UPDATES

മോദിയുടെ സാമ്പത്തിക നയങ്ങള്‍; നട്ടെല്ലൊടിഞ്ഞ് രാജ്യം

കാര്‍ഷിക, വാണിജ്യ, വ്യാപാര മേഖലകളിലെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെല്ലാം മോദി ഭരണത്തിന്റെ പ്രത്യാഘാതങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. ലാഭമാകട്ടെ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കും

നരേന്ദ്ര മോദി സര്‍ക്കാരിന്റെ സാമ്പത്തികരംഗത്തെ ഇടപെടലുകളെ ‘ആന കരിമ്പിന്‍കാട്ടില്‍ കയറിയത് പോലെ’ എന്നാണ് ഇടതു സാമ്പത്തിക ചിന്തകനായ പ്രഭാത് പട്‌നായിക് തന്റെ പ്രതിവാര കോളമായ ഇക്കണോമിക് നോട്ട്‌സില്‍ വിശേഷിപ്പിച്ചത്. സാമ്പത്തിക രംഗം സര്‍ക്കാര്‍ തകര്‍ക്കുകയാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഒരു മുതലാളിത്ത സമ്പദ് വ്യവസ്തയില്‍ നിലവിലുള്ള പ്രതിസന്ധി മറികടക്കുന്നതിന് ‘സ്വകാര്യവല്‍ക്കരണവും കടുത്ത സാമ്പത്തിക അച്ചടക്കവും,’ മാത്രമാണ് മാര്‍ഗ്ഗങ്ങളെന്ന് സര്‍ക്കാര്‍ അനുകൂലികള്‍ സംസാരിക്കാന്‍ തുടങ്ങിയതായും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

രാജ്യത്തെ സാമ്പത്തികരംഗത്തെ പരിപാലനം ചെയ്യുന്ന രീതിയില്‍ ഇടതു സാമ്പത്തികവിദഗ്ധര്‍ക്ക് മാത്രമല്ല ആശങ്കയുള്ളത്. സാമ്പത്തികരംഗത്ത് സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ആര്‍എസ്എസിന്റെ സ്വന്തം എസ്. ഗുരുമൂര്‍ത്തി വെള്ളിയാഴ്ച അഭിപ്രായപ്പെട്ടിരുന്നു. ‘നമ്മള്‍ നെല്ലിപ്പലക കാണുകയാണ് എന്നൊരു തോന്നലാണ് എനിക്കുള്ളത്. ഒരുതരത്തിലും ഈ സാഹചര്യം തുടരാന്‍ അനുവദിച്ചുകൂടാ. കാരണം, പ്രവര്‍ത്തനരഹിത ആസ്തികളില്‍ ഇപ്പോള്‍ നിലവിലുള്ളതുപോലെയുള്ള നിയന്ത്രണങ്ങള്‍ ആവശ്യമാണോ എന്ന്, മുദ്ര തീരുമാനത്തെ കുറിച്ച് സര്‍ക്കാര്‍ പെട്ടെന്ന് തന്നെ ഒരു അഭിപ്രായം പറയേണ്ടി വരും; ഇങ്ങനെയുള്ള രണ്ടുമൂന്ന് തീരുമാനങ്ങള്‍ എടുത്താല്‍ വരുന്ന ആറുമാസത്തിനുള്ളില്‍ സാമ്പത്തികരംഗം ഒരു ഉയര്‍ത്തെഴുന്നേല്‍പ്പിന് സാക്ഷ്യം വഹിക്കും. കൃത്യമായ നയങ്ങള്‍ പിന്തുടരാന്‍ സാധിച്ചാല്‍ സാമ്പത്തികരംഗം പെട്ടെന്ന് തന്നെ മുന്നോട്ട് കുതിയ്ക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്,’ എന്നാണ് അദ്ദേഹം പറഞ്ഞത്.

ബിജെപി സര്‍ക്കാരിന്റെ കീഴില്‍ സമ്പാദ്യങ്ങള്‍ക്ക് വന്‍ തകര്‍ച്ച നേരിട്ടു. തൊഴിലവസരങ്ങള്‍ ഇടിയുന്നു, വളര്‍ച്ച ഇടിയുന്നു, നിക്ഷേപങ്ങള്‍ ഇടിയുന്നു, കയറ്റുമതി ഇടിയുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇടിയേണ്ടിയിരുന്ന കാര്യങ്ങള്‍, അതായത് പണപ്പെരുപ്പവും കമ്മിയും മാത്രം വര്‍ദ്ധിക്കുന്നു. അതായത് വര്‍ദ്ധിക്കേണ്ട ഘടകങ്ങള്‍ ദാരുണമായി തകരുകയും ഇടിവ് വരേണ്ട ഘടകങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഇടത്തരക്കാര്‍, താഴെ തട്ടിലുള്ള മധ്യവര്‍ഗ്ഗങ്ങള്‍, താഴെ തട്ടിലുള്ളവര്‍ എന്നിവരടങ്ങുന്ന സാധാരണക്കാര്‍ കനത്ത തിരിച്ചടികള്‍ നേരിടുന്നു. ദുരിതങ്ങള്‍ക്കുള്ള കാരണം ‘സാങ്കേതികമാണ്’ എന്ന പ്രസിദ്ധ പ്രയോഗമാണ് ബിജെപി പ്രസിഡന്റ് അമിത് ഷാ നടത്തിയത്. കണക്കുകളില്‍ വിശ്വസിക്കരുതെന്ന് അദ്ദേഹം ജനങ്ങള്‍ക്ക് ഉപദേശം നല്‍കുകയും ചെയ്തു. യുക്തിരഹിതവും വിനാശകരവുമായ നയതീരുമാനങ്ങളാണ് ഇന്ത്യന്‍ സാമ്പത്തികരംഗത്തെ അടിസ്ഥാനപരമായി പാളംതെറ്റിച്ചത്. നോട്ട് നിരോധനം, ജിഎസ്ടിയുടെ പ്രയോഗം തുടങ്ങിയവയെല്ലാം സാമ്പത്തികരംഗത്തെ കൂടുതല്‍ കുരുക്കിലാക്കി.

ഉദാഹരണത്തിന്, വസ്ത്രനിര്‍മ്മാണം തന്നെയെടുക്കാം. സൂക്ഷ്മ, ചെറുകിട ഉല്‍പാദകര്‍, വ്യാപാരികള്‍, വസ്ത്ര വ്യാപാരികള്‍, കടയുടമകള്‍ ഇവരെല്ലാം ചേര്‍ന്ന വസ്ത്രവ്യാപാരം, കാര്‍ഷികരംഗം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന മേഖലയാണ്. ജിഎസ്ടിയുടെ വികൃതമായ ഘടന ഏറ്റവും കൂടുതല്‍ ആഘാതം ഏല്‍പ്പിച്ചിരിക്കുന്നത് ഇവരെയാണ്. വന്‍കിട മേഖലയിലെ സംയോജിത നിര്‍മ്മാണശാലകളെ മാത്രം സഹായിക്കുന്നതിനായി ജിഎസ്ടി രൂപകല്‍പന ചെയ്തിരിക്കുന്നതിനാല്‍ ദശലക്ഷക്കണക്കിന് ചെറുകിട പവര്‍ലൂമുകള്‍ക്ക് വലിയ ആഘാതമാണ് ഉണ്ടായിരിക്കുന്നത്. വസ്ത്രവ്യാപാരികളുടെയും കട ഉടമകളുടെയും അവസ്ഥയും ഇത് തന്നെയാണ്.

കഴിഞ്ഞ ആറുമാസത്തിനിടയില്‍ വസ്ത്ര നിര്‍മ്മാണ മേഖലയില്‍ ഉണ്ടായിരിക്കുന്ന നഷ്ടം 40,000 കോടി രൂപയാണെന്ന് കണക്കാക്കപ്പെടുന്നു. വിവിധ സംസ്ഥാനങ്ങളിലായി 20 ലക്ഷം ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. വസ്ത്രനിര്‍മ്മാണ മേഖലയിലെ 90 ശതമാനവും അസംഘടിതമാണ്. വന്‍കിട കമ്പനികള്‍ മൊത്തം പത്തു ശതമാനം മാത്രമാണ് സംഭാവന ചെയ്യുന്നത്. എന്നാല്‍ നോട്ടുനിരോധനവും ജിഎസ്ടിയും മേഖലയിലെ വന്‍കിട കമ്പനികള്‍ക്ക് വലിയ സാധ്യതകളാണ് തുറന്നുകൊടുക്കുകയും ചെയ്തിരിക്കുന്നു.

2017-18 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തെ കുറിച്ചുള്ള സിഎംഐഇ കണക്കുകള്‍ പ്രകാരം സംഘടിത മേഖലയില്‍ മാത്രം 1.5 ദശലക്ഷം തൊഴില്‍ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. വസ്ത്രനിര്‍മ്മാണ രംഗത്ത് മാത്രം 20 ലക്ഷം തൊഴില്‍നഷ്ടം സംഭവിച്ചിട്ടുണ്ട് എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്ന സാഹചര്യത്തില്‍ അസംഘടിതമേഖലയിലെ തൊഴില്‍ നഷ്ടം ഇതിലും എത്രയോ ഇരട്ടിയായിരിക്കും. തൊഴിലവസര സൃഷ്ടി കഴിഞ്ഞ എട്ടുവര്‍ഷത്തെ ഏറ്റവും കുറവായിരുന്നു എന്ന് ലേബര്‍ ബ്യൂറോ കണക്കുകള്‍ വ്യക്തമാക്കുന്നു.

ആര്‍ബിഐയുടെ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ ചൂണ്ടിക്കാണിച്ചത് പോലെ ഇത് വലിയ സാമൂഹിക അസ്വസ്ഥതകള്‍ സൃഷ്ടിച്ചേക്കാം. മോദി ഭരണത്തിന്റെ നാല്‍പത് മാസങ്ങള്‍ പിന്നിട്ടിട്ടും പ്രതിവര്‍ഷം രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന വാഗ്ദാനം വിദൂര വ്യാമോഹമായി നിലനില്‍ക്കുന്നു. കര്‍ഷകരാണ് ഏറ്റവും വലിയ പ്രത്യാഘാതം നേരിടുന്നത്. അവരുടെ ഉല്‍പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കുന്നില്ല എന്ന് മാത്രമല്ല വിതരണ ശൃംഖലകള്‍ തകര്‍പ്പെടുകയും ചെയ്തിരിക്കുന്നു. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനുള്ള ഒരു ലക്ഷണവും കാണുന്നില്ല. കര്‍ഷകരുടെ ചിലവില്‍, പട്ടികയില്‍ പെട്ട സ്വകാര്യ സ്ഥാപനങ്ങള്‍ക്കാണ് കൊട്ടിഘോഷിക്കപ്പെട്ട പ്രധാനമന്ത്രി ഫസല്‍ ബീമ യോജനയുടെ ഫലം ലഭിക്കുന്നത്. രാജ്യത്തിന്റെ പല ഭാഗത്തും ഉണ്ടായിട്ടുള്ള വെള്ളപ്പൊക്കവും വരള്‍ച്ചയും കര്‍ഷകരുടെ ദുരിതങ്ങള്‍ക്ക് ആക്കം കൂട്ടുകയും ചെയ്തു.

സ്വകാര്യ നിക്ഷേപങ്ങള്‍ വളര്‍ച്ച ത്വരിതപ്പെടുത്തുന്നില്ല. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ മൊത്തം സ്ഥിര മൂലധന രൂപീകരണം (ജിഎപ്‌സിഎഫ്) മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ ശതമാനവുമായി തട്ടിച്ച് നോക്കുമ്പോള്‍ 2016-17ല്‍ വെറും 26.9 ശതമാനം മാത്രമായിരുന്നു. കഴിഞ്ഞ പതിനാല് വര്‍ഷങ്ങള്‍ക്കിടയില്‍ ഏറ്റവും കുറഞ്ഞ മൂലധന രൂപീകരണമാണിത്. നടപ്പ് വര്‍ഷവും ഈ സൂചികയില്‍ എന്തെങ്കിലും നിര്‍ണായക വര്‍ദ്ധന സംഭവിക്കാനുള്ള സാധ്യത കാണുന്നില്ല. ഏറ്റവും കൂടുതല്‍ തൊഴിലുകള്‍ പ്രദാനം ചെയ്യുന്ന ഇടത്തരം നിര്‍മ്മാണമാണ് തിരിച്ചടി നേരിടുന്ന മറ്റൊരു മേഖല. ഇടത്തരം സംരംഭങ്ങള്‍ക്ക് നിലവിലുള്ള വായ്പ 2015 ജൂലൈയിലെ 1,19,268 കോടിയില്‍ നിന്നും 2017 ജൂലൈയില്‍ 1,00,542 കോടി രൂപയായി ഇടിഞ്ഞിരിക്കുന്നു. ഈ മേഖലയിലെ വായ്പ ലഭ്യത 16 ശതമാനം കണ്ടാണ് ഇടിഞ്ഞിരിക്കുന്നത്!

ബാങ്കിംഗ് സംവിധാനത്തിലെ പീഢിത ആസ്തികള്‍ ഏകദേശം 11.5 ലക്ഷം കോടി അഥവാ മൊത്തം നിക്ഷേപങ്ങളുടെ 14 ശതമാനമാണെന്ന് റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ കണക്കാക്കുന്നു. ഇടക്കാലത്ത് ഈ സംഖ്യ നിര്‍ണായകമായി വര്‍ദ്ധിക്കാനുള്ള യാതൊരു സാധ്യതയും കാണുന്നുമില്ല.

ബാങ്കിംഗ് ശൃംഖലയിലെ മാര്‍ച്ച് 2018 വരെയുള്ള നിക്ഷേപങ്ങളുടെ 10.5 ശതമാനം പ്രവര്‍ത്തനരഹിത ആസ്തികളായിരിക്കും എന്നും ക്രിസില്‍ പ്രതീക്ഷിക്കുന്നു. മാര്‍ച്ച് 2017ല്‍ ഇത് 9.5 ശതമാനമായിരുന്നു. ഗുജറാത്തിലെ കിട്ടാക്കടങ്ങളുടെ അളവ് രണ്ടര ഇരട്ടിയായി വര്‍ദ്ധിച്ചിരിക്കുന്നു. 2017 ജൂണ്‍ അവസാനം സംസ്ഥാനത്തെ എല്ലാ ബാങ്കുകളിലെയും കൂടിയുള്ള മൊത്തം കിട്ടാക്കടം 35,000 കോടി കവിഞ്ഞു. 2014 ജൂണില്‍ രേഖപ്പെടുത്തിയതിന്റെ ഇരട്ടിയാണിത്.

മൊത്തത്തില്‍ നോക്കുമ്പോള്‍ വന്‍കിട കോര്‍പ്പറേറ്റുകളാണ് ഇതിന്റെ എല്ലാം ഗുണഭോക്താക്കള്‍ എന്ന് കാണാം. കാര്‍ഷിക, വാണിജ്യ, വ്യാപാര മേഖലകളിലെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെല്ലാം മോദി ഭരണത്തിന്റെ പ്രത്യാഘാതങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയത്തിലും സാമ്പത്തികമേഖലയിലുമുള്ള കൂട്ടായതും സഹകരണാത്മകവുമായ മുന്നേറ്റങ്ങള്‍ മാത്രമാണ് ഈ ദുര്‍ഘടസന്ധിയില്‍ നിന്നും പുറത്തുകടക്കാനുള്ള ഏക മാര്‍ഗ്ഗം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍