ഓര്‍ക്കണം.

എന്തുകൊണ്ടാണ് അവരിങ്ങനെ ചെയ്യുന്നത് എന്നു മനസിലാക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല. ഇന്ത്യയുടെ കാര്‍ഷിക രംഗം അതിന്റെ വ്യവസ്ഥാ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതില്‍ ശരിയായ വഴി കണ്ടെത്തിയിട്ടില്ല. നമ്മുടെ സര്‍ക്കാരുകള്‍, ഇപ്പോഴുള്ളതും അതിനു മുമ്പുള്ളതും, വാഗ്ദാനങ്ങളും റിപ്പോര്‍ട്ടുകളും വല്ലപ്പോഴുമുള്ള വായ്പ എഴുതിത്തള്ളല്‍ പോലുള്ള ചില ആശ്വാസതട്ടിപ്പുകളും മാത്രമാണ് വിറ്റത്. കാര്‍ഷികോത്പന്നങ്ങള്‍ C2 ചെലവിന്റെ (ഭൂമിയുടെ പാട്ടച്ചെലവടക്കം കണക്കില്‍പ്പെടുത്തുന്ന) 1.5 മടങ്ങ് വിലയില്‍ സംഭരിക്കണമെന്ന നിര്‍ണായക നിര്‍ദേശം നടപ്പാക്കുന്ന കാര്യത്തില്‍ എല്ലാ രാഷ്ട്രീയകക്ഷികളും ഒളിച്ചുകളിക്കുകയാണ്. അത്തരമൊരു നടപടിയുടെ സാമ്പത്തികവും അനുബന്ധമായതുമായ അനുമാനം എന്താണെന്ന് കണക്കാക്കാന്‍ പോലും അവര്‍ തയ്യാറായിട്ടില്ല.

ചില പ്രധാനപ്പെട്ട ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തിലെങ്കിലും കുറഞ്ഞ താങ്ങുവില (MSP) അടിസ്ഥാനമാക്കി സംഭരണം നടത്തുന്നത് വില സ്ഥിരത ഒരു പരിധിവരെ ഉറപ്പാക്കാനാകും. കാലാവസ്ഥ സംബന്ധമായ കുഴപ്പങ്ങളോ സാമ്പത്തിക മാന്ദ്യമോ പോലുള്ള ബാഹ്യകാരണങ്ങള്‍ നേരിട്ടില്ലെങ്കില്‍ പോലും കര്‍ഷകര്‍ക്ക് ലാഭകരമായ വില നല്കണമെങ്കില്‍ സംഭരണ കേന്ദ്രങ്ങളുടെ ശേഷിയില്‍ വന്‍ വിപുലീകരണവും മൊത്തവിപണിയില്‍ വലിയ തോതിലുള്ള പരിഷ്കരണങ്ങളും വേണ്ടിവരും.

ചില്ലറ വിപണിയില്‍ അവരുടെ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന വിലയുടെ ഒരു നാമമാത്രമായ പങ്ക് മാത്രമാണ് ഇന്ത്യയില്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. വിലനാശമോ വിലയിടിവോ പോലുള്ള അധികദുരിതങ്ങള്‍ നേരിടുന്ന സമയത്ത് കര്‍ഷകര്‍ക്ക് കൂടുതല്‍ സഹായത്തിന്റെ ആവശ്യമുണ്ട്. വിപണി ഇടപാടുകളില്‍ ഡിജിറ്റല്‍ ബന്ധം, വില ഇന്‍ഷൂറന്‍സ് പദ്ധതി തുടങ്ങിയ പല എന്‍ഡിഎ സര്‍ക്കാര്‍ പദ്ധതികളും കൃഷിക്കളത്തില്‍ അടിസ്ഥാനപരമായ ഒരു ഗുണഫലവും ഉണ്ടാക്കിയിട്ടില്ല എന്നതിന്റെ തെളിവാണ് കര്‍ഷകരുടെ പ്രതിഷേധം.

കാര്‍ഷിക പ്രതിസന്ധിയുടെ വ്യവസ്ഥാ പ്രശ്നങ്ങളെക്കുറിച്ചുള്ള ആശങ്കകളെ അവഗണിക്കുന്നത്തിനുള്ള ശ്രമത്തില്‍ നമ്മുടെ രാഷ്ട്രീയക്കാരും ഭരണകര്‍ത്താക്കളും, ഉയര്‍ന്ന കാര്‍ഷിക വളര്‍ച്ചയുടെയും എക്കാലത്തെയും വലിയ കാര്‍ഷികോത്പാദനത്തിന്റെയും കണക്കുകള്‍ എപ്പോഴും എടുത്തുയര്‍ത്താറുണ്ട്. കാര്‍ഷിക മേഖലയെ സംബന്ധിച്ചിടത്തോളം ഈ വളര്‍ച്ച നിരക്കിന്റെ വ്യാജനിര്‍മ്മിതികള്‍ അതിന്റെ പരിധി കടന്നു എന്നാണ് കര്‍ഷകര്‍ ഇതേ കാര്‍ഷികോത്പന്നങ്ങള്‍ ഓടയില്‍ ഒഴുക്കിക്കളയുന്നതിലൂടെ നല്‍കുന്ന വ്യക്തമായ താക്കീത്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

Next Story

Related Stories