TopTop
Begin typing your search above and press return to search.

സര്‍ക്കാരും ഭരണ കക്ഷികളും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു എന്ന ആരോപണമുള്ളപ്പോള്‍, നടപടി എടുക്കേണ്ടത് സര്‍ക്കാരോ?

സര്‍ക്കാരും ഭരണ കക്ഷികളും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു എന്ന ആരോപണമുള്ളപ്പോള്‍, നടപടി എടുക്കേണ്ടത് സര്‍ക്കാരോ?

വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു എന്ന ആരോപണം നേരിടുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ഔദ്യോഗിക സൌകര്യങ്ങള്‍ നഷ്ടമാകുന്ന തരത്തില്‍ മാധ്യമ അക്രെഡിറ്റേഷന്റെ മാര്‍ഗരേഖകള്‍ പുതുക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിനെതിരെ എഡിറ്റേഴ്സ് ഗില്‍ഡ് – വിവിധ മാധ്യമ സ്ഥാപനങ്ങളുടെ ഇപ്പൊഴും മുമ്പും ഉള്ള മേധാവികള്‍ - ചൊവ്വാഴ്ച്ച കടുത്ത ഭാഷയില്‍ പ്രതിഷേധം പ്രകടിപ്പിച്ചു.

വാര്‍ത്ത വിതരണ, പ്രക്ഷേപണ മന്ത്രാലയം തിങ്കളാഴ്ച്ച പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രധാനമന്ത്രി കാര്യാലയം ചൊവ്വാഴ്ച്ച പിന്‍വലിക്കുകയും പുതിയ ചട്ടങ്ങള്‍ ഉണ്ടാക്കേണ്ടത് Press Council of India യാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി PCI-ല്‍ നല്‍കുന്ന വിശ്വാസത്തെ ഗില്‍ഡ് ചോദ്യം ചെയ്തു.

പ്രസ്താവനയുടെ പൂര്‍ണരൂപം:

വ്യാജ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമ സ്ഥാപനങ്ങളെയും മാധ്യമ പ്രവര്‍ത്തകരെയും ശിക്ഷിക്കാനെന്ന പേരില്‍, കേന്ദ്ര വാര്‍ത്താവിതരണ, പ്രക്ഷേപണ മന്ത്രാലയം ഏകപക്ഷീയമായ രീതിയില്‍ എടുത്ത തീരുമാനനങ്ങളെ എഡിറ്റേഴ്സ് ഗില്‍ഡ് ശക്തിയായി അപലപിക്കുന്നു. അത്തരം നടപടികള്‍ വാര്‍ത്താവിതരണ, പ്രക്ഷേപണ മന്ത്രാലയം എടുക്കുമെന്നു വിജ്ഞാപനം ചെയ്തതിലൂടെ മാധ്യമങ്ങള്‍ക്ക് മുകളില്‍ മേല്‍നോട്ട നിയന്ത്രണ അധികാരങ്ങള്‍ തങ്ങള്‍ക്കുണ്ടെന്ന് സര്‍ക്കാര്‍ സ്ഥാപിക്കുകയാണ്. വരുതിക്ക് നില്‍ക്കാത്ത മാധ്യമസ്ഥാപനങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും ദ്രോഹിക്കുന്നതിന് കഴമ്പില്ലാത്ത പരാതികള്‍ നല്‍കുന്നതിനുള്ള വാതിലാണ് ഇതുവഴി തുറന്നിടാന്‍ ശ്രമിച്ചത്.

വിജ്ഞാപനം പിന്‍വലിക്കുന്നതിന് പ്രധാനമന്ത്രി കാര്യാലയം ഇടപെട്ടതിനെ ഗില്‍ഡ് അംഗീകരിക്കുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ നീതി നടപ്പാക്കുന്നതിന് PCI-ല്‍ ആവര്‍ത്തിച്ചു നല്‍കുന്ന വിശ്വാസം ഏറെ അലോസരപ്പെടുത്തുന്നതാണ്.

http://www.azhimukham.com/update-ibministry-plans-to-use-rfidcards-to-track-journalists/

അടുത്തിടെ നടന്ന PCI പുന:സംഘടന ആ സ്ഥാപനത്തിന്റെ സ്വതന്ത്ര സ്വഭാവത്തെയും ഒരു നിഷ്പക്ഷ നിരീക്ഷകന്‍ എന്ന നിലയ്ക്കുള്ള അതിന്റെ ശേഷിയെയും കുറിച്ചു സംശയങ്ങള്‍ ഉണര്‍ത്തുന്നു. സമിതിയിലേക്ക് ഗില്‍ഡ് നാമനിര്‍ദേശം ചെയ്തവരെ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു ഒഴിവാക്കി. ഗില്‍ഡിന്റെ അപേക്ഷ അവഗണിച്ച് നടത്തിയ പ്രസ്സ് അക്രെഡിറ്റേഷന്‍ സമിതിയുടെ പുന:സംഘടനയും വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ അതാര്യമായ നടപടികളെക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ത്തുന്നു.

പലപ്പോഴും സര്‍ക്കാരും ഭരണത്തിലിരിക്കുന്ന കക്ഷികളും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു എന്ന ആരോപണമുള്ളപ്പോള്‍, വ്യാജ വാര്‍ത്തകളുടെ പേരിലുള്ള നടപടികളെടുക്കുന്നത് സര്‍ക്കാരിന് വിട്ടുകൊടുത്തുകൂട എന്നും ഗില്‍ഡ് ചൂണ്ടിക്കാട്ടുന്നു.

മാത്രവുമല്ല, വാര്‍ത്താ സ്ഥാപനങ്ങളല്ല വ്യാജ വാര്‍ത്തകളുടെ ഏക കേന്ദ്രം. നിയന്ത്രണങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ നിരവധിയായ ഡിജിറ്റല്‍ മാര്‍ഗങ്ങളില്‍ വിവിധ തരത്തിലുള്ള അഭിപ്രായപ്രകടനങ്ങള്‍ വരുന്നുണ്ട്. കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യത ഇവയ്ക്കുണ്ട്.

ഉയര്‍ന്ന മാധ്യമ പ്രവര്‍ത്തന മാനദണ്ഡങ്ങള്‍ പാലിക്കാനാണ് ഗില്‍ഡ് എക്കാലത്തും നിലകൊണ്ടിട്ടുള്ളത്. എന്താണ് വ്യാജ വാര്‍ത്ത എന്നു നിശ്ചയിക്കാനും മാധ്യമ സ്വാതന്ത്ര്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്യാതെ അത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഗില്‍ഡ് തയ്യാറാണ്.

http://www.azhimukham.com/edit-when-modi-government-trying-to-control-media/


Next Story

Related Stories