Top

ഡോ. കഫീല്‍ ഖാന്‍/ അഭിമുഖം: ബുള്ളറ്റ് ട്രെയിന് പകരം അവര്‍ നല്‍കുന്നത് ബുള്ളറ്റുകളാണ്; വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ പ്രചരണം നടത്തും

ഡോ. കഫീല്‍ ഖാന്‍/ അഭിമുഖം: ബുള്ളറ്റ് ട്രെയിന് പകരം അവര്‍ നല്‍കുന്നത് ബുള്ളറ്റുകളാണ്; വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ പ്രചരണം നടത്തും
ഒറ്റ ദിവസം കൊണ്ടാണ് ഡോ. കഫീല്‍ ഖാന്റെ ജീവിതത്തില്‍ എല്ലാം മാറി മറിഞ്ഞത്. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജിലെ ശിശുരോഗ വിഭാഗം ഡോക്ടര്‍ ആയിരുന്ന ഖാന്‍ ഇന്ന് രാജ്യം മുഴുവന്‍ അറിയപ്പെടുന്ന പേരുകളിലൊന്നാണ്. 2017 ഓഗസ്റ്റ് പത്തിന് ഡോ. കഫീല്‍ ഖാന്‍ ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ ഓക്‌സിജന്‍ നിലച്ചതിനെ തുടര്‍ന്ന് മുപ്പതിലേറെ കുട്ടികളാണ് ശ്വാസം കിട്ടാതെ പിടഞ്ഞു മരിച്ചത്. ജീവശ്വാസം കിട്ടാതെ പിടഞ്ഞ ആ കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ചതിന് ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാര്‍ അദ്ദേഹത്തിന് സമ്മാനിച്ചത് ഒമ്പത് മാസത്തെ ജയില്‍ ജീവിതമായിരുന്നു. ഗൊരഖ്പൂര്‍ ദുരന്തം ഒരു കൂട്ടക്കൊലയായിരുന്നുവെന്ന് വിശേഷിപ്പിക്കാനാണ് ഡോ. ഖാന്‍ ആഗ്രഹിക്കുന്നത്. ആ ദുരന്തം നടന്ന് ഒരു വര്‍ഷം തികയുന്ന ഈ വേളയില്‍ ഒരു മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കാനായി കേരളത്തിലെത്തിയ
ഡോ. കഫീല്‍ ഖാന്‍
അഴിമുഖത്തോട് സംസാരിക്കുന്നു.


ഗോരഖ്പൂര്‍ ദുരന്തത്തിന് ഒരു വര്‍ഷം തികയുമ്പോള്‍ ആ കേസിന്റെ അവസ്ഥയെന്താണ്, ഡോക്ടറുടെയും?


സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് കൂട്ടക്കൊലയെന്നാണ് ഞാന്‍ ഗോരഖ്പൂര്‍ ദുരന്തത്തെ വിളിക്കാന്‍ ആഗ്രഹിക്കുന്നത്. സംഭവം നടന്ന് ഒരു വര്‍ഷത്തിന് ശേഷവും സത്യം തെളിഞ്ഞിട്ടില്ല. ഞാന്‍ പുറത്ത് വന്നെങ്കിലും ഇതേ കേസില്‍പ്പെട്ട് മറ്റു മൂന്ന് പേര്‍ ജയില്‍ കഴിയുന്നുണ്ട്. ഈ സംഭവത്തില്‍ ഒരു രീതിയിലും പങ്കാളികളല്ലാത്തവര്‍. അവര്‍ക്ക് ജാമ്യം പോലും ലഭിക്കുന്നില്ല. യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ അവരുടെ ഭാഗത്തു നിന്നും സംഭവിച്ച ഇത്ര വലിയ അനാസ്ഥ മറച്ചു വെക്കാന്‍ ഞങ്ങളെ പോലുള്ള പാവങ്ങളെ അപരാധികളാക്കുകയാണ്. കേസിന്റെ വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ല. ഞാനിപ്പോഴും സസ്‌പെന്‍ഷനില്‍ തന്നെയാണ്. ഒരു ഡോക്ടര്‍ എന്ന നിലയ്ക്ക് രോഗികളെ ചികിത്സിക്കാനോ തൊഴിലെടുക്കാനൊ എനിക്ക് സാധിക്കുന്നില്ല. കോടതിയില്‍ ഒരു രീതിയിലും സര്‍ക്കാര്‍ എനിക്കുമേല്‍ ആരോപിക്കുന്ന കുറ്റം തെളിയിക്കാന്‍ സാധിച്ചിട്ടില്ല. കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ എനിക്ക് യാതൊരു പങ്കുമില്ലെന്നു വ്യക്തമായിട്ടും എനിക്ക് അനുകൂലമായി ഒരു നടപടിയും ഉണ്ടാകുന്നില്ല. അതിന് ശേഷം എന്റെ അനുജന്‍ ആക്രമിക്കപ്പെട്ടു. ആ കേസിലും ഒരു തുമ്പുണ്ടാക്കാന്‍ യുപി സര്‍ക്കാരിന് സാധിച്ചിട്ടില്ല.

കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ച താങ്കള്‍ എങ്ങനെയാണ് യുപി സര്‍ക്കാരിന് ഒരു കുറ്റവാളിയായി മാറുന്നത്?


2017 ഓഗസ്റ്റ് 10 ന്റെ ആ ദുരന്തരാത്രിയില്‍ എനിക്ക് വാട്‌സ് ആപ്പ് മെസേജ് വഴിയാണ് വിവരം ലഭിക്കുന്നത്. തൊട്ടടുത്ത നിമിഷം മുതല്‍ ലിക്വിഡ് ഓക്‌സിജന്റെ കുറവ് മൂലം ശ്വാസം കിട്ടാതെ പിടയുന്ന ആ പിഞ്ചുകുഞ്ഞുങ്ങളെ രക്ഷപെടുത്താന്‍ എന്നാലാവും വിധം പരിശ്രമിക്കുകയായിരുന്നു. ആദ്യമൊക്കെ മാധ്യമങ്ങള്‍ എന്നെ മാലാഖയെന്നും ദൈവമെന്നും ഒക്കെ വാഴ്ത്തി. എന്നാല്‍ അലറി കരഞ്ഞു നിന്ന എന്നോട്, യോഗി ആദിത്യനാഥ് വന്ന് നിങ്ങള്‍ ഇവിടെ ഹീറോ ആകാന്‍ ശ്രമിക്കുകയാണോ? എന്ന് ചോദിച്ചത് മുതല്‍ വസ്തുതകള്‍ കീഴ്‌മേല്‍ മറിഞ്ഞു തുടങ്ങി. എന്നെ മഹാനായി വാഴ്ത്തിയ അതേ മാധ്യമങ്ങള്‍ പിന്നീട് കുപ്രസിദ്ധനായ കഫീല്‍ഖാനെന്നും, കൊലയാളിയായ കഫീല്‍ഖാനെന്നും വിളിച്ച് തുടങ്ങി. ഒരു മാധ്യമവും ഗോരഖ്പൂരില്‍ നടന്നതെന്താണെന്നുള്ള വസ്തുത അന്വേഷിക്കാന്‍ തയ്യാറായില്ല. എല്ലാവരും യോഗി സര്‍ക്കാരിന്റെ സെല്‍, സാമൂഹിക മാധ്യമങ്ങളില്‍ നടത്തിയ പ്രചാരണങ്ങളാണ് വര്‍ത്തയായി നല്‍കിയത്. സത്യമെന്താണെന്ന് അന്വേഷിക്കാന്‍ ആരും തയ്യാറായില്ല. ഒരൊറ്റ രാത്രി കൊണ്ട് ഈ രാജ്യത്തിന്റെ മുഴുവന്‍ ഭീകരത നിങ്ങളുടെ മുന്നില്‍ സുവ്യക്തമാവുകയാണ്. അതെങ്ങനെയിരിക്കുമെന്ന് നിങ്ങള്‍ക്ക് ചിന്തിക്കാനാകുമോ?

എന്താണ് ഈ വിഷയത്തിലെ സര്‍ക്കാരിന്റ ഇപ്പോഴത്തെ നിലപാട്?


ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഇതുവരെ തങ്ങളുടെ അനാസ്ഥ മൂലമാണ് ഇത്തരമൊരു കൂട്ടക്കുരുതി നടന്നതെന്ന് സമ്മതിക്കാന്‍ തയ്യാറായിട്ടില്ല. ഞാന്‍ സിലിണ്ടറുകള്‍ മോഷ്ടിച്ചതായും അഴിമതി നടത്തിയതായും അവര്‍ പറയുന്നു. നോക്കൂ, നിന്നു പോയത് ലിക്വിഡ് ഓക്‌സിജന്‍ ആണ്. അത് ആശുപത്രിയില്‍ ട്യൂബുകള്‍ വഴിയാണ് വിതരണം ചെയ്യപ്പെടുന്നത്. വലിയ ടാങ്കിലാണ് അത് സ്‌റ്റോര്‍ ചെയ്യുന്നത്. അത് ഞാന്‍ പൊക്കി കൊണ്ട് പോയെന്നാണ് ഇവര്‍ ആരോപിക്കുന്നത്! ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ മാത്രമായ ഞാന്‍ എങ്ങനെയാണ് ഈ വിഷയത്തില്‍ അഴിമതി കാണിക്കുക?

ഈ സംഭവങ്ങള്‍ ഡോക്ടറുടെ ജീവിതത്തെ എങ്ങനെയെല്ലാമാണ് മാറ്റിയത്?


ഈ സംഭവങ്ങളിലൂടെ ഇന്ന് രാജ്യത്ത് നടക്കുന്ന കാര്യങ്ങള്‍ കുറച്ചുകൂടി വ്യക്തമായി കാണാന്‍ എനിക്ക് സാധിച്ചുവെന്നതാണ് പ്രധാനമാറ്റം. ഒരു ഡോക്ടര്‍ ആയ എനിക്ക് ഈ അവസ്ഥ വരാമെങ്കില്‍ രാജ്യത്തെ ദളിതുകളും സത്രീകളും കര്‍ഷകരും അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് ഈ സര്‍ക്കാര്‍ എന്തു നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കേണ്ടത്? ഒരു രാജ്യത്തെ സര്‍ക്കാര്‍ നേരിട്ട് വെറുപ്പ് പ്രചരിപ്പിക്കുകയാണ്. രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളെ പറ്റി, തൊഴിലില്ലായ്മയെ പറ്റി സംസാരിക്കാത്ത സര്‍ക്കാര്‍ മറ്റെന്ത് ചെയ്യുമെന്നാണ് പ്രതീക്ഷിക്കേണ്ടത്? ഞാന്‍ ഒരു മനുഷ്യനാണ്, മറ്റൊരു മനുഷ്യന്‍ നിങ്ങളുടെ കണ്ണിന് മുന്നില്‍ കൊല്ലപ്പെടുമ്പോള്‍ എങ്ങനെയാണ് സന്തോഷിക്കാന്‍ കഴിയുന്നത്? എന്നാല്‍ ഇന്ന് ഇന്ത്യയില്‍ ആളുകള്‍ അതില്‍ ആനന്ദിക്കുന്നു, അത് സോഷ്യല്‍ മിഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള വെറുപ്പിന്റെ അജണ്ട തിരിച്ചറിയുന്നുവെന്നതും അതിനെ പ്രതിരോധിക്കാന്‍ തീരുമാനിച്ചുവെന്നതുമാണ് ഇതിലൂടെ എനിക്ക് വന്ന മാറ്റം.

2019ല്‍ നടക്കാന്‍ പോകുന്ന പൊതു തെരഞ്ഞെടുപ്പിനെക്കുറിച്ച് എന്താണ് വിലയിരുത്തല്‍?


വരുന്ന പൊതു തെരഞ്ഞെടുപ്പ് അടിച്ചമര്‍ത്തപ്പെടുന്ന ഓരോ ഇന്ത്യക്കാരന്റെയും നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. ദളിതുകളുടെയും മുസ്ലിങ്ങളുടെയും സ്ത്രീകളുടെയും, സര്‍ക്കാരിനാല്‍ ഇരയാക്കപ്പെടുന്ന ഓരോരുത്തരുടെയും നിലനില്‍പ്പിന്റെ പ്രശ്‌നം, എഴുപത് ശതമാനം ഇന്ത്യക്കാരുടെയും പ്രശ്‌നം തന്നെയാണത്. മോദി സര്‍ക്കാര്‍ തിരിച്ച് വരില്ലെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

തെരഞ്ഞെടുപ്പിന് മുന്നോടിയായി താങ്കള്‍ എന്താണ് ചെയ്യാന്‍ അഗ്രഹിക്കുന്നത്?

രാജ്യത്തൊട്ടാകെ സന്ദര്‍ശിച്ച് കേന്ദ്ര സര്‍ക്കാരിന്റെ പൊള്ളയായ വാഗ്ദാനങ്ങളെ കുറിച്ചു പ്രചാരണം നടത്തണമെന്ന് തന്നെയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം രാജ്യത്താകമാനം സംഭവിക്കുന്ന ദളിത്, മുസ്ലിം ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, കര്‍ഷക ആത്മഹത്യകള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍ എന്നിവയെല്ലാം തന്നെ ജനങ്ങളെ ഓര്‍മിച്ചുകൊണ്ട് വെറുപ്പിനെതിരായ പ്രചാരണമായിരിക്കുമത്. അസമില്‍ സംഭവിച്ചതിനെ കുറിച്ച്, എനിക്ക് സംഭവിച്ചതിനെ കുറിച്ച് ഇതെല്ലാം ഞാന്‍ ജനങ്ങളോട് സംവദിക്കാനാഗ്രഹിക്കുന്നു. 2014ലെ തിരഞ്ഞെടുപ്പിന് മുമ്പായി പാഴ് വാഗ്ദാനങ്ങള്‍ നല്‍കി മോദി സര്‍ക്കാര്‍ ഇന്ത്യയിലെ ജനങ്ങളുടെ കണ്ണില്‍ അണിയിച്ച കറുത്ത കണ്ണട അഴിച്ച് വെപ്പിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ബുള്ളറ്റ് ട്രയിനിന് പകരം അവര്‍ ജനങ്ങള്‍ക്ക് നല്‍കുന്നത് ബുള്ളറ്റുകളാണ്.

ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ?


ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഭാഗമാകാനോ, പ്രത്യേക സീറ്റില്‍ മല്‍സരിച്ച് അധികാരത്തിലിരിക്കാനോ ഞാന്‍ ആഗ്രഹിക്കുന്നില്ല. ചില പാര്‍ട്ടികള്‍ എനിക്ക് സാമ്പത്തിക സഹായം നല്‍കുന്നതായി പല പ്രചാരണങ്ങളും നടത്തുന്നതായി ഞാന്‍ അറിഞ്ഞു. അത്തരത്തില്‍ ഒന്നും തന്നെ ഞാന്‍ സ്വീകരിച്ചിട്ടില്ല. പൂര്‍ണമായും ക്രൗഡ് ഫണ്ടിങ് മാത്രമാണ് ചെയ്തത്. രാജ്യത്തെ ഓരോ സംസ്ഥാനങ്ങളിലും പോയി ഈ വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ പ്രചാരണം നടത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതാണ് ഞാന്‍ ചെയ്യാന്‍ പോകുന്നതും. മോദിയെയും യോഗി ആദിത്യനാഥിനെയും പോലുള്ള ആളുകളുടെ ആശയത്തെയാണ് ഞാന്‍ എതിര്‍ക്കുന്നത്. ആ ആശയം മനസില്‍ സൂക്ഷിക്കാന്‍ നിങ്ങള്‍ ചെറുപ്പം മുതല്‍ ബിജെപി പ്രവര്‍ത്തകനോ ആര്‍എസ്എസ് പ്രവര്‍ത്തകനോ ആകണമെന്നില്ല. ഐടി കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ പോലും ആ ആശയത്തെ പിന്തുണക്കുന്നുവെന്നത് അത്യന്തം അപകടകരമായ പ്രവണത തന്നെയാണ്.

ഫാസിസ്റ്റ് കാലത്തെ പൊതു ആരോഗ്യ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള അഭിപ്രായം?

കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുമാണ് എല്ലാ പൊതു ആരോഗ്യ മേഖലയുടെയും നട്ടെല്ലായി പ്രവര്‍ത്തിക്കുന്നത്. കേരളത്തിന്റെ കാര്യം വ്യത്യസ്തമാണ് എന്ന് തോന്നുന്നു. ഇവിടെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ കുറച്ച് കൂടി മെച്ചപ്പെട്ടതാണെന്നാണ് കരുതുന്നത്. എന്നാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ അവസ്ഥ തികച്ചും വ്യത്യസ്തമാണ്. യുപി, ബിഹാര്‍, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളിലെല്ലാം പൊതു ആരോഗ്യ മേഖല എന്നാല്‍ വെള്ളാനകള്‍ മാത്രമാണ്. മൊത്തത്തിലുള്ള ജിഡിപിയുടെ 1.45 ശതമാനം മാത്രമാണ് സര്‍ക്കാരുകള്‍ ആരോഗ്യ കാര്യങ്ങളിലേക്കായി മാറ്റി വെക്കുന്നത്. ഇത് ലോകത്തെവിടെയും ഇത്രയും കുറവില്ല. പാകിസ്ഥാന്‍, ഭൂട്ടാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ പോലും ആരോഗ്യ മേഖലയ്ക്ക് ഇതിനേക്കാള്‍ തുക വകയിരുത്തുന്നുണ്ട്.

നേരത്തെ മാധ്യമങ്ങളോട് ഇത് രാമരാജ്യമല്ലെന്നും രാവണരാജ്യമാണെന്നും പറഞ്ഞു. എന്താണ് താങ്കള്‍ അതുകൊണ്ട് ഉദ്ദേശിച്ചത്?


നോക്കൂ, ഞാനും ചെറുപ്പത്തില്‍ ടിവിയില്‍ രാമായണം കണ്ടാണ് വളര്‍ന്നത്, മാത്രമല്ല ഞങ്ങളെ സ്‌കൂളില്‍ അത് പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാവര്‍ക്കും അറിയുന്ന പോലെ തന്നെ, അത് പ്രകാരം ഒരു രാമരാജ്യത്തും ഇത്രയധികം ബലാത്സംഗങ്ങളും, ആള്‍ക്കൂട്ട കൊലപാതകങ്ങളും, ദളിത്, ന്യൂനപക്ഷ ആക്രമണങ്ങളും നടക്കില്ല. നിങ്ങള്‍ പറയുന്ന രാമരാജ്യം ഒന്നും ഇവിടെ കാണുന്നില്ല. യോഗി ആദിത്യ നാഥും അവരുടെ സര്‍ക്കാരും ചിത്രീകരിക്കുന്ന രാമരാജ്യം ഞാന്‍ എനിക്ക് ചുറ്റും കാണുന്നില്ല, അവരുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ ഇപ്പോള്‍ ഇതൊരു രാവണ രാജ്യമാണെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.

ഡോ. കഫീല്‍ ഖാനുമായുള്ള അഭിമുഖം / വീഡിയോ


Next Story

Related Stories