TopTop

അസ്താന എന്ന കണ്ണിലുണ്ണി അഥവാ സിബിഐയെ അവസാനിപ്പിക്കുമ്പോള്‍

അസ്താന എന്ന കണ്ണിലുണ്ണി അഥവാ സിബിഐയെ അവസാനിപ്പിക്കുമ്പോള്‍
ജോര്‍ജ് ഓര്‍വലിന്റെ പ്രശസ്തമായ അനിമല്‍ ഫാമിന്റെ അവസാന ഭാഗത്തേക്ക് നാം എത്തിക്കൊണ്ടിരിക്കുകയാണ്. പന്നികള്‍ രണ്ടു കാലില്‍ നടന്നു തുടങ്ങുന്നു, തങ്ങളാല്‍ തോല്‍പ്പിക്കപ്പെട്ട മനുഷ്യരില്‍ നിന്ന് വലിയ വ്യത്യാസങ്ങളൊന്നുമില്ലാതെ തന്നെ. 'എല്ലാ മൃഗങ്ങളും തുല്യരാണ്' എന്ന മുദ്രാവാക്യം ഇപ്പോള്‍ 'എല്ലാ മൃഗങ്ങളും തുല്യരാണ്, എന്നാല്‍ ചില മൃഗങ്ങള്‍ കൂടുതല്‍ തുല്യരാണ്' എന്നാക്കി ഭേദഗതി ചെയ്തിരിക്കുന്നു.

അനിമല്‍ ഫാമിലെ കാര്യങ്ങള്‍ എങ്ങനെയാണ് നടക്കുന്നത് എന്ന് അറിയാന്‍ നിങ്ങള്‍ക്ക് അതിയായ താത്പര്യമുണ്ടെങ്കില്‍, ആ ഫാമിലെ നിഷ്ഠൂരമായ ചില യാഥാര്‍ത്ഥ്യങ്ങള്‍ അറിയണമെന്നുണ്ടെങ്കില്‍, വേഗം ഡല്‍ഹിയിലേക്ക് വരിക. ഇവിടുത്തെ അന്തരീക്ഷ മലിനീകരണമൊന്നും കണക്കാക്കേണ്ടതില്ല. അനവധി സര്‍ക്കാര്‍ ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന സി.ജി.ഒ കോംപ്ലെക്‌സിലേക്ക് പോവുക, അതിന്റെ ഒരു ലെയ്‌നിന്റെ അറ്റത്ത് ബോര്‍ഡില്ലാത്ത റോ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ആസ്ഥാനത്തിന്റെ പിന്നിലായി ഗ്ലാസില്‍ പൊതിഞ്ഞ ഒരു കെട്ടിടമുണ്ട്. സിബിഐയുടെ കേന്ദ്ര ആസ്ഥാനം. ആനിമല്‍ ഫാമിലെ അവസാന രംഗങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത് ഇപ്പോള്‍ ആ കെട്ടിടത്തിലാണ്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച സിബിഐ ഡയറക്ടറെ നാടകീയമായി പുറത്താക്കി, അദ്ദേഹത്തിന്റെ ഓഫീസ് പൂട്ടി, കേന്ദ്ര ആസ്ഥാനത്തു നിന്ന് നിരവധി പേരെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റി. എന്നാല്‍ ഇതിലെല്ലാം പ്രധാനമായി നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളടക്കം അവതരിപ്പിച്ചത്, അത് ഒരുപക്ഷേ സര്‍ക്കാരിന്റെ താത്പര്യങ്ങള്‍ക്ക് അനുസൃതമായായിരിക്കാം, സിബിഐയില്‍ നടക്കുന്നത് രണ്ട് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ഈഗോ പ്രശ്‌നമാണ് എന്നാണ്. എന്നാല്‍ ഇത് പൂര്‍ണമായയും വാസ്തവവിരുദ്ധമാണ് എന്നതാണ് യാഥാര്‍ത്ഥ്യം.

വസ്തുതകള്‍ സംസാരിക്കട്ടെ

നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനു ശേഷമാണ് 1984 ബാച്ച് ഗുജറാത്ത് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥാന്‍ രാകേഷ് അസ്താനയെ സിബിഐയിലേക്ക് കൊണ്ടുവരുന്നത്. സിബിഐയില്‍ അസ്താന എല്ലാ വിധത്തിലുമുള്ള അധികാരവുംം കൈയാളി ഇരിക്കുന്ന സമയത്തു തന്നെയാണ് ഗുജറാത്തിലെ സ്‌റ്റെര്‍ലിംഗ് ബയോടക്കില്‍ നടന്ന പരിശോധനയില്‍ കണ്ടെത്തിയ രേഖകളില്‍ അയാളുടെ പങ്കും വെളിപ്പെടുന്ന പലതും ഉണ്ടായിരുന്നു എന്ന കാര്യം ഉയര്‍ന്നു വരുന്നത്. സ്‌റ്റെര്‍ലിംഗ് ബയോടെക്കിന്റെ ഉടമസ്ഥരാകട്ടെ, 5000 കോടിയിലേറെ രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയ ശേഷം രാജ്യം വിട്ടവരാണ് എന്നതു കൂടി കണക്കിലെടുക്കണം. സ്‌റ്റെര്‍ലിംഗ് ബയോടെക്കിന്റെ ഉടമസ്ഥരായ സന്ദേസര, അസ്താനയ്ക്ക് വഴിവിട്ട നിരവധി സഹായങ്ങള്‍ ചെയ്തു നല്‍കിയിരുന്നതായി അവരുടെ ഡയറികള്‍ വെളിപ്പെടുത്തുന്നുണ്ട്. അസ്താനയുടെ കുടുംബത്തില്‍ നടന്ന ഒരു കല്യാണമടക്കമുള്ള കാര്യങ്ങളില്‍ സ്‌റ്റെര്‍ലിംഗ് ഗ്രൂപ്പ് ഈ സിബിഐ ഉദ്യോഗസ്ഥന് സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്.

മറ്റ് നിരവധി കേസുകളില്‍ അസ്താന ഇടപെട്ടതിന്റെ നിഗൂഡമായ പല കാര്യങ്ങളുടേയും തെളിവുകള്‍ ഉയര്‍ന്നു വരുന്നതും ഈ സമയത്താണ്. നിലവില്‍ അഴിമതിയുമായി ബന്ധപ്പെട്ട ആറോളം കേസുകളിലാണ് അസ്താനയ്‌ക്കെതിരെ അന്വേഷണം നടക്കുന്നത്.

ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ സിബിഐ സ്‌പെഷ്യല്‍ ഡയറക്ടറായി അസ്താനയെ നിയമിക്കുന്നതിനെ അലോക് വര്‍മ എതിര്‍ക്കുകയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ എതിര്‍പ്പുകളെ വകവയ്ക്കാതെ കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ കെ.വി ചൗധരിയുടെ നേതൃത്വത്തിലുള്ള സമിതി അസ്താനയെ പ്രൊമോട്ട് ചെയ്യുകയായിരുന്നു.

തന്റെ രാഷ്ട്രീയ ബന്ധങ്ങളുടെ പിന്‍ബലത്തില്‍ അസ്താന എല്ലാ വിധത്തിലും സിബിഐയെ ഭരിക്കുകയായിരുന്നു. സിബിഐയില്‍ നിയമനം നടത്തുന്നതിനു വേണ്ടി ഒരു കൂട്ടം ഉദ്യോഗസ്ഥരുടെ പട്ടിക പോലും അസ്താന തയാറാക്കുകയുണ്ടായി. ഒടുവില്‍ അസ്താന സിബിഐയെ പ്രതിനിധീകരിക്കുന്നില്ല എന്ന് അലോക് വര്‍മയ്ക്ക് വ്യക്തമാക്കേണ്ടി വരുന്ന അവസ്ഥയുണ്ടായി. അസ്താന ശുപാര്‍ശ ചെയ്ത മിക്ക ഉദ്യോഗസ്ഥരും ക്രിമിനല്‍ കേസുകളില്‍ അന്വേഷണം നേരിടുന്നവരാണെന്നും വര്‍മ ചൂണ്ടിക്കാട്ടി.

READ ALSO: അലോക് വർമയുടെ വീട്ടുപരിസരത്ത് കേന്ദ്രത്തിന്റെ ചാരന്മാർ? ഇത് ‘വിന്റേജ് ഗുജറാത്ത് മോഡൽ’ എന്ന് മുൻ സിബിഐ ഡയറക്ടർ

അസ്താനയുടേതായി ഏറ്റവുമൊടുവില്‍ ഉയര്‍ന്നു വന്ന ആരോപണമായിരുന്നു ഇറച്ചി കയറ്റുമതിക്കാരന്‍ മൊയ്ന്‍ ഖൂറേഷിയുമായി ബന്ധപ്പെട്ടത്. നിരവധി വര്‍ഷങ്ങളായി അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലുള്ള ആളാണ് ഖുറേഷി. അതിനിടെയാണ് ഹൈദാരാബാദ് കേന്ദ്രമായുള്ള സന സതീഷ് എന്നയാള്‍ താന്‍ ഖുറേഷിയുടെ കേസ് ഒത്തുതീര്‍പ്പാക്കുന്നതിനായി സിബിഐ ഉദ്യോഗസ്ഥര്‍ക്ക് വന്‍ തോതില്‍ കോഴ നല്‍കി, അതില്‍ അസ്താനയും ഉള്‍പ്പെടും എന്നു വ്യക്തമാക്കിയത്.

അസ്താനയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വര്‍മ ഉത്തരവിട്ടു, ഒപ്പം ഡിഎസ്പി റാങ്കിലുള്ള ദേവേന്ദര്‍ കുമാര്‍ എന്ന ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. സിബിഐ തലവനെതിരെ വ്യാജരേഖ ചമച്ചതായിരുന്നു കുറ്റം.

ഈ സമയത്ത് അസ്താനയും വര്‍മയ്‌ക്കെതിരെ നിരവധി ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര വിജിലന്‍സ് കമ്മീഷന് കത്തെഴുതി. അതായത്, ചൊവ്വാഴ്ച വര്‍മയെ പുറത്താക്കാനുള്ള വിജിലന്‍സ് കമ്മീഷന്റെ തീരുമാനത്തിന്റെ അടിസ്ഥാനം അസ്താന നല്‍കിയ കത്തിലെ വിവരങ്ങളായിരുന്നു.

യാതൊരു വിധത്തിലും രണ്ട് ഉന്നതോദ്യോഗസ്ഥര്‍ തമ്മിലുള്ള ഈഗോ പ്രശ്‌നമല്ല സിബിഐയില്‍ നടക്കുന്നത്. മറിച്ച് നിയമവിരുദ്ധമായ നിരവധി കാര്യങ്ങള്‍ ചെയ്തുവെന്ന് സംശയമുള്ള ഒരുദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാന്‍ സിബിഐ ഡയറക്ടര്‍ തീരുമാനിച്ചതാണ്. വര്‍മയുടെ ധാര്‍മികതയും അനധികൃതമായി എന്തെങ്കിലും ചെയ്തിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ വേറെ അന്വേഷണം നടത്തേണ്ടതാണ്. അതാകട്ടെ, അസ്താന നടത്തുന്ന കാര്യങ്ങള്‍, അയാളെ സംരക്ഷിക്കാനായി സര്‍ക്കാര്‍ അങ്ങേയറ്റം എടുക്കുന്ന നടപടികള്‍, രാജ്യത്തെ പ്രാഥമിക അന്വേഷണ ഏജന്‍സിയുടെ സ്വതന്ത്ര സ്വഭാവം നശിപ്പിക്കുന്ന കാര്യങ്ങള്‍ ഒന്നും തന്നെ കൂട്ടിക്കുഴക്കേണ്ടതല്ല.

ഉയര്‍ന്നുവരുന്ന ചോദ്യങ്ങള്‍

മോദി സര്‍ക്കാരിന്റെ നടപടികള്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനം പ്രധാനമന്ത്രിക്ക് അല്ലെങ്കില്‍ ക്യാബിനറ്റ് കമ്മിറ്റി ഓഫ് അപ്പോയ്‌മെന്റിന് സിബിഐ തലവനെ പുറത്താക്കാന്‍ അധികാരമുണ്ടോ എന്നതാണ്.

സിബിഐ തലവന്റെ നിയമനം, വിജിലന്‍സ് കമ്മീഷന് സിബിഐക്ക് മേലുള്ള മേല്‍നോട്ട അധികാരം തുടങ്ങിയ കാര്യങ്ങളില്‍ വിശദമായ നിര്‍ദേശങ്ങള്‍ 1997-ലെ വിനീത് നാരായണ്‍ കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. സിബിഐയെ പ്രൊഫഷണല്‍ സ്വഭാവത്തോടു കൂടിയ, സ്വതന്ത്ര സ്വഭാവമുള്ള ഒരു അന്വേഷണ ഏജന്‍സിയായി മാറ്റുന്നതിന്റെ ഭാഗമായി അതിന്റെ തലവന് രണ്ടു വര്‍ഷത്തെ കാലാവധിയും കോടതി നിശ്ചയിക്കുകയുണ്ടായി. അതുപോലെ സിബിഐ തലവനെ തീരുമാനിക്കുന്നതിന് പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സെലക്ഷന്‍ കമ്മിറ്റിയെ നിയോഗിക്കാനും കോടതി അന്നു നിര്‍ദേശിച്ചിരുന്നു.

അതിനിടയില്‍ നടന്ന മറ്റൊരു കാര്യം, വര്‍മയും കൂട്ടരും അവകാശപ്പെടുന്നതു പോലെ റാഫേല്‍ അഴിമതി സംബന്ധിച്ച് അന്വേഷണം നടത്താനുള്ള ഒരു ഉത്തവിടാന്‍ സിബിഐ ഡയറക്ടര്‍ തയാറെടുക്കുകയായിരുന്നു എന്നതാണ്. അഡ്വ. പ്രശാന്ത് ഭൂഷണ്‍, അരുണ്‍ ഷൂരി തുടങ്ങിയവര്‍ റാഫേല്‍ കരാറില്‍ നടന്നിട്ടുള്ളത് വന്‍ അഴിമതിയാണെന്ന് ആരോപിച്ചിരുന്നു.

ആരാണ് പ്രതി?

അധികാരത്തോട് ആര്‍ത്തിയുള്ളവര്‍ തങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് സംരക്ഷക കവചമൊരുക്കാന്‍ ഏതറ്റം വരെയും പോകുമെന്നത് ഏറെ പ്രാധാന്യത്തോടെ കാണേണ്ട ഒന്നാണ്. തങ്ങളുടെ കണ്‍മുന്നില്‍ ജനാധിപത്യ സ്ഥാപനങ്ങളെ പുര്‍ണമായും ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന കാഴ്ച ജനങ്ങളുടെ കണ്‍മുന്നില്‍ നിന്ന് മറയക്കാന്‍ ഒപ്പിയം പോലെ വാചാടോപവും കസര്‍ത്തുകളും മണിക്കുര്‍ അടിസ്ഥാനത്തില്‍ നടത്തുന്നതും നമ്മള്‍ കാണുന്നുണ്ട്. ഇപ്പോള്‍ സിബിഐ തലവനെ പുറത്താക്കിയ നടപടിയും ഈ പശ്ചാത്തലത്തിലാണ് കാണേണ്ടത്.

ആനിമല്‍ ഫാമിലെ പന്നികള്‍ ഇപ്പോള്‍ തങ്ങള്‍ ഒരിക്കല്‍ എതിര്‍ത്ത മനുഷ്യരെ പോലെ തന്നെ ഇരുകാലില്‍ നടന്നു തുടങ്ങിയിരിക്കുന്നു. ജനാധിപത്യത്തേയും അതിന്റെ ശത്രുക്കളെയും തമ്മില്‍ വേര്‍തിരിക്കുക എന്നത് ഇന്ന് അസാധ്യമായി മാറിയിരിക്കുന്നു. പന്നികളും മനുഷ്യരുമൊക്കെ ഒരുപോലിരിക്കുന്നു.

ഇരുമ്പു മറകള്‍ പോലെ ഇരുട്ട് ഒറ്റയടിക്ക് ഇറങ്ങി വരികയല്ല ചെയ്യുന്നത്, പകരം തുള്ളികളായി തുള്ളികളായി അത് അരിച്ചരിച്ച് ഇറങ്ങിവരികയാണ്. അത് നാം തിരിച്ചറിയുന്നതിനു മുമ്പ് തന്നെ ഇവിടം മുഴുവന്‍ ഇരുട്ട് നിറഞ്ഞിരിക്കും. നമ്മുടെ രാജ്യം ആ വഴിയിലാണ്.

https://www.azhimukham.com/india-four-held-from-outside-alok-vermas-delhi-residence-crisis-escalating-in-cbi/

https://www.azhimukham.com/india-prashantbhushan-yashwantsinha-arunshourie-approach-supremecourt-seeking-court-monitored-cbi-probe-rafale-deal/

https://www.azhimukham.com/india-govt-divests-alok-verma-of-charge-as-cbi-director/

https://www.azhimukham.com/transformation-cbi-gbi-aravind-kejrival-office-raid-editorial/

https://www.azhimukham.com/edit-cbi-modi-amit-shah-and-fate-of-justice-loya-this-is-india/

Next Story

Related Stories