TopTop

സാമ്പത്തിക വരേണ്യവിഭാഗം ദരിദ്രരെ അധികാരത്തില്‍ നിന്നകറ്റി നിര്‍ത്താന്‍ ഇംഗ്ലീഷിനെ ഉപയോഗിക്കുന്നു: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട്

സാമ്പത്തിക വരേണ്യവിഭാഗം ദരിദ്രരെ അധികാരത്തില്‍ നിന്നകറ്റി നിര്‍ത്താന്‍ ഇംഗ്ലീഷിനെ ഉപയോഗിക്കുന്നു: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട്
രാജ്യത്തെ സാമ്പത്തിക വരേണ്യ വിഭാഗം ഇംഗ്ലീഷിനെ തങ്ങളുടെ അധികാരം നിലനിര്‍ത്താനുള്ള ഉപാധിയായി ഉപയോഗിച്ചെന്ന് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (National Education Policy) കരട് പറയുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ വലിയ വിഭാഗം ജനത ഭാഷാപരമായ ഈ അധികാരഘടനയില്‍ ഉള്‍പ്പെടാതെ പോകുന്നതായും അതുവഴി അരികുവല്‍ക്കരിക്കപ്പെടുന്നതായും ഈ കരട് രൂപരേഖ പറയുന്നു. ജോലിക്ക് യോഗ്യത നേടുംവിധം ഒരാള്‍ വിദ്യാസമ്പന്നനാണോയെന്ന് നിശ്ചയിക്കാന്‍ ഇംഗ്ലീഷിലുള്ള ധാരണ ഉപയോഗിക്കപ്പെടുന്നു. ഇതുവഴി സാമ്പത്തിക വരേണ്യരുടെ തുടര്‍ച്ച ഉയര്‍ന്ന തൊഴില്‍മേഖലകളില്‍ സൃഷ്ടിക്കാന്‍ സാധിക്കുന്നു.

ഈ ഭാഷാപരമായ അധികാരഘടന തകര്‍ത്താല്‍ മാത്രമേ സമൂഹത്തിലെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വ്യവസ്ഥ സൃഷ്ടിക്കാന്‍ കഴിയൂ എന്നും കരട് പറയുന്നുണ്ട്. പ്രാദേശിക ഭാഷകള്‍ക്ക് അവയര്‍ഹിക്കുന്ന ബഹുമാനം നല്‍കാന്‍ രാജ്യം തയ്യാറാകണം. ജോലിക്ക് ആളുകളെ എടുക്കുന്നിടത്തും സാമൂഹ്യസ്ഥാപനങ്ങളിലുമെല്ലാം പ്രാദേശിക ഭാഷകള്‍ക്ക് ഉയര്‍ന്ന സ്ഥാനം ലഭിക്കേണ്ടതുണ്ട്. ക്ലാസ്റൂമുകളില്‍ ബഹുഭാഷാ സമീപനം ആവശ്യമാണെന്നും കരട് നിര്‍ദ്ദേശങ്ങളില്‍ പറയുന്നു.

വലിയ വിഭാഗം സ്ഥാപനങ്ങള്‍ ഭാഷാപരമായ ഈ വരേണ്യത സ്ഥാപിക്കാന്‍ സ്കൂളുകളില്‍ പഠനമാധ്യമം ഇംഗ്ലീഷാക്കുന്നതിനെക്കുറിച്ചും കരട് നിര്‍ദ്ദേശം പറയുന്നു. സമ്പന്നമായ, ശാസ്ത്രീയസമ്പത്തുള്ള ഇന്ത്യന്‍ ഭാഷകള്‍ നിലനില്‍ക്കെയാണിത്. വരേണ്യവിഭാഗങ്ങള്‍ ഏറ്റെടുക്കുന്നു എന്ന കാരണമാണ് ഇംഗ്ലീഷിന്റെ ജനകീയതയ്ക്കു പിന്നിലുള്ളത്. ഇംഗ്ലീഷ് ആവശ്യമേയല്ലാത്ത ജോലികള്‍ക്കു പോലും അതിനെ ഒരു പ്രത്യേക മാനദണ്ഡമായി പരിഗണിക്കാന്‍ രാജ്യത്തെ സാമ്പത്തിക വരേണ്യത ഉത്സാഹം കാണിക്കുന്നുണ്ടെന്നും ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് പറയുന്നു.

കാന്‍സര്‍ ഇല്ലാത്ത യുവതിക്ക് കീമോതെറാപ്പി നല്‍കി കോട്ടയം മെഡിക്കല്‍ കോളേജ്; കാരണം സ്വകാര്യ ലാബുകളിലെ തെറ്റായ പരിശോധനാഫലം

ഇത്തരത്തിലുള്ള അരികുവല്‍ക്കരണത്തിന് ഇരയായവര്‍ ഇംഗ്ലീഷിനോട് സ്വാഭാവികമായ ആരാധന പുലര്‍ത്തുകയും അതുവഴി പ്രസ്തുത ഭാഷയ്ക്ക് അടിമപ്പെടുകയും ചെയ്യുന്നത് സാധാരണമായി സംഭവിക്കുന്നുണ്ടെന്നും ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് ചൂണ്ടിക്കാട്ടുന്നു. കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കുകയും വീടുകളില്‍ ഇംഗ്ലീഷ് മാത്രം സംസാരിക്കുകയും സ്വന്തം ഭാഷയോട് വെറുപ്പ് വളര്‍ത്തുകയും ചെയ്യുന്നു. ഇതിന് പരിഹാരമായി കരട് നിര്‍ദ്ദേശിക്കുന്നത് എല്ലാ സ്കൂളുകളിലും പ്രാദേശിക ഭാഷാപഠനം നിര്‍ബന്ധമാക്കുകയാണ്.

വൈജ്ഞാനിക വിഷയങ്ങള്‍ ഇംഗ്ലീഷില്‍ മാത്രം പഠിപ്പിക്കുന്ന രീതിയെയും ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് വിമര്‍ശിക്കുന്നു. സാങ്കേതികമായി വളര്‍ന്നു കഴിഞ്ഞ രാജ്യങ്ങള്‍ വൈജ്ഞാനിക വിഷയങ്ങള്‍ തങ്ങളുടെ സ്വന്തം ഭാഷയില്‍ പഠിപ്പിക്കുന്നുണ്ടെന്ന വസ്തുതയും കരട് ചൂണ്ടിക്കാട്ടി. ഇതിനെ പിന്തുടരാന്‍ ഇന്ത്യ തയ്യാറാകണം. ഈ കരട് രൂപരേഖ തയ്യാറാക്കിയത് മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ കെ കസ്തൂരിരംഗനാണ്. റിപ്പോര്‍ട്ട് ഇപ്പോള്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് സമര്‍പ്പിച്ചിരിക്കുകയാണ്. ഇനിയിത് പൊതുജനത്തിന്റെ അഭിപ്രായമറിയാന്‍ പുറത്തുവിടും.

അതെസമയം എല്ലാ സ്കൂളുകളിലും ഹിന്ദി പഠിപ്പിക്കണമെന്ന ഈ കരടിലെ നിര്‍ദ്ദേശത്തെ എതിര്‍ത്ത് പ്രാദേശിക സര്‍ക്കാരുകള്‍ രംഗത്തുണ്ട്. ഡിഎംകെ ശക്തമായി ഇതിനെതിരെ രംഗത്തു വന്നുകഴിഞ്ഞു. ഒരുകാരണവശാലും ഇതംഗീകരിക്കില്ലെന്ന് പാര്‍ട്ടി നേതാവ് എംകെ സ്റ്റാലിന്‍ പ്രസ്താവിച്ചു.

Next Story

Related Stories