TopTop
Begin typing your search above and press return to search.

ആര്യവാദത്തിൽ നിന്നുണ്ടായ ദ്രാവിഡരാഷ്ട്രീയം കരുണാനിധിക്കു ശേഷം എങ്ങോട്ട്?

ആര്യവാദത്തിൽ നിന്നുണ്ടായ ദ്രാവിഡരാഷ്ട്രീയം കരുണാനിധിക്കു ശേഷം എങ്ങോട്ട്?

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ബ്രിട്ടീഷുകാരനായ വില്യം ജോൺസ് എന്ന ഭാഷാശാസ്ത്രജ്ഞൻ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഒരു ജൂറിസ്റ്റായി ഇന്ത്യയിലെത്തുകയുണ്ടായി. ഇന്ത്യയിലെ ഭാഷകൾ സ്വാഭാവികമായും അദ്ദേഹത്തിന്റെ താൽപര്യവിഷയമായിത്തീർ‌ന്നു. സംസ്കൃതത്തിന് യൂറോപ്യൻ ഭാഷകളുമായി അസാധാരണമായ സാമ്യമുണ്ടെന്ന് അദ്ദേഹം കണ്ടെത്തി. ഈ അത്ഭുതം അദ്ദേഹം യൂറോപ്പിൽ തിരിച്ചുചെന്ന് വിളിച്ചു പറഞ്ഞു. ഘടനയിലും വ്യാകരണത്തിലും ഗ്രീക്കിനെക്കാളും ലാറ്റിനെക്കാളും മികവ് കാണിക്കുന്ന ഒരു ഭാഷയുണ്ട് ഇന്ത്യയിൽ. നമുക്കതില്‍ ബന്ധുത്വമുണ്ട്. ആ ഭാഷ സംസാരിക്കുന്നത് വെളുത്ത്, ഉയരം കൂടിയ, നീണ്ട താടിയെല്ലുകളുള്ള, വിടർ‍ന്ന കണ്ണുകളുള്ള ഉത്തരേന്ത്യൻ ബ്രാഹ്മണരാണ്! ഭാഷ മാത്രമല്ല, അവരുടെ ശരീരസവിശേഷതകളും നമ്മുടേതാണ്. നമ്മുടെ കുടിയേറ്റം അങ്ങോട്ടു നടന്നിരിക്കാം എന്നെല്ലാം അദ്ദേഹം പ്രഖ്യാപിച്ചു. ഇൻഡോളജി എന്നും ഭാഷാ താരതമ്യപഠനമെന്നും പില്‍ക്കാലത്ത് വിളിക്കപ്പെട്ട പഠനശാഖകൾക്ക് തുടക്കമായിത്തീർന്നു വില്യം ജോൺസിന്റെ ഈ പ്രഖ്യാപനം.

ഈ വാദം പിൽക്കാലത്ത് വളരെ ശക്തമായിത്തീര്‍ന്നു. ഇന്ത്യക്ക് പുറത്തു നിന്നെത്തിയവർ അവരുടെ ഭാഷയിൽ രചിച്ച സാഹിത്യകൃതികളായി ആര്യവാദക്കാർ വേദങ്ങളെയും മറ്റും പരിഗണിക്കാൻ തുടങ്ങി. ആര്യൻ അധിനിവേശം എന്ന സിദ്ധാന്തം ഇങ്ങനെ സ്ഥാപിക്കപ്പെട്ടു. ചരിത്രലക്ഷ്യങ്ങളുടെ സാധൂകരണമില്ലാതെയുള്ള ഈ വാദങ്ങൾ ഇന്ത്യയുടെ സാംസ്കാരിക-രാഷ്ട്രീയ ഭൂപടത്തിലുണ്ടാക്കിയ പ്രതികരണങ്ങൾ വളരെ വലുതും ദീർഘകാലം നീണ്ടു നിൽക്കുന്നതുമായി. ബ്രാഹ്മണർ വിദേശികളായ ആര്യന്മാരാണ് എന്ന വാദമാണ് ദ്രാവിഡം എന്ന സങ്കൽപത്തിന് അടിത്തറയായത്. മുകളിൽ പറഞ്ഞവരൊഴികെയുള്ള, സ്വദേശികളായ ഇന്ത്യാക്കാരെ ദ്രാവിഡർ എന്ന വ്യാഖ്യാനത്തിലേക്ക് മാറ്റി. ഇതിന് ബ്രിട്ടീഷ് കാലത്തിനു മുമ്പുള്ള ചില സാഹിത്യകൃതികളിലെ പരാമർശങ്ങളെ തെളിവായി സ്വീകരിച്ചു. നാട്യശാസ്ത്രത്തിലും ലീലാതിലകത്തിലുമെല്ലാം ദ്രാവിഡ ദേശത്തെക്കുറിച്ചുള്ള പരാമർശങ്ങളുള്ളത് തങ്ങളുടെ വാദങ്ങൾക്ക് തെളിവായി ആര്യാധിനിവേശ വാദക്കാർ ഉന്നയിച്ചു. ദ്രാവിഡഭാഷാകുടുംബം എന്ന പദം സ്ഥാപിക്കപ്പെട്ടു. ദ്രവീഡിയൻ ഭാഷാ നിഘണ്ടു എഴുതപ്പെട്ടു.

ഇതിനെ പിൻപറ്റി നരവംശപഠനങ്ങളെത്തി. ബ്രിട്ടീഷ് ഇന്ത്യക്കു വേണ്ടി നരവംശപഠനങ്ങളും സർവ്വേകളും നടത്തിയ എൽകെ അനന്തകൃഷ്ണയ്യർ, ഹെർബെർട്ട് ഹോപ് റിസ്‌ലി, രംഗാചാരി-എഡ്വേർഡ് തഴ്സ്റ്റന്‍ തുടങ്ങിയവരും ഇതേ ആര്യാധിനിവേശ വാദങ്ങളെയാണ് തങ്ങളുടെ പഠനങ്ങൾക്ക് അടിത്തറയാക്കിയത്.

ഫലത്തിൽ ബ്രാഹ്മണ്യത്തെ ഇതര വിഭാഗങ്ങളെ അപേക്ഷിച്ച് ശ്രേഷ്ഠരാക്കുന്ന ഇത്തരം പഠനങ്ങളാണ് ദ്രാവിഡ രാഷ്ട്രീയത്തിനും അടിപ്പടയായത്. ബ്രിട്ടിഷ് ഭരണത്തിന്റെ അവസാന ദശകങ്ങളിൽ കോൺഗ്രസ്സിനകത്തെ ബ്രാഹ്മണ-ഉത്തരേന്ത്യൻ ആധിപത്യത്തെ ചോദ്യം ചെയ്ത് ഒരു പണ്ഡിതൻ കൂടിയായ ടിഎം നായർ ഇറങ്ങിപ്പോന്നതിനും പിന്നീട് സൗത്ത് ഇന്ത്യൻ ലിബറൽ ഫെഡറേഷൻ അഥവാ ജസ്റ്റിസ് പാർട്ടി സ്ഥാപിക്കുന്നതിനും സൈദ്ധാന്തിക അടിത്തറ എവിടെനിന്നു കിട്ടിയെന്ന ചോദ്യത്തിനുത്തരം ബ്രിട്ടീഷുകാരിൽ നിന്ന് എന്നാണ്. ദ്രാവിഡവാദത്തിന്റെ അടിത്തറ ബ്രാഹ്മണവാദമാകുന്നത് ഇങ്ങനെയാണ്.

ഇയ്യോതീ താസിനെപ്പോലുള്ള രാഷ്ട്രീയ ബുദ്ധിജീവികൾ ഇതിനുമേറെ മുമ്പു തന്നെ ബ്രിട്ടീഷ് ആര്യ-ദ്രാവിഡ വാദത്തെ ഏറ്റെടുത്തിരുന്നു. 1876ൽ ഇദ്ദേഹം റവ. ജോൺ രത്തിനവുമായി ചേർന്ന് ദ്രാവിഡ പാണ്ട്യൻ എന്ന മാസികയ്ക്ക് തുടക്കമിട്ടു. ദളിത് വിഭാഗം ഹിന്ദുക്കളല്ലെന്നും അവരുടെ വേരുകൾ ബുദ്ധമതത്തിലാണെന്നുമായിരുന്നു താസിന്റെ വാദം.

‘സുയ മരിയാതൈ ഇയക്കം’ എന്ന പേരിൽ‌ 1930കളിൽ പെരിയാർ തുടങ്ങിയ പ്രസ്ഥാനത്തിനും ഇതേ ദ്രാവിഡവാദം തന്നെയായിരുന്നു ആധാരം. പെരിയാറും കോൺഗ്രസ്സിൽ നിന്നും പുറത്തുവരികയായിരുന്നു. പിന്നീട് തന്റെ പ്രസ്ഥാനത്തെ ദ്രാവിഡർ കഴകം എന്ന മുന്നേറ്റമാക്കി പരിവർത്തിപ്പിച്ചു. തന്റെ പ്രസ്ഥാനത്തെ പക്ഷെ, മതാധിഷ്ഠിതമാക്കാൻ പെരിയാർ അനുവദിച്ചില്ല. മതവിരോധവും ഫെമിനിസ്റ്റ് ചിന്താഗതികളും ഈ പ്രസ്ഥാനത്തിന്റെ സ്വഭാവമായിരുന്നു. ഈ പ്രസ്ഥാനത്തെ സിഎൻ അണ്ണാദുരൈ (1949ൽ) ഒരു രാഷ്ട്രീയ പാർട്ടിയാക്കി മാറ്റി. ഡിഎംകെ അഥവാ ദ്രാവിഡ മുന്നേറ്റ കഴകം എന്ന പേരിൽ. ബ്രിട്ടീഷുകാരുടെ കാർമികത്വത്തിൽ നരവംശശാസ്ത്ര പഠനങ്ങളിലൂടെയും ചരിത്രപഠനങ്ങളിലൂടെയും സർവ്വേകളിലൂടെയും സ്ഥാപിക്കപ്പെട്ട ആര്യ-ദ്രാവിഡ സിദ്ധാന്തത്തിന് മൂർത്തമായ രാഷ്ട്രീയനീക്കത്തിനുള്ള ഉപാധിയെന്ന നില കൈവരികയായിരുന്നു അണ്ണാദുരൈയുടെ നീക്കത്തിലൂടെ.

ഡിഎംകെയുടെ ബുദ്ധിജീവികൾ ദ്രാവിഡവാദത്തെ തങ്ങളുടെ പ്രഭാഷണങ്ങളിലൂടെയും സിനിമകളിലൂടെയും ഇതിനകം തന്നെ പ്രചരിപ്പിച്ചു തുടങ്ങിയിരുന്നു. കവി കണ്ണദാസനും കരുണാനിധിയും സമ്പത്തുമെല്ലാം ഈ ബുദ്ധിജീവികളിൽപ്പെടുന്നു. ഡിഎംകെ രൂപീകരണം മുതൽ‌‍ക്കു തന്നെ പാർട്ടിക്കകത്ത് രണ്ട് ധാരകളുണ്ടായിരുന്നെന്നു വേണം പറയാൻ. തന്തൈ പെരിയാറിന്റെ ശുദ്ധ ദ്രാവിഡ വാദത്തെ അതേപടി നെഞ്ചിലേറ്റിയവരാണ് അവരിലൊരു കൂട്ടർ. മറ്റൊരു കൂട്ടർ, ദ്രാവിഡവാദത്തിൽ അൽപം വെള്ളം ചേർത്ത നിലയിൽ ഉൾക്കൊണ്ടു. പില്‍ക്കാലത്ത് വർത്തമാനകാല തമിഴകത്തെ നിർമിച്ചെടുത്ത കരുണാനിധിയും എംജി രാമചന്ദ്രനും ഈ രണ്ട് ധാരകളുടെ പ്രയോക്താക്കളായിരുന്നു. കരുണാനിധി പൂർണമായും ദ്രാവിഡ പ്രത്യയശാസ്ത്രത്തെ ഉള്ളിലേറ്റിയപ്പോൾ എംജി രാമചന്ദ്രൻ ദ്രാവിഡവാദത്തിന് ഒരു പോപ്പുലിസ്റ്റ് വ്യാഖ്യാനം സ്വയം ചമച്ചെടുത്ത് അതിന്റെ തലൈവനായി സ്വയം വാഴിക്കുകയായിരുന്നു. ദ്രാവിഡവാദത്തിന്റെ ബൗദ്ധികതലത്തിലുള്ള പ്രതിസന്ധികളും വൈരുദ്ധ്യങ്ങളും ഇവിടം മുതൽ തുടങ്ങുന്നുവെന്ന് പറഞ്ഞാലും അതിശയോക്തിയാകില്ല.

കോൺഗ്രസ്സിനോട് അതിയായ ചായ്‍വ് കാണിച്ചിരുന്ന എംജിആർ ദ്രാവിഡപ്രസ്ഥാനത്തിന്റെ നെടുംതൂണുകളിലൊന്നായി വളർന്നു. നെഹ്റുവിനോടും നേതാജിയോടും ആരാധന പുലർത്തിയിരുന്നയാളാണ് എംജിആർ. അദ്ദേഹത്തിന്റെ നിലപാടുകൾ ഡിഎംകെയുടെ പ്രഖ്യാപിത ബ്രാഹ്മണവിരോധത്തിന് എതിരായിരുന്നു. തുടക്കകാലത്ത് തന്റെ നാടകങ്ങളിലൂടെ സുഭാഷ് ചന്ദ്രബോസിന്റെ ആശയങ്ങളെ പ്രചരിപ്പിച്ചിരുന്നയാളാണ് എംജിആർ. 1972ൽ കരുണാനിധിയുമായുള്ള വിയോജിപ്പുകളെ തുടർന്ന് എഐഎഡിഎംകെ രൂപീകരിക്കപ്പെട്ടപ്പോൾ ദ്രാവിഡ പ്രസ്ഥാനത്തിനകത്തെ ആശയപരമായ വൈരുദ്ധ്യങ്ങൾ കൂടിയാണ് പുറത്തുവരികയും സ്ഥാപനവൽക്കരിക്കപ്പെടുകയും ചെയ്തത്.

കരുണാനിധി തമിഴ്നാടിന് ചെയ്ത 9 കാര്യങ്ങള്‍ (ആര്‍ എസ് എസ് ബൌദ്ധിക പ്രമുഖ് ടി ജി മോഹന്‍ ദാസ് കൂടി അറിയാന്‍)

ദ്രാവിഡ പ്രസ്ഥാനത്തിന്റെ അടിസ്ഥാന ആശയങ്ങളിലൊന്നായിരുന്ന നിരീശ്വരവാദത്തെ പിൽക്കാലത്ത് എല്ലാ ദ്രാവിഡപ്രസ്ഥാനങ്ങളും കൈവിടുന്നതാണ് കണ്ടത്. ദ്രാവിഡ കഴകം ദ്രാവിഡ മുന്നേറ്റ കഴകമായി പരിണമിച്ചപ്പോൾ മുതൽ ഈ നിരീശ്വരവാദപരമായ നിലപാടുകളിൽ വെള്ളം ചേര്‍ക്കപ്പെട്ടു തുടങ്ങി. കരുണാനിധിയും എംആർ രാധയുമടക്കമുള്ള ദ്രാവിഡ സിനിമാക്കാർ തുടർന്നും സിനിമകളിലൂടെ മതവിശ്വാസത്തിനും ദൈവവിശ്വാസത്തിനുമെതിരെ ശബ്ദമുയർത്തിയെങ്കിലും പതുക്കെ അവ മുഖ്യധാരയിൽ നിന്നും പിൻവാങ്ങി. മതത്തെ ഒരു രാഷ്ട്രീയപ്രശ്നമാക്കാതിരിക്കുന്നതാണ് ബുദ്ധിയെന്ന് തിരിച്ചറിയപ്പെട്ടു. പ്രത്യേകിച്ചും എഐഎഡിഎംകെയുടെ ഉദയത്തോടെ.

ദളിത് വിഭാഗങ്ങൾ ദ്രാവിഡ പാർട്ടികളിൽ പരിഗണിക്കപ്പെട്ടില്ല. ബ്രാഹ്മണവിരോധം മുൻനിർത്തിയാണ് ദ്രാവിഡ പാർട്ടികൾ രൂപീകരിക്കപ്പെട്ടതെങ്കിലും അതിന് സംസ്ഥാനത്തെ ദളിതർ നേരിടുന്ന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാൻ കഴിയുകയുണ്ടായില്ല. നാൽപ്പത്തിയാറ് പട്ടികജാതി-പട്ടികവർഗ അസംബ്ലി സീറ്റുകളുള്ള സംസ്ഥാനമാണ് തമിഴ്നാട്. ഡിഎംകെ, എഐഎഡിഎംകെ എന്നീ ദ്രാവിഡ കക്ഷികളാണ് ഭൂരിഭാഗം സീറ്റുകളും സ്വന്തമാക്കിയിരിക്കുന്നത്. ദ്രാവിഡ കക്ഷികൾക്കകത്ത് ജാതിവ്യവസ്ഥയുടെ ഏതാണ്ട് മധ്യത്തിൽ വരുന്ന ജാതികൾക്കാണ് മുൻതൂക്കം. ഇത്തരം സമുദായങ്ങളായ പല്ലരും കള്ളരുമെല്ലാം ഇന്ന് അധികാരകേന്ദ്രങ്ങളിൽ ശക്തമായ സാന്നിധ്യമാണ്. രാഷ്ട്രീയമായി പലവിധത്തിൽ ഉയർച്ച പ്രാപിച്ചിട്ടുണ്ടെങ്കിലും പല്ലർ, പറയർ തുടങ്ങിയ സമുദായങ്ങൾക്ക് മറവർ, കള്ളർ തുടങ്ങിയ ജാതികളിൽ നിന്ന് ശക്തമായ ജാതിവിവേചനം നേരിടേണ്ടി വരുന്നുണ്ട്. സാമ്പത്തികമായി കുറെയെല്ലാം മുന്നേറിയതു കൊണ്ടും രാഷ്ട്രീയമായി സംഘടിച്ചതു കൊണ്ടും ഇവർക്ക് ജാതിവിവേചനങ്ങളെ ചില സ്ഥലങ്ങളിലെങ്കിലും ചെറുത്തു നിൽക്കാൻ കഴിയാറുണ്ട് എന്നത് കുറെയൊക്കെ ശരിയാണെങ്കിലും. ദ്രാവിഡപ്രസ്ഥാനം പ്രധാനമായും ശുദ്രവിഭാഗങ്ങൾക്കും കുറെയെല്ലാം ദളിത് വിഭാഗങ്ങൾക്കും അധികാരവ്യവസ്ഥയിൽ പങ്ക് നൽകിയെങ്കിലും തമിഴകത്തെ ചൂഴ്ന്നു നിൽക്കുന്ന ജാതീയതയ്ക്ക് കാര്യമായ പോറലേൽപ്പിക്കാൻ പര്യാപ്തമായില്ല.

എംജിആറും കരുണാനിധിയും തങ്ങളുടെ സിനിമകളിലൂടെയും രാഷ്ട്രീയപ്രസംഗങ്ങളിലൂടെയും ഉയർത്തിപ്പിടിച്ച ജാതിവിരുദ്ധ നിലപാടുകളും ഫെമിനിസ്റ്റ് നിലപാടുകളും അവരും അവരുടെ കക്ഷികളും കൈയൊഴിഞ്ഞു തുടങ്ങിയെന്ന് പൊതുവിൽ തിരിച്ചറിയപ്പെട്ടു തുടങ്ങിയിട്ടുണ്ടെന്നും കരുതണം. പ്രത്യേകിച്ച് യുവാക്കൾ‌‍ക്കിടയിൽ. യുപിഎ സർക്കാരുകളുടെ കാലത്ത് നടത്തിയ ബ്രഹ്മാണ്ഡ അഴിമതികൾ സമ്മാനിച്ച പ്രത്യാഘാതങ്ങളിലൂടെ ഡിഎംകെയും ജയലളിതയുടെ മരണത്തോടെ എഐഎഡിഎംകെയും എത്തിപ്പെട്ടു നിൽക്കുന്ന പ്രതിസന്ധിയുടെ നിലം പ്രത്യയശാസ്ത്രപരം കൂടിയാണ്. ദ്രാവിഡ രാഷ്ട്രീയം അത് എതിർത്തുപോന്നവയുടെ സംരക്ഷകരായി മാറിയിട്ടുണ്ട് എന്നതും അത് കേവലം രാഷ്ട്രീയതന്ത്രത്തിന്റെ ഭാഗമെന്നതിനപ്പുറത്തേക്ക് പാർട്ടികൾക്കകത്ത് ആരുംവേരുമോടിയ ഒന്നായി മാറിയിട്ടുണ്ട് എന്നതും യാഥാർത്ഥ്യമാണ്. ദളിതർക്കായി കണ്ടെത്തി മാറ്റിവെച്ച 12 ലക്ഷത്തോളം വരുന്ന പഞ്ചമിനിലം അവർക്ക് കൊടുക്കാതിരിക്കുന്നത് ദ്രാവിഡ പ്രസ്ഥാനങ്ങളാണെന്നും അവയിലെ ഉയർന്ന ജാതിക്കാരുടെ മേധാവിത്വമാണെന്നും ദളിതർ മനസ്സിലാക്കിക്കഴിഞ്ഞു. കള്ളർ-മറവർ-തേവർ മാഫിയയാണ് ദ്രാവിഡ കക്ഷികളുടെ പേരിൽ ഭരണത്തിലുള്ളതെന്ന് എല്ലാവർക്കുമറിയാം. ദളിത് യുവാക്കൾ രാഷ്ട്രീയ ബദലുകളെ അന്വേഷിക്കുന്നവരോ, ഏറ്റവും കുറഞ്ഞത് ആശയക്കുഴപ്പത്തിലായവരോ ആയി മാറിക്കഴിഞ്ഞു.

2017ലെ ജെല്ലിക്കട്ട് പ്രക്ഷോഭത്തിന്റെ കാലത്താണ് യുവാക്കൾക്കിടയിൽ വളർന്നുവരുന്ന എതിർ ആലോചനകളെക്കുറിച്ച് വ്യക്തതയുള്ള ചിത്രം ലഭിച്ചത്. തികച്ചും അരാഷ്ട്രീയമായ ആൾക്കൂട്ടമായിരുന്നു ജെല്ലിക്കട്ട് പ്രക്ഷോഭം നയിച്ചത്. സാമൂഹ്യമാധ്യമങ്ങളിലൂടെയെത്തിയ ആഹ്വാനങ്ങളനുസരിച്ച് ചെന്നൈയിലെ മറീന ബീച്ചിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിത്. ദിവസങ്ങളോളം നീണ്ട സമരത്തിന് മുക്കുവ വീടുകളിൽ നിന്ന് ഭക്ഷണവും വെള്ളവുമെത്തി. രസകരമായ സംഗതി, ഈ സമരത്തെ ദ്രാവിഡ പ്രസ്ഥാനകാലത്തെ ഹിന്ദിവിരുദ്ധ സമരങ്ങളോടാണ് ഉപമിക്കപ്പെട്ടത് എന്നതാണ്. തമിഴകത്തിന്റെ സാംസ്കാരികത്തനിമയ്ക്കു വേണ്ടി വാദിക്കാൻ പോന്ന പ്രസ്ഥാനങ്ങള്‍ നിലവിലില്ലെന്ന യുവാക്കളുടെ നിരാശയുടെ പ്രകടനം കൂടിയായിരുന്നു ജെല്ലിക്കട്ട് സമരം.

കല്ലാക്കുടി വീരറില്‍ നിന്നും കലൈഞ്ജറിലേക്ക്; കരുണാനിധിയുടെ ജീവിതം, തമിഴകത്തിന്റെയും

കരുണാനിധിയുടെ മരണത്തോടെ ദ്രാവിഡ പ്രസ്ഥാനത്തിന്റെ അവസാനത്തെ അതികായനായ നേതാവും പിൻവാങ്ങിയിരിക്കുകയാണ്. ദ്രാവിഡ മുന്നേറ്റങ്ങളുടെ പ്രസക്തിയെ പൂർണമായും തള്ളിപ്പറയാൻ സമയമായി എന്ന് ഇത് അർത്ഥമാക്കുന്നില്ല. എങ്കിലും, പ്രത്യയശാസ്ത്രപരമായി ഈ പ്രസ്ഥാനം ചെന്നുപെട്ടിട്ടുള്ള പ്രതിസന്ധികളും വൈരുദ്ധ്യങ്ങളും വളരെ വലുതും ആഴമേറിയതുമാണ്.

ബ്രാഹ്മണ്യത്തിന്റെ അധീശത്വം സ്ഥാപിച്ച ആര്യ-ദ്രാവിഡവാദത്തിന്മേലാണ് ദ്രാവിഡ പ്രസ്ഥാനങ്ങൾ പടുത്തുയർത്തിയിട്ടുള്ളത്. ശൂദ്രവിഭാഗങ്ങളുടെ അധീനതയിലാണ് അവ ജനിച്ചതും പുലർന്നതും. ബ്രാഹ്മണ്യത്തിന്റെ പെരുമയാണ് അവയുടെ അടിത്തറ. തിരിച്ചടിക്കാൻ ഏറിയ ശേഷിയും സാധ്യതയും ഈ പ്രശ്നത്തിനുണ്ട്. കറുപ്പും വെളുപ്പുമായി കാര്യങ്ങളെ നീണ്ടകാലം കാണാൻ കഴിയുമെന്ന് കരുതാനാകില്ല. പർവ്വതസമാനമായ പ്രതിച്ഛായയുള്ള നേതാക്കളുടെ കാലം കരുണാനിധിയോടെ അസ്തമിച്ചു കഴിഞ്ഞു. ഇനി ദ്രാവിഡ പാർട്ടികൾക്ക് നിലനില്‍ക്കാൻ പർവ്വതങ്ങളുടെ തണലുമില്ല. ഉള്ളത് അടിസ്ഥാന പ്രത്യയശാസ്ത്രങ്ങൾ മാത്രമാണ്. അവയ്ക്കും അതിജിവിക്കാൻ കഴിയില്ലെന്നാണെങ്കിൽ തികച്ചും വിരുദ്ധമായ ആശയങ്ങൾ തമിഴകത്തെ പകുത്തെടുക്കാൻ കാത്തിരിക്കുന്നുണ്ട്. തമിഴകത്ത് ബിജെപിക്ക് കാര്യമായ മുന്നേറ്റങ്ങളൊന്നും നടത്താൻ കഴിയാതെ പോയ രാഷ്ട്രീയ സാഹചര്യങ്ങളിൽ മാറ്റമുണ്ടായിട്ടുണ്ടെങ്കിലും അതിനെ മുതലെടുക്കാന്‍ പാകത്തിന് മണ്ണ് ഒരുങ്ങിയിട്ടുണ്ടോ എന്ന് സന്ദേഹിക്കണം. അടുത്ത് വരുന്ന തെരഞ്ഞെടുപ്പുകളിൽ വോട്ടുകൾ ഭിന്നിക്കുന്നതും മറ്റും കൊണ്ടുവരാനിടയുള്ള നേട്ടങ്ങളൊഴിച്ചാൽ, സ്വാഭാവികമായ രീതിയിൽ ബിജെപിക്ക് വലിയ മുന്നേറ്റം നടത്താൻ കഴിഞ്ഞേക്കില്ലെന്നു തന്നെ കരുതണം. എങ്കിലും സംഘടനാപരമായും പ്രത്യയശാസ്ത്രപരമായും വലിയ വെല്ലുവിളികളെയാണ് ദ്രാവിഡരാഷ്ട്രീയം നേരിട്ടുകൊണ്ടിരിക്കുന്നത്. കരുണാനിധിയുടെ പിൻവാങ്ങൽ ആ വെല്ലുവിളികൾക്ക് ആക്കം കൂട്ടിയിരിക്കുന്നു. വരുന്ന തെരഞ്ഞെടുപ്പുകൾക്കപ്പുറത്തേക്ക് പ്രസ്ഥാനത്തെ കൊണ്ടുപോകുക എന്നതായിരിക്കും ശരിയായ പ്രതിസന്ധി.


Next Story

Related Stories