UPDATES

വാര്‍ത്തകള്‍

‘രാജീവ് ഗാന്ധി മരിച്ചത് ഒന്നാംനമ്പർ അഴിമതിക്കാരനായി’: പരാമർശത്തിൽ നരേന്ദ്രമോദിക്ക് തെരഞ്ഞെടുപ്പു കമ്മീഷന്റെ ഒമ്പതാം ക്ലീൻ ചിറ്റ്

“നിങ്ങളുടെ അച്ഛനെ കോൺഗ്രസ്സുകാർ മിസ്റ്റർ ക്ലീൻ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. എന്നാൽ അദ്ദേഹം ഒന്നാംതരം അഴിമതിക്കാരനായാണ് മരിച്ചത്,”

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പെരുമാറ്റച്ചട്ട ലംഘന പരാതിയിൽ തെരഞ്ഞെടുപ്പു കമ്മീഷൻ വീണ്ടും ക്ലീൻ ചിറ്റ് നൽകി. മരിക്കുമ്പോൾ രാജീവ് ഗാന്ധി ഒന്നാംനമ്പർ അഴിമതിക്കാരനായിരുന്നെന്ന പരാമർശമാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയത്. ഇത് ഒമ്പതാമത്തെ കേസിലാണ് മോദിക്ക് കമ്മീഷൻ ശുദ്ധിപത്രം നൽകുന്നത്.

“നിങ്ങളുടെ അച്ഛനെ കോൺഗ്രസ്സുകാർ മിസ്റ്റർ ക്ലീൻ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. എന്നാൽ അദ്ദേഹം ഒന്നാംതരം അഴിമതിക്കാരനായാണ് മരിച്ചത്,” എന്നായിരുന്നു മോദിയുടെ പരാമർശം. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിന്റെ യാതൊരു ലംഘനവും ഈ വാക്കുകളിൽ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ശനിയാഴ്ച ഉത്തർപ്രദേശിലെ പ്രതാപ്ഘട്ടിലെ തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു പ്രധാനമന്ത്രിയുടെ ഈ പരാമര്‍ശം.

മോശം ഭാഷയിലുള്ള മോദിയുടെ ഈ പ്രസ്താവന തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നായിരുന്നു അഭിഷേക് സിങ്‍വി, സൽമാൻ ഖുർഷിദ് എന്നീ കോൺഗ്രസ്സ് നേതാക്കൾ നൽകിയ പരാതി.

നേരത്തെയും വിവാദമായ പരാമർശങ്ങളിൽ മോദിക്ക് കമ്മീഷൻ ക്ലീൻ ചിറ്റ് നൽകിയിരുന്നു. ഇതിനിടെ മോദിയേയും അമിത് ഷായേയും എല്ലാ കേസുകളിൽ നിന്നും കുറ്റവിമുക്തരാക്കുന്ന നടപടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ തന്നെ എതിര്‍പ്പുണ്ട് എന്ന വിവരവും പുറത്തുവന്നിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷണറായ അശോക് ലവാസയാണ് അഞ്ച് പരാതികളില്‍ മോദിക്കും അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിയതിനെ എതിര്‍ത്തതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഭൂരിപക്ഷ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ കമ്മീഷന്റെ നടപടി അംഗീകരിക്കപ്പെടുകയായിരുന്നെന്നാണ് റിപ്പോർട്ട്.

സൈന്യത്തെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഉപയോഗിക്കരുതെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ കർശനമായ നിർദേശം നിലനില്‍ക്കെ പാകിസ്താനെതിരെ ആണവായുധം പ്രയോഗിക്കുമെന്ന് സൂചിപ്പിച്ചു കൊണ്ട് മോദി പ്രസംഗിച്ചിരുന്നു. ഇത് ചട്ടലംഘനമല്ലെന്ന് കമ്മീഷൻ കണ്ടെത്തുകയുണ്ടായി. സൈന്യത്തെ തെരഞ്ഞെടുപ്പു പ്രചാരണങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന ചട്ടവും പലവട്ടം ലംഘിക്കപ്പെട്ടു. പുൽവാമ ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികർക്ക് യുവാക്കൾ തങ്ങളുടെ വോട്ട് നൽകണമെന്നായിരുന്നു മോദിയുടെ പ്രസ്താവന ചട്ടലംഘനമല്ലെന്നായിരുന്നു കമ്മീഷന്റെ നിലപാട്. ഇത് രാജ്യത്തിന്റെ സൈന്യത്തെ തെരഞ്ഞെടുപ്പു നേട്ടത്തിനായി ഉപയോഗിക്കലാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി പോയത്. ഏപ്രിൽ 9നായിരുന്നു മോദിയുടെ വിവാദ പ്രസ്താവന.

കോൺഗ്രസ് അധ്യക്ഷൻ‌ രാഹുല്‍‌ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിറകെ വാർധയിൽ നടത്തിയ പ്രസംഗം ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് പിന്നീട് കമ്മീഷനെ സമീപിച്ചത്. ഹിന്ദുക്കളെ ഭയന്ന് രാഹുൽ ഗാന്ധി ന്യൂന പക്ഷ മേഖലയിലേക്ക് ഒളിച്ചോടി എന്നായിരുന്നു പരാമർ‌ശം. എന്നാൽ മോദിയുടെ പരാമർശത്തിൽ വർ‌ഗീയത കണ്ടെത്താനായില്ലെന്നും കമ്മീഷൻ വ്യക്തമാക്കുന്നു.

ഗുജറാത്തിലെ പഠാനിൽ ഏപ്രിൽ 21 ന് നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ തിരഞ്ഞെടുപ്പെ പെരുമാറ്റ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് കരുതാനാവില്ലെന്ന് പറഞ്ഞ് മോദിക്ക് മറ്റൊരു ക്ലീൻ ചിറ്റ് കൂടി കമ്മീഷൻ നൽകിയിരുന്നു. പാകിസ്താന്‍ പിടിയിൽ അകപ്പെട്ട അഭിനന്ദൻ വർത്തമാന്റെ സുരക്ഷ പാകിസ്താൻ ഉറപ്പ് വരുത്തിയില്ലായിരുന്നെങ്കിൽ തന്റെ സർക്കാർ‌ കടുത്ത നടപടികളിലേക്ക് തിരിഞ്ഞേനെ എന്നായിരുന്നു മോദിയുടെ പ്രസംഗം. ഇതിൽ ചട്ട ലംഘനത്തിന്റെ പ്രശ്നം ഉദിക്കുന്നില്ലെന്നാണ് കമ്മീഷന്റെ നിലപാട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍